Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്രിമിനൽ പൊലീസുകാരെ പിരിച്ചു വിടണമെന്ന് ഇന്റലിജൻസ് എഡിജിപി; മാഫിയയുമായുള്ള പൊലീസിന്റെ ഉറ്റബന്ധത്തിന് തെളിവായി കേന്ദ്ര ഏജൻസി ചൂണ്ടിക്കാട്ടുന്നത് വഞ്ചിയൂർ എസ് ഐ ആയിരുന്ന സഫീറിനെ; ഡിആർഐ റിപ്പോർട്ട് ഞെട്ടിക്കുന്നത്

ക്രിമിനൽ പൊലീസുകാരെ പിരിച്ചു വിടണമെന്ന് ഇന്റലിജൻസ് എഡിജിപി; മാഫിയയുമായുള്ള പൊലീസിന്റെ ഉറ്റബന്ധത്തിന് തെളിവായി കേന്ദ്ര ഏജൻസി ചൂണ്ടിക്കാട്ടുന്നത് വഞ്ചിയൂർ എസ് ഐ ആയിരുന്ന സഫീറിനെ; ഡിആർഐ റിപ്പോർട്ട് ഞെട്ടിക്കുന്നത്

സായ് കിരൺ

തിരുവനന്തപുരം : ഗുണ്ടകളുമായും മാഫിയകളുമായും മയക്കുമരുന്ന് ഇടപാടുകാരുമായും ചങ്ങാത്തമുണ്ടാക്കുന്ന പൊലീസുകാരെ പിരിച്ചുവിടണമെന്ന് ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്കുമാർ ആഞ്ഞടിച്ചതിനു പിന്നാലെ, പൊലീസുകാരുടെ സ്വർണക്കടത്ത് ബന്ധം പുറത്തുവിട്ട് ഡയറക്ടറേ?റ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ). തലസ്ഥാനത്തെ പൊലീസുകാർക്കാണ് സ്വർണക്കടത്ത് മാഫിയാ സംഘങ്ങളുമായി ബന്ധമെന്ന് കേന്ദ്രഏജൻസി വെളിപ്പെടുത്തി. ദുബായിൽ നിന്ന് സ്വർണക്കടത്ത് നടത്തുന്ന സംഘത്തിൽ അഭിഭാഷകർക്കും ഗുണ്ടകൾക്കുമൊപ്പമാണ് പൊലീസുമുള്ളത്.

വഞ്ചിയൂർ സ്റ്റേഷനിലെ ക്രൈം എസ്ഐയായിരുന്ന സഫീർ സ്വർണക്കടത്തിന്റെ ഇടനിലക്കാരനാണെന്ന് ഡി.ആർ.ഐ കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകി. ദുബായിൽ നിന്ന് 80ലക്ഷം വിലയുള്ള രണ്ടു കിലോഗ്രാം സ്വർണം കടത്തിയതിന് എസ്ഐ എ.എം.സഫീറിനെയും വനിതാ സുഹൃത്ത് കഴക്കൂട്ടം സ്വദേശി സിമി പ്രജിയെയും ഡിആർ.ഐ പിടികൂടിയിരുന്നു. ഇയാൾക്കെതിരേ നടപടിയെടുക്കാൻ സംസ്ഥാനത്തിന് നിർദ്ദേശം നൽകണമെന്നും ഡി.ആർ.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാനത്താവളത്തിൽ സുരക്ഷാ, ലെയ്‌സൺ ചുമതലയുള്ള പൊലീസുകാരുമായി എസ്ഐയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. പൊലീസിലെ സ്വാധീനമുപയോഗിച്ച് വിമാനത്താവളത്തിലൂടെ സ്വർണം കടത്തുകയായിരുന്നു സ്വർണക്കടത്ത് മാഫിയയുടെ ലക്ഷ്യം. തിരുവനന്തപുരത്തെ അഭിഭാഷകനായ കഴക്കൂട്ടം വെട്ടുറോഡ് കരിയിൽ സ്വദേശി ബിജുമോഹന്റെ (45) നേതൃത്വത്തിലായിരുന്നു ദുബായിൽ നിന്നുള്ള സ്വർണക്കടത്ത്. ഈ സംഘത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണൻ അടക്കമുള്ളവർ ജയിലിലായിരുന്നു. വിമാനത്താവളത്തിലെ കള്ളക്കടത്ത് തടയാനുള്ള പ്രിവന്റീവ് യൂണിറ്റിന്റെ ഇൻ-ചാർജായിരുന്നു രാധാകൃഷ്ണൻ.

വിമാനത്താവളത്തിന് പുറത്തെത്തുന്ന സ്വർണം സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നതും പണമിടപാടുകൾ നടത്തുന്നതും ഗുണ്ടകളാണ്. ഇവർക്ക് പൊലീസിന്റെ ഒത്താശയുണ്ട്. ചില കണ്ണികൾ അകത്തായെങ്കിലും ദുബായിൽ നിന്നുള്ള സ്വർണക്കടത്ത് തുടരുകയാണെന്ന് ഡി.ആർ.ഐ പറഞ്ഞു. 25കിലോ സ്വർണം കടത്തിയ തിരുമല വിശ്വപ്രകാശം സ്‌കൂളിനു സമീപം താമസിക്കുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ സുനിൽകുമാർ (45), സുഹൃത്തും കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനിയുമായ സെറീന ഷാജി (42) എന്നിവരെ ഡി.ആർ.ഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സമാനമായ രീതിയിലാണ് എസ്ഐ സഫീറും കൂട്ടുകാരി സിമിയും സ്വർണം കൊണ്ടുവന്നത്.

25 കിലോഗ്രാം സ്വർണം 4 പോളിത്തീൻ കവറുകളിലാക്കി ഹാൻഡ് ബാഗിലാണ് സെറീന കൊണ്ടുവന്നത്. സമാനമായ രീതിയിൽ പഴ്സുകളിലാക്കിയാണ് സിമിയും സ്വർണം കൊണ്ടുവന്നത്. രണ്ടുപേരും സന്ദർശക വിസയിലാണ് ദുബായിലേക്ക് പോയത്. അഭിഭാഷകനായ ബിജുമോഹൻ ഭാര്യ വിനീതയെയും സ്വർണക്കടത്തുകാരിയാക്കിയിരുന്നു. നാലുതവണയായി 20കിലോ സ്വർണം കടത്തിയതിന് വിനീത റിമാന്റിലായിരുന്നു. എമിറേറ്റ്സ് വിമാനത്തിലാണ് എസ്ഐയും കൂട്ടുകാരിയും ചേർന്ന് സ്വർണം കടത്തിയത്. ദുബായിൽ നിന്ന് സ്വർണക്കടത്ത് നടത്തുന്ന സംഘത്തിന്റെ കാരിയർമാരാണ് ഇരുവരുമെന്ന് ഡി.ആർ.ഐ വിശദീകരിക്കുന്നു.

ചികിത്സയ്ക്കായി രണ്ടാഴ്ചത്തെ അവധിയെടുത്ത ശേഷം സഫീർ ദുബായിലേക്ക് പോയത്. സിമിയുടെ സീറ്റിനടിയിൽ നിന്നാണ് സ്വർണം പിടിച്ചത്. സ്ത്രീകളുടെ പഴ്സിനുള്ളിൽ ബിസ്‌ക്കറ്റ് രൂപത്തിൽ പത്ത് കഷണങ്ങളായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. യാത്രക്കാരാരും കുറ്റം സമ്മതിച്ചില്ല. തുടർന്ന് സഫീറും സിമിയും ഇരുന്ന നിരയിലുണ്ടായിരുന്ന 9 പേരെയും ഡി.ആർ.ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തങ്ങൾക്ക് പരസ്പരം അറിയില്ലെന്ന് സിമിയും സഫീറും പറഞ്ഞതാണ് ഇവരെ കുടുക്കിയത്. രണ്ടുപേർക്കും പരസ്പരം അറിയാമെന്ന് ഡി.ആർ.ഐ ശാസ്ത്രീയമായി തെളിയിച്ചതോടെ സഫീർ കുറ്റം സമ്മതിച്ചു. ഇതോടെ നടപടിയും വന്നു.

സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ സഹായിച്ചെന്ന് കരുതുന്ന വിമാനത്താവളത്തിലെ ജീവനക്കാരിൽ ചിലരെ ഡി.ആർ.ഐ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ ഫോൺ, ഇ-മെയിൽ വിലാസങ്ങളുൾപ്പെടെയുള്ള വിവരങ്ങൾ ഡി.ആർ.ഐ പരിശോധിക്കുന്നുണ്ട്. ജീവനക്കാരുടെ സഹായമുള്ളതിനാൽ കസ്റ്റംസ് പരിശോധനകളൊന്നും കൂടാതെ സുരക്ഷിതമായി സ്വർണം പുറത്ത് കടത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് പഴ്സുകളിൽ സ്വർണബാറുകൾ കടത്തിക്കൊണ്ടുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP