Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്മയുടെ സ്‌കൂളിൽ ഹയർ സെക്കന്റി വരെ പഠനം; അമ്മയുടെ കാൻസർ ചികിൽസയ്ക്ക് താങ്ങും തണലുമായി നിന്നപ്പോൾ എംബിബിഎസിന് മൈസൂരിൽ അഡ്‌മിഷൻ കിട്ടയിട്ടും പോകാനായില്ല; രോഗക്കിടക്കയിൽ നിന്ന് എഴുന്നേറ്റ അമ്മ മോനെ അയച്ചത് ചൈനയിലേക്കും; ആദ്യ വർഷം ഫീസ് കൊടുത്തപ്പോൾ നാല് കൊല്ലവും താങ്ങായെത്തിയത് പഠന മികവിന്റെ സ്‌കോളർഷിപ്പ്; എംഡിക്ക് പഠിക്കുമ്പോൾ സർക്കാർ ഉദ്യോഗം; ഐത്തലയെ രക്ഷിച്ചത് വുഹാനിലെ പഴയ വിദ്യാർത്ഥി; റാന്നിയിൽ കൊറോണയെ കണ്ടെത്തിയ ഡോ ആനന്ദിന്റെ കഥ

അമ്മയുടെ സ്‌കൂളിൽ ഹയർ സെക്കന്റി വരെ പഠനം; അമ്മയുടെ കാൻസർ ചികിൽസയ്ക്ക് താങ്ങും തണലുമായി നിന്നപ്പോൾ എംബിബിഎസിന് മൈസൂരിൽ അഡ്‌മിഷൻ കിട്ടയിട്ടും പോകാനായില്ല; രോഗക്കിടക്കയിൽ നിന്ന് എഴുന്നേറ്റ അമ്മ മോനെ അയച്ചത് ചൈനയിലേക്കും; ആദ്യ വർഷം ഫീസ് കൊടുത്തപ്പോൾ നാല് കൊല്ലവും താങ്ങായെത്തിയത് പഠന മികവിന്റെ സ്‌കോളർഷിപ്പ്; എംഡിക്ക് പഠിക്കുമ്പോൾ സർക്കാർ ഉദ്യോഗം; ഐത്തലയെ രക്ഷിച്ചത് വുഹാനിലെ പഴയ വിദ്യാർത്ഥി; റാന്നിയിൽ കൊറോണയെ കണ്ടെത്തിയ ഡോ ആനന്ദിന്റെ കഥ

എം മനോജ് കുമാർ

തിരുവല്ല: കേരളത്തിലെ കൊറോണ പടർന്നത് ആദ്യമായി മനസിലാക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്ത റാന്നി താലൂക്ക് ആശുപത്രിയിലെ പൾമനോളജിസ്റ്റ് ആയ മിടുമിടുക്കൻ ഡോക്ടർ ആനന്ദ് തിരുവല്ലയിലെ വീട്ടിൽ ഇപ്പോൾ ഹോം ക്വാറന്റൈനിൽ തുടരുന്നു. ഡോക്ടറിൽ അടങ്ങിയ അസാധാരണമായ നിരീക്ഷണബുദ്ധിയാണ് തന്റെ മുന്നിലിരുന്ന ഇറ്റലിക്കാരന്റെ സഹോദരൻ കൊറോണ വൈറസ് ബാധിതനാണെന്ന് ഡോക്ടർ തിരിച്ചറിയുന്നത്. ലോകത്തുകൊറോണ പടർന്ന ചൈനയിലെ വുഹാൻ മെഡിക്കൽ കോളേജിൽ നിന്നാണ് ഡോക്ടർ ആനന്ദ് എംബിബിഎസ് പാസായത് എന്നതുകൊറോണ കഥകളിലെ യാദൃശ്ചികതകളിൽ ഒന്നുമാകാം.

പക്ഷെ ചൈന വുഹാൻ മെഡിക്കൽ കോളേജിൽ നിന്നുള്ള എംബിബിഎസ് പഠനവും ഇന്ത്യയിലെ അംബാല മെഡിക്കൽ കോളേജിൽ നിന്ന് പൾമനോളജിയിൽ നേടിയ എംഡി ബിരുദവുമാണ് കേരളത്തിലെ കൊറോണ തിരിച്ചറിയാൻ ഡോക്ടറെ പ്രാപ്തനാക്കിയത്. തിരുവല്ല ടൗണിൽ തന്നെയാണ് ഡോക്ടർ ആനന്ദും കുടുംബവും താമസിക്കുന്നത്. ചൈനയിലെ മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് നേടിയ ശേഷം ഇന്ത്യയിലെ അംബാല മെഡിക്കൽ കോളേജിൽ നിന്നും പൾമനോളജിയിൽ എംഡിയും നേടിയ ശേഷമാണ് പിഎസ്‌സി വഴി കേരളത്തിലെ ആരോഗ്യരംഗത്ത് ഡോക്ടർ ആനന്ദ് എത്തുന്നത്. മൂന്നു വർഷം മുൻപാണ് റാന്നി താലൂക്ക് ആശുപത്രിയിൽ ആനന്ദിന് നിയമനം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം കൊറോണ തിരിച്ചറിയുന്നത് വരെ ഡോക്ടർ ആനന്ദ് സേവനം ചെയ്തതും റാന്നി താലൂക്ക് ആശുപത്രിയിലായാണ്. ഇപ്പോൾ ഹോം ക്വാറന്റൈനിൽ തുടരുകയും ചെയ്യുന്നു.

ഡോക്ടർ ആനന്ദ് പഠിച്ചത് ചൈനയിലെ വുഹാനിൽ. അഞ്ചു വർഷം എംബിബിഎസ് പഠനം കഴിഞ്ഞത് വുഹാൻ മെഡിക്കൽ കോളേജിൽ. ഒരു വർഷത്തെ ഫീസ് മാത്രമേ ഒടുക്കേണ്ടി വന്നുള്ളൂ. ആദ്യ സമയം തന്നെ സ്‌കോളർഷിപ്പ് ലഭിച്ചു. ലക്ഷങ്ങൾ മുതലിറക്കി ചൈനയിൽ പോയി പഠിച്ചു എംബിബിഎസ് പഠിച്ചു എന്ന ദുഷ്‌പ്പേര് ഒഴിവാക്കി നിർത്തിയത് ഈ സ്‌കോളർഷിപ്പ് ആയിരുന്നു. പഠിക്കാൻ അതിമിടുക്കൻ ആയതിനാൽ സ്‌കോളർഷിപ്പ് ലഭിക്കാൻ പ്രയാസവും വന്നില്ല. ഏറ്റവും മികച്ച മാർക്ക് വാങ്ങിയാണ് ചൈനയിൽ നിന്നും എംബിബിഎസ് പാസായത്. അതിനു ശേഷം അംബാല മുല്ലാന മെഡിക്കൽ കോളേജിൽ നിന്നും പൾമനോളജിയിൽ എംഡി എടുത്തു. എംഡിക്ക് പഠിക്കുമ്പോൾ തന്നെ പിഎസ്‌സി വഴി ഡോക്ടർ ആയി നിയമനം ലഭിച്ചു. ബോണ്ട് എഴുതി നൽകി എംഡി പൂർത്തിയാക്കിയ ശേഷം നിയമനം ലഭിച്ചത് റാന്നി താലൂക്ക് ആശുപത്രിയിൽ. മൂന്നു വർഷമായി നിയമനം ലഭിച്ചശേഷം റാന്നി ആശുപത്രിയിൽ തന്നെ ജോലി ചെയ്യുന്നു.

ഈ ജോലിക്കിടയിലാണ് കേരളത്തിലെ കൊറോണയുടെ വരവ് റാന്നിയിലെ രോഗിയിൽ നിന്നും തിരിച്ചറിഞ്ഞ് താൻ ജേഷ്ഠ തുല്യം സ്‌നേഹിക്കുന്ന ആശുപത്രി സൂപ്രണ്ട് ഡോക്ടർ ശംഭുവിനു ഡോക്ടർ ആനന്ദ് വിവരം നൽകുന്നത്. കേരളത്തിലെ കൊറോണയിൽ വഴിത്തിരിവായി മാറിയത് ഡോക്ടർ ആനന്ദിന്റെ ഈ നിരീക്ഷണമായിരുന്നു. കേരളത്തിലെ കൊറോണ ആദ്യമായി തിരിച്ചറിയാൻ ഡോക്ടറെ സഹായിച്ചത് ചൈനയിലെ എംബിബിഎസ് പഠനവും പൾമനോളജിയിൽ എടുത്ത എംഡിയുമായിരുന്നു. ശ്വാസകോശ രോഗങ്ങൾക്കായുള്ള പൾമനോളജിയിലാണ് ഡോക്ടർ ആനന്ദ് എംഡി എടുത്തത്.

റാന്നിയിലെ രോഗിക്ക് ശ്വാസകോശത്തിലെ വൈറസ് ബാധയ്ക്ക് ഒരു സാധ്യതയുമില്ലായിരുന്നു. എന്നിട്ടും രോഗിക്ക് ശ്വാസകോശ അണുബാധ ബാധിച്ചത് ഡോക്ടറെ അത്ഭുതപ്പെടുത്തി. ഡോക്ടറെ നിരീക്ഷണം വഴിയാണ് കേരളം കൊറോണയെ തിരിച്ചറിയുന്നതും സംസ്ഥാനം അതി ജാഗ്രതയിലേക്ക് നീങ്ങുന്നതും.

കൊറോണയെ ഡോക്ടർ ആനന്ദ് തിരിച്ചറിയുന്നത് ഇങ്ങനെ:

പതിവുള്ള ഒപിയിലായിരുന്നു ഡോക്ടർ ആനന്ദ്. അപ്പോഴാണ് കൊറോണ പടർന്നെന്നു തിരിച്ചറിയാത്ത റാന്നി ഐക്കരയിലെ രോഗി ഡോക്ടർ ആനന്ദിന് മുന്നിലെത്തുന്നത്. ശ്വാസകോശ അണുബാധയായിരുന്നു രോഗിയുടെ പ്രശ്‌നം. വൈറസ് ബാധയുടെ ലക്ഷണങ്ങളും. പെട്ടെന്ന് ഈ വൈറസ് ബാധ റാന്നിയിൽ പടരാൻ സാധ്യതയില്ലെന്ന് ഡോക്ടർ ആദ്യമേ തിരിച്ചറിഞ്ഞു. ഈ രോഗിയെ ഡോക്ടർ ആളുകളിൽ നിന്നും ആദ്യം മാറ്റിയിരുത്തി. പിന്നീട് വിശദമായ പരിശോധന നടത്തി. സംശയങ്ങൾ മാറാത്തതിനാൽ ചോദ്യങ്ങൾക്ക് തുടക്കമിട്ടു.

ആദ്യ ചോദ്യമായി ചോദിച്ചത് വിദേശത്ത് പോയിരുന്നോ എന്നാണ്?

വിദേശത്ത് പോയില്ലെന്നു രോഗി മറുപടി പറഞ്ഞു.

ആരെങ്കിലും വിദേശത്തുണ്ടോ എന്ന് ചോദിച്ചു?

ഇല്ലെന്നായിരുന്നു മറുപടി

വിദേശത്ത് നിന്നും ആരെങ്കിലും വന്നോ എന്നായിരുന്നു മൂന്നാമത്തെ ചോദ്യം?

തൊട്ടടുത്ത് സഹോദരനും ഭാര്യയും മകനും വന്നിട്ടുണ്ടെന്ന് പറഞ്ഞു

അവർ എവിടെ നിന്നാണ് വന്നതെന്നായി അടുത്ത ചോദ്യം?

സഹോദരനും കുടുംബവും വന്നത് ഇറ്റലിയിൽ നിന്നാണെന്ന് രോഗി മറുപടി നൽകി.

ഇതോടെ രോഗി കൊറോണ ബാധിതനാണെന്ന് ഡോക്ടർ ആനന്ദ് മനസിലാക്കി. ഉടൻ തന്നെ താലൂക്ക് ആശുപത്രി സൂപ്രണ്ടും ജ്യേഷ്ട സഹോദരനുമായി കരുതുന്ന ഡോക്ടർ ശംഭുവിനെ വിളിച്ചു. ഒരു മാസ്‌ക് അണിഞ്ഞ് അടിയന്തിരമായി എത്തണം എന്നാണ് ഡോക്ടർ ശംഭുവിനോട് ആവശ്യപ്പെട്ടു. സുപ്രണ്ട് ഉടൻ തന്നെ എത്തി. കൊറോണയാണെന്ന് ആദ്യമായി ഡോക്ടർ ആനന്ദും ശംഭുവും കൂടി തിരിച്ചറിഞ്ഞു. ഉടൻ തന്നെ ഡിഎംഒയെയും ഉന്നത മെഡിക്കൽ അധികൃതരെയും വിവരം അറിയിച്ചു.

തുടർന്നുള്ള നിമിഷങ്ങളിൽ കേരളം കൊറോണയിലേക്ക് ഉണർന്നു. അടിയന്തിരമായ പ്രവർത്തനങ്ങളാണ് തുടർന്ന് നടന്നത്. ഡിഎംഒയും ഉന്നത അധികൃതരും കാര്യങ്ങൾ ഏറ്റെടുത്തു. ആരോഗ്യമന്ത്രി ശൈലജ ടീച്ചർ തന്നെ അടിയന്തിര നീക്കങ്ങൾക്ക് നേതൃത്വം നൽകി. ഡോക്ടർ ആനന്ദ് സ്വയം ഐസൊലേഷനിലേക്ക് നീങ്ങി. മുൻ കരുതൽ കാരണം കൊറോണ ഡോക്ടർ ആനന്ദിന് പകർന്നിട്ടില്ലെന്ന് തന്നെയാണ് സൂചനകൾ. ഡോക്ടർ ആനന്ദിന്റെ ശ്രവം പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. അതിന്റെ റിസൾട്ട് അറിഞ്ഞിട്ടില്ല. പക്ഷെ പ്രാഥമിക ലക്ഷങ്ങൾ പ്രകാരം ഡോക്ടർ ആനന്ദിന് കൊറോണ ലക്ഷണങ്ങൾ ഇല്ല. പക്ഷെ ശ്രവ പരിശോധനയുടെ ഫലം വന്നാൽ ഈ കാര്യത്തിൽ വ്യക്തത വരും. ഹോം ക്വാറന്റൈനിൽ തുടരുകയാണ് ഡോക്ടർ ആനന്ദ് ഇപ്പോൾ.

ഡോക്ടർ ആനന്ദിന്റെ കഥ ഇങ്ങനെ:

അമ്മ ഉമ തിരുവല്ല ദേവസ്വം ബോർഡ് സ്‌കൂളിൽ ടീച്ചറായിരുന്നു. അച്ഛൻ സോമശേഖരൻ നായർ വർഷങ്ങൾക്ക് മുൻപ് തന്നെ മരിച്ചു. അതിനു ശേഷം ടീച്ചറായ ഉമയാണ് മൂന്നു മക്കളെയും വളർത്തി വലുതാക്കിയത്. മൂന്നു മക്കളിൽ ഇളയ കുട്ടിയാണ് കേരളത്തെ കൊറോണ ഭീതിയിൽ നിന്നും തടഞ്ഞ മിടുമിടുക്കൻ ഡോക്ടർ ആനന്ദ്. മൂത്ത മകൻ അരവിന്ദ് ബി ടെക് കഴിഞ്ഞു കുടുംബ ബിസിനസ് നോക്കി നടത്തുകയാണ്.

മകൾ ഡെന്റൽ ഡോക്ടറാണ്. മകളുടെ ഭർത്താവും ഡെന്റൽ ഡോക്ടർ തന്നെ. ആനന്ദിന്റെ ഭാര്യ ഡോക്ടർ ഗീതുവും സർക്കാർ സർവീസിൽ തന്നെ ഡോക്ടറാണ്. വൈക്കം താലൂക്ക് ആശുപത്രിയിൽ സ്‌കിൻ സ്‌പെഷ്യലിസ്റ്റാണ് ആനന്ദിന്റെ ഭാര്യ. ഒന്നര വയസുള്ള മാധവനാണ് മകൻ. പിജി വിദ്യാർത്ഥികൾക്കായുള്ള ഇന്റർനാഷണൽ പുസ്തകം ഡോക്ടർ ഗീതു രചിച്ചിട്ടുണ്ട്. 

അമ്മ ഉമ ടീച്ചർ അദ്ധ്യാപികയായ ദേവസ്വം ബോർഡ് സ്‌കൂളിൽ തന്നെയാണ് ആനന്ദ് ഹയർസെക്കണ്ടറി വരെ പഠിച്ചത്. തുടർ വിദ്യാഭാസ്യത്തിനായി ശ്രമം തുടങ്ങിയപ്പോൾ അമ്മ ഉമ കാൻസർ ബാധിതയായി. തിരുവനന്തപുരം ആർസിസിയിൽ ചികിത്സ തേടി. ആനന്ദ് അമ്മയ്ക്ക് ഒപ്പം ആശുപത്രിയിൽ നിന്നു. സർജരിയും കീമോയും ഒക്കെ വേണ്ടി വന്നു. ഇതോടെ ആനന്ദിന്റെ തുടർ പഠനം മുടങ്ങുന്ന അവസ്ഥയായി. ഇതിന്നിടയിൽ മൈസൂരിൽ എംബിബിഎസിന് അഡ്‌മിഷൻ ലഭിച്ചു. കൗൺസിലിങ് അടക്കമുള്ള സമയം ആശുപത്രി ചികിത്സയ്ക്കിടെ അവസാനിച്ചിരുന്നു.

പക്ഷെ ആനന്ദ് ഈ കാര്യത്തിൽ നിശബ്ദനായിരുന്നു. അസുഖം കഴിഞ്ഞു വന്നപ്പോൾ ആനന്ദ് പറഞ്ഞു. ഇനി എഞ്ചിനീയറിങ് നോക്കാം എന്ന് അമ്മയോട് പറഞ്ഞു. ഞാൻ ഈ കട്ടിലിൽ നിന്ന് എഴുന്നെൽക്കുമോ എന്ന് നോക്കട്ടെ...എഴുന്നേറ്റില്ലെങ്കിൽ മോൻ എഞ്ചിനീയറിംഗിന് ചേർന്നോ എന്ന് അമ്മ മറുപടിയും നൽകി. പക്ഷെ അമ്മ ഉമ രോഗക്കിടക്കയിൽ നിന്നും എഴുന്നേൽക്കുക തന്നെ ചെയ്തു. ഇതോടെ ആനന്ദിന്റെ തലവിധിയും മാറിമറിഞ്ഞു. രോഗക്കിടക്കയിൽ നിന്നും എഴുന്നേറ്റ അമ്മ തന്റെ ചികിത്സ കാരണം മകന് നഷ്ടമായ എംബിബിഎസിനുള്ള അഡ്‌മിഷൻ തന്നെ തേടി. പക്ഷെ ഇന്ത്യയിലെ എംബിബിഎസ് അഡ്‌മിഷൻ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് ചൈനയിലെ എംബിബിഎസ് അഡ്‌മിഷൻ തേടിയത്. പക്ഷെ ഒരു വർഷത്തെ ഫീസ് മാത്രമേ ആനന്ദിന് അടയ്‌ക്കേണ്ടി വന്നുള്ളൂ.തുടർന്നുള്ള നാല് വർഷവും സ്‌കോളർഷിപ്പ് വാങ്ങിയാണ് പഠിച്ചത്. കോഴ്‌സിനു ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി കോഴ്‌സ് പാസായത് ആനന്ദാണ്. അമ്മയെയെ ചൈനയിലേക്ക് കൊണ്ട് പോവുകയും ചൈന സ്ഥലങ്ങൾ കാണിക്കുകയും ചെയ്തു. കോഴ്‌സ് കഴിഞ്ഞ ശേഷമാണ് ഓൾ ഇന്ത്യ എൻട്രൻസ് എഴുതി എംഡിക്ക് അംബാല മുല്ലാന മെഡിക്കൽ കോളേജിൽ ആനന്ദ് പ്രവേശനം നേടിയത്.

ഇതിന്നിടെ തന്നെയാണ് പിഎസ് സി വഴി ഡോക്ടർ ആയി നിയമനം ലഭിക്കുന്നത്. മൂന്നു വർഷം മുൻപ് റാന്നിയിലെ താലൂക്ക് ആശുപത്രിയിൽ ജോയിൻ ചെയ്തു. ഇപ്പോഴും തുടരുന്നത് റാന്നി താലൂക്ക് ആശുപത്രിയിൽ തന്നെ. ഈ താലൂക്ക് ആശുപത്രിയിൽ നിന്നാണ് കേരളത്തിലെ കൊറോണ ബാധ ഡോക്ടർ ആനന്ദ് കണ്ടെത്തുന്നത്. കേരളത്തിലെ കൊറോണ തടഞ്ഞത് ചൈനയിലെ വുഹാനിൽ പഠിച്ച ഈ ഡോക്ടറുടെ അസാധാരണമായ നിരീക്ഷണബുദ്ധിയാണ്. ഈ നിരീക്ഷണ ബുദ്ധിയാണ് കൊറോണ കാരണം ചൈനയിൽ നിലനിന്ന അസാധാരണമായ അവസ്ഥയിലേക്കുള്ള കേരളത്തിന്റെ പ്രയാണം തടഞ്ഞത് ഡോക്ടറുടെ ഈ നിരീക്ഷണ ബുദ്ധി തന്നെയാണ്. ഈ ഡോക്ടറോട് കേരളം കടപ്പെട്ടിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP