Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

75,000 പേർക്ക് ജോലി...!പരോക്ഷ അവസരങ്ങൾ പറഞ്ഞാൽ തീരില്ല; കൊച്ചി നഗരം ദുബായി സിറ്റിയെ പോലെ സ്മാർട്ടാകും..! 'ലോകം കേരളത്തിലേക്ക് വരുമെന്ന്' നമ്മൾ കണ്ടത് വെറും ദിവാ സ്വപ്‌നമോ? കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും ടീകോം പിന്മാറുന്നു; സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി ദുബായ് കമ്പനി; അടുത്തമാസം മുഖ്യമന്ത്രിയുമായി ചർച്ച; കാക്കനാട്ടെ ചില്ലുകൊട്ടാരം തമ്പാനൂർ ബസ് ടെർമിനൽ പോലാകുമോ?

75,000 പേർക്ക് ജോലി...!പരോക്ഷ അവസരങ്ങൾ പറഞ്ഞാൽ തീരില്ല; കൊച്ചി നഗരം ദുബായി സിറ്റിയെ പോലെ സ്മാർട്ടാകും..! 'ലോകം കേരളത്തിലേക്ക് വരുമെന്ന്' നമ്മൾ കണ്ടത് വെറും ദിവാ സ്വപ്‌നമോ? കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും ടീകോം പിന്മാറുന്നു; സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി ദുബായ് കമ്പനി; അടുത്തമാസം മുഖ്യമന്ത്രിയുമായി ചർച്ച; കാക്കനാട്ടെ ചില്ലുകൊട്ടാരം തമ്പാനൂർ ബസ് ടെർമിനൽ പോലാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌നപദ്ധതിയെന്നും വികസനമോഡലെന്നുമൊക്കെ വിശേഷിപ്പിച്ച കൊച്ചി സ്മാർട്ട് സിറ്റിപദ്ധതി പാതിവഴിയിൽ നിലച്ചു. ദുബായ് ആസ്ഥാനമായുള്ള ടീക്കോം ഇൻവെസ്റ്റ്‌മെന്റിന്റേയും കേരള സർക്കാരിന്റേയും സംയുക്ത സംരംഭമായ സ്ഥാപനം കഴിഞ്ഞ സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായാണ് അവതരിപ്പിച്ചിരുന്നത്. പദ്ധതിയിൽ 16 ശതമാനം ഓഹരികൾ മാത്രമാണ് കേരള സർക്കാരിനുള്ളത്. ബാക്കി 84 ശതമാനം ഓഹരികളും ദുബയ് കമ്പനിക്കാണ്. ടീകോമിന്റെ മാതൃകമ്പനിയായ ദുബായ് ഹോൾഡിങ്‌സ് സാമ്പത്തിക പ്രതിസന്ധിയിലായതാണ് കേരളത്തിനും തിരിച്ചടിയായത്.

യുഎ ഇ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ദുബായ് ഹോൾഡിങ്‌സ്. പതിനാലോളം രാജ്യങ്ങളിൽ ഇവർക്ക് വൻ മൂലധനനിക്ഷേപമുണ്ട്. വിവരസാങ്കേതിവിദ്യ, ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ്, മീഡിയാ, വ്യവസായം, വിദ്യാഭ്യാസം, വെൽനെസ്, റീട്ടെയിൽ, ആരോഗ്യ രംഗങ്ങളിലാണ് കമ്പനി കൂടുതലും മുതൽ മുടക്കിയിരിക്കുന്നത്. അറബ് രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യവും ക്രൂഡോയിലിന്റെ വിലത്തകർച്ചയും മൂലം വൻ സാമ്പത്തിക ബാദ്ധ്യതയിലാണ് കമ്പനി. സ്മാർട്ട് സിററിയക്കായി കേരളസർക്കാർ ഒപ്പുവച്ച ടീകോം കമ്പനിക്ക് ഇതേ മോഡൽപദ്ധതി യൂറോപ്പിലെ മാൾട്ടയിലുമുണ്ട്. ഈ രണ്ടു കമ്പനികളും വിറ്റഴിക്കാനാണ് ടീകോം ഉദ്ദേശിക്കുന്നത്. ടീകോമിനെ മാതൃകമ്പനിയിൽ ലയിപ്പിക്കാനാണ് ദുബായ് ഹോൾഡിങ്‌സിന്റെ നീക്കം . ഇതിന്റെ ആദ്യപടിയെന്നോണം ടീകോമിന്റെ കൈവശമുള്ള സ്മാർട് സിറ്റിയുടെ ഓഹരി സംസ്ഥാന സർക്കാരിന് നല്കാൻ തയ്യാറാണെന്നാണ് കമ്പനി വൃത്തങ്ങൾ നല്കുന്ന സൂചന. ഇത് ഔദ്യോഗികമായി സർക്കാരിനെ അറിയിക്കാനും തുടർ ചർച്ചകൾക്കുമാണ് ടീകോമിന്റെ പ്രതിനിധികൾ അടുത്തമാസം തിരുവനന്തപുരത്ത് എത്തുക.

സെപ്റ്റംബർ പകുതിയോടെ നടക്കാനിരിക്കുന്ന ചർച്ച സ്മാർട്ട് സിറ്റിയെ സംബന്ധിച്ച് ഏറെ നിർണ്ണായകമാണ്. ഏകദേശം 120 കോടിയോളം രൂപയാണ് ദുബായ് ഹോൾഡിങ്‌സ് ഇതിനകം കൊച്ചിയിൽ മുതൽ മുടക്കിയിരിക്കുന്നത്. ഇതിൽ നിന്നും ഒരു ലാഭവും ഇതുവരെ കമ്പനിക്ക് നേടാനായിട്ടില്ല. നിശ്ചിത സമയത്ത് നിർമ്മാണം പൂർത്തിയാകാതിരുന്നതും അന്താരാഷ്ട്ര കമ്പനികൾ കാമ്പസിൽ എത്താതിരുന്നതും പ്രോജക്ടിന് തിരിച്ചടിയായി. ഇതു തന്നെയായിരിക്കും സർക്കാരുമായുള്ള ചർച്ചയിൽ പ്രധാന കടമ്പയാകുന്നത്. പദ്ധതിക്കായി സംസ്ഥാനം നഷ്ടപ്പെടുത്തിയത് ഏഴു വർഷങ്ങളാണ്. അനാവശ്യമായ കാലതാമസമാണിതെന്നാണ് സംസ്ഥാനത്തിന്റെ വാദം. ഓഹരികൾ ഏറ്റെടുക്കുമ്പോൾ പാഴായ ഈ കാലത്തേയക്കുള്ള നഷ്ടപരിഹാരം തരാൻ ടീകോം ബാദ്ധ്യസ്ഥരാണ്. എന്നാൽ ഇതൊക്കെ ചർച്ചയിലൂടെ പരിഹരിക്കപ്പെടേണ്ട കാര്യങ്ങളാണ്.

ടീകോമിനു പകരം മൂലധനമിറക്കാൻ പുതിയ ഒരു നിക്ഷേപകനുള്ള സാദ്ധ്യതയും കേരളസർക്കാർ തേടുന്നുണ്ട്. എന്നാൽ ഇതിന് നിയമപരവും സാങ്കേതികവുമായ ഒട്ടേറെ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. എന്തായാലും സ്മാർട്ട്‌സിറ്റി നടത്തിപ്പിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രതിസന്ധി അതിരൂക്ഷമാണ്. സംസ്ഥാനത്തിന്റെ വികസനവഴിയിലെ മികച്ചപദ്ധതി അകാലത്ത് അവസാനിക്കാനിട വരരുത്.

എന്നാൽ ഈ വാർത്തകളെ സർക്കാർ സ്ഥിരീകരിക്കുന്നില്ല. സ്മാർട്ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നാണ് കഴിഞ്ഞ ദിവസം ഐ.ടി. സെക്രട്ടറി എം. ശിവശങ്കർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയത് . ഇതിനാവശ്യമായ എല്ലാ നടപടികളും സർക്കാർ കൈക്കൊള്ളും. പദ്ധതി സ്തംഭനാവസ്ഥയിലാണെന്ന രീതിയിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് സെക്രട്ടറിയുടെ വിശദീകരണം. സ്മാർട്ട് സിറ്റിയുടെ പ്രവർത്തനങ്ങളിൽ തടസ്സങ്ങളില്ല. ബാധ്യതകൾ നിറവേറ്റാൻ കമ്പനി സജ്ജമാണെന്നും കമ്പനി ബോർഡ് നയപരമായ കാര്യങ്ങൾ പരിശോധിച്ചു തീരുമാനങ്ങൾ എടുക്കുമ്പോൾ ഇതിന്റെ ദിനം പ്രതിയുള്ള മാനേജ്‌മെന്റ് ഒരു പ്രൊഫഷണൽ മാനേജ്‌മെന്റ് സംവിധാനമാണ് നിർവഹിച്ചു വരുന്നതെന്നും ഐ.ടി സെക്രട്ടറി വ്യക്തമാക്കുന്നു. എന്നാലും ആശങ്കകൾ അവസാനിക്കുന്നില്ല.

കേരളത്തിന്റെ വികസന സ്വപ്നത്തിന് കുതിപ്പ് നൽകാനാണ് പതിനഞ്ച് കൊല്ലം മുമ്പ് സ്മാർട് സിറ്റിയെന്ന ആശയം ഉയർന്നു വന്നത്. ദുബായ് ഇന്റർനെറ്റ് സിറ്റിയുടെ മാതൃകയിൽ കൊച്ചിയിൽ സ്മാർട്സിറ്റി സ്ഥാപിച്ച് ഇവിടേക്കു ബഹുരാഷ്ട്ര കമ്പനികളെ കൊണ്ടുവരികയും ഐടി രംഗത്ത് ആയിരക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമായിരുന്നു ലക്ഷ്യം. ഐടിയുടെ ചുമതലയും വഹിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിച്ചെങ്കിലും 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് കരാർ ഒപ്പിടാൻ കഴിഞ്ഞില്ല. പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങളും അതിനു കാരണമായി. ഇൻഫോപാർക്ക് വിട്ടുകൊടുക്കുന്നതിനെതിരെ ആയിരുന്നു പ്രധാന വിമർശനം. വി എസ്. അച്യുതാനന്ദൻ സർക്കാർ 2006ൽ അധികാരത്തിൽ വന്ന ശേഷം ചർച്ചകൾ തുടർന്നു.

നേരത്തേയുണ്ടാക്കിയ കരട് കരാറിലെ വ്യവസ്ഥകൾ പൊളിച്ചെഴുതി ഇൻഫോപാർക്ക് വിട്ടുകൊടുക്കാതെതന്നെ 2007 മെയ് 13ന് സ്മാർട്സിറ്റി കരാർ ഒപ്പിട്ടു. 104 കോടി രൂപ 99 വർഷത്തേക്ക് ഒറ്റത്തവണ പാട്ടത്തുക. ഏക്കറിന് ഒരു രൂപവച്ച് വാർഷിക പാട്ടം. പക്ഷേ സ്മാർട്സിറ്റി കൊച്ചി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനിക്ക് സ്ഥലം കൈമാറൽ സ്റ്റാംപ് ഡ്യൂട്ടി തർക്കത്തെത്തുടർന്നു നീണ്ടുപോയി. സ്റ്റാംപ് ഡ്യൂട്ടി ഇളവു വേണമെന്നും പറ്റില്ലെന്നുമായിരുന്നു തർക്കം. ഭൂമി രജിസ്റ്റർ ചെയ്തു കിട്ടാത്തതിനാൽ സെസിന് അപേക്ഷിക്കാനുമായില്ല. എം.എ. യൂസഫലിയുടെ ഇടപെടലിനെത്തുടർന്ന് തർക്കം തീർത്ത് സ്റ്റാംപ് ഡ്യൂട്ടി ഇളവു നൽകി 2011ൽ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപു മാത്രമാണ് 246 ഏക്കർ സ്ഥലം രജിസ്റ്റർ ചെയ്തു കൈമാറിയത്. സാങ്കേതികമായി അന്നു മുതൽ 10 വർഷത്തിനകമാണു കരാറിൽ പറയുന്ന തൊഴിലവസരങ്ങളും കെട്ടിടങ്ങളും ഒരുക്കേണ്ടത. അതായത് 2021ന് അകം.

സ്മാർട്സിറ്റി ആദ്യ ഘട്ടത്തിൽ നിക്ഷേപകരായ ടീകോം ആറര ലക്ഷം ചതുരശ്രയടിയിൽ ആദ്യ കെട്ടിടം പണിത് ഉദ്ഘാടനം നടത്താൻ പിന്നെയും അഞ്ചു വർഷമെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ്. സ്മാർട്സിറ്റി നിക്ഷേപം ടീകോമിന്റേതു മാത്രമല്ല, കോഡവലപ്പേഴ്സ് എന്ന സഹനിക്ഷേപകരുടേതു കൂടിയാണ്. നിലവിൽ അഞ്ചു വൻകിട നിക്ഷേപകരും ഇവിടെ കെട്ടിടം പണിയുന്നു. യൂസഫലിയുടെ വ്യവസായ ഗ്രൂപ്പിൽപ്പെട്ട സാൻഡ്സ് ഇൻഫ്ര, ബാംഗ്ളൂരിലെ മാറാട്ട് ഗ്രൂപ്പും പ്രസ്റ്റീജ് ഗ്രൂപ്പും, ദുബായിലെ ഹോളിഡേ ഗ്രൂപ്പ്, ജെംസ് സ്‌കൂൾ. അതിൽ സാൻഡ്സ് ഇൻഫ്രയുടെ ഐടി കെട്ടിടം 37 നിലകളിൽ ഇന്ത്യയിലെതന്നെ ഏറ്റവും ഉയരമുള്ള ഐടി പാർക്ക് എന്ന നിലയിലാണ് സ്മാർട്ട് സിറ്റി പദ്ധതി നമ്മെമോഹിപ്പിച്ചത്

ആദ്യ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞാൽ ആറു മാസത്തിനുള്ളിൽ രണ്ടാമത്തെ കെട്ടിടത്തിന്റെ നിർമ്മാണവും ആരംഭിക്കും. രണ്ടര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും. ഇതേ സമയത്തുതന്നെ സ്മാർട്സിറ്റി പ്രവർത്തനവും തുടങ്ങും. ഇങ്ങനെയൊക്കെയായിരുന്നു 2013 ൽ സ്മാർട്ട്‌സിറ്റി കൊച്ചിയുടെ എം ഡി ബാജു ജോർജ്ജ് അന്ന് മറുനാടനോട് പറഞ്ഞത്. കേരളത്തിലെ നൂറു കോടിയുടെ ഐടി ബിസിനസ് വെറും മൂന്നു വർഷം കൊണ്ട് 225 ബില്ല്യൺ ഡോളറിന്റെ വികസന മേഖലയായി മാറുമെന്നായിരുന്നു വാഗ്ദാനം. അഞ്ചര വർഷത്തിനുള്ളിൽ സ്മാർട് സിറ്റി പൂർണ സജ്ജമായി വരുമ്പോഴേക്ക് ഇന്ത്യയിലെ ഐടി രംഗത്തെ മഹാനഗരമായി കൊച്ചി വളർന്നിരിക്കുമെന്നുമൊക്കെ പറഞ്ഞു വിശ്വസിപ്പിച്ചു. കേരളത്തിൽ സ്മാർട് സിറ്റിക്കു സമാനമായ വേറെയും പാർക്കുകളും വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എ്‌ന്നൊക്കെ സ്വപ്‌നം കണ്ടവർ ഒട്ടേറെയാണ്.

75, 000 പേർക്കു നേരിട്ടുള്ള ജോലിയാണ് സ്മ്ാർട്ട് സിറ്റിയിൽ ഉണ്ടാവുകയെന്ന് വാഗ്ദാനം ചെയ്തത്. പരോക്ഷമേഖലയിലെ അവസരങ്ങൾ എണ്ണിയാൽ തീരില്ലെന്നും രാഷ്ട്രീയക്കാർ പറഞ്ഞു കേൾപ്പിച്ചു. ഒന്നും ഉണ്ടായില്ല. ഒന്നാം ഘട്ടം ഉദ്ഘാടനത്തിനു പോലും എത്തിയത് നാമമാത്രമായ കമ്പനികൾ. വിദേശകമ്പനികൾ ഒന്നു പോലും തിരിഞ്ഞുനോക്കിയില്ല. വികസനത്തിന്റെ മഹനീയ മാതൃകയെന്ന് കൊട്ടിഗ്‌ഘോഷിച്ച ചില്ലു കൊട്ടാരം ഇപ്പോൾ തമ്പാനൂരിലെ കെ എസ് ആർടിസി ബസ്്‌സ്റ്റേഷൻ പോലെ ആളു കേറാമൂലയായി മാറിയിരിക്കുന്നു. അവസാനം ഉയരുന്ന ഒരു ചോദ്യമിതാണ്. ലാ്ൻഡ് മാഫിയയുടെ ഒരു മാസ്റ്റർ പ്‌ളാനാണോ നടപ്പായത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP