Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202301Sunday

ഹവാല ഇടപാടിൽ ജോയ് ആലുക്കാസിന്റെ 305.84 കോടിയുടെ ആസ്തികൾ കണ്ടുകെട്ടി; ഇന്ത്യയിൽ നിന്ന് ഹവാല ചാനലുകൾ വഴി ദുബായിലേക്ക് കോടികൾ കടത്തി; ഈ തുക ഉപയോഗിച്ചത് ദുബായിലെ ജൂവലറിയിൽ നിക്ഷേപിക്കാൻ; ഹവാല ഇടപാട് ചെയർമാൻ ജോയ് ആലുക്കാസ് വർഗ്ഗീസിന്റെ അറിവോടെ എന്ന് ഇഡി; നടപടി തൃശൂരിലെ കോർപറേറ്റ് ഓഫീസ് അടക്കം അഞ്ചിടങ്ങളിലെ റെയ്ഡിന് പിന്നാലെ

ഹവാല ഇടപാടിൽ ജോയ് ആലുക്കാസിന്റെ 305.84 കോടിയുടെ ആസ്തികൾ കണ്ടുകെട്ടി; ഇന്ത്യയിൽ നിന്ന് ഹവാല ചാനലുകൾ വഴി ദുബായിലേക്ക് കോടികൾ കടത്തി; ഈ തുക ഉപയോഗിച്ചത് ദുബായിലെ ജൂവലറിയിൽ നിക്ഷേപിക്കാൻ; ഹവാല ഇടപാട് ചെയർമാൻ ജോയ് ആലുക്കാസ് വർഗ്ഗീസിന്റെ അറിവോടെ എന്ന് ഇഡി;  നടപടി തൃശൂരിലെ കോർപറേറ്റ് ഓഫീസ് അടക്കം അഞ്ചിടങ്ങളിലെ റെയ്ഡിന് പിന്നാലെ

എം എസ് സനിൽ കുമാർ

തൃശ്ശൂർ: ഹവാല ഇടപാടിന്റെ പേരിൽ, ജോയ് ആലൂക്കാസ് ചെയർമാൻ ജോയ് ആലുക്കാസ് വർഗ്ഗീസിന്റെ 305.84 കോടി വിലമതിക്കുന്ന ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഫെമ നിയമലംഘനത്തിനാണ് നടപടി. ഇന്ത്യയിൽ നിന്ന് ഹവാല ചാനലുകൾ വഴി ദുബായിലേക്ക് കോടികൾ കടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഈ തുക പിന്നീട് ജോയ് ആലുക്കാസിന്റെ 100 ശതമാനം ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജൂവലറിയിൽ നിക്ഷേപിക്കുകയായിരുന്നു എന്ന് ഇഡി വാർത്താ കുറിപ്പിൽ അറിയിച്ചു.

കണ്ടുകെട്ടിയ ആസ്തികളിൽ, തൃശൂർ ശോഭ സിറ്റിയിലെ ഭൂമിയും കെട്ടിടങ്ങളുമായി 81.54 കോടിയുടെ സ്ഥാവര സ്വത്തുക്കൾ, 91.22 ലക്ഷത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ, 5.58 കോടിയുടെ മൂന്ന് സ്ഥിര നിക്ഷേപങ്ങൾ, 217.81 കോടിയുടെ ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ എന്നിവ ഉൾപ്പെടുന്നു.

ഈ മാസം 22 ന് ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഓഫീസ് അടക്കം അഞ്ചു സ്ഥലങ്ങളിലും, ഡയറക്ടറുടെ വസതിയിലും ഇഡി തിരച്ചിൽ നടത്തിയിരുന്നു. ഔദ്യോഗിക രേഖകളും മെയിലുകളും ജീവനക്കാരുടെ മൊഴികളും ശേഖരിച്ചതോടെ, ഹവാല ഇടപാടിൽ ജോയ് ആലുക്കാസിന്റെ പങ്കിന് തെളിവുകൾ കിട്ടി. ഹവാല ഇടപാടിലൂടെ കടത്തിയ പണമാണ് ദുബായിലെ ജൂവലറിയിൽ നിക്ഷേപിച്ചതെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഇഡി വാർത്താക്കുറിപ്പിൽ പറഞ്ഞു.

കോർപറേറ്റ് ഓഫീസിൽ അടക്കം അഞ്ചിടത്ത് റെയഡുകൾ

സ്ഥാപനത്തിന്റെ തൃശ്ശൂരിലെ കോർപ്പറേറ്റ് ഓഫീസ് അടക്കം അഞ്ചിടങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ദുബായിലേക്ക് 300 കോടിയുടെ ഹവാല പണം കടത്തിയ ഇടപാടിൽ ചെയർമാൻ ജോയ് ആലുക്കാസിനും വ്യക്തമായ പങ്കെന്നാണ് ഇഡി പറയുന്നത്. ജോയ് ആലുക്കാസിന്റെ ഡ്രീംപാലസ് എന്ന് വിളിപ്പേരുള്ള എന്ന ശോഭ സിറ്റിയിലെ കൊട്ടാര സദൃശ്യമായ ബംഗ്ലാവിലാണ് ഇഡി പരിശോധനക്കെത്തിയ ഒരു കേന്ദ്രം. കോർപ്പറേറ്റ് ഓഫീസ് കൂടാതെ തൃശ്ശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രത്തിലും പരിശോധന നടത്തി. 20തോളം വാഹനങ്ങളിലാണ് ഉദ്യോഗസ്ഥർ വീട്ടിൽ പരിശോധനക്ക് എത്തിയത്.രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. റെയ്ഡിനെക്കുറിച്ച് ജോയ് ആലുക്കാസ് പ്രതികരിച്ചിരുന്നില്ല

ഐപിഒയുമായി ആലുക്കാസ് നീങ്ങിയത് കള്ളപ്പണം വെളുപ്പിക്കാനുള്ള വഴികൾ തേടിയാണെന്ന സൂചന ഇഡിക്ക് ലഭിച്ചിരുന്നു. 300 കോടിയുടെ ഹവാല ഫണ്ടിലൂടെ ലക്ഷ്യമിട്ടതും പണം വെളുപ്പിക്കലാണെന്ന സംശയം ഉയർന്നിട്ടുണ്ട്. പ്രാഥമിക ഓഹരി വിൽപ്പനയിൽ നിന്നും ജോയ് ആലൂക്കാസ് ഗ്രൂപ്പ് താൽക്കാലികമായി പിന്മാറിയതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിലാണ് കമ്പനി ഐപിഒ പിൻവലിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം അറിയിപ്പ് വന്നത്. ഐപിഒ പിൻവലിക്കാനുള്ള പ്രത്യേക കാരണങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിരുന്നില്ല. എന്നാൽ, ഹവാല ഇടപാട് സംബന്ധിച്ച ഇഡി പരിശോധന മുന്നിൽ കണ്ടാണ് പിന്മാറ്റമെന്ന വിധത്തിലും വാർത്തകൾ പുറത്തുവരുന്നുണ്ട്.

ഇത് രണ്ടാം തവണയാണ് ഐപിഒയിൽ നിന്നും ജോയ് ആലുക്കാസ് പിന്മാറുന്നത്. 2011ൽ 650 കോടി സമാഹരിക്കാൻ ആലുക്കാസ് ശ്രമിച്ചെങ്കിലും അതിൽ നിന്നും അവസാന നിമിഷം പിന്മാറിയിരുന്നു. അന്ന് ഈ പിന്മാറ്റത്തിലേക്ക് നയിച്ചത് നീരവ് മോദി 14000 കോടി രൂപയുടെ വായ്‌പ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു എന്നും റിപ്പബ്ലിക് ടിവി റിപ്പോർട്ടു ചെയ്യുന്നു. ഇക്കുറി ഐപിഒയിലൂടെ ഏകദേശം 2300 കോടി രൂപ സമാഹരിക്കാനായിരുന്നു ആലുക്കാസിന്റെ പദ്ധതി. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതോടെ കമ്പനിയുടെ മൊത്തം മൂല്യം 4.8 ബില്യൺ ഡോളറായി ഉയരുമെന്നായിരുന്നു വിലയിരുത്തലിലായിരുന്നു നീക്കങ്ങൾ എന്നാൽ, അവസാന നിമിഷം ആലുക്കാസ് പിൻവലിയുകയും ചെയ്തു.

കഴിഞ്ഞ വർഷം ഡിസംബറിൽ ഫോർബ്സ് മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ ജൂവലറി ഉടമകളുടെ അതിസമ്പന്ന പട്ടികയിൽ ഒന്നാമത് ജോയ് ആലൂക്കാസ് എത്തിയിരുന്നു. 25,500 കോടി രൂപയാണ് ജോയ് ആലുക്കാസിന്റെ ആസ്തി. രാജ്യത്തെ ഏറ്റവും വലിയ ജൂവലറി റീട്ടെയിലർമാരിൽ ഒന്നായ ജോയ് ആലുക്കാസിന് 68 നഗരങ്ങളിൽ ഷോറൂമുകൾ ഉണ്ട്.

ഇഡി പരിശോധനക്കെത്തി ജോയ് ആലുക്കാസ് മാൻഷൻ കേരളത്തിലെ തന്നെ ഏറ്റവും വലിയ ആഡംബര സൗധങ്ങളിൽ ഒന്നാണ്. 52,000 സ്‌ക്വയർഫീറ്റ് വിസ്തൃതി, 220 അടി നീളമുള്ള റാംപ്, 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള, 200 പേർക്കിരിക്കാവുന്ന പ്രാർത്ഥനാമുറി തുടങ്ങിയ സൗകര്യങ്ങളോടു കൂടിയതാണ് ആലുക്കാസ് മാൻഷൻ. ഹെലിപ്പാട് അടക്കമുള്ള സൗകര്യങ്ങളും ജോയ് ആലുക്കാസ് മാൻഷനിലുണ്ട്.

അടുത്തിടെ ആലുക്കാസ് കുടുംബത്തിലും ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. സഹോദരങ്ങൾ തമ്മിലെ വിഷയങ്ങൾ പരസ്യമായി പുറത്തുവരികയും ചെചയ്തിരുന്നു. 1956ലാണ് ആലുക്കാസ് ജൂവലറിയുടെ തുടക്കം. വർഗീസ് ആലുക്കാസ് ആയിരുന്നു സ്വർണ്ണക്കട തുടങ്ങിയത്. അന്ന് മക്കളായ അഞ്ച് പേരും കച്ചവടത്തിൽ പിതാവിനെ സഹായിക്കാൻ ഉണ്ടായിരുന്നു. 2001 ആയപ്പോഴേക്കും അഞ്ചു പേരും വേർപിരിഞ്ഞു ബിസിനസ് തുടങ്ങിയത്.

ജോയ് ആലുക്കാസിന് ഇന്ത്യയിലും ഗൾഫിലുമായി പതിനൊന്ന് രാജ്യങ്ങളിൽ 130 റീട്ടെയിൽ ജൂവലറി ഷോപ്പുകളുണ്ട്. ഒപ്പം മണിഎക്സ്ചേഞ്ച് ബിസിനസ്സും ഉണ്ട്. ഒമാൻ ദുബായ് യുഎഇ കുവൈറ്റ് എന്നിവടങ്ങളിൽ അറുപതോളം മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുണ്ട്. ജോളി സിൽക്സ് എന്ന പേരിൽ ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സിന്റെ അഞ്ചു യൂണിറ്റ് കേരളത്തിൽ ഉണ്ട്. 8500നു മേലെ തൊഴിലാളികളുള്ള ഒരു പ്രസ്ഥാനമാണ് ജോയ് ആലുക്കാസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP