Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭിപ്രായപ്രകടനം നടത്തുന്നവരെ ഇടത് സർക്കാർ നേരിടുന്നത് രാജ്യദ്രോഹികളെപ്പോലെ; മുഖ്യമന്ത്രിക്ക് എതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ടപ്പോൾ വന്നത് പൊലീസ് കേസ്; പാസ്‌പോർട്ട് കിട്ടാതെ പോയി; താത്കാലിക പാസ്‌പോർട്ടിന് വേണ്ടി നിയമപോരാട്ടവും വേണ്ടി വന്നതോടെ ജീവിതം കീഴ്‌മേൽ മറിഞ്ഞു; വാലും തുമ്പുമില്ലാത്ത കേസിന്റെ കാര്യത്തിൽ എന്ത് ചെയ്യണമെന്നു പൊലീസിനും നിശ്ചയമില്ല; പിണറായി സർക്കാരിന്റെ പ്രതികാര നടപടിയിൽ കുരുങ്ങി ജീവിതം പ്രതിസന്ധിയിലായ കൊട്ടാരക്കര സ്വദേശി അഖിൽ മറുനാടന് മുന്നിൽ ജീവിതം പറയുന്നു

അഭിപ്രായപ്രകടനം നടത്തുന്നവരെ ഇടത് സർക്കാർ നേരിടുന്നത് രാജ്യദ്രോഹികളെപ്പോലെ; മുഖ്യമന്ത്രിക്ക് എതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ടപ്പോൾ വന്നത് പൊലീസ് കേസ്; പാസ്‌പോർട്ട് കിട്ടാതെ പോയി; താത്കാലിക പാസ്‌പോർട്ടിന് വേണ്ടി നിയമപോരാട്ടവും വേണ്ടി വന്നതോടെ ജീവിതം കീഴ്‌മേൽ മറിഞ്ഞു; വാലും തുമ്പുമില്ലാത്ത കേസിന്റെ കാര്യത്തിൽ എന്ത് ചെയ്യണമെന്നു പൊലീസിനും നിശ്ചയമില്ല; പിണറായി സർക്കാരിന്റെ പ്രതികാര നടപടിയിൽ കുരുങ്ങി ജീവിതം പ്രതിസന്ധിയിലായ കൊട്ടാരക്കര സ്വദേശി അഖിൽ മറുനാടന് മുന്നിൽ ജീവിതം പറയുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണത്തിന്റെ പേരിൽ അമ്മ മഹിജ ഡിജിപി ഓഫീസിനു മുന്നിൽ നടത്തിയ സമരം കേരളത്തിൽ വലിയ പ്രതിഷേധ കോലാഹലമാണ് സൃഷ്ടിച്ചത്. ഉറച്ച സിപിഎം കുടുംബത്തിൽപ്പെട്ട മഹിജ സ്വന്തം മകന്റെ മരണവുമായി ബന്ധപ്പെട്ടു നീതി തേടിയപ്പോൾ വലിച്ചിഴച്ച് മഹിജയെ നേരിട്ട പൊലീസ് നടപടി ഉലച്ചത് കേരളത്തിന്റെ മനസാക്ഷിയെയായിരുന്നു. ഈ നടപടി സിപിഎമ്മിലും കേരളത്തിനകത്തും വലിയ പ്രതിഷേധ കോലാഹലങ്ങൾക്ക് കാരണമായി. പ്രതിഷേധം ഉയർന്നപ്പോൾ പ്രതിഷേധിച്ചവരെ പിണറായി സർക്കാർ നേരിട്ടത് കണ്ണിൽ ചോരയില്ലാതെയായിരുന്നു. പ്രതിഷേധത്തിനു പിന്തുണ കൊടുത്ത് എന്ന് പറഞ്ഞു കെ.എം.ഷാജഹാനെ ജാമ്യം പോലും നിഷേധിച്ച് പിണറായി പൊലീസ് എടുത്ത് അകത്തിട്ടു.

ഷാജഹാനെ അകത്തിട്ടപ്പോൾ കേരളത്തിന്റെ മനസാക്ഷിയുടെ പ്രതിരൂപമായി വൈകാരികമായ പല പ്രതികരണങ്ങളും യുവാക്കളിൽ നിന്ന് ഉയർന്നു വന്നു. അങ്ങിനെ പ്രതിഷേധം ഉയർത്തിയവരെയും സർക്കാർ കേസുകൾ വഴി കയറില്ലാതെ കെട്ടിയിട്ടു. അങ്ങിനെ കേസിൽ കുടുങ്ങി ജീവിതം വഴിയാധാരമായ കൊട്ടാരക്കര സ്വദേശിയാണ് അഖിൽ. ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ടു സ്വതന്ത്ര അഭിപ്രായ പ്രകടനം നടത്തിയ മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയ്ക്ക് നേരെ സർക്കാർ പ്രതികാര നടപടികൾക്ക് കേസുകൾ വഴി തുടക്കമിട്ടപ്പോൾ മറുനാടൻ എഡിറ്റർക്ക് പിന്തുണയുമായി അഖിൽ മറുനാടന്റെ ഓഫീസിലെത്തി. മഹിജ പ്രശ്‌നത്തിൽ പ്രതിഷേധിച്ച തന്റെ ജീവിതം പിണറായി സർക്കാർ തുലച്ചതിന്റെ കഥയാണ് അഖിൽ വിശദമാക്കുന്നത്.

സ്വതന്ത്രമായ അഭിപ്രായം പ്രകടനം നടത്തുന്നവരെ ഉരുക്കുമുഷ്ടികൊണ്ട് സർക്കാർ നേരിടരുത്. സർക്കാർ ഉദ്യോഗസ്ഥർ തൊട്ടു സാധാരണ മനുഷ്യരിലേക്ക് വരെ എത്തുന്ന പിണറായിയുടെ കൈകടത്തലുകൾ നന്മയ്ക്ക് വേണ്ടിയല്ല, അദ്ദേഹത്തിന്റെതായ ധാർഷ്ട്യങ്ങൾ, ആഗ്രഹങ്ങൾ, അദ്ദേഹത്തിന്നെതിരെ പറയുന്നവർക്കെതിരെ എന്തും ചെയ്യാം എന്നുള്ള അദ്ദേഹത്തിന്റെ നിലപാടുകൾ, ഇതെല്ലാം അദ്ദേഹത്തിനു പ്രിയപ്പെട്ട ഉദ്യോഗസ്ഥരെ ഉപയോഗിച്ച്, ചില പാർട്ടി പ്രവർത്തകരെ ഉപയോഗിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. അതിന്റെയൊക്കെ ദോഷം അനുഭവിക്കുന്നത് രാഷ്ട്രീയത്തിൽ ഇറങ്ങി പ്രവർത്തിക്കുന്ന, കലാരംഗത്ത് ഇറങ്ങി പ്രവർത്തിക്കുന്ന ഞാൻ ഉൾപ്പെടെയുള്ള ചെറുപ്പക്കാർക്കാണ്. അഖിൽ പറയുന്നു. അഖിലുമായുള്ള അഭിമുഖത്തിലേക്ക്..

  • ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പേരിൽ രണ്ടു വർഷമായി പിണറായി സർക്കാർ താങ്കളെ കൊല്ലാക്കൊല ചെയ്യുന്നു; എന്താണ് പ്രതികരണം?

പിണറായി സർക്കാരിന്റെ മൊത്തത്തിലുള്ള തീരുമാനം ഒരു ഫാസിസ്റ്റ് നടപടിയാണെന്ന് അറിയില്ലെങ്കിലും മുഖ്യമന്ത്രി എന്ന നിലയിൽ പിണറായിയുടെ പല തീരുമാനങ്ങളും ഫാസിസ്റ്റ് നടപടിയാണെന്ന് തോന്നാറുണ്ട്. അതിന്റെ ഒരു ഇരകൂടിയാണ് ഞാൻ. രണ്ടു വർഷം മുൻപ് ജിഷ്ണു പ്രണോയുടെ അമ്മ മഹിജ അവരുടെ നീതിയുമായി ബന്ധപ്പെട്ടു പൊലീസ് ആസ്ഥാനത്ത് ഒരു സമരം ചെയ്തിരുന്നു. എല്ലാ ചെറുപ്പക്കാരെ പോലെ ഞാനും ആ സമരത്തിനു അനുഭാവം പ്രകടിപ്പിച്ചിരുന്നു. അപ്പോഴാണ് ആ സമരത്തിനു പിന്തുണ കൊടുത്ത് എന്നാരോപിച്ച് കെ.എം.ഷാജഹാനെയും ഷാജർഖാനെയുമൊക്കെ അന്ന് സമരത്തിനു പിന്തുണ കൊടുത്ത് എന്നാരോപിച്ച് അകാരണമായി ജയിലിൽ അടച്ചിരുന്നു. അത് ഒരു ഫാസിസ്റ്റ് നടപടിയാണ്. ഷാജഹാൻ പിണറായി സർക്കാരിനെതിരെ ശക്തമായി പ്രതികരിക്കുന്ന ആളാണ്. കെ.എം.ഷാജഹാനോട് പണ്ടുണ്ടായിരുന്ന വിരോധം തീർക്കാൻ ഒരു ചെറിയ കാരണം കണ്ടെത്തി പിണറായി വിജയൻ ഏഴു ദിവസം തുറുങ്കിൽ അടയ്ക്കുകയാണ് ഉണ്ടായത്. സ്വാഭാവികമായി ഞാനും പ്രതിഷേധിച്ചു. ഒരു കവിതയിലൂടെയായിരുന്നു ആ പ്രതിഷേധം.

'നിങ്ങളെൻ കണ്ണുകൾ ചുഴ്‌ന്നെടുക്കൂ
നിങ്ങളെൻ നാവിന്റെ വേരറുക്കൂ
നിങ്ങളെൻ കർണ്ണപടമധ്യഭാഗത്ത്
കൂടത്തിനാലൊന്നു ആഞ്ഞടിക്കൂ'

എന്ന് തുടങ്ങുന്ന വരികളിലൂടെയാണ് ഞാൻ ഫെയ്‌സ് ബുക്കിൽ പ്രതിഷേധം രേഖപ്പെടുത്തിയത്. പക്ഷെ ആ സമയത്ത് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാരിന്നെതിരെ സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നൊക്കെ പറഞ്ഞുകൊണ്ട്, കേന്ദ്രം ഭരിക്കുന്നത് ഫാസിസ്റ്റ് സർക്കാരാണ് എന്ന് പറഞ്ഞു നിരന്തരം ആക്രോശം മുഴക്കുന്ന അതേ ഇടത് പക്ഷ സർക്കാരാണ് അകാരണമായി ഏഴ് ദിവസം ഷാജഹാനെ പിടിച്ച് അകത്തിട്ടത്. ഈ രോഷം ഞാൻ രണ്ടാമത് പ്രകടിപ്പിച്ചപ്പോൾ പിണറായി വിജയൻ ആർഎസ്‌പിയുടെ എൻ.കെ.പ്രേമചന്ദ്രനെതിരെ ഉപയോഗിച്ച പരനാറി പ്രയോഗം ഞാനെന്റെ പോസ്റ്റിൽ പ്രകടിപ്പിക്കുകയും കേസെടുത്ത് അടയ്ക്കാനാണ് ഭാവമെങ്കിൽ എന്നെയും പിടിച്ച് അകത്തിടൂ എന്ന കടുത്ത ഭാഷയിൽ ഞാൻ വിമർശിച്ചു. തുടർന്ന് പൊലീസ് കേസെടുത്തു. അന്ന് എന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തു.

പിന്നെ കൂടുതൽ ബുദ്ധിമുട്ടുകൾ വന്നു തുടങ്ങി. പാസ്‌പോർട്ടിന് അപേക്ഷിച്ച് സമയത്ത് ഈ കേസിന്റെ പുറത്ത് എനിക്ക് പൊലീസ് ക്ലിയറൻസ് ഇല്ലാത്തതിനാൽ പാസ്‌പോർട്ട് ലഭിച്ചില്ല. സിനിമാ മേഖലയുമായി ബന്ധപ്പെട്ടാണ് എന്റെ പ്രവർത്തനമെന്നതിനാൽ എനിക്ക് വിദേശത്തേക്ക് പോകാൻ കഴിഞ്ഞില്ല. പല തവണ അവസരം വന്നു. പക്ഷെ പാസ്‌പോർട്ട് ഇല്ല. അതിനാൽ ഞാൻ കോടതി വഴി പാസ്‌പോർട്ടിന് അപേക്ഷിച്ചു. അപ്പോഴാണ് രണ്ടു വർഷം മുൻപ് എടുത്ത കേസ് കോടതിയിൽ ഇല്ല എന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞു. രണ്ടു വർഷം മുൻപുള്ള കേസ് ഇതുവരെ കോടതിയിൽ എത്തിയില്ല. ഫെയ്‌സ് ബുക്ക് ആസ്ഥാനത്ത് നിന്നും വിശദീകരണം വന്നില്ല, അന്വേഷണം വേണം എന്നൊക്കെയാണ് പൊലീസ് പറഞ്ഞത്. ഇനി ഏതു കാലത്ത് ഈ കേസ് തീരും എന്നൊന്നും അറിയില്ല. പക്ഷെ മുംബൈ കോടതിയുടെ ഒരു വിധിയുണ്ടായിരുന്നു. താത്കാലികമായി പാസ്‌പോർട്ട് നൽകാം എന്ന് പറഞ്ഞാണ് വിധി വന്നത്.

ഈ കോടതിവിധിയുടെ പകർപ്പും വെച്ച് ഞാൻ വീണ്ടും ഹർജി നൽകി. അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് താത്കാലികമായാണ് പാസ്‌പോർട്ട് ലഭിച്ചത്. പക്ഷെ ഓരോ വർഷം കൂടുമ്പോഴും ഞാൻ ഇതേ നടപടിക്രമങ്ങൾ ആവർത്തിക്കണം. പൊലീസിനെ സംബന്ധിച്ച് അവർക്ക് ഫെയ്‌സ് ബുക്ക് ആസ്ഥാനത്ത് നിന്നും മറുപടി ലഭിക്കണം എന്ന് പറഞ്ഞു അവരും ഈ കേസ് അങ്ങിനെ വച്ചിരിക്കുന്നു. കേരളാ പൊലീസ് ആക്റ്റ് 120(1) എന്ന് പറയുന്ന വകുപ്പുണ്ട്. എത്രത്തോളം നിയമസാധുത ഈ കേസിന് ഉണ്ട് എന്ന് പറയാൻ കഴിയില്ല. ഫാസിസത്തിനു എതിരെ സംസാരിച്ച ആളുകൾക്ക് പിന്തുണ നൽകി എന്ന പേരിൽ എനിക്കെതിരെയും പൊലീസ് കേസ് ചാർജ് ചെയ്യുകയായിരുന്നു. ഇടത് സർക്കാർ ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യമാണ് സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം. കേരളത്തിൽ സ്വാതന്ത്ര്യമുണ്ടോ? കേരളത്തിൽ തന്നെ ഇപ്പോൾ വലിയ പ്രചാരമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കടക്കു പുറത്ത് എന്ന പ്രയോഗം. അത് മാധ്യമ പ്രവർത്തകർക്കെതിരെയും വന്നു തുടങ്ങുമ്പോൾ, സാധാരണ ഒരു ചെറുപ്പക്കാരൻ എന്ന നിലയിൽ പോസ്റ്റിട്ടപ്പോൾ ഒരനുഭവമുണ്ടായി എന്ന് പറയുമ്പോൾ അതിന്റെ ഒരു വിഷമത്തിലും അതിന്റെ ഒരു പോരാട്ടത്തിലുമായിരുന്നു കഴിഞ്ഞ കുറെ കാലങ്ങളായിട്ട്.

നിരവധി ബുദ്ധിമുട്ടുകൾ ആണ് മുഖ്യമന്ത്രിക്ക് എതിരെ ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പേരിൽ എനിക്ക് വന്നത്. കോടതിയിൽ നിന്ന് എനിക്ക് താത്കാലിക പാസ്‌പോർട്ടിന് ഓർഡർ കിട്ടി. അതുമായി പോയപ്പോൾ എന്റെ അപേക്ഷ പാസ്‌പോർട്ട് ഓഫീസ് സ്വീകരിക്കുന്നില്ല. കുറെപാട് അതിനായി വേണ്ടി വന്നു. അവർക്ക് വേണ്ടത് എന്റെ കേസ് തള്ളി എന്ന റിപ്പോർട്ട് ആണ്. കോടതിയിൽ വരാത്ത കേസ് എങ്ങിനെ എഴുതി തള്ളും. വിചാരണ നടക്കേണ്ടേ? കോടതിയിൽ വരാത്ത കേസ് അങ്ങിനെ കിടക്കും. അങ്ങിനെ തള്ളാത്ത ഒരു കേസിന്റെ പേരിൽ എങ്ങിനെ ഒരു റിപ്പോർട്ട് കൊടുക്കാൻ കഴിയും. അങ്ങിനെയാണ് താത്കാലിക പാസ്‌പോർട്ടിന് അപേക്ഷ നൽകുന്നതും. ഇതുകൊണ്ട് കെട്ടിമറിഞ്ഞത് കാരണം എന്റെ ആവശ്യങ്ങൾ പലതും നടക്കാതെ വന്നു. കുറെയൊക്കെ വിശാലമായ സമീപനം ജനങ്ങളോട് പിണറായി സർക്കാർ സ്വീകരിക്കണം. ജനങ്ങൾ പറയട്ടെ, നിങ്ങൾ പ്രവർത്തിക്കൂ. നിങ്ങളെക്കൊണ്ട് ചെയ്യാൻ കഴിയുന്നത് ചെയ്താൽ മതി. സത്യം അത് എങ്ങിനെയും വെളിയിൽ വരും. നിങ്ങൾ കുറച്ചു മാധ്യമപ്രവർത്തകർ വിളിച്ചാൽ പിണറായി കള്ളൻ ആകില്ല. അദ്ദേഹം കള്ളത്തരങ്ങൾ ചെയ്തുകൊണ്ട് അത് സത്യമാകും എന്ന് വിളിച്ചു പറഞ്ഞാൽ അത് ഒരിക്കലും സത്യവുമാകില്ല.

  • കേസ് വന്നപ്പോൾ പൊലീസ് ക്രൂരമായി പെരുമാറിയോ?

പൊലീസ് ഈ കേസ് അറിഞ്ഞ രീതിയിലാണ് പെരുമാറിയത്. വലിയ പ്രഷർ അവർ ചെലുത്തിയില്ല. ഈ കേസ് എന്തിനു എന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് മനസിലായില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കിട്ടിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് വന്നത് എന്നാണ് അറിഞ്ഞത്. അന്നത്തെ മുഖ്യമന്ത്രിയുടെ പിഎസ് ആയിരുന്ന എം വിജയരാജന്റെ ഇടപെടലാണ് കേസിന് പിന്നിൽ എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. എനിക്ക് എതിരെ വലിയ അധിക്ഷേപമായിരുന്നു. ഇതെല്ലാം കണ്ടു എസ്‌ഐ വേഗം ജാമ്യം നൽകി വിട്ടു. പൊലീസിൽ നിന്നും മോശമായ അനുഭവം എനിക്ക് വന്നില്ല. പക്ഷെ കേസ് കാരണം എനിക്ക് കുരുക്ക് പിന്നെ വന്നു. ജീവിതം കുരുക്കിലായ അവസ്ഥ. മുഖ്യമന്ത്രി കൊച്ചു കൊച്ചു കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കണമെങ്കിൽ അത് സമൂഹത്തിനു ഗുണമുള്ള കാര്യത്തിലാവണം. ഒരു ചെറുപ്പക്കാരൻ അയാളുടെ അഭിപ്രായം വിളിച്ചു പറഞ്ഞാൽ അയാളെ ഉപദ്രവിക്കാൻ ആവരുത് മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രദ്ധ വയ്‌ക്കേണ്ടത്.

  • താങ്കൾ കുരുങ്ങിയ കേസിന്റെ നിലവിലെ അവസ്ഥ?

കേസ് കോടതിയിൽ വരെ വന്നില്ല. രണ്ടു വർഷം മുൻപുള്ള കേസ് ആണിത്. രണ്ടു വർഷം കഴിഞ്ഞിട്ടും കേസ് കോടതിയിൽ എത്തിയില്ല. കഴിഞ്ഞ നാലഞ്ചു മാസമായി ഞാൻ കേസുമായി ചുറ്റിത്തിരിയുകയാണ്. ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും അവർക്ക് ഇതിനെക്കുറിച്ച് അറിയില്ല. കേസിന്റെ സ്റ്റാറ്റസ് അറിയാൻ കഴിയില്ല. പാസ്‌പോർട്ട് കാര്യത്തിൽ ഈ കേസ് ഒരു കുരിശാണ്. പലയിടത്തും കയറി നടക്കേണ്ട അവസ്ഥയാണ്. കേസ് എന്താകുമെന്നു പൊലീസുകാർക്ക് പോലും വ്യക്തതയില്ല. പൊലീസ് പറയുന്നത് കേസ് ഫെയ്‌സ് ബുക്കിന്റെ ആസ്ഥാനത്തേക്ക് വിട്ടിട്ടുണ്ട് എന്നാണ്. ആ മറുപടി അഞ്ചു വർഷം കഴിഞ്ഞാണ് ലഭിക്കുന്നതെങ്കിൽ ഓരോ വർഷവും ഞാൻ താത്കാലിക പാസ്‌പോർട്ടിന് വേണ്ടി കോടതിയിൽ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥയാണ്.

ഒരു വർഷത്തെക്കുള്ള പാസ്‌പോർട്ട് കയ്യിലുള്ള എനിക്ക് ആരും ഒരു ജോബ് വിസ ഒന്നും അടിച്ചു തരില്ല. വ്യക്തിപരമായി ഞാൻ വിദേശത്ത് ഒരു ജോലി ആഗ്രഹിക്കുന്ന ആളല്ല. പക്ഷെ ഇന്നല്ല നാളെ എനിക്ക് അങ്ങിനെ ഒരാഗ്രഹം വന്നാൽ അതിനു കഴിയാത്ത അവസ്ഥയാണ്. ഇനി എന്റെ സ്ഥാനത്ത് വേറെ ഏതെങ്കിലും ചെറുപ്പക്കാരനായാൽ, പുറത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരൻ ആയാൽ മിണ്ടാതെ ഭയപ്പെട്ടു കഴിഞ്ഞു പോകണമെന്ന സൂചനയാകും മുഖ്യമന്ത്രി കൊടുക്കുന്നത്. എന്തെല്ലാമാണ് ഇവർ നരേന്ദ്ര മോദി സർക്കാരിനെതിരെ പറയുന്നത് അതെല്ലാം ആലോചിച്ചാൽ അതെല്ലാം ചെയ്തു കൊടുക്കുന്ന സർക്കാർ ആണ് പിണറായി സർക്കാർ എന്നതാണ് യാഥാർഥ്യം.

അടിസ്ഥാനപരമായി ഭരണകൂടത്തെയാണ് നാം വിമർശിക്കുന്നത്. പിണറായി വിജയൻ എന്ന വ്യക്തി എന്റെ കുടുംബത്തിൽ ഒരു ദോഷവും ഉണ്ടാക്കിയ ആളല്ല. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുന്ന ആളായതുകൊണ്ട് അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ നീതിയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ആയതുകൊണ്ട്, അദ്ദേഹത്തെ തന്നെ കണി കണ്ട പയ്യന്, ആ പയ്യന് നീതി കിട്ടിയില്ലാ എന്ന് വരുമ്പോൾ, അത് പറഞ്ഞ അമ്മയുടെ സമരം ആ സമരത്തിനു പിന്തുണ കൊടുത്തു എന്ന കാരണത്തിൽ കെ.എം.ഷാജഹാനെ എടുത്ത് അകത്തിട്ടു. പിണറായിക്കെതിരെ ശക്തമായി സംസരിക്കുന്ന വ്യക്തിയാണ് എന്നതാണ് ഷാജഹാൻ അകത്താകാൻ കാരണം. അല്ലാതെ പൊലീസ് ആസ്ഥാനത്ത് സമരം ചെയ്ത മഹിജ എന്ന സ്ത്രീക്ക് പിന്തുണ കൊടുത്തു എന്ന കാരണത്തിൽ ഒരിക്കലും എടുത്ത് അകത്തിടില്ല. അങ്ങനെ നമ്മൾ ചെയ്താൽ നാളെ നമ്മൾ എങ്ങിനെ സമരം ചെയ്യും. അപ്പോൾ പ്രതികരിക്കേണ്ട സാഹചര്യം സൃഷ്ടിക്കപ്പെട്ടു. ആ സമയത്ത് സംസാരിക്കാതിരുന്നാൽ പിന്നെ ഒരിക്കലും സംസാരിക്കാൻ കഴിയാത്ത അവസ്ഥ വരും. ഇത് തന്നെയാണ് കമ്യൂണിസ്റ്റ് പാർട്ടിയും പറയുന്നത്. ഇടത് പക്ഷം പറയുന്നതാണ് നമ്മൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ദൗർഭാഗ്യവശാൽ നമുക്ക് പ്രതികരിക്കേണ്ടി വരുന്നത് ഇടതുപക്ഷ സർക്കാരിനെതിരെയാണ്.

  • എതിർക്കുന്നവരെ ജയിലിൽ അടയ്ക്കുന്ന നടപടികളിലൂടെ എന്താണ് സർക്കാർ നൽകുന്ന സന്ദേശം?

ഒരു കൊലപാതകം ചെയ്യുമ്പോൾ നമ്മൾ ആലോചിക്കും എന്താണ് വെടിവെച്ചു കൊല്ലാത്തത്, ബോംബിട്ടു കൊന്നാലെന്താ? എന്തിനു വെട്ടിക്കൊല്ലുന്നു? ഇത് ഒരു ഭയപ്പെടുത്തലാണ്. 51വെട്ടിനു കൊല്ലുമ്പോൾ ആ ചിത്രങ്ങൾ സമൂഹത്തിനു മുന്നിലേക്ക് പരക്കണം. അപ്പോഴേ ആളുകൾ ഭയപ്പെടൂ. ഞാൻ പറഞ്ഞ കാര്യങ്ങൾ ശരിയാണ്. പക്ഷെ ഞങ്ങൾക്ക് ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ഇടാൻ പേടിയാണ്. പലരും എന്നെ വിളിച്ചു പറഞ്ഞു. അഖിലിനു ഇതൊക്കെ നേരിടാം. പക്ഷെ ഞങ്ങൾക്ക് ഇങ്ങിനെ നേരിടാൻ ആളുകൾ അധികമില്ല. ഇങ്ങിനെയോക്കെയാണ് പാർട്ടി. സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ നീങ്ങുമ്പോൾ നീ ഒന്ന് ശ്രദ്ധിച്ചേക്കണം. ഇങ്ങിനെ പറയുമ്പോൾ തന്നെ നമ്മൾ ഭയപ്പെട്ടു ജീവിക്കുന്നതിനു തുല്യമാണ്. ധാർമ്മിക രോഷം ഒരു മനുഷ്യനു പ്രകടിപ്പിക്കാൻ കഴിയുന്നില്ല എന്ന് മാത്രമല്ല. അവന്റെ മൗലികാവകാശങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യങ്ങൾ ഒന്നും തന്നെ പ്രകടിപ്പിക്കാൻ കഴിയില്ല. ധാർമ്മികരോഷം ഒരു മനുഷ്യന് കേരളത്തിൽ പ്രകടിപ്പിക്കാൻ കഴിയുന്നില്ല എന്ന് മാത്രമല്ല അവന്റെ മൗലികാവകാശം, അഭിപ്രായ സ്വാതന്ത്ര്യം ഒന്നും അവനു പ്രകടിപ്പിക്കാൻ കഴിയുന്നില്ല എന്ന പരമമായ സത്യം കൂടി നമ്മുടെ നാട്ടിൽ നിലനിൽക്കുകയാണ്.

  • ഏകാധിപത്യപരമായ നിലപാടുകൾ ഇടത് സർക്കാർ പിന്തുടരുമ്പോൾ നിസ്സഹായനായ ഒരു പാവം പൗരന് എന്ത് ചെയ്യാൻ കഴിയും?

ഏകാധിപത്യം എന്ന് കേൾക്കുമ്പോൾ എനിക്കിപ്പോൾ അസ്വാഭാവികത തോന്നാറില്ല. കമ്യൂണിസ്റ്റ് ചരിത്രം ഏകാധിപതികളുടെതാണ്. ഈ ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്ന അവസാനത്തെയാളാണ്പിണറായി വിജയൻ എന്നാണ് തോന്നുന്നത്. തുടക്കം മുതൽ ഒടുക്കം വരെയും ഇത് തന്നെയാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർ തൊട്ടു സാധാരണ മനുഷ്യരിലേക്ക് വരെ എത്തുന്ന അദ്ദേഹത്തിന്റെ കൈകടത്തലുകൾ അത് ഒരു നന്മയ്ക്ക് വേണ്ടിയല്ല, അദ്ദേഹത്തിന്റെതായ ധാർഷ്ട്യങ്ങൾ, ആഗ്രഹങ്ങൾ, അദ്ദേഹത്തിന്നെതിരെ പറയുന്നവർക്കെതിരെ എന്തും ചെയ്യാം എന്നുള്ള അദ്ദേഹത്തിന്റെ നിലപാടുകൾ, ഇതെല്ലാം അദ്ദേഹത്തിനു പ്രിയപ്പെട്ട ഉദ്യോഗസ്ഥരെ ഉപയോഗിച്ച്, ചില പാർട്ടി പ്രവർത്തകരെ ഉപയോഗിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു എന്നതാണ് സത്യം. അതിന്റെയൊക്കെ ദോഷം അനുഭവിക്കുന്നത് രാഷ്ട്രീയത്തിൽ ഇറങ്ങി പ്രവർത്തിക്കുന്ന, കലാരംഗത്ത് ഇറങ്ങി പ്രവർത്തിക്കുന്ന ഞാൻ ഉൾപ്പെടെയുള്ള ചെറുപ്പക്കാർക്കാണ്.

  • ഫെയ്‌സ് ബുക്ക് പോസ്റ്റിനെതിരെ കേസ് വന്നപ്പോൾ സിപിഎമ്മിൽ നിന്നും എന്തെങ്കിലും ഭീഷണികൾ വന്നോ?

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള സിപിഎം സൈബർ ഗുണ്ടകളുടെ ആക്രമണം എനിക്ക് നേരിടേണ്ടി വന്നു. അതിഭീകരമായ ആക്രമണമാണ് എനിക്ക് നേരിടേണ്ടി വന്നത്. പക്ഷെ വിധി വിശ്വാസിയായതിനാൽ ഞാൻ ഒന്നിനെയും ഭയപ്പെട്ടില്ല. ആ ദിവസത്തിൽ ഫെയ്‌സ് ബുക്കിൽ നൂറിൽ അധികം മെസ്സേജ് വരും. അറപ്പുളവാകുന്ന ഭാഷയിൽ അമ്മയ്ക്കും അച്ഛനും പറഞ്ഞുകൊണ്ടുള്ള വളരെ മോശമായ പദപ്രയോഗമാണ് വന്നത്. എന്റെ പ്രദേശവുമായി ബന്ധപ്പെട്ടു എന്റെ നാടുമായി ബന്ധപ്പെട്ടു ഒരു ഭീഷണിയും കാര്യങ്ങളും വന്നില്ല. അവർക്ക് എന്റെ പ്രവർത്തന ശൈലി അറിയാവുന്നതുകൊണ്ടാവും. ആ പ്രദേശത്തുള്ള ആൾക്കാർ സൈലന്റ് ആയിരുന്നു. അതേസമയം കേരളത്തിൽ ഉടനീളം, ഇടതുപക്ഷത്തിന്നെതിരെ പറഞ്ഞാൽ ഇതാവും നിന്റെ അവസ്ഥ, ഗൾഫിൽ നിന്നും മൊക്കെയുള്ള സിപിഎമ്മിന്റെ സൈബർ ആക്രമണം അതിഭീകരമായിരുന്നു. നൂറു കണക്കിനു ഫേക്ക് ഐഡികളിൽ നിന്നുമാണ് എനിക്കെതിരെയുള്ള ആക്രമണങ്ങൾ വന്നുകൊണ്ടിരിക്കുന്നത്.

  • രണ്ടു വർഷമായി കേസ് കോടതിയിൽ എത്തിയിട്ടില്ല, കുറ്റപത്രം നൽകിയിട്ടുമില്ല. എന്ത് നിലപാട് ഈ കേസിൽ സ്വീകരിക്കും?

ഈ കേസിൽ ഏത് രീതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് പൊലീസിന് പോലും നിശ്ചയമില്ലാത്ത അവസ്ഥയാണ്. അതുകൊണ്ട് എന്നെ പോലുള്ള ഒരു ചെറുപ്പക്കാരന്റെ ജീവിതം പ്രതിസന്ധിയിൽ ആവുകയാണ്. കുറ്റപത്രം വന്നാൽ കാര്യങ്ങൾ മുന്നോട്ടു നീക്കാൻ കഴിയും. കേസ് കിടക്കുന്നതിനാൽ എനിക്ക് ഓരോ വർഷവും താത്കാലിക പാസ്‌പോർട്ട് എടുക്കേണ്ടി വരും. ജോലിക്ക് ഒരു പൊലീസ് ക്ലിയറൻസ് വേണമെന്നുണ്ടെങ്കിൽ അതിനും കേസ് കാരണം തടസം വരും. കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് എന്ത് ചെയ്യാൻ കഴിയും. കെഎപി ആക്റ്റ് 120 ഒയ്ക്ക് ഈ കേസുമായി എത്രത്തോളം സാധ്യതയുണ്ട് എന്നൊന്നും അറിയില്ല. അറിയാവുന്ന കാര്യം ഞാൻ കേസുമായി എല്ലാ വർഷവും വലഞ്ഞുകൊണ്ടിരിക്കണം എന്നതാണ്. കേസ് വന്നാൽ എനിക്ക് നിയമപരമായി മുന്നോട്ടു പോകാമായിരുന്നു. കോടതിയിൽ എപ്പോൾ ചാർജ് കൊടുക്കണമെന്ന കാര്യത്തിൽ പൊലീസിന് വ്യക്തതയില്ല. എനിക്ക് തോന്നുന്നത് കേസ് വന്നിട്ട് രണ്ടര വർഷത്തോളമായി എന്നാണ്. ഈ കേസ് ഇപ്പോഴും പൊലീസിന്റെ നാല് ചുവരിൽ കിടക്കുകയാണ്.

  • പ്രതികരിക്കുന്നവരോടു പിണറായി സർക്കാർ പ്രതികാരബുദ്ധ്യാ പെരുമാറുന്നു. മറുനാടൻ മലയാളി എഡിറ്റർക്കെതിരെയും പൊലീസ് കേസെടുത്തിരിക്കുന്നു?

പിണറായിക്കെതിരെ അദ്ദേഹത്തെപ്പോലെ ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ സംസാരിക്കുമ്പോൾ വാ മൂടിക്കെട്ടാൻ ശ്രമിക്കുന്ന രീതിയോട് സത്യത്തിൽ നമുക്ക് യോജിക്കാൻ കഴിയുന്നില്ല. കാര്യങ്ങൾ ചങ്കൂറ്റത്തോടെ തുറന്നു പറയുന്ന മാധ്യമ പ്രവർത്തകർ ആണ് നാടിനു ഇന്നാവശ്യം. മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയെപോലുള്ള മാധ്യമ പ്രവർത്തകരെ സമൂഹം ആഗ്രഹിക്കുന്നു. അവരെ പോലുള്ള ആളുകളുടെ വാ മൂട്ടിക്കെട്ടി കേസുകളിലൂടെ തകർത്താനാണ് പിണറായി വിജയൻ ശ്രമിക്കുന്നു എന്നുള്ളുവെങ്കിൽ ഞങ്ങളെ പോലുള്ള ചെറുപ്പക്കാർ അദ്ദേഹത്തിനു ഒപ്പമുണ്ട് എന്ന് പറയാനാണ് ഞാൻ മറുനാടൻ ഓഫീസിൽ എത്തിയത്.

  • അഭിപ്രായസ്വാതന്ത്ര്യത്തിനു പോലും വിലക്കേർപ്പെടുത്തുന്ന ഇത്തരം നടപടികൾ കാരണമല്ലേ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സമ്പൂർണ്ണ പരാജയം സിപിഎമ്മിന് വന്നു ഭവിച്ചതും?

ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റാൻ എന്ത് ചെയ്യണമെന്നു അറിയാത്ത സർക്കാർ സ്വന്തം മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ജനങ്ങളുടെ മണ്ടയിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ ജനങ്ങൾക്ക് ഇങ്ങിനെയൊക്കെയെ പ്രതികരിക്കാൻ കഴിയൂ. ജനങ്ങൾ ഇങ്ങിനെയൊക്കെ പ്രതികരിച്ചിട്ടും അവർ ഇങ്ങിനെയൊക്കെ തന്നെയാണ് കാണിക്കുന്നത്. പ്രളയവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്കരുത് എന്ന് പറയുമ്പോൾ, ഇത് തുടക്കത്തിൽ പറഞ്ഞ വ്യക്തിയാണ് ഞാൻ. കാരണം അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാടിനോട് ഞാൻ ശക്തമായി യോജിക്കുന്നു.

കഴിഞ്ഞ പ്രളയം കേരളാ സർക്കാർ വരുത്തിവെച്ചതാണ് എന്ന് സാമാന്യബോധമുള്ള കേരള ജനതയ്ക്ക് അറിയാം. പക്ഷെ പ്രളയം വന്നപ്പോൾ കേരളം ഒറ്റക്കെട്ടായി അതിനെ നേരിട്ടു. പക്ഷെ ഈ കാര്യത്തിൽ സർക്കാർ എന്താണ് ചെയ്തത്. 2000 കോടിയിലേറെ രൂപ സർക്കാരിന്റെ ദുരിതാശ്വാസ നിധിയിൽ ബാക്കികിടക്കുന്നു. ഈ പ്രളയം വന്ന സമയത്ത് തന്നെ അതിനു ഒന്നും ചെയ്യാതെ റബ്‌കോയുടെ കിട്ടാക്കടം വീട്ടാൻ സർക്കാർ തുക നീക്കി വയ്ക്കുകയാണ്, ഹൈക്കോടതിയിൽ ലെയ്‌സൻ ഓഫീസറെ നിയമിക്കാൻ സർക്കാരിനു അധികം വരുന്ന തുക, റീബിൽഡ് കേരളാ ഓഫീസ് ഫർണീഷ് ചെയ്യാൻ വേണ്ടി ഒരു കോടിയോളം മുടക്കുക.ഇതെല്ലാം ജനങ്ങൾക്ക് മനസിലാവുന്ന കാര്യമാണ്.

എനിക്ക് ശേഷം പ്രളയം എന്ന ചിന്തയിൽ ആകും പിണറായി സർക്കാർ ഭരിക്കുന്നത്. ലെനിനിന്റെയും ഗോർബച്ചേവിന്റെ ഒക്കെ പേര് ലോകചരിത്രത്തിൽ എഴുതിചേർക്കപ്പെട്ട പോലെ, കേരളത്തിലെ അവസാന സിപിഎം മുഖ്യമന്തി എന്ന പേര് എന്റെ പേരിൽ ആയിരിക്കണം എന്ന ഉറച്ച വാശിയോട് കൂടി ഇനി ഒരാളും പോലും കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി കേരളത്തിൽ ഭരിക്കേണ്ട എന്ന ഉറച്ച തീരുമാനത്തിൽ ഭരിക്കും പോലെയാണ് തോന്നുന്നത്. കേരളത്തിന്റെ സാമ്പത്തിക അവസ്ഥ അത്ര മോശമാണ്. ഇനി ഭരിച്ചാലും ഈ സാമ്പത്തിക അവസ്ഥയിൽ മുന്നോട്ടു പോകാൻ ബുദ്ധിമുട്ടാണ്. എന്നാൽ മുഖ്യമന്ത്രി നാട് നശിക്കുന്നെങ്കിൽ നശിക്കട്ടെ എന്റെ വിശ്വാസം,എന്റെ നിലപാട്, അതിനെ പുകഴ്‌ത്തി കാണിക്കാൻ മണ്ടന്മാരായ കുറെ അണികളും. അവര് ഈ നിലപാടിനെ പൊക്കിക്കൊണ്ട് നടക്കുകയാണ് ചെയ്യുന്നത്.

  • പിണറായി സർക്കാർ താങ്കൾ അടക്കമുള്ള ഒട്ടുവളരെ പേരെ കയറില്ലാതെ കെട്ടിവരിഞ്ഞിരിക്കുന്നു. ഈ സർക്കാരിനു നൽകാനുള്ള സന്ദേശമെന്താണ്?

നഷ്ടപ്പെടാനുള്ളത് ചങ്ങലയാണെന്ന് ഇവർ തന്നെ പറഞ്ഞിട്ടുണ്ട്. അഭിപ്രായം പ്രകടിപ്പിക്കുന്നവരെ കേസുകൾക്കൊണ്ട് വരിഞ്ഞുമുറുക്കിയാലും ഒരു കാലത്ത് ഇതെല്ലാം പൊട്ടിച്ചെറിഞ്ഞു പാർട്ടിക്കെതിരെ ശക്തമായ രോഷം, ലോകത്ത് എല്ലാ സ്ഥലത്തും സംഭവിച്ച പോലെ, അത് പോലെ തന്നെ നമ്മുടെ നാട്ടിലും സംഭവിക്കും.അതിനു അധികകാലം ഒന്നും കാത്തിരിക്കേണ്ട. ഗാഡ്ഗിൽ പറഞ്ഞ പോലെ തന്നെ നമ്മൾ എല്ലാം ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ നമുക്കിത് കാണാൻ കഴിയും. ഇതൊന്നും കാണാതിരിക്കണമെങ്കിൽ ഇതുപോലുള്ള നടപടികളിൽ നിന്ന് അങ്ങയെപോലുള്ള കമ്യൂണിസ്റ്റ് നേതാക്കൾ പിന്തിരിയണം എന്നാണ് പറയാനുള്ളത്. ജനാധിപത്യ ബോധമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനവും ഈ രാജ്യത്ത് നശിക്കരുത് എന്നാഗ്രഹിക്കുന്നത്, രാജ്യത്തെ ജനാധിപത്യ മൂല്യത്തിൽ വിശ്വസിക്കുന്ന എന്റെ കൂടി ആഗ്രഹമാണ്.കമ്യൂണിസ്റ്റ് പാർട്ടി നശിക്കുന്നതിനോട് ഒരു യോജിപ്പുമില്ല. പക്ഷെ കമ്യൂണിസ്റ്റ് മൂല്യം നിലനിൽക്കണമെങ്കിൽ ഒരു കമ്യൂണിസ്റ്റ് നേതാവിനെ പോലെ പിണറായി വിജയൻ പ്രവർത്തിച്ചാൽ നമുക്ക് പറയാം. നല്ല മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്ന്. പക്ഷെ ദൗർഭാഗ്യവശാൽ യുപി പോലുള്ള സംസ്ഥാനങ്ങളിൽ ചെന്നാൽ മലയാളി എന്ന് നമുക്ക് പോലും പറയാൻ മടിക്കുന്ന രീതിയിലുള്ള പ്രവർത്തനമാണ് പിണറായി എന്ന മുഖ്യമന്ത്രിയിൽ നിന്നും ഉണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP