Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202208Saturday

ദുബായിൽ സോണിയുടെ കണ്ണിലുടക്കി; തിരുവനന്തപുരത്തേക്ക് പരിശീലകൻ ചുവടുമാറ്റിയപ്പോൾ പറന്നെത്തിയ അച്ഛനും മകനും; മാസ്റ്റേഴ്‌സ് വിനോദിന്റെ കണ്ണിലുക്കിയത് നിർണ്ണായകമായി; അരങ്ങേറ്റത്തിലെ ആദ്യ പന്തിൽ രഞ്ജി വിക്കറ്റ്; ടിനുവിനും ശ്രീശാന്തിനും പിൻഗാമിയാകാൻ ഏദൻ ആപ്പിൾ ടോം

ദുബായിൽ സോണിയുടെ കണ്ണിലുടക്കി; തിരുവനന്തപുരത്തേക്ക് പരിശീലകൻ ചുവടുമാറ്റിയപ്പോൾ പറന്നെത്തിയ അച്ഛനും മകനും; മാസ്റ്റേഴ്‌സ് വിനോദിന്റെ കണ്ണിലുക്കിയത് നിർണ്ണായകമായി; അരങ്ങേറ്റത്തിലെ ആദ്യ പന്തിൽ രഞ്ജി വിക്കറ്റ്; ടിനുവിനും ശ്രീശാന്തിനും പിൻഗാമിയാകാൻ ഏദൻ ആപ്പിൾ ടോം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അതിവേഗതയിൽ 100 വിക്കറ്റ് നേടിയ കേരളാ താരമാണ് സോണി ചെറുവത്തൂർ. 24 വയസ്സിൽ രഞ്ജിയിൽ അരങ്ങേറ്റം കുറിച്ചിട്ടും 27-ാം വയസിലാണ് രണ്ട് രഞ്ജി മത്സരങ്ങൾ തുടർച്ചയായി കളിച്ചത്. കേരളത്തിന്റെ മികച്ച ഓൾറൗണ്ടർ എസ് ബി ഐയിലെ സുരക്ഷിത ജോലി പോലും രാജിവച്ചാണ് പരിശീലക കുപ്പായത്തിൽ പരീക്ഷണത്തിന് ഇറങ്ങിയത്. ആ വിയർപ്പൊഴുക്കൾ വെറുതെയായില്ല. കേരളാ ക്രിക്കറ്റിന് പുതിയ താരോധയത്തെ കിട്ടുകയാണ്. ഏദൻ ആപ്പിൾ ടോം-പതിനാറാം വയസ്സിൽ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച അത്ഭുത ബാലൻ.

മേഘാലയയ്ക്കെതിരെ അരങ്ങേറ്റ മത്സരം. പയ്യൻ നിരാശനാക്കിയില്ല. ആദ്യ പന്തിൽ തന്നെ വിക്കറ്റും നേടി. സോണിയുടെ പരിശീലനത്തിൽ പത്തനംതിട്ടക്കാരൻ നടത്തിയ കഠിന പരീശീലനം കേരളാ ക്രിക്കറ്റിന് പുതിയ കരുത്താകുമെന്നാണ് വിലയിരുത്തൽ. അരങ്ങേറ്റ മത്സരത്തിൽ നാല് വിക്കറ്റ് ഈ കൊച്ചു മിടുക്കൻ നേടി. ശ്രീശാന്തിനെ മനസ്സിൽ ആരാധിക്കുന്ന ഈ പയ്യൻ കേരളാ ക്രിക്കറ്റിലെ ഇതിഹാസത്തെ സാക്ഷിയാക്കിയാണ് വരവറിയിക്കുന്നത്. ശ്രീശാന്തിന്റെ യഥാർത്ഥ പിൻഗാമി താനായിരിക്കുമെന്ന് വിളിച്ചു പറയുകയാണ് അരങ്ങേറ്റ മത്സരത്തിലൂടെ ഏദൻ ആപ്പിൾ ടോം.

സിനിമാ കഥ പോലെയാണ് ഈഡന്റേയും ക്രിക്കറ്റ് ജീവിതം. ജോലി മതിയാക്കിയ സോണി ചെറുവത്തൂർ ദുബായിൽ പരിശീലകനായി എത്തുന്നിടത്താണ് തുടക്കം. ഈ പരിശീലന കളരിയിൽ ഈഡനെന്ന കൊച്ചു പയ്യനുമെത്തുന്നു. കേരളാ ക്രിക്കറ്റിൽ സോണിക്ക് ഉത്തരവാദിത്തം കിട്ടിയപ്പോൾ ദുബായിൽ നിന്ന് പതിയെ തിരുവനന്തപുരത്തേക്ക് എത്തി സോണിയെന്ന പരിശീലകൻ. മരുതംകുഴിക്കടുത്ത് ലൗ ഓൾ എന്ന സ്ഥാപനത്തിൽ പരിശീലകനായി. പിന്നാലെ ഈഡനും ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തി. സോണിയെന്ന പരിശീലകൻ അച്ഛൻ ആപ്പൾ ടോം പ്രതീക്ഷയർപ്പിച്ചു. മകന് വേണ്ടി ദുബായിലെ ജോലി വേണ്ടെന്ന് വച്ചു.

പിടിപി നഗറിൽ ഫ്ളറ്റിലായി അച്ഛനും മകനും താമസം. രാവും പകലുമില്ലാത്തെ സോണിക്ക് കീഴിൽ പരിശീലനം. റോങ് ഫുട്ടിൽ പന്തെറിയുന്ന കൊച്ചു പയ്യൻ അതിവേഗമാണ് പേസ് ബൗളിങ്ങിലെ ബാല പാഠങ്ങൾ ഉൾക്കൊണ്ടത്. അപ്പോഴും ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത്ലറ്റിക്സിലെ ഫിറ്റ്നസ് ട്രെയിനാറായ ഷാനാവസിന്റെ കൈയിലേക്ക് ഈ പയ്യനെ സോണി ഏൽപ്പിച്ചു. ഇതോടെ കൂടുതൽ വേഗത പയ്യന്റെ പന്തുകൾക്ക് കൈവന്നു. ഹെൽമറ്റില്ലാതെ ഈ കൊച്ചു മിടകുക്കനെ നേരിടുക കോച്ചിനും പോലും അസാധ്യമായി. ഒന്നരക്കൊല്ലം കൊണ്ട് വമ്പൻ വേഗത പന്തുകൾക്ക് കൈവന്നു. ലൗ ഓളിൽ സോണിയുടെ സഹപരിശീകനായ കാർത്തിക് രാജും നിർണ്ണായക സ്വാധീനമായി.

തിരുവനന്തപുരത്തെ ലീഗിൽ ചില ടീമുകൾക്ക് വേണ്ടി ഏദൻ പന്തെറിഞ്ഞു. ഈ പതിനാറുകാരന്റെ ബൗളിങ്ങ് തിരുവനന്തപുരം ഡിസ്ട്രിക്ട് അസോസിയേഷൻ സെക്രട്ടറിയായ വിനോദ് കാണാനിടയായതാണ് നിർണ്ണായകമായത്. തൊടുപുഴയിൽ 19 വയസ്സിന് താഴെയുള്ളവർക്കുള്ള ക്ലബ് മത്സരത്തിൽ വിനോദിന്റെ ടീമിൽ ഈഡനും ഇടം നേടി. മാസ്റ്റേഴ്സ് ക്ലബ്ബിന് വേണ്ടി നടത്തിയ പോരാട്ടം ശ്രദ്ധയിൽ പെട്ടത് കേരളത്തിന്റെ മുൻ രഞ്ജി ട്രോഫി വിക്കറ്റ് കീപ്പർ കൂടിയായ സിഎം ദീപക്കിന്റെ കണ്ണിലും. പ്രതിഭ അങ്ങനെ കെസിഎയുടെ ശ്രദ്ധയിലുമെത്തി. ഇന്ത്യയ്ക്ക് വേണ്ടി ആദ്യം കളിച്ച കേരളാ താരമാണ് ടിനു യോഹന്നാൻ. ഈ പേസ് ബൗളറാണ് ഇന്ന് രഞ്ജി ടീമിന്റെ പരിശീലകൻ.

ദീപക്കിൽ നിന്നും ഈഡന്റെ ബൗളിങ് മൂർച്ച ടിനുവും തിരിച്ചറിഞ്ഞു. സോണിയോട് ടിനു കാര്യങ്ങളും തിരക്കി. ഇതോടെ അണ്ടർ 19 കേരളാ ടീമിലേക്ക് ഈ പതിനാറുകാരൻ എത്തി. ആദ്യ ചതുർദിന മത്സരത്തിൽ തന്നെ അണ്ടർ 19 ക്രിക്കറ്റിൽ അഞ്ചു വിക്കറ്റ്. ഈ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റും. അങ്ങനെ കോവിഡുകാലത്തെ കഠിന പരിശീനം ഈഡന് നൽകിയത് സ്വപ്ന തുല്യമായ തുടക്കം. അണ്ടർ 19 ക്രിക്കറ്റിലെ മികവ് രഞ്ജി ക്യാമ്പിലും ഇടം നൽകി. ശ്രീശാന്തിന്റെ സാന്നിധ്യവും ടിനുവിന്റെ പരിശീലനും അത്മവിശ്വാസം കൂട്ടി. അങ്ങനെ അവസാന ഇലവനിലുമെത്തി ഈ പത്തനംതിട്ടക്കാരൻ.

രഞ്ജി ട്രോഫിക്ക് മുന്നോടിയായി കേരള ടീമിന്റെ ക്യാമ്പിൽ നെറ്റ്‌സിൽ പന്തെറിയാൻ കോച്ച് ടിനു യോഹന്നാൻ വിളിക്കുമ്പോൾ ഏദൻ ആപ്പിൾ ടോമെന്ന പതിനാറുകാരൻ കരുതിയില്ല അത് തന്റെ ജീവിതം മാറ്റി മറിക്കുമെന്ന്. ക്യാമ്പിന് ശേഷം പ്രഖ്യാപിച്ച ടീമിൽ ഏവരേയും ഞെട്ടിച്ച് ആ പ്ലസ് വൺകാരന്റെ കൗതുകമുള്ളപേരുമുണ്ടായിരുന്നു. അവനെറിയുന്ന പന്തുപോലെ അതിവേഗത്തിൽ തന്നെ കരിയറിലും കുതിപ്പുണ്ടാക്കാൻ ഏദനിപ്പോൾ കഴിഞ്ഞിരിക്കുന്നു. അണ്ടർ 19 കൂച്ച് ബിഹാർ ട്രോഫിയിലും മികച്ച പ്രകടനം പുറത്തെടുത്തു. കൂച്ച് ബിഹാർ ട്രോഫിയിൽ ഗുജറാത്തിനെതിരായ 5 വിക്കറ്റ് പ്രകടനം ഉൾപ്പെടെ ആകെ 15 വിക്കറ്റാണ് ഏദൻ സ്വന്തമാക്കിയത്.

ഇതിനെ തുടർന്നാണ് ആലുവ എസ്.ഡി കോളേജ് ഗ്രൗണ്ടിൽ നടന്ന രഞ്ജി ട്രോഫി ടീമിന്റെ ക്യാമ്പിൽ നെറ്റ് ബൗളർ ആയി പങ്കെടുക്കാൻ നിർദ്ദേശം കിട്ടിയത്.പത്തനംതിട്ട സ്വദേശിയായ ആപ്പിൾ ടോം മാത്യുവിന്റേയും ബെറ്റി എൽസി മാത്യുവിന്റേയും മകനായ ഏദൻ ഏഴാം ക്ലാസ് വരെ പഠിച്ചത് ഷാർജയിലാണ്. ക്രിക്കറ്റിലെ താത്പര്യം കണ്ട് പിതാവ് ആപ്പിൾ ടോം ഏദനെ എട്ടാം വയസിൽ മുൻ കേരള ക്യാപ്ടൻ സോണി ചെറുവത്തൂരിന്റെ ദുബായിലെ ക്രിക്കറ്റ് അക്കാഡമിയിലാക്കി. കേരളത്തിലേക്ക് പോകുന്നതാണ് ഏദന്റെ ഭാവിക്ക് നല്ലതെന്ന് സോണിയുടെ വാക്കു കേട്ട് ആപ്പിൾടോം ഷാർജ എയർപോർട്ടിലെ ജോലി ഉപേക്ഷിച്ച് മകനുമായി കേരളത്തിലെത്തി.

പിന്നീട് 2017ൽ തിരുവനന്തപുരത്ത് പി.ടി.പി നഗറിലുള്ള സുകേഷ് രാമക്യഷ്ണ പിള്ളയുടെ ലവ് ആൾ സ്പോർട്സിൽ പരിശീലനം തുടങ്ങുകയായിരുന്നു. അവിടെയും സോണി ചെറുവത്തൂരിന്റെ കീഴിലുള്ള ശിക്ഷണം തുടർന്ന ഏദൻ ഇപ്പോൾ സാക്ഷാൽ ശ്രീശാന്തും ബേസിൽ തമ്പിയും നിധീഷുമൊക്കെ ഉൾപ്പെട്ട കേരള രഞ്ജീ ടീമിലെ ഏറ്റവും വേഗമേറിയ ബൗളർ എന്ന നേട്ടത്തിൽ എത്തി നിൽക്കുകയാണ്. ഏദന്റെ അമ്മ ബെറ്റി ഷാർജ എയർ പോർട്ടിലെ ഹെഡ് സൂപ്പർ വൈസറാണ്. എസ്തേർ മറിയം, എലീസ സൂസൻ ടോം എന്നിവരാണ് സഹോദരിമാർ.

രഞ്ജി ട്രോഫിയിലെ ആദ്യ പന്തിൽ തന്നെ തന്റെ പ്രതിഭ അറിയിച്ചു ഈ പയ്യൻ. മേഘാലയയുടെ കിഷനെ രാഹുലിന്റെ കൈയിലെത്തിച്ചായിരുന്നു ആദ്യ വിക്കറ്റ് നേടിയത്. പിന്നീട് പരിചയ സമ്പന്നനായ സിജി ഖുരാനയേയും പുറത്താക്കി. അങ്ങനെ ആദ്യ സ്പെല്ലിൽ തന്നെ സോണിയെന്ന പരിശീലകന്റെ പ്രതീക്ഷ കാക്കുകയാണ് ഈ കൊച്ചു മിടുക്കൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP