Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചൊവ്വാഴ്ച രാവിലെ വിജ്ഞാപനം, അതേ ദിവസം 3 മണി വരെ ഓപ്ഷൻ നൽകാൻ സമയം, പിറ്റേന്ന് അലോട്ട്മെന്റ്; എഞ്ചിനിയറിങ്, ആർകിടെക്ചർ കോഴ്സുകളിലേക്കുള്ള മോപ്-അപ് അലോട്ട്മെന്റിൽ അടിമുടി ദൂരൂഹത; അലോട്ട്മെന്റിൽ പങ്കെടുക്കാൻ അവസരം നിഷേധിക്കുന്നു; വിദ്യാർത്ഥികൾക്ക് എൻട്രൻസ് കമ്മീഷണറുടെ ഇരുട്ടടി

ചൊവ്വാഴ്ച രാവിലെ വിജ്ഞാപനം, അതേ ദിവസം 3 മണി വരെ ഓപ്ഷൻ നൽകാൻ സമയം, പിറ്റേന്ന് അലോട്ട്മെന്റ്; എഞ്ചിനിയറിങ്, ആർകിടെക്ചർ കോഴ്സുകളിലേക്കുള്ള മോപ്-അപ് അലോട്ട്മെന്റിൽ അടിമുടി ദൂരൂഹത; അലോട്ട്മെന്റിൽ പങ്കെടുക്കാൻ അവസരം നിഷേധിക്കുന്നു; വിദ്യാർത്ഥികൾക്ക് എൻട്രൻസ് കമ്മീഷണറുടെ ഇരുട്ടടി

പ്രത്യേക ലേഖകൻ

തിരുവനന്തപുരം: കേരളത്തിൽ എഞ്ചിനിയറിങ്, ആർകിടെക്ചർ കോഴ്സുകളിലേക്കുള്ള മോപ്-അപ് അലോട്ട്മെന്റിൽ പങ്കെടുക്കാൻ, സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയതിന്റെ പേരിൽ അവസരം നിഷേധിച്ച എൻട്രൻസ് പരീക്ഷാ കമ്മീഷണുടെ നടപടി വിദ്യാർത്ഥികൾക്ക് ഇരുട്ടടിയായി. എൻട്രൻസ് കമീഷണറുടെ അലോട്ട്മെന്റ് പ്രകാരം സ്വാശ്രയ കോളേജിൽ ചേരുന്നത് മോപ്-അപ് അലോട്ട്മെന്റിൽ പങ്കെടുക്കുന്നതിൽനിന്ന് തങ്ങളെ അയോഗ്യരാക്കുമെന്ന് അറിയാത്തതിനാലും, ഉയർന്ന ഓപ്ഷനുകൾ നിലനിർത്താൻ കിട്ടിയ കോളേജിൽ ചേരുന്നത് ചട്ടപ്രകാരം നിർബന്ധമായതിനാലുമാണ് പല സാധാരണക്കാരും സ്വാശ്രയ കോളേജുകളിൽ ചേരുന്നത്. തുടർന്നുള്ള അലോട്ട് മെന്റുകളിൽ റാങ്കനുസരിച്ച് ഹയർ ഓപ്ഷൻ നേടി ഗവ.കോളേജുകളിൽ പ്രവേശനം നേടാമെന്ന് പ്രതീക്ഷിച്ച ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇരുട്ടടിയായിരിക്കയാണ് കമ്മീഷണറുടെ വിജ്ഞാപനമെന്ന് രക്ഷിതാക്കളും ആധ്യാപകരും ചൂണ്ടിക്കാട്ടുന്നു.

അടിമുടി ദൂരൂഹത

കമ്മീഷണർ അലോട്ട് ചെയ്തതനുസരിച്ച് സ്വാശ്രയ കോളേജിൽ ചേരുന്നത്, മോപ്-അപ് അലോട്ട്മെന്റിൽ പങ്കെടുക്കുന്നതിന് വിദ്യാർത്ഥികളെ അയോഗ്യരാക്കുമെന്ന് പ്രോസ്പെക്ടസിൽ വ്യക്തമാക്കിയിട്ടില്ല. എന്നിട്ടും ചട്ടപ്രകാരം പ്രവേശന നടപടികൾ പാലിച്ച വിദ്യാർത്ഥികൾക്ക് മോപ് - അപ്പിൽ അവസരം നിഷേധിച്ചിരിക്കുന്നു.അതേ സമയം, അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനം നേടാത്തവർക്കും വിടുതൽ വാങ്ങിയവർക്കും ചട്ടം ലംഘിച്ചുകൊണ്ട് മോപ് - അപ് റൗണ്ടിൽ അവസരം നൽകുകയും ചെയ്തിട്ടുണ്ട്. ഇത് രണ്ടും കമ്മീഷണറുടെ നടപടിയെക്കുറിച്ച് ദുരൂഹതയുണർത്തുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ വിജ്ഞാപനം, അതേ ദിവസം 3 മണി വരെ ഓപ്ഷൻ നൽകാനുള്ള സമയം, പിറ്റേ ദിവസം അലോട്ട്മെന്റ. നടപടി ക്രമത്തിലെ ഈ ധൃതിയും ദുരൂഹത വർദ്ധിപ്പിക്കുന്നു.

സിഇഇയുടെ നിബന്ധനകൾക്ക് വിധേയപ്പെട്ട്, ഹയർ ഓപ്ഷനുകൾ നിലനിർത്താൻ വേണ്ടി സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയവർക്കാണ് ഇത്തരത്തിൽ അനീതി നേരിടേണ്ടി വന്നിരിക്കുന്നത്.കീം (KEAM) പ്രോസ്പക്ടസ് അനുസരിച്ച് എഞ്ചിനിയറിങ് സ്ട്രീമിൽപ്പെടുന്ന ബി ആർക്ക് കോഴ്സിനെ ഈ സ്ട്രീമിലെ ആദ്യ ഫേസ് അലോട്ട്മെന്റിൽ ബി ടെക്കിനൊപ്പം ഉൾപ്പെടുത്തിയിരുന്നില്ല. ബിടെക്കി ന് മൂന്ന് ഫേസ് അലോട്ട്മെന്റ് നടത്തിയപ്പോൾ B Arch അപേക്ഷകർക്ക് ഇക്കുറി രണ്ട് അലോട്ട്മെന്റ് മാത്രമാണ് സിഇഇ നടത്തിയത്. ഇതിനകം നടന്ന രണ്ട് അലോട്ട്മെന്റുകളിൽ, തങ്ങളുടെ ലോവർ ഓപ്ഷനുകളിൽ സ്വാശ്രയ കോളേജുകളിൽ പ്രവേശനം കിട്ടി. എന്നാൽ ഹയർ ഓപ്ഷനുകൾ നിലനിർത്താൻ വേണ്ടി ചട്ടപ്രകാരം കോളേജ് പ്രവേശനം നിർബന്ധമായതുകൊണ്ട് മാത്രം ചേർന്ന നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് അവസരം നിഷേധിച്ചുകൊണ്ടാണ് ഇപ്പോൾ മോപ് - അപ്പ് അലോട്ട്മെന്റിന്റെ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് വിദ്യാർത്ഥികൾക്കുള്ള തുല്യഅവസരങ്ങളുടെ നിഷേധവും അവരോടുള്ള അനീതിയുമാണ്. ഇതുവഴി മെറിറ്റിന്റെയും സംവരണത്തിന്റെയും നിഷേധത്തിനും ഇടയാക്കും.

ബി ആർക്ക് കോഴ്സിലേക്ക്, ഇതിനകം ഓപ്ഷൻ നൽകുകയും ചട്ടപ്രകാരം ഓപ്ഷൻ നിലനിർത്തുകയും, സ്വാശ്രയ കോളേജുകളിൽ അടക്കം ചട്ടപ്രകാരം പ്രവേശനം നേടുകയും ചെയ്ത വിദ്യാർത്ഥികൾക്കും അവസരം നൽകിക്കൊണ്ട്, മൂന്നാം അലോട്ട്മെന്റ് നടത്തണം.മെഡിക്കൽ - അനുബന്ധ കോഴ്സുകളിലേക്ക് അലോട്ട്മെന്റ് നടത്തിയ ശേഷം മാത്രമേ എഞ്ചിനിയറിങ് സ്ട്രീമിന്റ മോപ് അപ് അലോട്ട്മെന്റ് നടത്താവൂ. എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്,, അഗ്രിക്കൾച്ചർ ഉൾപ്പെടെയുള്ള മെഡിക്കൽ സ്ട്രീമിലേക്ക് ഒരു അലോട്ട്മെന്റ് പോലും നടത്തുന്നതിന് മുമ്പ് തന്നെ എഞ്ചിനിയറിങ്ങ് സ്ട്രീമിൽ മോപ് - അപ് അലോട്ട്മെന്റ് നടത്തുന്നതിന്റെ സാംഗത്യം ദുരൂഹമാണ്. സ്വാഭാവികമായും കൂടുതൽ ഡിമാന്റ് ഉള്ള എംബിബിഎസ് പോലെയുള്ള കോഴ്സുകളിലേക്ക് കുട്ടികൾ മാറിപ്പോവുമ്പോൾ ഉണ്ടാകുന്ന ഒഴിവുകൾ കൂടി താഴെ റാങ്കിലുള്ളവർക്ക് ലഭ്യമാക്കാനാണല്ലോ കേന്ദ്രീകൃത അലോട്ട്മെന്റ് നടത്തുന്നത് തന്നെ. ഏകജാലക പ്രവേശം നടത്തുന്നതിന്റെ ഉദ്ദേശ്യത്തെത്തന്നെ ബലി കഴിക്കുന്നതായി എൻട്രൻസ് കമ്മീഷണറുടെ ഈ ദുരൂഹമായ മോപ് - അപ് അലോട്ട്മെന്റ് നടപടിയെന്നാണ രക്ഷിതാക്കളും വിദ്യാർത്ഥികളും പരാതിപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP