Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202328Thursday

പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ ആഡംബര ജീവിതത്തിന് പണം വേണമെന്ന ചിന്തയായി; അച്ഛന്റെ പ്രായമുള്ള വ്യവസായിയെ ഹണിട്രാപ്പിൽ പെടുത്തിയത് അഞ്ചു ലക്ഷത്തിന്; പണം കിട്ടില്ലെന്ന് ഉറപ്പായപ്പോൾ പ്രതികാരാഗ്‌നിയിൽ കൊല; ഫർഹാനയുടെ സഹോദരൻ പ്രതിയാകില്ല; പിന്നിൽ മൂന്ന് പേർ; ഡീക്കാസിലെ കൊലയിൽ ഇനി അതിവേഗ കുറ്റപത്രം

പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ ആഡംബര ജീവിതത്തിന് പണം വേണമെന്ന ചിന്തയായി; അച്ഛന്റെ പ്രായമുള്ള വ്യവസായിയെ ഹണിട്രാപ്പിൽ പെടുത്തിയത് അഞ്ചു ലക്ഷത്തിന്; പണം കിട്ടില്ലെന്ന് ഉറപ്പായപ്പോൾ പ്രതികാരാഗ്‌നിയിൽ കൊല; ഫർഹാനയുടെ സഹോദരൻ പ്രതിയാകില്ല; പിന്നിൽ മൂന്ന് പേർ; ഡീക്കാസിലെ കൊലയിൽ ഇനി അതിവേഗ കുറ്റപത്രം

ജംഷാദ് മലപ്പുറം

മലപ്പുറം: ഹണിട്രാപ്പിൽപെടുത്തി കോഴിക്കോട്ടെ ഹോട്ടലിൽവെച്ചു ഹോട്ടൽ വ്യാപാരിയെ വെട്ടിനുറുക്കി കൊലപ്പെടുത്തിയതു അഞ്ചു ലക്ഷംരൂപ നൽകാത്തതിനാൽ. തിരൂർ ഏഴൂർ സ്വദേശി മേച്ചേരി സിദ്ദീഖിന്റെ കൊലപാതകം ഹണി ട്രാപ്പിന്റെ ഭാഗമായാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നെങ്കിലും എന്താണു പ്രതികൾ ആവശ്യപ്പെട്ടതെന്നു വ്യക്തമല്ലായിരുന്നു. സിദ്ദീഖിൽ നിന്നും അഞ്ചുലക്ഷം രൂപയാണു മുഖ്യപ്രതികളായ ഷിബിലിയും ഫർഹാനയും പ്രതീക്ഷിച്ചിരുന്നത്. ഈ തുക ആവശ്യപ്പെട്ടപ്പോൾ സിദ്ദീഖ് നൽകാൻ തയ്യാറല്ലെന്ന് അറിയിച്ചതോടെയാണു സംഭവം കൊലപാതകത്തിൽ കലാശിച്ചതെന്നാണു ഇപ്പോൾ പൊലീസിനും ലഭിച്ച വിവരം.

നിലവിൽ കേസിൽ അറസ്റ്റിലായ ഷിബിലിയും, ഫർഹാനയും ഇവരുടെ സുഹൃത്തായ ആഷിഖും മാത്രമാണു നിലവിൽ കേസിലെ പ്രതികൾ. കേസിൽ സംശയം തോന്നി ഫർഹാനയുടെ സഹോദരനേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യചെയ്തെങ്കിലും കേസിൽ പങ്കില്ലെന്ന വിവരത്തെ തുടർന്നു വിട്ടയച്ചു. നിലവിലെ സാഹചര്യത്തിൽ മൂന്നുപേർക്കു പുറമെ മറ്റാർക്കും കേസിൽ പങ്കില്ലെന്ന നിഗമനത്തിലാണു പൊലീസ്. ഇതിനാൽ തന്നെ ഇനി കൂടുതൽ അറസ്റ്റുണ്ടാകാനുള്ള സാധ്യതയില്ല.

മുഖ്യപ്രതികളായ ഷിബിലിയും ഫർഹാനയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവർക്കും സാമ്പത്തികമായ പ്രയാസങ്ങളുള്ളതിനാലും ആഡംബരമായി ജീവിക്കാനുമായാണ് ഹണിട്രാപ്പിനെ കുറിച്ചു ചിന്തിക്കുന്നത്. പിന്നീട് ഇതിലേക്ക് ഇവരുടെ സുഹൃത്തായ ആഷികിനേയും കൂട്ടുകയായിരുന്നു. രണ്ടുപേർ മാത്രമായി പ്ലാൻ ചെയ്താൽ പൊളിയാനുള്ള സാധ്യതകൂടി കണക്കിലെടുത്തായിരുന്നു ഇത്. ആഷിഖാണ് മൃതദേഹം അട്ടപ്പാടി ചുരത്തിൽനിന്നു താഴെയിടാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തതും.

റെയിൽവെ സ്റ്റേഷനിൽ വച്ചാണ് ആദ്യമായി ഷിബിലിയും ഫർഹാനയും തമ്മിൽ കണ്ടു മുട്ടുന്നത്. ഫർഹാന ഏഴാംതരത്തിൽ പഠിക്കുന്ന കാലം മുതൽ ഇരുവരും പ്രണയിച്ചു. അതിനിടെ ഷിബിലിക്കെതിരെ 2021ൽ ഫർഹാന പോക്സോ കേസുഫയൽ ചെയ്തു. ഈ കേസിൽ ഷിബിലി ജയിലിൽ കിടന്നിരുന്നു. പിന്നീട് വീണ്ടും ഇവർ ഒന്നിക്കുകയായിരുന്നു. ചെന്നൈയിൽ നിന്നും പിടിയിലായ പ്രതികളെ തിരൂരിൽ എത്തിച്ചത് ഇന്നലെ പുലർച്ചെ രണ്ടര മണിക്കാണ്. തിരൂർ ഡി.വൈ.എസ്‌പി. ഓഫീസിലാണ് പ്രതികളെ എത്തിച്ചത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.

ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികൾ സിദ്ധീഖിനെ അക്രമിച്ചപ്പോഴും മൃതദേഹം വെട്ടിമുറിച്ചപ്പോഴും ഉണ്ടായ രക്തം തുടച്ചതുണിയും കട്ടറുമൊക്കെ ഉപേക്ഷിച്ച സ്ഥലവും പറഞ്ഞു കൊടുത്തു. രാവിലെ ആയപ്പോഴേക്കും കേരളക്കരയെ നടുക്കിയ കൊലപാതകത്തിന്റെ പ്രതികളെ കാണാൻ നൂറു കണക്കിനാളുകളാണ് തിരൂർ ഡി.വൈ.എസ്‌പി. ഓഫീസിനു മുന്നിലെത്തിയത്. മാധ്യമപ്രവർത്തകർക്കു മുന്നിൽ ഒരു കൂസലുമില്ലാതെയാണ് പ്രതികൾ നിന്നത്. തുടർന്ന് തൊണ്ടിമുതലുകൾ കണ്ടെടുക്കാൻ പ്രതികളെ പെരിന്തൽമണ്ണയിലെ ചീരട്ടാ മലയിലേക്ക് കൊണ്ടുപോയി.

ഇവിടെ നിന്നും കഷണമാക്കിയ കട്ടറും ബ്ലേഡും രക്തം തുടച്ച തുണികളും കണ്ടെത്തി. മൃതദേഹവുമായുള്ള യാത്രക്കിടയിൽ ഉപേക്ഷിച്ചതാണിവ. അറസ്റ്റിലായ പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂരിൽ നിന്നും പെരിന്തൽമണ്ണയിൽ എത്തിച്ച പ്രതികൾ തന്നെയാണ് ഇവ കാണിച്ചു കൊടുത്തത്. ഫോറൻസിക് പരിശോധനക്കായി ഇവ ശേഖരിച്ചു. കേസിൽ ആദ്യം തെളിവുകൾ ശേഖരിക്കാനും പഴുതടച്ച് കുറ്റപത്രം തയ്യാറാക്കാനുമാണ് പൊലീസിന്റെ നീക്കം.

കൊലപാതകം നടന്ന് രണ്ടാമത്തെ ദിവസമാണ് മൃതദേഹം രണ്ടു കഷണമാക്കി രണ്ട് ട്രോളിബാഗുകളിൽ നിറച്ച് കോഴിക്കോട്ടു നിന്നും വന്ന് അട്ടപ്പാടി ചുരത്തിൽ തള്ളിയത്. മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് എസ്. സുജിത്ത് ദാസ് കൊലപാതകത്തിന്റെ ചുരുൾ നിവർത്തിയത് ഇങ്ങനെയാണ്. ഫർഹാനയുടെ ബാപ്പയും സിദ്ധിഖും പരിചയക്കാരാണ്. ആ ബന്ധത്തിലാണ് ഫർഹാനക്ക് സിദ്ദീഖുമായി പരിചയമായത്. ഫർഹാന പറഞ്ഞിട്ടാണ് ഷിബിലിയെ സിദ്ദിഖ് തന്റെ ഹോട്ടലിൽ ജോലിക്ക് നിർത്തിയത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഷിബിലി സിദ്ദിഖിന്റെ എ.ടി.എം. കാർഡിന്റെ പാസ് വേഡ് മനസ്സിലാക്കിയെടുത്തു.

ഇക്കഴിഞ്ഞ18ന് ഷിബിലിയെ ഹോട്ടലിൽ നിന്നും പറഞ്ഞു വിട്ടുവെന്നതിന് സ്ഥിരീകരണം വന്നിട്ടില്ല. എന്നാൽ ഈ ദിവസം സിദ്ദിഖ് കോഴിക്കോട് ഡീകാസിൽ രണ്ടു മുറിയെടുത്തു. ഈ ദിവസം ഷൊർണ്ണൂരിൽ നിന്നും ട്രെയിൻ മാർഗം ഫർഹാനയും ആഷിഖും കോഴിക്കോട്ട് ഡീ കാസിയിലെത്തി. ഷിബിലിയും സിദ്ദീഖും അവിടെ എത്തിയിരുന്നു. മുറിയിൽ വച്ച് അവർ സിദ്ദീഖിന്റെ നഗ്നഫോട്ടോകൾ എടുക്കാൻ ശ്രമിക്കുകയും പണത്തിന്റെ കാര്യം പറഞ്ഞ് തർക്കിക്കുകയും ചെയ്തു. വാക്കുതർക്കത്തിനിടെ നിലത്തു വീണ സിദ്ദിഖിനെ ആഷിഖ് നെഞ്ചിൽ ചവിട്ടുകയും തുടർച്ചയായി മർദ്ദിക്കുകയും ചെയ്തു.

സിദ്ദിഖിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടുകയായിരുന്നു ഷിബിലിയുടേയും ഫർഹാനയുടേയും ആഷിഖിന്റേയും ലക്ഷ്യം. കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് പ്രതികൾ മൂവരും കോഴിക്കോട്ടെ ഡീകാസയിലെത്തിയത്. ചെറുത്തു നിൽപ്പുണ്ടായാൽ ഉപയോഗിക്കാൻ ഫർഹാന തന്റെ ബാഗിൽ ചുറ്റിക കൊണ്ടു വന്നിരുന്നു. സിദ്ദിഖ് നിലത്തു വീണയുടൻ ഫർഹാന ബാഗിൽ നിന്നും ചുറ്റികയെടുത്ത് ഷിബിലിയുടെ കയ്യിൽ കൊടുത്തു. ഷിബിലി ചുറ്റിക കൊണ്ട് സിദ്ധീഖിന്റെ തലയ്ക്കടിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് ഗുരുതരമായ രണ്ട് ക്ഷതങ്ങൾ സംഭവിച്ചിട്ടുണ്ട്. ആഷിക്ക് നെഞ്ചിൽ ചവിട്ടിയതോടെ ഹൃദയധമനികൾക്ക് കേടു സംഭവിച്ചതും തുടർച്ചയായ മർദ്ദനവുമാണ് മരണത്തിനു കാരണമായത്. അന്നു തന്നെ മൃതദേഹം കടത്തിക്കൊണ്ടുപോയി ഉപേക്ഷിക്കാൻ തീരുമാനിച്ചു.

ഇതിന് വേണ്ടി മാനാഞ്ചിറയിലെ ഒരു കടയിൽ ചെന്ന് ഒരു ട്രോളിബാഗ് വാങ്ങിക്കൊണ്ടു വന്നു. മൃതദേഹം അതിൽ ഒതുങ്ങില്ലെന്ന് കണ്ടതോടെ അന്ന് മൃതദേഹം കടത്തിക്കൊണ്ടു പോകാൻ കഴിഞ്ഞില്ല. 19ന് കോഴിക്കോട് ടൗണിൽ നിന്നും കട്ടർ വാങ്ങിക്കൊണ്ടുവന്ന് മൃതദേഹം ബാത്ത് റൂമിൽ കൊണ്ടു പോയി രണ്ടാക്കി മുറിച്ചു. ആദ്യം ബാഗ് വാങ്ങിയ കടയിൽ നിന്നും ഒരു ട്രോളിബാഗ് കൂടി കൊണ്ടുവന്ന് മൃതദേഹം രണ്ടു ബാഗിലാക്കി കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. യാത്രാമദ്ധ്യേ ചോര പുരണ്ട തുണികളും കട്ടറും ഉപേക്ഷിച്ചു. ഫർഹാനയെ വീട്ടിൽ വിട്ടു. അട്ടപ്പാടിയും പരിസരവും കൃത്യമായി അറിയുന്നയാളാണ് ചെർപ്പുളശ്ശേരി സ്വദേശിയായ ഷിബിലി.

മൃതദേഹം നിറച്ച രണ്ട് ബാഗുകളും അട്ടപ്പാടി ഒമ്പതാം വളവിനു മുകളിൽ നിന്നും താഴേക്കെറിയാൻ ആസൂത്രണം ചെയ്തതും ഷിബിലിയാണ്. തുടർന്ന് കാർ ചെറുതുരുത്തിയിൽ ഉപേക്ഷിച്ചു. മൂവരും ആസ്സാമിലേക്ക് രക്ഷപ്പെടാൻ തീരുമാനിക്കുകയായിരുന്നു. അതിനു വേണ്ടി 23ന് ഫർഹാനയെ കൂട്ടി ഒറ്റപ്പാലത്തു നിന്നും ചെന്നൈയിലേക്ക് പോയി. 24 ന് രാവിലെ ചെന്നൈയിലെത്തിയ ശേഷം ആസാമിലേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. പൊലീസ് നടത്തിയ അന്വേഷണത്തിൽ എഗ് മോർ സ്റ്റേഷനിൽ നിന്നാണ് ഇവരെ തിരൂർ ഡി.വൈ.എസ്‌പി. കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തത്.

സിദ്ദിഖിനെ കാണാതായ മെയ് 18ന് തന്നെ അയാളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. സിദ്ദിഖിനെ കാണാതാകുകയും പിന്നാലെ അക്കൗണ്ടിൽ നിന്ന് എ.ടി.എം. ഉപയോഗിച്ച് പണം പിൻവലിക്കുകയും ഗൂഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്യുകയും ചെയ്തതായി തിരിച്ചറിഞ്ഞ കുടുംബം മെയ് 22നാണ് പൊലീസിൽ പരാതി നൽകിയത്. സിദ്ദിഖിന്റെ മകന്റേ ഫോണിലേക്കായിരുന്നു ട്രാൻസാക്ഷൻ മെസേജുകൾ വന്നിരുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും കൊലപാതകം നടത്തിയ വിശദാംശങ്ങൾ പറയുകയും ചെയ്തുവെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP