Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

2014ൽ മോഷണത്തിന് ആദ്യ അറസ്റ്റ്; കോടതിയിൽ ഇംഗ്ലീഷിൽ വാദിച്ച് ജയിച്ച് പൊലീസിനെതിരെ കൊടുത്തത് 50 ലക്ഷത്തിന്റെ മാനനഷ്ട കേസ്; അഞ്ച് ലക്ഷം കെട്ടിവയ്ക്കാതിരിക്കാൻ പാപ്പർ സ്യൂട്ട് നൽകിയ നിയമ ബുദ്ധി; മെഡിക്കൽ കോളേജിലെ ഐ ഫോൺ മോഷണത്തിൽ തെളിഞ്ഞത് 26 ലക്ഷത്തിന്റെ ബാങ്ക് ബാലൻസും; തിരുവനന്തപുരം സബ് ജയിലിലുള്ള തോമസ് പിടികിട്ടാപുള്ളി സുകുമാരക്കുറുപ്പോ? കേരള പൊലീസിനെ വട്ടം കറക്കുന്ന യാചക വേഷത്തിൽ കറങ്ങി നടക്കുന്ന ഡോക്ടർ കള്ളന്റെ കഥ

2014ൽ മോഷണത്തിന് ആദ്യ അറസ്റ്റ്; കോടതിയിൽ ഇംഗ്ലീഷിൽ വാദിച്ച് ജയിച്ച് പൊലീസിനെതിരെ കൊടുത്തത് 50 ലക്ഷത്തിന്റെ മാനനഷ്ട കേസ്; അഞ്ച് ലക്ഷം കെട്ടിവയ്ക്കാതിരിക്കാൻ പാപ്പർ സ്യൂട്ട് നൽകിയ നിയമ ബുദ്ധി; മെഡിക്കൽ കോളേജിലെ ഐ ഫോൺ മോഷണത്തിൽ തെളിഞ്ഞത് 26 ലക്ഷത്തിന്റെ ബാങ്ക് ബാലൻസും; തിരുവനന്തപുരം സബ് ജയിലിലുള്ള തോമസ് പിടികിട്ടാപുള്ളി സുകുമാരക്കുറുപ്പോ? കേരള പൊലീസിനെ വട്ടം കറക്കുന്ന യാചക വേഷത്തിൽ കറങ്ങി നടക്കുന്ന ഡോക്ടർ കള്ളന്റെ കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: മെഡിക്കൽ കോളെജ് എസ്‌ബിഐ ശാഖയിൽ നിന്ന് ഇടപാടുകാരന്റെ മൊബൈൽ ഫോൺ മോഷണം നടത്തിയതിനു പിടിയിലായി സബ് ജയിലിൽ കഴിയുന്ന ഡോക്ടർ പി.ഇ.തോമസ് (75) പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പാണോ? അടിമുടി ദുരൂഹമായി തുടരുന്ന തോമസിന്റെ പശ്ചാത്തലം തേടിയുള്ള പൊലീസിന്റെ അന്വേഷണത്തിൽ ഇത്തരമൊരു സംശയവും ഇപ്പോൾ അവശേഷിക്കുകയാണ്. ഒരേ സമയം ഡോക്ടറും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനുമാണെന്ന് ഇയാൾ അവകാശപ്പെടുകയും അതേ സമയം യാചകനായി മോഷണം നടത്തുകയുമാണ് ചെയ്യുന്നത്. മെഡിക്കൽ കോളെജ് പരിസരത്തും റെയിൽവേ സ്റ്റേഷനിലും യാചകനായി മോഷണം നടത്തുകയും ഹൈക്കോടതിയിൽ വരെ കേസുകൾ സ്വയം വാദിക്കുകയും ചെയ്യുന്ന തോമസ് ഒരു സവിശേഷ കഥാപാത്രമായാണ് പൊലീസിന്റെ മുന്നിൽ നിൽക്കുന്നത്. വേഷം മാറാൻ ഇയാൾ മിടുക്കനുമാണ്. ഒരു സമയത്ത് മെഡിക്കൽ കോളെജ് പരിസരത്ത് നിന്നും അഞ്ചു രൂപ കൈനീട്ടി വാങ്ങുന്ന യാചകനാണെങ്കിൽ ഇയാൾ പിറ്റേന്ന് കോട്ടും സ്യൂട്ടും അണിഞ്ഞു വഞ്ചിയൂർ കോടതിയിൽ കേസ് സ്വയം വാദിക്കുകയും ചെയ്യും. നല്ല രീതിയിൽ ഇംഗ്ലീഷ് പറയുന്ന ഇയാൾ ആവശ്യത്തിനു നിയമ പരിജ്ഞാനവും സ്വായത്തമാക്കിയിട്ടുണ്ട്.

കാഞ്ഞ പുള്ളിയാണെന്ന് ആദ്യമേ മനസിലാക്കിയ പൊലീസിന്റെ സംശയം ഇയാൾ സുകുമാരക്കുറുപ്പാണോ എന്ന സംശയത്തിലേക്ക് തിരിയുകയാണ്. ഇൻഷൂറൻസ് തുക കിട്ടാൻ ഫിലിം റെപ്രസന്റിറ്റീവ് ആയ ചാക്കോയെ ചുട്ടുകരിച്ച് കൊന്ന ശേഷം മുങ്ങിയ സുകുമാരക്കുറുപ്പ് എവിടെ എന്ന ചോദ്യം ഇപ്പോഴും കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരിക്കെ ഇയാൾ സുകുമാരക്കുറുപ്പ് ആണോ എന്ന സംശയം പൊലീസിന് ബലപ്പെടുകയാണ്. ഇയാളുടെ ചെയ്തികളും മോഷണവും മൊഴിയും പശ്ചാത്തലവും ഒക്കെ ദുരൂഹമായി തുടരുകയുമാണ്. തോമസിന് ഒപ്പം ഭാര്യയുമുണ്ട്. സാധാരണ വേഷത്തിൽ കണ്ടാൽ ഇവർ മോഷ്ടാക്കളാണ് എന്ന് ആരും കരുതില്ലാ എന്നാണ് പൊലീസും പറയുന്നത്. മൂന്നര പതിറ്റാണ്ടിന്നിടെ കേരളത്തിൽ ഏറ്റവും കൂടുതൽ തവണ അച്ചടിമഷി പുരണ്ട സുകുമാരക്കുറുപ്പ് എന്ന കുറ്റവാളി ഇയാളാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

2014-ൽ റെയിൽവേ സ്റ്റേഷനിലെ മോഷണത്തിനു ഇയാൾ റെയിൽവേ പൊലീസിന്റെ പിടിയിലായിരുന്നു. എസ്‌കലെറ്ററിൽ കയറുമ്പോൾ യാത്രികന്റെ ബാഗ് തുറന്നു മോഷണം നടത്തിയതിന് സിസിടിവി ദൃശ്യങ്ങൾ വഴിയാണ് ഇയാളെ റെയിൽവേ പൊലീസ് പിടികൂടിയത്. തികച്ചും സാങ്കേതികമായ കാരണങ്ങളാൽ കേസ് തള്ളിയപ്പോൾ തന്നെ സിസിടിവി ദൃശ്യങ്ങൾ സഹിതം കുടുക്കിയ പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ഇയാൾ 50 ലക്ഷം രൂപ ആവശ്യപ്പെട്ടു വഞ്ചിയൂർ കോടതിയിൽ മാനനഷ്ടത്തിനു കേസ് ഫയൽ ചെയ്തു. കള്ളനല്ലാത്ത തന്നെ കള്ളനാക്കി ചിത്രീകരിച്ചു എന്നാണ് ഇയാൾ മാനനഷ്ടക്കേസിൽ ആരോപിക്കുന്നത്. അമ്പത് ലക്ഷം രൂപയ്ക്ക് കേസ് നൽകുമ്പോൾ അഞ്ച് ലക്ഷം കെട്ടിവയ്ക്കുന്നത് ഒഴിവാക്കാൻ ഇയാൾ ഒപ്പം പാപ്പർസ്യൂട്ടും ഫയൽ ചെയ്തു.

ദരിദ്രനായതിനാൽ തന്റെ അടുക്കൽ അഞ്ച് ലക്ഷം രൂപ ഇല്ലാ എന്നാണ് ഇപ്പോൾ വഞ്ചിയൂർ കോടതിയിൽ നടന്നു വരുന്ന കേസിൽ ഇയാൾ നൽകിയ പാപ്പർ ഹർജിയിൽ പറയുന്നത്. പക്ഷെ മെഡിക്കൽ കോളെജ് എസ്‌ബിഐ മോഷണക്കേസിൽ കുടുങ്ങിയപ്പോൾ ഇയാളുടെ മെഡിക്കൽ കോളെജിലെ രണ്ടു എസ്ബി ശാഖകളിലെ നാല് അക്കൗണ്ടിൽ മാത്രം 26 ലക്ഷത്തോളം രൂപയുണ്ട്. ഇയാളുടെ ഈ വിചിത്രമായ ചെയ്തികൾ കാരണമാണ് ഇയാൾ സുകുമാരക്കുറുപ്പ് തന്നെയാണോ എന്ന സംശയം പൊലീസിൽ പ്രബലമാകുന്നത്. ഫിലിം റെപ്പ് ചാക്കോയെ ചുട്ടുകരിക്കുമ്പോൾ സുകുമാരക്കുറുപ്പിന് പ്രായം 38 വയസാണ്. ഈ രീതിയിൽ നോക്കുകയാണെങ്കിൽ കുറുപ്പിന് പ്രായം എഴുപത് കഴിഞ്ഞിരിക്കും. തോമസിനും പ്രായം ഇപ്പോൾ എഴുപത്തഞ്ചാണ്. വിരൽ ചൂണ്ടൽ ഇപ്പോൾ തോമസിനെ നേരെ ഉയരുകയാണ്.

മെഡിക്കൽ കോളെജ് മോഷണം വഞ്ചിയൂർ കേസിൽ ഇയാൾക്ക് തിരിച്ചടിയായിരിക്കുകയാണ്. മോഷ്ടാവല്ല എന്ന് സ്വയം വാദിച്ച ഇയാൾ മോഷ്ടാവാണെന്ന് എസ്‌ബിഐ ശാഖയിലെ മോഷണം തെളിയിക്കുന്നു. പാപ്പർ ആണെന്ന് പറഞ്ഞു പാപ്പർ സ്യൂട്ട് ഫയൽ ചെയ്ത ഇയാളുടെ മെഡിക്കൽ കോളെജ് പരിസരത്തെ നാല് അക്കൗണ്ടിൽ മാത്രം 26 ലക്ഷത്തിൽ പരം രൂപയുമുണ്ട്. പൊലീസിനോടും പരാതിയിലും ഇയാൾ പറയുന്ന തോമസ് എന്ന പേര് തന്നെ വ്യാജമെന്ന സംശയവും പൊലീസിനുണ്ട്. മെഡിക്കൽ കോളെജ് ബ്ലഡ് ബാങ്കും പരിസരവും കേന്ദ്രീകരിച്ച് കഴിഞ്ഞ വർഷങ്ങളിൽ നടന്ന മുഴുവൻ മോഷണങ്ങൾക്കും പൊലീസ് സംശയിക്കുന്നത് ഇയാളെയാണ്. വെറുമൊരു മോഷ്ടാവായ ഇയാളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ ഞെട്ടിയത് മെഡിക്കൽ കോളെജ് പൊലീസാണ്.

ഇയാളുടെ മുഴുവൻ നിക്ഷേപങ്ങളെക്കുറിച്ച് ഇപ്പോൾ മെഡിക്കൽ കോളെജ് പൊലീസ് വ്യാപകമായ രീതിയിൽ അന്വേഷണത്തിനു തുടക്കമിട്ടിരിക്കുകയാണ്. സുകുമാരക്കുറുപ്പിന്റെ ചെയ്തികൾ ഇയാളുടെ മുഴുവൻ പ്രവർത്തികളിലും ഒളിഞ്ഞിരിക്കുന്നതിനാൽ ഇയാൾ സുകുമാരക്കുറുപ്പ് ആണോ എന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടു നീക്കുന്നത്. ഇയാളുടെത് വ്യാജ വിലാസമാണ്. രണ്ടു കേസുകളിൽ നൽകിയത് രണ്ടു വിലാസം. ഊരും പേരും പറയുന്നേയില്ല. പൊലീസ് രേഖകളിൽ ഒന്നും ഇയാളെക്കുറിച്ച് മുൻവിവരങ്ങളില്ല. ഒന്നും ഇയാൾ വെളിപ്പെടുത്തുന്നുമില്ല.

കഴിഞ്ഞ ഒമ്പതിനാണ് മെഡിക്കൽ കോളെജ് എസ്‌ബിഐ ശാഖയിൽ നിന്ന് ഇടപാടുകാരന്റെ ഐഫോൺ മോഷ്ടിച്ചതിന് തോമസ് എന്ന് പറയുന്ന ഇയാൾ പിടിയിലാകുന്നത്. എസ്‌ബിഐ മെഡിക്കൽ കോളെജ് ശാഖയിൽ വന്ന ഒരു ഒരു ഇടപാടുകാരിയായ രമ്യയുടെ 45000 രൂപ വിലവരുന്ന ഐ ഫോൺ മോഷ്ടിച്ചപ്പോഴാണ് ഇയാൾ അറസ്റ്റിലാകുന്നത്. ഇടപാടുകാരി എഴുന്നേറ്റു പോയപ്പോൾ ഇയാൾ ഐഫോൺ മോഷ്ടിച്ചു. ഫോൺ നഷ്ടമായി എന്ന് മനസിലായപ്പോൾ ഇടപാടുകാരി ബാങ്ക് അധികൃതരുടെ സഹായം തേടി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇയാൾ ഫോൺ മോഷ്ടിക്കുന്നത് വ്യക്തമായി കണ്ടു. മോഷ്ടിച്ച ഫോണുമായി പുറത്തുപോയ ഇയാൾ മടങ്ങി വന്നു ക്യൂവിൽ തുടർന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും എന്ന ധാരണയില്ലാതെയാണ് ഇയാൾ വീണ്ടും ക്യൂവിൽ തുടർന്നത്. ബാങ്ക് അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തോമസ് ഐഫോൺ മോഷ്ടിക്കുന്നതും പുറത്തു പോവുന്നതും തിരിച്ച് വരുന്നതുമെല്ലാം പകൽ പോലെ വ്യക്തം. ബാങ്ക് അധികൃതർ ഇയാളെ തടഞ്ഞുവെച്ച് മെഡിക്കൽ കോളെജ് പൊലീസിന് കൈമാറി.

മെഡിക്കൽ കോളെജ് പൊലീസ് ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ തട്ടിപ്പിന്റെയും മോഷണത്തിന്റെയും മഞ്ഞുമലയുടെ തുമ്പുകൾ മാത്രമാണ് ലഭിച്ചത്. ഇയാളുടെ പ്രായാധിക്യം കാരണം പൊലീസിന് പരിമിതികൾ വരുകയും ചെയ്തു. കഴിഞ്ഞ അഞ്ചു വർഷമായി മെഡിക്കൽ കോളെജ് പരിസരത്ത് നടന്ന മിക്ക മോഷണങ്ങളിലും ഇയാളുടെ പങ്ക് പൊലീസിന് വെളിവായി. ബ്ലഡ് ബാങ്ക് കേന്ദ്രീകരിച്ചാണ് മിക്ക മോഷണങ്ങളും. ഉറങ്ങുന്ന രോഗിയുടെ കൂട്ടിരിപ്പുകാരന്റെ അടുത്ത് പോയി ഉറങ്ങും. എഴുന്നേൽക്കുമ്പോൾ അയാളുടെ മൊബൈൽ അല്ലെങ്കിൽ പേഴ്‌സ് അടിച്ചു മാറ്റിയിരിക്കും. ആളുകളുടെ മുന്നിൽ കൈ നീട്ടും. എല്ലാ സ്ഥലത്തും യാചകന്റെ രീതിയിൽ പെരുമാറും. പക്ഷെ കേസ് കോടതിയിൽ എത്തിയാൽ കോട്ടും സ്യൂട്ടുമിട്ട് സ്വയം വാദിക്കാൻ എത്തും. ഹൈക്കോടതിയിൽ വരെ വാദിക്കും. ഇയാളുടെ വിലാസം വ്യാജമാണ് എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മൊഴികളും വ്യാജമാണ്-പൊലീസ് പറയുന്നു. കോടതിയിൽ സ്വയം വാദിക്കുന്നതിനാൽ ഇയാളെ സൂക്ഷിച്ചാണ് പൊലീസ് കൈകാര്യം ചെയ്തിരിക്കുന്നതും.

തോമസിന് എത്ര ബാങ്ക് അക്കൗണ്ട് ഉണ്ട് എന്നുള്ളതിന്റെ ഒരു വിശദാംശവും പൊലീസിന് ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. ഇയാളുടെ മോഷണങ്ങളുടെ തുമ്പുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഇയാൾ എത്ര മോഷണ പരമ്പരകൾ നടത്തി, എത്ര ലക്ഷം അടിച്ചു മാറ്റി എന്നതിനൊന്നും തെളിവില്ല. ഇയാളുടെ മൊഴിയും വന്നിട്ടില്ല. ഇയാളുടെ കിങ്കരന്മാരെക്കുറിച്ചും പൊലീസിന് വിവരമില്ല. മെഡിക്കൽ കോളെജ് എസ്‌ബിഐയിൽ നിന്ന് അടിച്ചു മാറ്റിയ ഐഫോൺ ഉടമയ്ക്ക് ഫോൺ തിരിച്ചു കൊടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ആ ഫോൺ പോയ വഴി നോക്കി ഇപ്പോൾ പൊലീസ് അന്തംവിട്ടു നിൽക്കുകയാണ്.

തോമസ് ആ ഫോൺ ഒരാൾക്ക് കൈമാറി. അയാൾ വേറെ ആർക്കോ കൈമാറി. ഇയാൾ ഈ ഫോൺ ആർക്ക് കൈമാറി എന്ന് തോമസിനോ മറ്റുള്ളവർക്കോ രൂപവുമില്ല. 45000 രൂപയുടെ ഐ ഫോൺ ആണ് തോമസ് അടിച്ചു മാറ്റിയിട്ടും പൊലീസിന് കണ്ടുപിടിക്കാൻ കഴിയാതെ പോയത്. ഇപ്പോഴും തോമസ് റിമാൻഡിൽ തുടരുകയാണ്. തോമസ് ഒറിജിനൽ കള്ളൻ തന്നെ എന്ന് കോടതി മനസിലാക്കിയതിനാൽ ഇപ്പോഴും തോമസിന് ജാമ്യവും ലഭിച്ചില്ല. ഇപ്പോൾ മെഡിക്കൽ കോളെജ് പൊലീസ് തോമസിനെ വീണ്ടും കസ്റ്റഡിയിൽ തേടുകയാണ്. 'തോമസിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ട്. പ്രതിക്ക് ജാമ്യം ലഭിച്ചിട്ടില്ല. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ മോഷണവിവരവും ഇയാളുടെ പാശ്ചാത്തലവും മനസിലാക്കാൻ സാധിക്കൂ-കേസ് അന്വേഷിക്കുന്ന മെഡിക്കൽ കോളെജ് ക്രൈം സിഐ ഗോപകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഒരുപാട് സംശയങ്ങൾ തോമസിനെ ചുറ്റിപ്പറ്റി പൊലീസിന് ഇപ്പോൾ ജനിച്ചിരിക്കുകയാണ്. ഇപ്പോഴും പൊലീസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ആണോ എന്ന സംശയം ഉള്ളിൽ ജനിച്ചതുകൊണ്ട് തന്നെയാണ് തോമസിന്റെ യഥാർത്ഥ പാശ്ചാത്തലവും മോഷണ കഥകളും തേടി ഇയാളുടെ അന്വേഷണ മുനമ്പിൽ നിർത്താൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP