Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അന്തർജില്ലാ സ്ഥലംമാറ്റങ്ങൾക്ക് അപേക്ഷ നൽകിയവർ സംഘടനയ്ക്ക് കൂടി അപ്ലിക്കേഷൻ നൽകി ട്രാൻസ്ഫർ സുഗമമാക്കണം; മൃഗസംരക്ഷണവകുപ്പ് ജീവനക്കാർക്ക് സഖാക്കളുടെ വാറോല; പാർട്ടി ഫണ്ടും നേതാക്കളുടെ പോക്കറ്റും നിറയ്ക്കാനുള്ള ശ്രമത്തിന് പാരയായി ഓൺലൈൻ ഇടപെടൽ; സുതാര്യത ഉറപ്പാക്കാൻ ഇറങ്ങി ഡോ കൗശിഗ് പ്രശ്‌നക്കാരനായത് ഇങ്ങനെ

അന്തർജില്ലാ സ്ഥലംമാറ്റങ്ങൾക്ക് അപേക്ഷ നൽകിയവർ സംഘടനയ്ക്ക് കൂടി അപ്ലിക്കേഷൻ നൽകി ട്രാൻസ്ഫർ സുഗമമാക്കണം; മൃഗസംരക്ഷണവകുപ്പ് ജീവനക്കാർക്ക് സഖാക്കളുടെ വാറോല; പാർട്ടി ഫണ്ടും നേതാക്കളുടെ പോക്കറ്റും നിറയ്ക്കാനുള്ള ശ്രമത്തിന് പാരയായി ഓൺലൈൻ ഇടപെടൽ; സുതാര്യത ഉറപ്പാക്കാൻ ഇറങ്ങി ഡോ കൗശിഗ് പ്രശ്‌നക്കാരനായത് ഇങ്ങനെ

വിഷ്ണു ജെജെ നായർ

തിരുവനന്തപുരം: സെപ്റ്റംബർ 17ന് സംസ്ഥാനത്തെ 14 ജില്ലകളിലേയും മൃഗസംരക്ഷണവകുപ്പിന്റെ ജില്ലാ ഓഫീസുകളിലും മൃഗാശുപത്രികളിലും വിജിലൻസ് ടീം ഒരേ സമയം നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് മറുനാടൻ നടത്തി വിശദമായ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സ്ഥലംമാറ്റങ്ങളുടെ പേരിൽ വകുപ്പിനുള്ളിൽ വലിയ തിരിമറികൾ നടക്കുന്നതായും സ്ഥലംമാറ്റങ്ങൾ സുതാര്യമാക്കാനുള്ള ഡയറക്ടറുടെ പ്രവർത്തനങ്ങൾക്ക് തുരങ്കം വച്ച് അദ്ദേഹത്തെ പുകച്ച് പുറത്തുചാടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായുമുള്ള തെളിവുകൾ മറുനാടന് ലഭിച്ചു.

സംഘടനയ്ക്ക് അപേക്ഷ നൽകുന്നവർക്ക് മാത്രം സ്ഥലംമാറ്റങ്ങൾ തരപ്പെടുത്തിക്കൊടുക്കുക എന്ന അലിഖിതനിയമം വകുപ്പിൽ നിലനിൽക്കുന്നതായാണ് ജീവനക്കാരുടെ പരാതി. ഇത് സംബന്ധിച്ച സംഘടനയുടെ നിർദ്ദേശങ്ങൾ വാട്സാപ്പ് വഴി പ്രചരിക്കുന്നുണ്ട്. 'അന്തർജില്ലാ സ്ഥലംമാറ്റത്തിന് ആപ്ലിക്കേഷൻ കൊടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഈ ജില്ലയിൽ നിന്നും മറ്റ് ജില്ലകളിലേയ്ക്ക് സ്ഥലം മാറ്റാൻ ലഭിക്കാൻ ആപ്ലിക്കേഷൻ കൊടുക്കുന്ന നമ്മുടെ സഖാക്കൾ കെഎൽഐയു ജില്ലാ കമ്മിറ്റിക്കും ജോയിന്റ് കൗൺസിലിനും ഒരു അപേക്ഷ കൂടി നൽകുകയാണെങ്കിൽ ട്രാൻസ്ഫറിന്റെ കാര്യങ്ങൾ കൂടുതൽ സുഗമമാക്കുന്നതിന് സഹായകമാകുമെന്ന് ജില്ലാകമ്മിറ്റിക്ക് വേണ്ടി അറിയിക്കുന്നു.' എന്നാണ് സന്ദേശം.

വെറ്റിനറി സർജന്മാർക്കും ജീവനക്കാർക്കും ഓരോ കാറ്റഗറി സംഘടന വീതമുണ്ടായിരുന്ന വകുപ്പിൽ പത്ത് വർഷം മുമ്പാണ് സിപിഐയുടെ നേതൃത്വത്തിലുള്ള കേരള വെറ്റിനറി സർജൻസ് അസോസിയേഷൻ, കേരളാ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ അസോസിയേഷൻ എന്നീ സംഘടനകൾ പ്രവർത്തനമാരംഭിച്ചത്. ഇടതുമുന്നണി ഭരിക്കുമ്പോഴൊക്കെ വകുപ്പിലെ ജീവനക്കാരുടെ സ്ഥലംമാറ്റങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഈ സംഘടനകളുടെ കാര്യമായ ഇടപെടലുകളുണ്ടായിരുന്നു. വകുപ്പിനുള്ള ഏതൊരു ഉദ്യോഗസ്ഥനും യോഗ്യത ഉണ്ടെങ്കിൽ പോലും ഈ സംഘടനകൾ വഴി മാത്രമേ സ്ഥലംമാറ്റം നടക്കുകയുള്ളു എന്ന അവസ്ഥയാണ് നിലനിൽക്കുന്നത്.

എന്നാൽ കൗശിഗൻ ഡയറക്ടറായി എത്തിയശേഷം ഇവരുടെ താൽപര്യങ്ങൾക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്നും നീക്കുവാൻ ഭരണാനുകൂല സംഘടനകൾ ശ്രമമാരംഭിച്ചിട്ടുണ്ട്. വകുപ്പിലെ വെറ്ററിനറി സർജന്മാരുടേയും ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാരുടേയും സംസ്ഥാനതല സ്ഥലംമാറ്റം നിയമപരമായി മാത്രമേ നടത്തുകയുള്ളൂ എന്ന നിലപാടും ജില്ലകൾക്കുള്ളിലെ സ്ഥലം മാറ്റങ്ങൾക്കും മാനദണ്ഡങ്ങൾ പാലിക്കണമെന്ന നിർദ്ദേശവുമാണ് ഭരണാനുകൂല സംഘടനകൾ ഡോ.കൗശിഗൻ ഐഎഎസിനെതിരെ തിരിയാൻ കാരണം.

കൗശിഗനെ തൽസ്ഥാനത്ത് നിന്നും മാറ്റി പാർട്ടിക്ക് വേണ്ടപ്പെട്ട അഡീഷണൽ ഡയറക്ടറെ ഡയറക്ടറായി നിയമിക്കാനാണ് ശ്രമം. സിപിഐയുടെ മൃഗസംരക്ഷണവകുപ്പ് ജീവനക്കാരുടെ സംഘടനകൾ ഡയറക്ടർക്കെതിരെ നടത്തുന്ന നീക്കത്തിന് ചില ഉന്നതഉദ്യോഗസ്ഥരുടെ പിന്തുണയുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. വകുപ്പിനുള്ളിലെ സിപിഐ സംഘടനകളുടെ അമിതാധികാരപ്രയോഗവും രാഷ്ട്രീയതാൽപര്യങ്ങൾക്കനുസരിച്ച് ജീവനക്കാരെ പന്തുതട്ടുന്നതും വർദ്ധിച്ചപ്പോൾ ജീവനക്കാരുടെ അഭ്യർത്ഥനയെ തുടർന്ന് മുഖ്യമന്ത്രി നേരിട്ടിടപെട്ടാണ് വകുപ്പിന്റെ ശുദ്ധീകരണത്തിന് ഡോ. കൗശിഗനെ ഡയറക്ടറായി നിയോഗിച്ചത്. മന്ത്രി ജെ. ചിഞ്ചുറാണിയുടെ പിന്തുണയും ഇതിനുണ്ടെന്നാണ് സൂചന.

ട്രാൻസ്ഫർ ശുദ്ധീകരണത്തിന്റെ പ്രാരംഭഘട്ടമായി സ്ഥലംമാറ്റങ്ങൾ ഓൺലൈനാക്കി സുതാര്യമാക്കാനുള്ള കൗശിഗന്റെ ശ്രമങ്ങളാണ് ഭരണാനുകൂല കാറ്റഗറി സംഘടനാ നേതാക്കൾ ഡയറക്ടർക്കെതിരെ തിരിയാനുള്ള പ്രധാനകാരണം. എതിർപ്പുകളെ അവഗണിച്ച് ഓൺലൈനിലൂടെ അപേക്ഷകൾ ക്ഷണിച്ച് കരട് പ്രസിദ്ധീകരിച്ച ഡയറക്ടർക്കെതിരെ പരസ്യകലഹത്തിന് യൂണിയൻ നേതാക്കൾ തയ്യാറാകുകയായിരുന്നു. ഞങ്ങൾ ഭരണകക്ഷിനേതാക്കളാണെന്നും ഞങ്ങൾ പറയുന്നതനുസരിച്ച് മാത്രമേ അന്തിമപട്ടിക തയ്യാറാക്കാവു എന്നും ആവശ്യപ്പെട്ട് നേതാക്കൾ കൊടുത്ത കത്ത് ഡയറക്ടർ അവരുടെ മുന്നിൽ വച്ചുതന്നെ ചവറ്റുകുട്ടയിലിട്ടു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. സ്ഥലംമാറ്റങ്ങൾ നിയമപ്രകാരം നടക്കുമെന്നും അതിൽ രാഷ്ട്രീയഇടപെടലുകൾ അനുവദിക്കില്ലെന്നുമാണ് ഡയറക്ടർ നൽകിയ മറുപടി.

ഇതിൽ പ്രതിഷേധിച്ച് യൂണിയൻ നേതാക്കൾ മന്ത്രിയെ കണ്ടെന്നും എന്നാൽ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ ഡയറക്ടറോട് പറയാൻ സാധിക്കില്ലെന്നും മന്ത്രി പ്രതികരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇതോടെയാണ് പാർട്ടി സംസ്ഥാന നേതൃത്വത്തെ കൊണ്ട് സമ്മർദ്ദം ചെലുത്തി ഡയറക്ടറെ തൽസ്ഥാനത്ത് നിന്നും നീക്കംചെയ്യാൻ യൂണിയൻ ശ്രമം ആരംഭിച്ചത്. കൗശിഗനെ നീക്കി യൂണിയന് വേണ്ടപ്പെട്ട മറ്റൊരാളെ ഡയറക്ടറായി നിയമിക്കാനാണ് നീക്കം.

2019 ലാണ് ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെയും അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാരുടെയും സ്ഥലംമാറ്റങ്ങൾ സംസ്ഥാനതലത്തിലേയ്ക്ക് മാറ്റപ്പെടുന്നത്. ആ കൊല്ലം അപേക്ഷ ക്ഷണിച്ചിട്ട് അതിന്റെ പൂർത്തീകരണം നടന്നത് ഈ വർഷം ജൂൺ 30 നാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 3/2017 എന്ന ഗവൺമെന്റ് ജീവനക്കാരുടെ ട്രാൻസ്ഫർ മാർഗനിർദ്ദേശങ്ങളിൽ സ്ഥലംമാറ്റപ്രക്രീയകളെല്ലാം ഓൺലൈൻ ആയിരിക്കണമെന്ന് പ്രത്യേകം നിഷ്‌ക്കർഷിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ശമ്പളക്കമ്മീഷൻ ശുപാർശ ചെയ്തതും അത് തന്നെയാണ്. അതിന് വേണ്ടി നടപടികൾ കൈകൊണ്ടതാണ് വകുപ്പ് ഡയറക്ടർക്കെതിരെ യൂണിയൻ നേതാക്കൾ തിരിയാനുള്ള പ്രധാനകാരണം. വകുപ്പ് ഭരിക്കുന്ന പാർട്ടിക്ക് വകുപ്പിനുള്ളിൽ സംഘടനവളർത്താനുള്ള പ്രധാനമാർഗമാണ് സ്ഥലംമാറ്റങ്ങൾ. മാത്രമല്ല അത് സംഘടനയുടെ പണപ്പെട്ടിയും നേതാക്കളുടെ പോക്കറ്റും നിറയ്ക്കാനള്ള മാർഗം കൂടിയാണ്. യൂണിയൻ നേതാക്കൾ നൽകുന്ന ലിസ്റ്റ് അനുസരിച്ച് സ്ഥലംമാറ്റപട്ടികകൾ തിരുത്തുന്ന രീതി സർക്കാർ സംവിധാനത്തിൽ സാധാരണമാണ്. ആ ശൈലി തിരുത്തി സ്ഥലംമാറ്റങ്ങൾ സുതാര്യമാക്കാനുള്ള നടപടികൾ കൗശികിനെ സിപിഐ സംഘടനയുടെ വെറുക്കപ്പെട്ടവനാക്കി.

ഡോ. എൻഎൻ ശശി ഡയറക്ടർ ആയിരിക്കെ ഡിജിറ്റലൈസേഷനിൽ ഏറ്റവുമധികം മുന്നേറ്റം നടത്തിയ വകുപ്പായിരുന്നു മൃഗസംരക്ഷണവകുപ്പ്. ഇന്ന് കേരളത്തിലുള്ള 13 ലക്ഷം പശുക്കളുടെയും വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാക്കി അത്ഭുതം സൃഷ്ടിക്കാൻ വകുപ്പിന് സാധിച്ചിട്ടുണ്ട്. മാത്രമല്ല വകുപ്പിനുള്ളിലെ ആശയവിനിമയങ്ങൾ ഓൺലൈൻ കത്തിടപാടുകളിലൂടെ മാത്രമേ പാടുള്ളു എന്ന ഉത്തരവും 2020ൽ വകുപ്പ് പുറത്തിറക്കിയിരുന്നു. ഡിജിറ്റൽമേഖലയിൽ അത്രയേറെ മുന്നേറ്റങ്ങൾ നടത്തിയ വകുപ്പിലാണ് ഓൺലൈൻ ട്രാൻസ്ഫറുകൾ പാടില്ലെന്ന് യൂണിയൻ വാശിപിടിക്കുന്നതെന്നാണ് വിചിത്രം.

സാധാരണയായി പ്രമോഷനായി വരുന്ന വെറ്ററിനറി സർജന്മാരാണ് മൃഗസംരക്ഷണവകുപ്പ് ഡയറക്ടർമാരായി നിയമിക്കപ്പെടാറുള്ളത്. അങ്ങനെ വരുമ്പോൾ വകുപ്പിൽ അദ്ദേഹത്തിന്റെ വേണ്ടപ്പെട്ടവർക്കും ഒരേ കാലയളവിൽ ജോലി ചെയ്തിരുന്നവർക്കും ഡയറക്ടറിൽ പ്രത്യേക സ്വാധീനമുണ്ടാകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. എല്ലാത്തിലുമുപരിയായി വകുപ്പിലെ ജീവനക്കാരെ ഒരുപോലെ കാണേണ്ട വകുപ്പ് ഡയറക്ടർമാർ ഡോക്ടർമാർക്ക് പ്രത്യേക പരിഗണന നൽകിയിരുന്നതായും മറ്റ് ജീവനക്കാർക്ക് പരാതി ഉണ്ട്. അതിന് അപപാദമായി ചില ഡയറക്ടരും ഉണ്ടായിട്ടുണ്ട്.

ഏത് സർക്കാർ വന്നാലും, ആര് ഡയറക്ടറായി നിയമിക്കപ്പെട്ടാലും വകുപ്പിൽ പ്രത്യേക പരിഗണനകൾ ലഭിക്കുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥർ എല്ലാക്കാലത്തും ഉണ്ടായിരുന്നു. എന്നാൽ പതിവുകൾക്ക് വിപരീതമായി ഐഎഎസ് ഉദ്യോഗസ്ഥർ വകുപ്പിന്റെ നേതൃസ്ഥാനത്തെത്തുമ്പോൾ ആ ഉന്നതർക്ക് അവരുടെ സ്ഥാപിത താൽപര്യങ്ങൾ നടപ്പിലാക്കാൻ കഴിയുന്നില്ല എന്നതാണ് അസ്വസ്ഥരാക്കുന്നത്. അതുകൊണ്ടുകൂടിയാണ് ഡയറക്ടറെ മാറ്റാനായി ചില ഉന്നത ഉദ്യോഗസ്ഥർ യൂണിയന് കൂട്ടുനിൽക്കുന്നതും.

ആദ്യമായി പുറമെ നിന്ന് ഒരു ഡയറക്ടർ വകുപ്പിൽ വരുന്നത് ഡോ. ബി അശോക് ഐഎഎസാണ്. അന്നും ഇതിന് സമാനമായ എതിർപ്പുകൾ ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും അദ്ദേഹത്തിനുണ്ടായിരുന്നെന്ന് ജീവനക്കാർ പറയുന്നു. മാത്രമല്ല വകുപ്പിന് പുറത്ത് നിന്നും ഒരു ഡയറക്ടർ വരുമ്പോൾ അസിസ്റ്റന്റ് ഡയറക്ടർ മുതൽ പാർട്ട് ടൈം സ്വീപ്പർ വരെയുള്ളവർക്ക് ഒരേ നീതി ലഭിക്കുന്നുവെന്ന് ജീവനക്കാരും സമ്മതിക്കുന്നു. ഡോ. അശോകിന് ശേഷം ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ വകുപ്പിന്റെ തലപ്പത്ത് എത്തുന്നത് ഇപ്പോൾ കൗശിഗനാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP