Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202203Saturday

ഡോക്ടർ ജോലി ഉപേക്ഷിച്ച് ഐ.പി.എസിലെത്തി; കർണാടക മന്ത്രിയെ തടഞ്ഞിട്ട ദേശീയശ്രദ്ധ നേടിയ പുലിക്കുട്ടി; കേഡർ മാറ്റത്തോടെ കേരളത്തിലെത്തി വമ്പൻ കേസുകളുടെ ചുരുളഴിച്ച ശ്രദ്ധ നേടിയ ഉദ്യോഗസ്ഥ; തലസ്ഥാനത്തെ ആദ്യ വനിതാ ജില്ലാ പൊലീസ് മേധാവി ഡോ.ദിവ്യാ ഗോപിനാഥ് കേരളം വിടുന്നു

ഡോക്ടർ ജോലി ഉപേക്ഷിച്ച് ഐ.പി.എസിലെത്തി; കർണാടക മന്ത്രിയെ തടഞ്ഞിട്ട ദേശീയശ്രദ്ധ നേടിയ പുലിക്കുട്ടി; കേഡർ മാറ്റത്തോടെ കേരളത്തിലെത്തി വമ്പൻ കേസുകളുടെ ചുരുളഴിച്ച ശ്രദ്ധ നേടിയ ഉദ്യോഗസ്ഥ; തലസ്ഥാനത്തെ ആദ്യ വനിതാ ജില്ലാ പൊലീസ് മേധാവി ഡോ.ദിവ്യാ ഗോപിനാഥ് കേരളം വിടുന്നു

സായ് കിരൺ

തിരുവനന്തപുരം: കേരളാ പൊലീസിലെ മികച്ച ഐ പി എസ് ഉദ്യോഗസ്ഥയായ ഡോ.ദിവ്യ വി ഗോപിനാഥ് കേരളം വിടുന്നു. മാതൃകേഡറായ കർണാടകത്തിലേക്കാണ് ദിവ്യയുടെ മാറ്റം. കർണാടക കേഡറിലെ 2010 ബാച്ച് ഉദ്യോഗസ്ഥയായ ദിവ്യാ ഗോപിനാഥ് ഏതാനും വർഷങ്ങളായി കേരളാ കേഡറിലായിരുന്നു. അവരെ കർണാടക കേഡറിലേക്ക് മാറ്റി പൊതുഭരണവകുപ്പ് ഉത്തരവിറക്കി. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയായിട്ടായിരുന്നു ദിവ്യയുടെ അവസാന ചുമതല. കേഡർ മാറ്റത്തിന്റെ ഭാഗമായി ദിവ്യയ്ക്ക് അറുപത് ദിവസത്തെ അവധിയും അനുവദിച്ചിട്ടുണ്ട്.

ഡോക്ടർ ജോലി ഉപേക്ഷിച്ച് ഐ.പി.എസിലെത്തിയ ദിവ്യ നിയമലംഘനം നടത്തിയ കർണ്ണാടക മന്ത്രിയുമായി കൊമ്പുകോർത്തതിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച ഉദ്യോഗസ്ഥയാണ്. കേരളത്തിലെത്തിയ ശേഷം നിരവധി പീഡനക്കേസുകളടക്കം അന്വേഷിച്ച് ശ്രദ്ധേയയായി. ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി (ഐ.സി.ടി) സൂപ്രണ്ടായിരിക്കെയാണ് തലസ്ഥാനത്തെ ആദ്യ വനിതാ ജില്ലാ പൊലീസ് മേധാവിയായി നിയമിതയായത്. വിതുരയിലെ ആദിവാസി ഊരുകളിൽ നേരിട്ടെത്തി ലഹരി മാഫിയ പെൺകുട്ടികളെ സ്വാധീനിച്ച് പ്രണയക്കുരുക്കിൽപെടുത്തുന്ന കേസുകൾ അന്വേഷിച്ച ദിവ്യ, ഊരുകളിലെ ലഹരി സംഘങ്ങളെ ഒതുക്കാനുള്ള ശ്രമത്തിലായിരുന്നു. രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും കൗൺസലിങ് അടക്കം വിവിധ വകുപ്പുകളുമായി ചേർന്നുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചത്. കടയ്ക്കാവൂരിൽ മകനെ അമ്മ പീഡിപ്പിച്ചെന്ന കേസ് കള്ളക്കേസാണെന്ന് തെളിയിച്ചത് ദിവ്യാ ഗോപിനാഥായിരുന്നു. കൂടത്തായി കേസിലെ അന്വേഷണത്തിൽ നിർണായക പങ്കാണ് ദിവ്യയ്ക്കുണ്ടായിരുന്നത്.

ദിവ്യയെ രാജ്യ ശ്രദ്ധയിലേക്ക് ഉയർത്തിയത് കർണാടകയിലെ തുംകൂരിൽ മന്ത്രിയെ തടഞ്ഞതിലൂടെയാണ്. തുംകൂരു സിദ്ധഗംഗ ആശ്രമത്തിൽ സ്വാമി ശിവകുമാറിന്റെ സംസ്‌കാര ചടങ്ങുകൾക്കിടെ ഗാർഡ് ഓഫ് ഓണർ നൽകുമ്പോൾ നിയന്ത്രണം തെറ്റിച്ച് അവിടേക്കെത്തിയ ടൂറിസം മന്ത്രി മഹേഷിന്റെ വാഹനം കടത്തിവിടാൻ തയ്യാറാകാതിരുന്ന സംഭവത്തോടെയാണ് ദിവ്യ വി. ഗോപിനാഥ് ദേശീയശ്രദ്ധയിലേക്കെത്തുന്നത്. ക്ഷുഭിതനായി കാറിൽ നിന്നിറങ്ങിയ മന്ത്രി ആക്രോശിച്ചെങ്കിലും താൻ ചെയ്തതാണ് ശരിയെന്ന നിലപാടിലായിരുന്നു ദിവ്യ.

നിയമലംഘനം നടത്തിയ കർണ്ണാടക മന്ത്‌റിയുമായി കൊമ്പുകോർത്തതിലൂടെ ക്രമസമാധാന പാലനത്തിൽ തെല്ലും വിട്ടുവീഴ്ചയില്ലെന്ന് തെളിയിച്ചയാളാണ് തിരുവനന്തപുരം സ്വദേശിയായ ദിവ്യ. എം.ബി.ബി.എസ് കഴിഞ്ഞശേഷം 2010ൽ ആദ്യ പരിശ്രമത്തിൽ തന്നെ ഐ.പി.എസ് നേടി. കർണ്ണാടക കേഡറിൽ ജോലി ലഭിച്ച ദിവ്യ ചിക്ക്‌ബെല്ലാപൂരിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തിരുവനന്തപുരം ഡി.സി.പിയായിരിക്കെ കോവിഡ് സൂപ്പർ സ്‌പ്രെഡ് മേഖലയായി പ്രഖ്യാപിച്ച പൂന്തുറയിൽ ജനങ്ങൾ നിയമംലംഘിച്ച് തടിച്ചുകൂടിയ അസാധാരണ സാഹചര്യത്തെ നിയന്ത്‌റിച്ച് വലിയൊരു വിപത്തിൽ നിന്ന് രക്ഷിച്ചത് അന്ന് ഡി.സി.പിയായിരുന്ന ഡോ. ദിവ്യയായിരുന്നു.

കുറ്റാന്വേഷണ രംഗത്ത് മികവു തെളിയിച്ച ഉദ്യോഗസ്ഥയാണ് ദിവ്യ. കൂടത്തായി കേസിൽ ദിവ്യ ഇത് തെളിയിച്ചതുമാണ്. കൂടത്തായി ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാൻ ദിവ്യ എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തിന് കഴിഞ്ഞു. ഫോറൻസിക് വിദഗ്ധരും ഡോക്ടർമാരും അടക്കമുള്ള സംഘമാണ് ദിവ്യയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. കൂടത്തായി കൊലപാതക പരമ്പരക്കേസിൽ സയനൈഡിന്റെ കാലപ്പഴക്കം അന്വേഷണത്തിന് തടസമാവില്ലെന്ന് അന്വേഷണ സംഘത്തിലെ സാങ്കേതിക വിഭാഗത്തിന് നേതൃത്വം നൽകുന്ന ദിവ്യ ഗോപിനാഥ് വ്യക്തമാക്കിയിരുന്നു. എല്ലാ കേസുകളിലെയും പോലെ വിഷത്തിന്റെ സാന്നിധ്യം ഇവിടെയും കണ്ടെത്താൻ സാധിക്കും. പക്ഷേ ചില മരണങ്ങളിൽ പോസ്റ്റുമോർട്ടം നടന്നിട്ടില്ല എന്നതുകൊണ്ട് വ്യത്യസ്ത വഴികൾ സ്വീകരിക്കേണ്ടി വരുമെന്ന് മാത്രമാണ് അവർ പറഞ്ഞ്. ഒരു ഡോക്ടറായതിനാൽ ഇക്കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനങ്ങളിലെത്താൻ അവർക്ക് കഴിഞ്ഞിരുന്നു.

കർണാടകത്തിലെ മന്ത്രിയെ തടഞ്ഞ സംഭവം ഇതായിരുന്നു:- തുംകുരു ജില്ലാ ഭരണകൂടത്തെ സുരക്ഷയൊരുക്കുന്നതിന് സഹായിക്കുന്നതിനിടെയായിരുന്നു സംഭവം. സിദ്ധഗംഗ മഠത്തിൽ സുരക്ഷയൊരുക്കുന്നതിനാണ് അവധിയിലായിരുന്ന മുൻ തുംകുരു പൊലീസ് സൂപ്രണ്ടായിരുന്ന ദിവ്യയുടെ സഹായം അധികൃതർ തേടിയത്. ശിവകുമാര സ്വാമിയുടെ ഭൗതികാവശിഷ്ടങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷം അകത്തേക്ക് കൊണ്ടുപോകുന്ന ചടങ്ങായിരുന്നു മഠത്തിൽ നടന്നത്. എന്നാൽ ചടങ്ങ് അവസാനഘട്ടത്തിലെത്തിയ മന്ത്രി കെ സി മഹേഷിന്റെ വാഹനം കടത്തിവിടാൻ ദിവ്യ തയ്യാറായില്ല. ക്ഷുഭിതനായ മന്ത്രി ഉദ്യോഗസ്ഥയോട് അലറിക്കൊണ്ട് 'ബ്ലഡി ലേഡി, ഞാനാരാണെന്ന് അറിയാമോ ഞാനൊരു മന്ത്രിയാണ്' എന്ന് പറഞ്ഞു.

തുംകുരു ഡെപ്യൂട്ടി കമ്മിഷണർ രാകേഷ് സിങ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ എസ്‌പിയെ രക്ഷിക്കാൻ ഓടിയെത്തുകയും ചെയ്തു. തുംകുരു പൊലീസ് സൂപ്രണ്ടായിരുന്ന ദിവ്യയെ ഈ സംഭവത്തിന് ഏതാനും ദിവസം മുമ്പ് സ്ഥലംമാറ്റിയിരുന്നു. അതിനെതുടർന്ന് ലീവിലായിരുന്ന അവർ വകുപ്പിൽ നിന്നുള്ള അഭ്യർത്ഥന സ്വീകരിച്ചാണ് സുരക്ഷാ സംവിധാനങ്ങളിൽ സഹായിക്കാനെത്തിയത്. സംഭവം വലിയ വിവാദമാകുകയും അന്ന് മുഖ്യമന്ത്‌റിയായിരുന്ന എച്ച് ഡി കുമാരസ്വാമി ഉദ്യോഗസ്ഥയോട് മാപ്പ് പറയാൻ മന്ത്രിയോട് നിർദ്ദേശിക്കുകയും ചെയ്തു. അതിന് ശേഷമാണ് ദിവ്യ കേഡർ മാറ്റത്തിലൂടെ കേരളത്തിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP