Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202028Monday

ഇംഗിതത്തിനു വഴങ്ങാത്തതിന് സംവിധായകനും നിർമ്മാതാവും ചേർന്ന് അശ്‌ളീലം പ്രചരിപ്പിച്ചു; അവസരം നൽകാമെന്നു പറഞ്ഞ് ഫ്ളാറ്റിൽ വിളിച്ച് കയറിപ്പിടിച്ചു; പരാതിയുമായി ചെന്നപ്പോൾ ഉദ്യോഗസ്ഥൻ ബ്ലാക്ക് മെയിൽ കേസിൽ പ്രതിയാക്കി; മാദ്ധ്യമങ്ങൾ ആഘോഷമാക്കിയപ്പോൾ നാട്ടിൽ ഇറങ്ങാനാവാതെയായി: നടി സോന മരിയ മറുനാടനോട് മനസ്സു തുറക്കുമ്പോൾ

ഇംഗിതത്തിനു വഴങ്ങാത്തതിന് സംവിധായകനും നിർമ്മാതാവും ചേർന്ന് അശ്‌ളീലം പ്രചരിപ്പിച്ചു; അവസരം നൽകാമെന്നു പറഞ്ഞ് ഫ്ളാറ്റിൽ വിളിച്ച് കയറിപ്പിടിച്ചു; പരാതിയുമായി ചെന്നപ്പോൾ ഉദ്യോഗസ്ഥൻ ബ്ലാക്ക് മെയിൽ കേസിൽ പ്രതിയാക്കി; മാദ്ധ്യമങ്ങൾ ആഘോഷമാക്കിയപ്പോൾ നാട്ടിൽ ഇറങ്ങാനാവാതെയായി: നടി സോന മരിയ മറുനാടനോട് മനസ്സു തുറക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഭിനയമോഹവുമായി ചലച്ചിത്ര ലോകത്തെത്തിയപ്പോൾ ഇംഗിതങ്ങൾക്ക് വഴങ്ങാതിരുന്നതിന് സംവിധായകനും നിർമ്മാതാവും ചേർന്ന അശ്‌ളീലച്ചുവയുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പ്രചരിപ്പിച്ച് അപമാനിച്ചു. മറ്റൊരു സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുകൊണ്ടുപോയ 'പ്രൊഡ്യൂസർ' താമസിച്ചിരുന്ന ഫ്ളാറ്റിൽവച്ച് കയറിപ്പിടിക്കാൻ ശ്രമിച്ചു.

ഇയാളെ സുഹൃത്തിന്റെ സഹായത്തോടെ പൊലീസിന് പിടിച്ചുനൽകിയപ്പോഴാകട്ടെ പരാതി നൽകിയ പെൺകുട്ടി ബ്ലൂ ബ്ലാക്ക് മെയിലിങ് നടത്തുന്ന തട്ടിപ്പുകാരിയായി മാറി. സിനിമാലോകത്തുനിന്ന് അപമാനം നേരിടുകയും പൊലീസ് കെട്ടിച്ചമച്ച കള്ളക്കഥ പത്രങ്ങൾ ഏറ്റുപിടിക്കുകയും ചെയ്തതോടെ നാട്ടിൽപോലും കഴിയാനാകാതെ വന്ന സോന മരിയയെന്ന സിനിമാനടി ഇപ്പോൾ അഭിനയമോഹങ്ങൾ മനസ്സിൽ ഒതുക്കിവച്ച് ഡൽഹിയിൽ എൽഎൽബി വിദ്യാർത്ഥിനിയായി കഴിയുന്നു.

കഴിഞ്ഞവർഷം സെപ്റ്റംബറിൽ മാദ്ധ്യമലോകം ആഘോഷിച്ച നിറംപിടിപ്പിച്ച നീലക്കഥകളിലെ നായികയായിരുന്നു സോന മരിയ. ഇതിന്റെ തിരക്കഥ പത്രങ്ങൾക്ക് പകർത്തിയതാകട്ടെ തൃക്കാക്കരയിലെ അസിസ്റ്റന്റ് പൊലീസ് കമ്മിഷണറായിരുന്ന ബിജോ അലക്‌സാണ്ടറും മരട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആയിരുന്ന സന്തോഷ്‌കുമാറും ചേർന്ന്. ബിജോ അലക്‌സാണ്ടർ പരവൂർ പെൺവാണിഭ കേസ് അന്വേഷണത്തിൽ തിരിമറി നടത്തിയതായും തിരൂർ സ്വർണ്ണക്കവർച്ച കേസിൽ പിടിച്ചെടുത്ത സ്വർണത്തിൽ എട്ടുകിലോ അടിച്ചുമാറ്റിയതായുമെല്ലാം ആരോപണം ഉയരുകയും അനധികൃത സ്വത്തുസമ്പാദനത്തിന് വിജിലൻസ് കേസിൽ അന്വേഷണം നേരിടുകയും ചെയ്യുകയാണ്.

തനിക്കും സുഹൃത്ത് അംജിത് ഭായിക്കുമെതിരെ കൊച്ചിയിൽ ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കള്ളക്കേസെടുത്തതും അവർ കെട്ടിച്ചമച്ച കഥ നാട്ടിലാകെ പാട്ടാക്കി തന്നെ അപമാനിക്കച്ചതും എങ്ങനെയെന്ന് സോന മരിയ മറുനാടനിലൂടെ പങ്കുവയ്ക്കുന്നു. ഒപ്പം ആദ്യ സിനിമയിൽ അഭിനയിച്ചപ്പോൾത്തന്നെ സംവിധായകനും നിർമ്മാതാവും തന്റെ വീഡിയോ സോഷ്യൽമീഡിയിൽ പ്രചരിപ്പിച്ച് ചീത്തപ്പേരുണ്ടാക്കിയതിന്റെ പിന്നാമ്പുറ കഥകളും.

കഴിഞ്ഞവർഷം ഓഗസ്റ്റ് 18ന് മരടിലെ ന്യൂക്ലിയസ് മാളിനു മുന്നിൽവച്ചുണ്ടായ സംഭവമാണ് പൊലീസ് കള്ളക്കഥ ചമച്ച ബ്ലൂ ബ്ലാക്ക്മെ യിലിങ് കേസായി പരിണമിച്ചത്. ഇതിനാസ്പദമായ സംഭവങ്ങളുടെ തുടക്കം അതിനും കുറച്ചുകാലം മുമ്പായിരുന്നു. സോന ആദ്യസിനിമയായ 'ഫോർ സെയിലി'ൽ മുകേഷിനും കാതൽസന്ധ്യക്കുമൊപ്പം സഹനായികയായി അഭിനയിച്ചതിനു പിന്നാലെ മറ്റൊരു സിനിമയിലേക്ക് അവർക്ക് ക്ഷണമെത്തുന്നു. മലയാളമുൾപ്പെടെ അഞ്ച് ഭാഷകളിൽ നിർമ്മിക്കുന്ന സിനിമയിൽ നായികയാക്കാമെന്നായിരുന്നു വാഗ്ദാനം.

തെലുങ്കിൽ നാഗാർജുനയുടെ മകൻ നാഗചൈതന്യയുടെ ആദ്യപടം സംവിധാനം ചെയ്ത സർവ വസുവർമ്മയെന്നു പറഞ്ഞായിരുന്നു ക്ഷണം. ഉടൻ തുടങ്ങുന്ന സിനിമയാണെന്നു പറഞ്ഞ് ക്ഷണിച്ചപ്പോൾ അവിശ്വസിക്കാതെ സോനയും അമ്മ ഷജിയും ചെന്നൈയിലെത്തി. അവിടെ താമസിക്കാൻ ഇവർക്ക് ഫ്ലാറ്റും തയ്യാറാക്കിയിരുന്നു. ഒന്നുരണ്ടുദിവസം കഴിഞ്ഞപ്പോൾ സർവ വസുവർമ്മ സഹോദരിക്കൊപ്പം എത്തി ഇവരുടെ ഫ്ളാറ്റിൽ തന്നെ താമസമായി.

മലയാളിയാണെന്നും അമേരിക്കൻ മലയാളിയായ ഡോക്ടറാണെന്നും കൊല്ലം സ്വദേശിയാണെന്നുമെല്ലാമാണ് സ്വയം പരിചയപ്പെടുത്തിയത്. ഹൈദരാബാദിൽ സെറ്റിൽ ചെയ്തിരിക്കുകയാണെന്നും സോനയെയും അമ്മയെയും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. ദിവസങ്ങൾ കഴിഞ്ഞതോടെ ചില സാമ്പത്തിക പ്രശ്‌നങ്ങൾകാരണം സിനിമ നീണ്ടുപോകുകയാണെന്നു പറഞ്ഞു. എന്നാലും ഉടൻ ആരംഭിക്കുമെന്നും കുറച്ചുദിവസം കൂടി അവിടെത്തന്നെ താമസിക്കാനും ആവശ്യപ്പെട്ടു. ഇതിനിടെ സർവ വസുവർമ്മയുടെ സ്വഭാവം മാറിത്തുടങ്ങി. നോക്കിലും വാക്കിലും നടിയോട് പന്തികേടുകൾ തുടങ്ങി. കയറിപ്പിടിക്കാനും ശ്രമിച്ചു.

കൂടെയുണ്ടായിരുന്ന സഹോദരിയെന്നു പറഞ്ഞു പരിചയപ്പെടുത്തിയ രഞ്ജു വർഗീസ് അങ്ങനെയല്ലെന്ന് സോനയ്ക്കും അമ്മയ്ക്കും മനസ്സിലായി. സർവ വസുവർമ്മയെന്ന് പറഞ്ഞയാൾ ഡിവൈൻ ജയചന്ദ്രനാണെന്നും തിരിച്ചറിഞ്ഞതോടെ തട്ടിപ്പു മനസ്സിലാക്കി ഇരുവരും നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങി. ഇതോടെ ഡിവൈൻ ജയചന്ദ്രന്റെ സ്വഭാവം മാറി. കയ്യിലുള്ള മൊബൈൽ തട്ടിപ്പറിച്ച് നിലത്തെറിഞ്ഞു പൊട്ടിച്ചുവെന്ന് സോന പറയുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന ബാങ്ക് പാസ്ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ അയാൾ പിടിച്ചുവച്ചതായും കൈവശമുണ്ടായിരുന്ന പണവും സ്വർണവുമുൾപ്പെടെ രണ്ടുലക്ഷം രൂപയോളം തട്ടിയെടുത്തതായും സോന പറയുന്നു.

ഇങ്ങനെയൊരു മോശം അനുഭവമുണ്ടായതോടെ സിനിമാ മോഹം ഉപേക്ഷിച്ച് ചെന്നൈയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തി. ഇയാളെപ്പറ്റി മറ്റു വിവരങ്ങൾ ഒന്നും അറിയാത്തതിനാലും തല്ലിത്തകർത്ത ഫോണിലുണ്ടായിരുന്ന നമ്പർപോലും നഷ്ടപ്പെട്ടതിനാലും ഇയാൾക്കെതിരെ പരാതി നൽകാൻ തുനിഞ്ഞതുമില്ല. ഇതിനിടെയാണ് ആ ദിവസം വന്നുചേർന്നത്. ഓഗസ്റ്റ് 18. മരടിലെ ഷോപ്പിങ് മാളിലെത്തിയ സോന കാണുന്നത് ബൈക്കിൽ ഒരു പെൺകുട്ടിക്കൊപ്പം വന്നിറങ്ങുന്ന ഡിവൈൻ ജയചന്ദ്രനെയാണ്. മുമ്പ് സിനിമാരംഗത്തുനിന്ന് പരിചയപ്പെടുകയും പിന്നീട് സുഹൃത്തായി മാറുകയും ചെയ്ത അംജിത്ത് ഭായിയെ സോന ഉടൻ വിളിച്ച് വിവരം പറഞ്ഞു. അംജിത് എത്തി ഇയാളെ തടഞ്ഞു.

ചോദ്യംചെയ്തപ്പോൾ കൂടെയുണ്ടായിരുന്ന പെൺകുട്ടിയുടെ പേര് അഭിയാണെന്നും ദിവസങ്ങൾക്കുമുമ്പ് ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ടതാണെന്നും മനസ്സിലായി. ഒരു ഇരയെക്കൂടി കുടുക്കിലാക്കി ജയചന്ദ്രൻ എത്തിയതാണെന്നു മനസ്സിലാക്കിയതോടെ അംജിത് ഇയാളെ വിടാൻ തയ്യാറായില്ല. മരട് പൊലീസ് സ്റ്റേഷനിലേക്ക് വിവരം വിളിച്ചറിയിച്ചു. അവിടെനിന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇവിടെനിന്നാണ് കഥകൾ മാറുന്നത്. തൊട്ടടുത്ത ദിവസംതന്നെ ഇയാളെ പൊലീസ് വിട്ടയക്കുകയായിരുന്നു.

ഈ പരാതിയിൽ അന്വേഷണം ഉണ്ടായില്ലെന്നു മാത്രമല്ല, ഇയാളെ മർദ്ദിച്ചെന്നും മാല മോഷ്ടിച്ചെന്നുമെല്ലാം ആരോപിച്ച് അംജിത്തിനെതിരെ കേസ് ചുമത്തി. അംജിതും സോനയും ചേർന്ന് യുവാക്കളെ ഫ്ലാറ്റ്കളിലേക്ക് ആകർഷിച്ച് വലയിൽവീഴ്‌ത്തുകയും അവരെ വിവസ്ത്രരാക്കിനിറുത്തി പണം കവരുകയും മർദ്ദിക്കുകയും ചെയ്യുന്ന വിധത്തിൽ ബഌ ബഌക്ക്‌മെയിലിങ് കേസ് പിറവികൊണ്ടു. ഡിവൈൻ ജയചന്ദ്രനൊപ്പം ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് എത്തിയതെന്നു പറഞ്ഞ പെൺകുട്ടി അഭിയാകട്ടെ സോനയുടെയും അംജിത്തിന്റെയും ആളായി മാറി.

അഭി വഴിയാണ് അംജിതും സോനയും ഇരകളെ വലയിൽവീഴ്‌ത്തുന്നതെന്നും ഇപ്രകാരം വളച്ചെടുത്ത് മർദ്ദിച്ച് അവശനാക്കിയ യുവാവാണ് ജയചന്ദ്രനെന്നുമെല്ലാമായി കഥകൾ. ചുരുക്കത്തിൽ വാദി പ്രതിയായി. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് തൃക്കാക്കര എസിപിയായിരുന്ന ബിജോ അലക്‌സാണ്ടറും മരട് എസ്‌ഐ സന്തോഷ് കുമാറുമായിരുന്നുവെന്ന് സോന പറയുന്നു.

ഇങ്ങനെ തങ്ങളെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് റേഞ്ച് ഐജി അജിത്കുമാറിന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതിനകം അംജിതിനെ അറസ്റ്റുചെയ്‌തെങ്കിലും ആദ്യമിട്ട എഫ്‌ഐആറിൽ സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയത്. പിന്നീട് എഫ്‌ഐആർ തിരുത്തിയാണ് ബഌ ബഌക്ക് മെയിലിംഗിന് യോജിച്ച വകുപ്പുകൾ ചേർത്ത് സോനയെയും കേസിൽ പ്രതിയാക്കുന്നത്. ഡിവൈൻ ജയചന്ദ്രനൊപ്പം വന്നുപെട്ട പെൺകുട്ടിയാണ് കേസിൽ രണ്ടാം പ്രതിയും സോന മൂന്നാം പ്രതിയുമായിരുന്നു. ഈ കേസാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷിച്ച് കള്ളക്കേസാണെന്ന് കണ്ടെത്തിയിട്ടുള്ളത്. സ്‌റ്റേഷിനിൽ നിന്ന് നിരന്തരം വീട്ടിൽ വന്നും വിളിച്ചും മറ്റും അക്കാലത്ത് പൊലീസ് ഏറെ അപമാനിച്ചതായി സോന പറയുന്നു. പത്രങ്ങളിൽ നിറംപിടിപ്പിച്ച വാർത്തകൾ വന്നതോടെ നിൽക്കക്കള്ളിയില്ലാതായി.

ആരുടെയും മുഖത്തുനോക്കാൻപോലും പറ്റാത്തരീതിയിൽ പരിഹസിക്കപ്പെട്ട കഥാപാത്രമായി. ഇപ്പോൾ കേസ് ഇല്ലാതായതോടെ അന്ന് ഞങ്ങളെ അപമാനിച്ച മാദ്ധ്യമങ്ങൾ ഞങ്ങളുടെ സത്യാവസ്ഥ പറയാൻപോലും രംഗത്തുവരുന്നില്ല. രണ്ടാംപ്രതിയാക്കപ്പെട്ട, മൂന്നുദിവസം മുമ്പ് ജയചന്ദ്രനുമായി ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടുവെന്ന് പറയുന്ന പെൺകുട്ടി എവിടെയെന്ന് പൊലീസിനുപോലുമറിയില്ല. അക്കാര്യം അന്വേഷിക്കപ്പെട്ടതുമില്ല. ഞങ്ങൾക്കെതിരെ വ്യാജക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയുണ്ടാകണം. എന്റെ ഗതി ഇനിയൊരാൾക്കും വരരുത് - സോന മരിയ പറയുന്നു.

ഈ സംഭവത്തിനു മുമ്പ്, ആദ്യസിനിമയായ ഫോർ സെയിലിന്റെ നിർമ്മാതാവിൽനിന്നും സംവിധായകനിൽ നിന്നും നേരിട്ട ദുരനുഭവവും സോന മരിയ മറുനാടനുമായി പങ്കുവയ്ച്ചു. 2012ലും 2013 ആദ്യവുമായിട്ടായിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിങ്്. സംവിധായകൻ സതീഷ് അനന്തപുരി, നിർമ്മാതാവ് ആന്റോ കടവേലിൽ. പ്രശസ്ത നടൻ മുകേഷിനും കാതൽസന്ധ്യയ്ക്കുമൊപ്പം പ്രധാന വേഷത്തിലായിരുന്നു സോന. മോഡലുകളായ രണ്ട് സഹോദരിമാരുടെ കഥ മൂത്തവളുടെ വേഷത്തിൽ കാതൽസന്ധ്യയും അനുജത്തിയുടെ വേഷത്തിൽ സോനയും. ചിത്രത്തിന്റെ ഭാഗമായി ടവൽ ചുറ്റി ഒരു സീൻ എടുക്കണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടു. ഹാൻഡിക്യാമിലാണ് ഇത് ചിത്രീകരിച്ചത്.

സംവിധായകനും മറ്റുചിലരും മാത്രമായിരുന്നു മുറിയിൽ ഉണ്ടായിരുന്നത്. ഇതിലെ ഒരു ചെറിയഭാഗം സിനിമയിൽ ഉപയോഗിക്കാനാണെന്നാണ് പറഞ്ഞത്. പക്ഷേ, സിനിമ ഇറങ്ങിയതോടെ സംവിധായകനും നിർമ്മാതാവുമെല്ലാം മോശം രീതിയിൽ സമീപിക്കാൻ ശ്രമിച്ചു. അത്തരത്തിലുള്ള ആളല്ല താനെന്ന് വ്യക്തമാക്കി അവരെ ഒഴിവാക്കി. മാനംവിറ്റ് ജീവിക്കാൻ പോകുന്നവളല്ലെന്നും അങ്ങനെയൊരു ഗതികേടില്ലെന്നും അവരുടെ മുഖത്തുനോക്കി പറഞ്ഞു. ഇതിനു പിന്നാലെയാണ് സിനിമയ്ക്കുവേണ്ടി ചിത്രീകരിച്ച ഈ രംഗങ്ങൾ മുഴുവനായും യുട്യൂബിൽ പ്രചരിച്ചത്. സിനിമയിൽ കുറച്ചുഭാഗം ഉപയോഗിക്കുമെന്നു പറഞ്ഞെടുത്ത ദൃശ്യങ്ങൾ മുഴുവനായും തന്നെ അപമാനിക്കാൻ ഉദ്ദേശിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് സോന പറയുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് എറണാകുളത്ത് കമ്മിഷണറായിരുന്ന ജെയിംസിനും സൈബർ സെല്ലിനും പരാതി നൽകി. യുട്യൂബിൽ നിന്ന് വീഡിയോ നീക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

പ്രതികൾക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നു മാത്രമല്ല, വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തടയാൻപോലും പൊലീസ് നടപടിയെടുത്തില്ല. ഒരു സ്ത്രീയുടെ മാനത്തിന് നമ്മുടെ പൊലീസ് വിലകൽപിക്കുന്നത് ഇങ്ങനെയാണോ. ബഌ ബഌക്ക് മെയിലിങ് കേസ് പൊലീസ് പ്രചരിപ്പിച്ചപ്പോൾ ഈ വീഡിയോ ഇട്ടവരും അത് വീണ്ടും യുട്യൂബിൽ ഷെയർചെയ്തു. എറണാകുളം മുളന്തുരുത്തി വെട്ടിക്കലിൽ അമ്മയ്ക്കും അവരുടെ മാതാപിതാക്കൾക്കുമൊപ്പമാണ് സോന മരിയ താമസിച്ചിരുന്നത്. ഈ രണ്ടു സംഭവങ്ങളുമുണ്ടായതോടെ നാട്ടിൽ മുഖമുയർത്തി നടക്കാനാകാത്ത സ്ഥിതിയായി.

അടുപ്പമുള്ളവർക്കുമാത്രം എല്ലാമറിയാം. മറ്റുള്ളവർ ഈ കള്ളവാർത്തകളിൽ വിശ്വസിച്ചു. പ്രായമേറെയുള്ള മുത്തച്ഛനും മുത്തശ്ശിക്കുമെല്ലാം താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഈ അപമാനം. ഇനിയെങ്കിലും ഈ തട്ടിപ്പുകാർക്കെതിരെ സർക്കാർ നടപടിയുണ്ടാകണം. - ബീഹാറിൽ അദ്ധ്യാപകരായിരുന്ന എബ്രഹാമിന്റെയും ഷജിയുടെയും മകളായ സോന മരിയ പറയുന്നു. ഈ സംഭവങ്ങളോടെ സിനിമാ ലോകത്തോട് തൽക്കാലം വിടപറഞ്ഞ് നിയമബിരുദമെടുക്കാൻ ഡൽഹിയിൽ പഠനം തുടങ്ങിയ സോന ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. നല്ലകാലം തിരിച്ചുവരുമെന്നും നല്ല വേഷങ്ങളിൽ സിനിമാലോകത്ത് തിളങ്ങാനാകുമെന്നും സ്വപ്‌നംകണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP