Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശ്രീറാമിനോപ്പം ഉണ്ടായിരുന്നത് വഫയെങ്കിൽ ഡോക്ടർ ജയറാമിന് ഒപ്പം സഞ്ചരിച്ചത് ആത്മമിത്രം; ഊബർ ഈറ്റ്സുകാരനെ ഇടിച്ചിട്ട ശേഷം പിന്നോട്ടെടുത്ത വണ്ടി അതിവേഗം ചീറിപാഞ്ഞതിന് പിന്നിൽ സുമിത് മോഹന്റെ കുബുദ്ധി; നടന്നതുകൊലപാതക ശ്രമമെന്ന് മൊഴി കൊടുത്തിട്ടും കേസെടുത്തത് നിസ്സാര വകുപ്പുകൾ ചുമത്തി; സത്യം അറിയാൻ സിസിടിവിയും പരിശോധിച്ചില്ല; കണ്ണുരോഗ വിദഗ്ധൻ പൊലീസുകാരുടെ ഉറ്റ സുഹൃത്ത്; മ്യൂസിയം സ്റ്റേഷനിൽ രണ്ട് ദിവസം മുമ്പ് നടന്നതും പ്രതിയെ രക്ഷപ്പെടുത്തൽ നാടകം തന്നെ

ശ്രീറാമിനോപ്പം ഉണ്ടായിരുന്നത് വഫയെങ്കിൽ ഡോക്ടർ ജയറാമിന് ഒപ്പം സഞ്ചരിച്ചത് ആത്മമിത്രം; ഊബർ ഈറ്റ്സുകാരനെ ഇടിച്ചിട്ട ശേഷം പിന്നോട്ടെടുത്ത വണ്ടി അതിവേഗം ചീറിപാഞ്ഞതിന് പിന്നിൽ സുമിത് മോഹന്റെ കുബുദ്ധി; നടന്നതുകൊലപാതക ശ്രമമെന്ന് മൊഴി കൊടുത്തിട്ടും കേസെടുത്തത് നിസ്സാര വകുപ്പുകൾ ചുമത്തി; സത്യം അറിയാൻ സിസിടിവിയും പരിശോധിച്ചില്ല; കണ്ണുരോഗ വിദഗ്ധൻ പൊലീസുകാരുടെ ഉറ്റ സുഹൃത്ത്; മ്യൂസിയം സ്റ്റേഷനിൽ രണ്ട് ദിവസം മുമ്പ് നടന്നതും പ്രതിയെ രക്ഷപ്പെടുത്തൽ നാടകം തന്നെ

എം മനോജ് കുമാർ

തിരുവനന്തപുരം: മനഃപൂർവം കാറിടിച്ച് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന മൊഴി നൽകിയിട്ടും പ്രിസൈസ് ഐ ആശുപത്രിയുടെ ഡയറക്ടർ ആയ ഡോക്ടർ വി.ആർ.ജയറാമിനെതിരെ മ്യൂസിയം പൊലീസ് ജാമ്യം കിട്ടുന്ന വകുപ്പുകൾ ചുമത്തിയത് വിവാദത്തിൽ. മദ്യപിച്ച് വാഹനം ഓടിച്ച് ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് നടത്തിയ നരഹത്യ മുന്നിലുണ്ടായിരുന്നതിനാൽ എല്ലാ നടപടിക്രമങ്ങളും അപകടം നടന്നയുടൻ തന്നെ മ്യൂസിയം പൊലീസ് പൂർത്തിയാക്കിയെങ്കിലും ജയറാമിനെ അധികം കുരുക്കിലാക്കാതെ വിടുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്. അപകടം നടന്ന ശേഷമുള്ള ജയറാമിന്റെ ചെയ്തികൾ വീക്ഷിച്ചാണ് തന്നെ ജയറാം തന്നെ മനഃപൂർവം കാറിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് ആദർശ് മൊഴി നൽകിയത്. കാറിലേക്ക് ബൈക്കിടിച്ച് കയറ്റിയശേഷമുള്ള ഡോക്ടറുടെ ചെയ്തികൾ തന്നെ ഞെട്ടിച്ചെന്നാണ് ആദർശ് മൊഴി നൽകിയത്.

അപകടശേഷം ആദർശിനു പരുക്ക് പറ്റിയോ രക്ഷപ്പെട്ടോ എന്നൊന്നും നോക്കാതെ കാർ ബൈക്കിനു മുകളിലൂടെ കയറ്റിയിറക്കുകയാണ് മദ്യപിച്ച് മദോന്മത്തനായിരുന്ന ഡോക്ടർ ജയറാം ചെയ്തത്. വീണു കിടന്ന ബൈക്കിനു നേരെ കാർ ചീറിപ്പാഞ്ഞു വരുന്നത് കണ്ടു ആദർശ് ഉരുണ്ടുമാറി രക്ഷപ്പെടുകയാണ് ചെയ്തത്. അങ്ങിനെ രക്ഷപ്പെട്ടിരുന്നില്ലെങ്കിൽ തന്റെ മുകളിലൂടെ ഡോക്ടർ കാർ കയറ്റിയിറക്കുമായിരുന്നുവെന്നാണ് ആദർശ് നൽകിയ മൊഴിയിൽ പറയുന്നത്. എന്നിട്ടും ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമുള്ള കേസിൽ നിന്നും ജയറാം തലയൂരുകയായിരുന്നു. ഐപിസി 134, 337, മോട്ടോർ വെഹിക്കിൾ ആക്റ്റ് 279, 185,134 എന്നിവ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് ചാർജ് ചെയ്തത്.

ഡിജിപിമാർ അടക്കമുള്ളവരുമായി ഉറ്റ ബന്ധമാണ് ജയറാമിനുള്ളത്. ഡിജിപി റാങ്കിലുള്ളവരുടെ ഡോക്ടർ കൂടിയാണ് ഡോക്ടർ ജയറാം. അതുകൊണ്ട് തന്നെ അപകട ശേഷം ശക്തമായ വകുപ്പുകൾ ഉള്ള കേസ് ആദർശിന്റെ മൊഴി പ്രകാരം ജയറാമിന് നേരെ വന്നില്ല. നിലവിലെ ഉന്നത തല ബന്ധങ്ങൾ തന്നെയാണ് അതിനു ജയറാമിന് തുണയായത് എന്നാണ് ലഭിക്കുന്ന സൂചനകൾ. അലക്ഷ്യമായി വാഹനം ഓടിച്ചു, വൺവേ കട്ട് ചെയ്തു, മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കി എന്നൊക്കെയുള്ള വകുപ്പുകൾ ആണ് ജയറാമിനെതിരെ മ്യൂസിയം പൊലീസ് ചുമത്തിയത്. ഇതിന്നിടയിലാണ് മനഃപൂർവമുള്ള നരഹത്യാ വകുപ്പുകൾ മാറ്റി നിർത്തപ്പെട്ടത്. ജയറാം അപകടമുണ്ടാക്കിയപ്പോൾ സംഭവം അറിഞ്ഞു മ്യൂസിയം എസ്‌ഐ നേരിട്ട് സ്ഥലത്തെത്തിയാണ് തുടർ നടപടികൾ കൈക്കൊണ്ടത്.

എഫ്‌ഐആർ ഉടനടി രേഖപ്പെടുത്തിയാണ് ജയറാമുമായി രക്തപരിശോധനയ്ക്ക് നീങ്ങിയത്. രാത്രിക്ക് രാത്രി തന്നെ ആദർശിന്റെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. എഫ്‌ഐആർ ഇടാതെ രക്തപരിശോധനയ്ക്ക് കൊണ്ട് പോകുന്നത് നടപ്പില്ലാത്ത കാര്യമായതിനാൽ എഫ്‌ഐആർ രേഖപ്പെടുത്തിയ ശേഷമാണ് രക്ത പരിശോധനയ്ക്ക് നീങ്ങിയത്. ഡോക്ടർ മദ്യപിച്ചെന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് മ്യൂസിയം പൊലീസിന്റെ കൈവശമുണ്ട്. അതുകൊണ്ട് തന്നെ തുടർനടപടികൾ രാവിലെ ചെയ്താൽ മതിയെങ്കിലും എല്ലാം രാത്രി തന്നെ മ്യൂസിയം പൊലീസ് പൂർത്തിയാക്കിയിരുന്നു. പക്ഷെ ആദർശിന്റെ മൊഴി പ്രകാരം മനഃപൂർവമുള്ള നരഹത്യയ്ക്കുള്ള വകുപ്പുകൾ പൊലീസ് ഒഴിവാക്കുക തന്നെ ചെയ്തു. അതുകൊണ്ടാണ് രാത്രി തന്നെ ജാമ്യത്തിൽ ഇറങ്ങാൻ ഡോക്ടർക്ക് കഴിഞ്ഞത്. ഡോക്ടറുടെ ചെയ്തികൾ പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചാർത്താമായിരിക്കെയാണ് നിസാര വകുപ്പുകൾ ഡോക്ടർക്ക് മേൽ ചുമത്തപ്പെട്ടത്. ശ്രീരാം വെങ്കിട്ടരാമൻ കേസ് പോലെ ഉന്നത തല ബന്ധങ്ങൾ ആണ് ഡോക്ടർക്കും തുണയായത് എന്നാണു ലഭിക്കുന്ന സൂചനകൾ.

പാളയത്ത് വൺ വേ കട്ട് ചെയ്താണ് ഡോക്ടർ ജയറാം കാറുമായി അമിത വേഗതയിൽ കടന്നു വന്നത്. പാളയത്ത് നിന്ന് നേരെ ബേക്കറിയിലേക്ക് വരാനുള്ള ശ്രമമാണ് വൺ വേ കട്ട് ചെയ്ത് ജയറാം നടത്തിയത്. യൂണിവേഴ്‌സിറ്റി വഴി റോഡിന്റെ സൈഡ് റോഡ് വഴി വന്നാണ് ജയറാം വൺവേ കട്ട് ചെയ്തത്. ഇങ്ങിനെ വന്നാൽ ഒന്നുകിൽ ലെഫ്റ്റ് അല്ലെങ്കിൽ റൈറ്റ് ഈ റോഡുകളിൽ മാത്രമേ പോകാൻ കഴിയൂ. ജയറാം നേരെ റോഡ് മുറിച്ച് കടന്നു ജൂബിലി വഴിയുള്ള റോഡിലൂടെ വൺ വേ കട്ട് ചെയ്യാൻ ശ്രമിച്ചു. ബേക്കറി വഴിയിൽ നിന്ന് പാളയത്തേക്ക് കയറിവരുകയായിരുന്നു ജയറാം. അപ്പോഴാണ് ജയറാം ആദർശിന്റെ ബൈക്കിലെക്ക് കാർ ഇടിച്ചു കയറ്റിയത്. മദ്യപിച്ച നിലയിൽ ആയതിനാൽ സ്വന്തം രക്ഷ മാത്രമാണ് ജയറാം നോക്കിയതും. ഇതോടെ കാർ ഇടിച്ച ബൈക്കിലേക്ക് വീണ്ടും ജയറാം കയറ്റി ഇറക്കുകയായിരുന്നു. ബൈക്കിനു സമീപത്ത് നിന്ന് ഉരുണ്ടു മാറിയില്ലെങ്കിൽ ആദർശിന്റെ മുകളിലൂടെ കാർ കയറി ഇറങ്ങുമായിരുന്നു. കാർ വരുന്നത് കണ്ടു ആദർശ് ഉരുണ്ട് മാറുകയായിരുന്നു. ഇതോടെയാണ് വലിയ പരുക്കില്ലാതെ ആദർശിന് രക്ഷപ്പെടാൻ കഴിഞ്ഞത്.

ജയറാമിന്റെ ഉറ്റമിത്രമായിരുന്ന സുമിത് മോഹനാണ് ഈ സമയം ഡോക്ടറുടെ അടുക്കലുണ്ടായിരുന്നത്. ബൈക്കിനു മുകളിലൂടെ കാർ കയറ്റി ഇറക്കാൻ ഡോക്ടറെ പ്രേരിപ്പിച്ചത് സുമിത് മോഹനാണ് എന്നാണ് ലഭിക്കുന്ന സൂചനകൾ. ശ്രീറാം വെങ്കിട്ടരാമൻ മാധ്യമ പ്രവർത്തകൻ ബഷീറിനെ കാറിടിച്ച് കൊല്ലുമ്പോൾ അതിനു സാക്ഷിയായി വഫ ഫിറോസ് ആണ് ശ്രീറാമിനോപ്പം ഉണ്ടായിരുന്നത്. അന്നത്തെ അപകടത്തിന്റെ കാരണഭൂതകളിൽ ഒന്ന് വഫ ആയിരുന്നെങ്കിൽ പാളയത്ത് നടന്ന അപകടത്തിൽ വഫയുടെ സീറ്റിൽ ഉണ്ടായിരുന്നത് സുമിത് മോഹനായിരുന്നു. മുൻപ് പ്രിസൈസ് ഐ ആശുപത്രിയിൽ ജീവനക്കാരനായിരുന്നു സുമിത് മോഹൻ. അവിടെ നിന്ന് പുറത്താക്കപ്പെട്ടതാണ്. ജയറാം നടത്തിപ്പ് പങ്കാളികളിൽ ഒരാളായിരിക്കെയാണ് ജയറാമിന്റെ വലം കൈകളിൽ ഒരാളായ സുമിത് മോഹൻ പുറത്താക്കപ്പെടുന്നത്.

അതുകൊണ്ട് തന്നെ സ്മിത്തിന്റെ കയ്യിലിരിപ്പുകൾ വ്യക്തമാണ്. മറ്റൊരു ആശുപത്രിയിൽ ജോലിക്ക് കയറിയെങ്കിലും അവിടെയും സുമിതിനു നിൽക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഡോക്ടർ ജയറാം നേരിട്ട് ഇടപെട്ടാണ് മറ്റൊരു ആശുപത്രിയിൽ സുമിതിനെ മാനേജർ ആക്കിയത് എന്നാണ് ലഭിക്കുന്ന സൂചനകൾ. ജയറാമിന് ഒപ്പമല്ല എന്ന സൂചനകൾ ആണ് സുമിത് സുഹൃദ് വൃന്ദങ്ങളിൽ പരത്തിയിരുന്നത്. താനും ജയറാമും തമ്മിൽ അകൽച്ചയിൽ ആണെന്ന് പറഞ്ഞു പരത്തുകയും ചെയ്തിരുന്നു. എന്നിട്ടും സ്മിത്തിനെ അപകടവേളയിൽ ജയറാമിന് ഒപ്പം കണ്ടപ്പോൾ കണ്ണ് തള്ളിയത് ഇവരുടെ സുഹൃദ് വൃന്ദങ്ങൾക്കാണ്. ജയറാമിന്റെ ഒരു കള്ളികൂടിയാണ് അപകട സമയത്ത് പൊളിഞ്ഞു പോയത്. സുമിത്തിനു ആണെങ്കിൽ ക്യാമറാ കണ്ണുകളിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞതുമില്ല. അപകടം സ്മിത്തിന്റെയും യഥാർത്ഥ മുഖം തുറന്നു കാട്ടുകയും ചെയ്തു.

പാളയത്ത് മദ്യപിച്ച് വാഹനം ഓടിച്ച് ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്‌ത്തിയ പ്രിസൈസ് ഐ ആശുപത്രി നടത്തിപ്പ് പങ്കാളികളിൽ ഒരാളായ ഡോക്ടർ വി.ആർ.ജയറാം രണ്ടു സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയാണെന്ന് ഇന്നലെ മറുനാടൻ വാർത്ത നൽകിയിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ച് ട്രാഫിക് നിയമങ്ങൾ ലംഘിച്ച് സാധാരണക്കാരുടെ മരണങ്ങൾക്ക് ഉത്തരവാദികൾ ആകുന്നത് ഉന്നതതലബന്ധങ്ങൾ ഉള്ളവരാണെന്ന് ശ്രീറാം വരുത്തിയ അപകടത്തോടെ വ്യക്തമായിരുന്നു. ഒരു മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊന്ന ശേഷം ഒരു രോമത്തിനു പോലും പരുക്കില്ലാതെയാണ് ശ്രീറാം വെങ്കിട്ടരാമൻ രക്ഷപ്പെട്ടത്. ഇതോടെയാണ് രാത്രിയുള്ള കാർ അപകടങ്ങളും ഇത്തരം അപകടങ്ങൾ വരുത്തുന്നവർക്കുള്ള ഉന്നത തല ബന്ധങ്ങളും ചർച്ചയാകുന്നത്. ബൈക്ക് യാത്രികനെ കാറിടിച്ച ശേഷം അതെ ബൈക്കിൽ കാർ കയറ്റിയിറക്കി രക്ഷപ്പെടാൻ ജയറാമിന് അവസരം ഒരുങ്ങിയതും ഡിജിപി വരെ നീളുന്ന ഉന്നതതല ബന്ധങ്ങൾ തന്നെയാണ്. ഈ ജയറാമിന്റെ സാമ്പത്തിക തട്ടിപ്പിന്റെ കഥയാണ് ഇന്നലെ മറുനാടൻ പുറത്തു വിട്ടത്. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന് മുന്നിലും എറണാകുളത്തെ സാമ്പത്തിക കോടതിയിലും നടന്നു വരുന്ന രണ്ടു വ്യത്യസ്ത കേസുകളിലെ പ്രതികൂടിയാണ് ജയറാം.

ഇപ്പോൾ നടന്നുവരുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ് ജയറാം. എറണാകുളത്തെ സാമ്പത്തിക തട്ടിപ്പ് കേസുകൾ നോക്കുന്ന പ്രത്യേക കോടതിയിലെ ഒരു കേസിലെ പ്രതിയാണ് ജയറാം. ഒരു കോടിയോളം രൂപ തട്ടിച്ച കേസിൽ ജാമ്യത്തിൽ നിൽക്കുകയാണ് ജയറാം. ഈ കേസിലെ വാദം ഇപ്പോൾ എറണാകുളത്തെ കോടതിയിൽ നടന്നുവരികയാണ്. അതിസമർഥമായുള്ള കബളിപ്പിക്കൽ വന്നതിനെ തുടർന്നാണ് മുൻപ് നടത്തിയിരുന്ന ഹെൽത്ത് ഓറിയന്റഡ് കമ്പനിയുമായി ബന്ധപ്പെട്ടു സാമ്പത്തിക കോടതിയിൽ ജയറാമിനെതിരെ കേസ് വന്നത്. ജെആർകെ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ജയറാമും മറ്റൊരു പങ്കാളിയും ചേർന്ന് തുടങ്ങിയത്. ഈ കമ്പനിക്ക് വേണ്ടി ജയറാം പലരിൽ നിന്നും പണം സമാഹരിച്ചിരുന്നു. ജയറാമും മറ്റൊരു പങ്കാളിയുമായിരുന്നു ഡയറക്ടർമാർ.

ജയറാം ഒരു സുപ്രഭാതത്തിൽ പങ്കാളിയെ വിളിച്ച് കമ്പനി അവസാനിപ്പിക്കുന്നതായി അറിയിച്ചു. പങ്കാളിയുടെ പണം തിരികെ നൽകുകയും ചെയ്തു. എന്നാൽ കമ്പനി ജയറാം സ്വകാര്യമായി മുന്നോട്ടു കൊണ്ടുപോയി. ഈ കമ്പനിയിൽ പലരും പണം നിക്ഷേപിച്ചു. മൂന്നു വർഷം കഴിയുമ്പോൾ ലാഭവിഹിതം സഹിതം പണം മടക്കി നൽകാം എന്നാണ് ജയറാം പറഞ്ഞത്. എന്നാൽ ആർക്കും ജയറാം ലാഭവിഹിതം നൽകിയില്ല. ഒടുവിൽ പണം തിരികെ ആവശ്യപ്പെട്ടവരോട് ജയറാം പറഞ്ഞത് പകുതി പണം ഞാൻ നൽകാം. ബാക്കിയുള്ള പണം ഡയറക്ടർ ആയ പങ്കാളി നൽകും എന്നായിരുന്നു. പണം ലഭിക്കാനുള്ളവർ ഡയറക്ടറെ ബന്ധപ്പെട്ടപ്പോൾ മാത്രമാണ് ജയറാം ഒപ്പിച്ച പണി മനസിലാകുന്നത് ഇതോടെയാണ് ജയറാമിനെതിരെ പങ്കാളി സാമ്പത്തിക കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ കേസ് നൽകിയത്. ഈ കേസിൽ ജാമ്യത്തിൽ തുടരുകയാണ് ജയറാം.

ജയറാം സ്വന്തമായി തുടങ്ങിയ രണ്ടു ഐ ആശുപത്രികളിലും ജയറാമിന്റെ പുതിയ പങ്കാളിയുമായും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ രണ്ടു ആശുപത്രിയിലും പങ്കാളിയെ കബളിപ്പിച്ചു എന്നാണ് ജയറാമിനെതിരെ ഉയർന്നു പരാതി. രണ്ടു ആശുപത്രിയിലും ചതിയിലൂടെയാണ് ജയറാം സ്വന്തം പങ്കാളിയെ പുറത്താക്കിയത്. ഫിനാൻസ് കാര്യങ്ങൾ സ്വയം നോക്കും എന്ന് പറഞ്ഞതിനാൽ കമ്പനിയുടെയും ആശുപത്രിയുടെയും ഫിനാൻസ് കാര്യങ്ങൾ ജയറാം ആണ് നിയന്ത്രിച്ചത്. ഇങ്ങിനെയാണ് ജയറാം രണ്ടു ആശുപത്രികളും കൈവശമാക്കിയത്.

തുല്യ ഷെയറിൽ തുടങ്ങിയ കമ്പനിയിൽ തട്ടിപ്പിലൂടെ ജയറാം ഷെയറുകൾ കൈവശപ്പെടുത്തി. അതിനു ശേഷം പൊലീസ് സഹായം വഴി പങ്കാളിയുടെ കാർ വരെ ജയറാം അടിച്ചു മാറ്റുകയും ചെയ്തു. കരുനാഗപ്പള്ളിയിലെ പ്രിസൈസ് ആശുപത്രിയിൽ പങ്കാളി എത്തിയപ്പോൾ കാർ ജയറാം അടിച്ചു മാറ്റി. ആശുപത്രി മാനേജർ വഴിയാണ് കാർ അടിച്ചു മാറ്റിയത്. കരുനാഗപ്പള്ളി പ്രിസൈസ് ആശുപത്രിയിൽ കാറിൽ എത്തിയ പങ്കാളി മടങ്ങാൻ നോക്കിയപ്പോൾ കാറില്ല. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് കാർ ജയറാം എടുത്തുമാറ്റുകയായിരുന്നു. അതിനു ശേഷം പൊലീസിനു ഉപയോഗിച്ച് ഉപയോഗിച്ച് പങ്കാളിയെ ഇറക്കിവിട്ടു. ഈ പ്രശ്നത്തിൽ പങ്കാളി നൽകിയ കേസ് പൊലീസ് തള്ളിക്കളഞ്ഞപ്പോൾ ജയറാം നൽകിയ പരാതിയിൽ കരുനാഗപ്പള്ളി പൊലീസ് കേസ് എടുക്കുകയും ചെയ്തു. ഒരേ പ്രശ്നത്തിൽ നൽകിയ പരാതിയിൽ തട്ടിപ്പിന് നേതൃത്വം നൽകിയ ജയറാമിന്റെ കേസ് സ്വീകരിക്കുന്നതിൽ പൊലീസ് ഒരു മടിയും കാട്ടിയതുമില്ല. എല്ലാത്തിലും തെളിയുന്നത് ജയറാമിന്റെ ഉന്നത തല ബന്ധങ്ങളും.

ജയറാമിന്റെ സ്വാധീനം കാരണം സ്വന്തം ആശുപത്രിയിൽ നിന്നാണ് പങ്കാളിക്ക് പടി ഇറങ്ങേണ്ടി വന്നത്. ഇതോടെയാണ് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിലും വഞ്ചിയൂർ കോടതിയിലും പങ്കാളി കേസ് നൽകിയത്. ഈ കേസ് ഇപ്പോൾ ചെന്നൈയിലെ കമ്പനി ലോ ട്രിബ്യൂണലിൽ നടന്നു വരികയാണ്. സിജെഎം കോടതിയിൽ നൽകിയ പരാതി മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് വന്നു. പക്ഷെ ഉന്നത തല സ്വാധീനം കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. ഈ പരാതിയിൽ ജയറാമിനെതിരെ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതിനും പിന്നിലും ആരോപിക്കപ്പെടുന്നത് ഉന്നതതല പൊലീസ് ബന്ധങ്ങൾ തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP