Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണക്കുതീർക്കാൻ രാത്രിയിലും പണി! തുറമുഖ വകുപ്പിന് ഡ്രഡ്ജർ വാങ്ങിയതിലെ അഴിമതി ചുരണ്ടിയെടുക്കാൻ രാത്രിയിലും ഫയൽ തപ്പൽ; തിരച്ചിലിന് നേരിട്ട് നിർദ്ദേശം നൽകി ടോം ജോസ്; ഫയൽ തപ്പൽ നടക്കുന്നത് തലസ്ഥാനത്ത് വലിയതുറയിലെ തുറമുഖ വകുപ്പിന്റെ ഓഫീസിൽ; ഫയലിന്റെ കസ്റ്റോഡിയനായ വനിതാ ജീവനക്കാരിയെ കൊല്ലത്ത് നിന്ന് ഓഫീസിൽ വിളിച്ചുവരുത്തി തിരച്ചിൽ; ലോക് ഡൗണിൽ കൊല്ലത്ത് നിന്ന് വരാൻ പ്രത്യേക വാഹനവും; രാത്രിയിലെ ഫയൽ അന്വേഷണം ജേക്കബ് തോമസിന്റെ ഉറക്കം കെടുത്താൻ

കണക്കുതീർക്കാൻ രാത്രിയിലും പണി! തുറമുഖ വകുപ്പിന് ഡ്രഡ്ജർ വാങ്ങിയതിലെ അഴിമതി ചുരണ്ടിയെടുക്കാൻ രാത്രിയിലും ഫയൽ തപ്പൽ; തിരച്ചിലിന് നേരിട്ട് നിർദ്ദേശം നൽകി ടോം ജോസ്; ഫയൽ തപ്പൽ നടക്കുന്നത് തലസ്ഥാനത്ത് വലിയതുറയിലെ തുറമുഖ വകുപ്പിന്റെ ഓഫീസിൽ; ഫയലിന്റെ കസ്റ്റോഡിയനായ വനിതാ ജീവനക്കാരിയെ കൊല്ലത്ത് നിന്ന് ഓഫീസിൽ വിളിച്ചുവരുത്തി തിരച്ചിൽ; ലോക് ഡൗണിൽ കൊല്ലത്ത് നിന്ന് വരാൻ പ്രത്യേക വാഹനവും; രാത്രിയിലെ ഫയൽ അന്വേഷണം ജേക്കബ് തോമസിന്റെ ഉറക്കം കെടുത്താൻ

എം മനോജ് കുമാർ

 തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തിനു ജേക്കബ് തോമസിനെതിരെ കേസ് എടുക്കാൻ ക്രൈംബ്രാഞ്ചിനു അനുമതി നൽകിയതിനു പിന്നാലെ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന് വീണ്ടും ഇരുട്ടടി നൽകാൻ സർക്കാർ നീക്കം. ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതി ആരോപിച്ച് ജേക്കബ് തോമസിനെതിരെയുള്ള ഫയൽ തപ്പിയെടുക്കാനാണ് ചീഫ് സെക്രട്ടറി ടോം ജോസ് ഇന്നു നേരിട്ട് നിർദ്ദേശം നൽകിയിരിക്കുന്നത്. തുറമുഖ വകുപ്പിൽ ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതി ആരോപിച്ച് ജേക്കബ് തോമസ് വിജിലൻസ് അന്വേഷണം നേരിടുന്നുണ്ട്. ഈ ഫയൽ തപ്പിയെടുക്കാനാണ് തുറമുഖവകുപ്പിന് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിരിക്കുന്നത്. വലിയതുറയുള്ള തുറമുഖ വകുപ്പിന്റെ ഓഫീസിൽ ഇന്നു രാവിലെ മുതൽ ഈ ഫയലുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്.

കൊല്ലത്ത് താമസിക്കുന്ന വനിതാ ജീവനക്കാരിയെ ഈ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ഫയൽ തപ്പിയെടുക്കാൻ നിർദ്ദേശം നൽകിയത്. ഈ വനിതാ ജീവനക്കാരിയാണ് ഫയലിന്റെ കസ്റ്റോഡിയൻ. അതിനാലാണ് കൊല്ലത്ത് നിന്നും ഈ ജീവനക്കാരിയെ തന്നെ വിളിച്ചു വരുത്തിയത്. കൊല്ലത്ത് നിന്ന് ഇവർക്ക് വരാൻ ഈ ലോക്ക് ഡൗൺ കാലത്ത് തുറമുഖ വകുപ്പിന്റെ വണ്ടി രാവിലെ വിട്ടു നൽകിയിട്ടുണ്ട്. ഇപ്പോൾ രാത്രി വൈകിയും ഈ വനിതാ ജീവനക്കാരിയും ഓഫീസ് ജീവനക്കാരും ഓഫീസിൽ തങ്ങുകയാണ്. ചീഫ് സെക്രട്ടറിയുടെ കൊറോണ ക്യാമ്പ് ഓഫീസിൽ ഇന്നു തന്നെ ഫയൽ എത്തിക്കാനാണ് തുറമുഖ വകുപ്പിലെ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. അതിനാൽ ഫയൽ ചീഫ് സെക്രട്ടറിയുടെ മുഖദാവിൽ എത്തിക്കാനാണ് രാത്രി വൈകിയും ഫയൽ തേടിയുള്ള അന്വേഷണം നടക്കുന്നത്. വിരമിക്കാൻ ഒരു മാസം മാത്രം ബാക്കിയിരിക്കെ ജേക്കബ് തോമസിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യാനും അദ്ദേഹത്തിന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ മരവിപ്പിക്കാനും വേണ്ടിയുള്ള പ്രതികാര നടപടികളാണ് ഈ കൊറോണ കാലത്ത് എല്ലാം മാറ്റിവെച്ച് ചീഫ് സെക്രട്ടറിയുടെ നേരിട്ടുള്ള നിർദ്ദേശത്തിൽ നടന്നു വരുന്നത്. മെറ്റൽസ് ഇൻഡസ്ട്രീസസ് ലിമിറ്റഡ് എംഡിയാണ് ജേക്കബ് തോമസ്.

കൊറോണയെ നേരിടാൻ മുഖ്യമന്ത്രി നേരിട്ട് തുടങ്ങിയ കൊറോണ ക്യാമ്പ് ആണ് ഇപ്പോൾ ജേക്കബ് തോമസിന് എതിരെയുള്ള പ്രതികാര നടപടികളുടെ കൂത്തരങ്ങായി മാറുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ജേക്കബ് തോമസിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്‌ഐആർ കൈമാറിയിട്ടുണ്ട്. വിരമിക്കാൻ ഒരുമാസം ബാക്കി നിൽക്കെയാണ് ജോക്കബ് തോമസിനെതിരായ നടപടി. ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് ഡയറക്ടറുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി കേസടുക്കാൻ അനുമതി നൽകിയത്.

തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ രാജപാളയം താലൂക്കിൽ 2001 നവംബർ 15-നാണ് 50.55 ഏക്കർ ഭൂമി ഇടപാട് രജിസ്റ്റർ ചെയ്തത്. ഇത് സർക്കാർ രേഖകളിൽ ജേക്കബ് തോമസ് കാണിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ബിനാമി സ്വത്തിടപാട് ആണെന്ന് കാട്ടി ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടിരുന്നു. ജേക്കബ് തോമസ് ഇതിനെതിരെ ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങി. എന്നാൽ ,സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകത്തിൽ ജേക്കബ് തോമസ് ഈ ഭൂമി ഇടപാട് സമ്മതിച്ചിട്ടുണ്ട്. അതിനാൽ ഇത് ബിനാമി ഇടപാടല്ലെന്നും അനധികൃത സ്വത്ത് സമ്പാദനകേസായി കാണാം എന്നുമായിരുന്നു ക്രൈം ബ്രാഞ്ച് ശുപാർശ. മാത്രമല്ല, വാർഷിക സ്വത്ത് വിവര റിപ്പോർട്ടിൽ ജേക്കബ് തോമസ് ഇത് മറച്ചുവക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയെ മറയാക്കി ഒരു വിഭാഗം ഐഎഎസ് ഉദ്യോഗസ്ഥർ ജേക്കബ് തോമസിനോട് പ്രതികാരം വീട്ടുന്ന നടപടികൾക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.

ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി തുടരേണ്ടിയിരുന്ന ഈ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസറെ പ്രതികാര നടപടിയുടെ ഭാഗമായി പണിയായുധങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനത്തിന്റെ എംഡിയായാണ് നിയമിച്ചിരിക്കുന്നത്. 51 വെട്ടു വെട്ടിയാലും കേടുപാടില്ലാത്ത കത്തികൾ ഈ സ്ഥാപനത്തിൽ നിന്നും താൻ നിർമ്മിക്കുമെന്ന ജേക്കബ് തോമസിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതോടെയാണ് ജേക്കബ് തോമസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് കടുപ്പിച്ച്ത്. ഇതോടെ ജേക്കബ് തോമസിനോട് പകയുള്ള മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ അവസരം മുതലാക്കി ആഞ്ഞടിക്കുകയായിരുന്നു. വിജിലൻസ് ഡയറക്ടർ ആയിരിക്കെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം നടത്തുകയും കെ.എം.അബ്രഹാമിനെ പോലുള്ളവരുടെ വീട്ടിൽ റെയ്ഡ് നടത്തുകയും ചെയ്തത് ഐഎഎസ് ലോബിയെ ചൊടിപ്പിച്ചിരുന്നു. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ചതിന് 2017 മുതൽ സസ്പെൻഷനിലായിരുന്നു. പിന്നീട് കഴിഞ്ഞ വർഷം അവസാനമാണു മെറ്റൽസ് ഇൻഡസ്ട്രീസസ് ലിമിറ്റഡ് എംഡിയായി ജേക്കബ് തോമസിനെ നിയമിച്ചത്. ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതി ആരോപിച്ചുള്ള വിജിലൻസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ജേക്കബ് തോമസിന് സർക്കാർ വീണ്ടും സസ്പെൻഷൻ നൽകിയിരുന്നത്. രണ്ടാമത്തെ സസ്പെൻഷൻ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അന്ന് വീണ്ടും ഉത്തരവ് വ് പുറത്തിറക്കിയത്.

എന്താണ് ഡ്രെഡ്ജർ അഴിമതി?

ഡ്രെഡ്ജർ അഴിമതിയാണ് സർക്കാർ ജേക്കബ് തോമസിന് നേർക്ക് ഉയർത്തുന്നത്. സസ്പെൻഷൻ ലഭിച്ചതും ഇതേ കാര്യത്തിൽ. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിൽ 15 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നത്. ചട്ടങ്ങൾ മറികടന്നാണ് സ്വകാര്യ കമ്പനിക്ക് ടെൻഡർ നൽകിയതെന്നും ഇതുമൂലം കമ്പനിക്ക് കോടികളുടെ അധിക ലാഭമുണ്ടായെന്നുമാണ് കെ.എം.അബ്രഹാം ചൂണ്ടിക്കാട്ടിയത്. ഈ റിപ്പോർട്ടാണ് ജേക്കബ് തോമസിന്റെ ഐപിഎസ് ജീവിതത്തിനു വെല്ലുവിളിയായി മാറിയത്. ഡ്രെഡ്ജർ കാര്യത്തിൽ 15 കോടിയുടെ അഴിമതി നടന്നുവെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതേക്കുറിച്ച് ഉന്നത തല അന്വേഷണം വേണം. അതിനാൽ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും ജേക്കബ് തോമസിനെ മാറ്റി നിർത്തുന്നതാവും നല്ലത്. അന്നത്തെ ചീഫ് സെക്രട്ടറി എസ്.എം, വിജയാനന്ദ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റി നിർത്തൽ അടക്കമുള്ള നടപടികളുടെ തുടക്കം.

വിജിലൻസ് ഡയറക്ടർ ആക്കുമ്പോൾ സർക്കാർ പരിഗണിച്ചത് ഇങ്ങനെ

ഐപിഎസ്-ഐഎഎസ് ചേരിപ്പോരിന് ജേക്കബ് തോമസ് ഇരയായെന്നു സർക്കാർ മുൻപ് വിലയിരുത്തിയത്. . മുഖ്യമന്ത്രി പിണറായി വിജയന് അത് ബോധ്യമാവുകയും ചെയ്തു. ഈ ആരോപണം ഉയർന്നു നിൽക്കുമ്പോൾ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ വിജിലൻസ്ഡയറക്ടർ ആയി മാറ്റുന്നത്. ഒട്ടുവളരെ കാര്യങ്ങൾ ആണ് സർക്കാർ ആ സമയത്ത് പരിഗണിച്ചത്. ഡ്രെഡ്ജർ പർച്ചേസ് ചെയ്യാൻ ചെയ്യാൻ തീരുമാനമെടുത്തതാര്? ജേക്കബ് തോമസ് ആണോ ഈ തീരുമാനം പൂർണമായി എടുത്തത്. അന്ന് സർക്കാർ വൃത്തങ്ങളിൽ ആലോചന സജീവമായിരുന്നു. സർക്കാർ വൃത്തങ്ങൾ ഈ കാര്യങ്ങൾ പഠിക്കുകയും ചെയ്തിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ ആയി നിയമിതനാകുമ്പോൾ ജേക്കബ് തോമസിന് അനുകൂലമായി സർക്കാർ വാദങ്ങൾ പരിഗണിച്ചത് ഇപ്രകാരമായിരുന്നു.

ഒരു തുറമുഖ വകുപ്പ് ഡയറക്ടർക്ക് 15 ലക്ഷം രൂപയിൽ കൂടുതൽ പർച്ചേസ് നടത്താൻ അനുമതിയുണ്ടോ? ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടർ ആണ്. . ഡിജിപിക്ക് തന്നെ 25 ;ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിക്കാൻ അനുമതിയില്ല. പർച്ചേസ് നടത്താൻ സർക്കാർ തല പർച്ചേസ് കമ്മറ്റിയുണ്ട്. ഡിപ്പാർട്ട്‌മെന്റ് തല പർച്ചേസ് കമ്മറ്റിയുണ്ട്. സർക്കാർ സെക്രട്ടറി ചെയർമാൻ ആയ കമ്മറ്റിയാണ് പർച്ചേസിങ് കാര്യങ്ങൾ നോക്കുന്നത്. സർക്കാരിന് ഡ്രഡ്ജിങ് ന ടത്താൻ കൊച്ചി ആസ്ഥാനമായ മാരിടൈം കമ്പനിയുണ്ട്. കേരളാ സ്റ്റേറ്റ് മാരിടൈം കോർപറേഷൻ. തുറമുഖ വകുപ്പിന് കീഴിലുള്ള കമ്പനിയാണിത്. ആ കമ്പനിയാണ് ഡ്രഡ്ജിങ് നടത്തിക്കൊണ്ടിരുന്നത്, 1970 ലാണ് ഡ്രഡ്ജർ സർക്കാർ ആ കമ്പനിക്ക് വാങ്ങി നൽകുന്നത്. അത് കണ്ടം ചെയ്യാൻ 2009 ൽ അവർ പ്രൊപ്പോസൽ നൽകിയതാണ്.

പുതിയ ഡ്രെഡ്ജർ വാങ്ങിക്കണം എന്നത് അവരുടെ പ്രൊപ്പോസൽ ആണത്. പഴയ ഡ്രെഡ്ജർ മാറ്റി പുതിയൊരെണ്ണം വാങ്ങിക്കണം. അതാണ് ആവശ്യം. പുതുതായി വാങ്ങുമ്പോൾ ഏറ്റവും മികച്ചത് വാങ്ങണം. ഡ്രെഡ്ജർ മിനിമം 30 വർഷമാണ് കാലാവധി. മോട്ടോർ വാഹനങ്ങൾ 15 വർഷമാണ് കാലാവധി. മണ്ണ് നീക്കാൻ വേണ്ടി എത്രയോ കോടികൾ സർക്കാർ മുടക്കുന്നു. കേരളത്തിൽ കഴിഞ്ഞ 15 വര്ഷമായി എത്ര കോടി രൂപയാണ് ഇതിനായി ചെലവിട്ടത്. . കൊല്ലം, ബേപ്പൂർ, അഴീക്കൽ, കൊടുങ്ങല്ലൂർ, പൊന്നാനി, വിഴിഞ്ഞം എല്ലാം മണ്ണ് നീക്കൽ പരിധിയിൽപെട്ടതാണ്, ഈ ഡ്രെഡ്ജറിനേക്കാളും കൂടുതൽ തുക സർക്കാർ അതിനായി മുടക്കിയിട്ടുണ്ട്. ഇനി ഒരു മുപ്പത് വർഷത്തേക്ക് എത്ര മുടക്കണം. ജേക്കബ് തോമസിന്റെ കാലത്ത് ഓർഡർ നൽകിയ ഡ്രെഡ്ജർ ഉൾനാടൻ ജലഗതാഗതത്തിനു ഉപയുക്തമായത് കൂടിയാണ്, ഒരു ഡ്രെഡ്ജർ ഉണ്ടെങ്കിൽ ഏതെല്ലാം നമുക്ക് ചെയ്യാൻ കഴിയും, പഴയത് കണ്ടം ചെയ്യണം എന്നുള്ളത് 2009 ലെ തീരുമാനമാണ് എല്ലാ വർഷവും ഡ്രഡ്ജ് ചെയ്യുന്നുണ്ട്. 2016ൽ ജേക്കബ് തോമസ് തുറമുഖ വകുപ്പ് വിട്ടു.

അന്ന് ഡ്രെഡ്ജർ വന്നിട്ടില്ല. ഓർഡർ കൊടുത്തത് മാത്രമാണ് ജേക്കബ് തോമസ് നടത്തിയത്. ജേക്കബ് തോമസിന് ശേഷം പിന്നെ ഷെയ്ക്ക് പരീത് വന്നു. ഹോളണ്ടിൽ പോയി. സൈറ്റ് ഇൻസ്പെക്ഷൻ നടത്തിയത് ഷെയിക് പരീതാണ്. . ട്രയൽ റൺ നടത്തിയതും ഷെയിക് പരീത്. ഫൈനൽ സെറ്റിൽമെന്റ് നടത്തിയതും ഷെയ്ഖ് പരീത്. പിന്നെ എങ്ങിനെ ജേക്കബ് തോമസ് ഉത്തരവാദിയാകും. ഇതാണ് ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ ആക്കുമ്പോൾ സർക്കാർ പ്രത്യേകിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ പരിഗണിച്ചത്. ഇത്തരം പരിഗണനകൾക്കിടയിലാണ് ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ ആയി നിയമിതനാകുന്നതും. അന്ന് മുഖ്യമന്ത്രി തന്നെ നടത്തിയ അവലോകനമാണ് ഇപ്പോൾ ജേക്കബ് തോമസിന് വീണ്ടും സസ്പെൻഷൻ നൽകുമ്പോൾ മുഖ്യമന്ത്രിയെ തന്നെ തിരിഞ്ഞുകുത്തുന്നത്. ജേക്കബ് തോമസിന് നൽകിയ സസ്പെൻഷൻ ഓർഡറിൽ തന്നെ കള്ളക്കളിയും സർക്കാർ നടത്തുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ ബിഇഎംല്ലിനെ തള്ളിയാണ് വേറെ കമ്പനിക്ക് ടെൻഡർ നല്കുന്നത് എന്ന്. ഈ പൊതുമേഖലാ കമ്പനിക്ക് അർഹത ഉണ്ടായിരുന്നില്ല. അവർ എൽ വൺ കാറ്റഗറിയിൽ ആയിരുന്നില്ല. അവർ എൽ 2 ആണ്. ഈ കമ്പനി ജീവിതത്തിൽ അതുവരെ ഡ്രെഡ്ജർ ഉണ്ടാക്കിയിട്ടില്ല, അവർ ഇന്ത്യയ്ക്ക് പുറത്തുള്ള കമ്പനിയുമായി ടൈ ആപ്പ് ആകുകയാണ് ചെയ്യുന്നത്. ടെൻഡറിൽ അവർക്ക് അർഹതയുമില്ല. പക്ഷെ അന്വേഷണം വന്നപ്പോൾ ഐഎഎസ് ലോബി ജേക്കബ് തോമസിനോട് പകപോക്കി.

ആദ്യ സസ്പെൻഷൻ ഇങ്ങനെ

സർക്കാരിന്റെ ഓഖി രക്ഷാപ്രവർത്തനങ്ങളെ വിമർശിച്ചതിന്റെ പേരിലായിരുന്നു ആദ്യ സസ്‌പെൻഷൻ. ആറുമാസം കഴിഞ്ഞപ്പോൾ സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ പുസ്തകത്തിലൂടെ സർക്കാരിനെ വിമർശിച്ചതിന് രണ്ടാമത്തെ സസ്‌പെൻഷനും വന്നു. ഡ്രെഡ്ജർ അഴിമതി അന്വേഷണത്തിന്റെ പേരിൽ വീണ്ടും സസ്പെൻഷൻ. പ്രതികാരത്തിന്നായി ഏതറ്റം വരെയും ഇടത് സർക്കാർ പോകും എന്നതിന്റെ പ്രകടമായ തെളിവാകുകയാണ് ജേക്കബ് തോമസിന് മുറപോലെ ലഭിച്ച സസ്പെൻഷൻ. ഇപ്പോൾ വിരമിക്കാൻ ഒരു മാസം ബാക്കിയിരിക്കെ വീണ്ടും സസ്‌പെൻഷന് സർക്കാർ ശ്രമം നടത്തുകയാണ്. അനധികൃത സ്വത്ത് സമ്പാദനത്തിനാണു കേസെടുത്തതിനു പിന്നാലേയാണ് ഇപ്പോൾ പഴയ ഡ്രെഡ്ജർ ഫയൽ രാത്രി ഇരുട്ടും വരെ നോക്കി തപ്പിയെടുത്ത് ചീഫ് സെക്രട്ടറിക്ക് മുൻപാകെ എത്തിച്ചു നൽകുന്നത്. എല്ലാം പ്രതികാര നടപടികളുടെ പുതിയ അദ്ധ്യായങ്ങൾ തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP