Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പുലർച്ചെ മൂന്നു വയസുകാരന് വയ്യാതായി; ലൈറ്റിട്ടപ്പോൾ അമ്മ കണ്ടത് മുറിക്കുള്ളിൽ നിന്നും ഇഴഞ്ഞു പോകുന്ന പാമ്പിനെ; പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചത് കണ്ണുകൾ തുറക്കാൻ കഴിയാത്ത നിലയിൽ; ആംബുലൻസിൽ വെച്ച് ആന്റിവെനം നൽകിയും മാനുവലായി വെന്റിലെറ്റർ പ്രവർത്തിപ്പിച്ചും കുട്ടിയെ കോട്ടയം ഐസിഎച്ച്എമ്മിൽ എത്തിച്ചു; സ്വന്തം ആരോഗ്യാവസ്ഥ പരിഗണിക്കാതെ കൂടെ പോയത് ആറാഴ്‌ച്ച ഗർഭിണിയായ ഡോക്ടർ നിഷാന; മൂന്നു വയസുകാരന്റെ ജീവൻ പൊന്നുപോലെ കാത്ത ഡോക്ടർമാർക്ക് എങ്ങും കൈയടി

പുലർച്ചെ മൂന്നു വയസുകാരന് വയ്യാതായി; ലൈറ്റിട്ടപ്പോൾ അമ്മ കണ്ടത് മുറിക്കുള്ളിൽ നിന്നും ഇഴഞ്ഞു പോകുന്ന പാമ്പിനെ; പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചത് കണ്ണുകൾ തുറക്കാൻ കഴിയാത്ത നിലയിൽ; ആംബുലൻസിൽ വെച്ച് ആന്റിവെനം നൽകിയും മാനുവലായി വെന്റിലെറ്റർ പ്രവർത്തിപ്പിച്ചും കുട്ടിയെ കോട്ടയം ഐസിഎച്ച്എമ്മിൽ എത്തിച്ചു; സ്വന്തം ആരോഗ്യാവസ്ഥ പരിഗണിക്കാതെ കൂടെ പോയത് ആറാഴ്‌ച്ച ഗർഭിണിയായ ഡോക്ടർ നിഷാന; മൂന്നു വയസുകാരന്റെ ജീവൻ പൊന്നുപോലെ കാത്ത ഡോക്ടർമാർക്ക് എങ്ങും കൈയടി

എം മനോജ് കുമാർ

പത്തനംതിട്ട: ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റതിനെ തുടർന്ന് ചികിത്സ നൽകുന്നതിൽ വന്ന വീഴ്ചയാണ് ബത്തേരിയിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഷെഹ്ല ഷെറിന്റെ ജീവനെടുത്തത്. ഈ വിദ്യാർത്ഥിനിയുടെ മരണത്തിൽ പൊതുവിദ്യാഭ്യാസവകുപ്പും ആരോഗ്യവകുപ്പും പ്രതിക്കൂട്ടിൽ തുടരുകയുമാണ്. ഷെഹ്ല ഷെറിന്റെ മരണം ആരോഗ്യവകുപ്പിന്റെ യശസ്സിനു ഇടിവ് തട്ടിച്ചപ്പോൾ പത്തനംതിട്ടയിൽ നിന്നും വരുന്ന പാമ്പ് കടിയുടെ മറ്റൊരു വാർത്ത ഇതേ ആരോഗ്യവകുപ്പിന് പൊൻതൂവലായി മാറുകയാണ്. വെന്റിലെറ്റർ സംവിധാനം ഇല്ലാത്ത ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നൽകി ആംബുലൻസിൽ വെച്ച് ആന്റിവെനം നൽകി മാനുവൽ ആയി വെന്റിലെറ്റർ പ്രവർത്തിപ്പിച്ച് കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചാണ് ഒരു കൂട്ടം ഡോക്ടർമാരുടെ സംഘം കുട്ടിയുടെ ജീവൻ കാത്തത്. പാമ്പ് കടിയെ തുടർന്ന് മരണാസന്നനായ കുട്ടിയെ ജീവൻ രക്ഷിച്ചെടുക്കാൻ ഇവർ കൈക്കൊണ്ട തീരുമാനങ്ങളും പ്രവർത്തികളും പ്രശംസകൾക്കപ്പുറത്ത് നിലകൊള്ളുകയും ചെയ്യുന്നു.

അത്യാസന്ന നിലയിലുള്ള ഒരു രോഗിയുടെ ജീവൻ ഡോക്ടർമാർക്ക് എങ്ങിനെയൊക്കെ രക്ഷിക്കാൻ കഴിയും എന്നുള്ള വ്യക്തസന്ദേശമാണ് സ്വന്തം പ്രവർത്തികളിലൂടെ പത്തനംതിട്ട-കോട്ടയം സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ കേരളത്തോടു പറഞ്ഞു തരുന്നത്. വയനാട് ജീവൻ നഷ്ടമായ ഷെഹ്ലയ്ക്കായി എന്തൊക്കെ ചെയ്യാൻ കഴിയുമായിരുന്നു എന്നുള്ള സന്ദേശവും ഈ ജീവൻ രക്ഷാശ്രമങ്ങളിൽ സ്പഷ്ടവുമാണ്. വയനാട് ചെയ്യാത്തത് പത്തനംതിട്ട ചെയ്തപ്പോൾ മൂന്നു വയസുകാരന് ജീവൻ തിരികെ ലഭിച്ച കഥ കൂടിയാണിത്.

വീട്ടിൽ ഉറങ്ങിക്കിടക്കവേ പാമ്പ് കടിയേറ്റതിനെ തുടർന്ന് മരണാസന്നനായ മൂന്നു വയസുകാരനെയാണ് പത്തനംതിട്ട-കോട്ടയം സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ കഠിന പ്രയത്നം നടത്തി രക്ഷിച്ചെടുത്തത്. പത്തനംതിട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടർ രജീഷ്, ഡോക്ടർ നിഷാന, ആർഎംഒ ഡോക്ടർ ആഷിഷ്, കോട്ടയം ഐസിഎച്ച്എമ്മിലെ ആർഎംഒ ഡോക്ടർ ജയപ്രകാശ് എന്നിവരാണ് കുട്ടിയുടെ ജീവൻ രക്ഷിച്ച തിളക്കത്തിൽ നിലകൊള്ളുന്നത്. പുലർച്ചെ പാമ്പ് കടിയേറ്റ് ജീവൻ നഷ്ടമാകാവുന്ന അവസ്ഥയിലുള്ള മൂന്നു വയസുകാരനാണ് ഉറക്കം പോലും വെടിഞ്ഞുള്ള ഇവരുടെ അക്ഷീണം പ്രയത്നത്തിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിയത്. ആറാഴ്ച ഗർഭിണിയായിരിക്കെ, യാത്രകൾക്ക് വിലക്കുള്ള സമയത്ത് ഇതൊന്നും ശ്രദ്ധിക്കാതെ പുലർച്ചെ പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽ നിന്ന് കുട്ടിയുടെ ജീവനുമായി അറുപത് കിലോമീറ്റർ അകലെയുള്ള കോട്ടയത്തെ ഐസിഎച്ച്എമ്മിലേക്ക്‌ ആംബുലൻസിൽ കുതിച്ച ഡോക്ടർ നിഷാനയുടെ പ്രവർത്തി ഈ രക്ഷാശ്രമത്തിൽ വേറിട്ട് നിൽക്കുകയും ചെയ്യുന്നു.

പത്തനംതിട്ട ഓമല്ലൂർ സ്വദേശിയായ രാജേഷ്-ഇന്ദിര ദമ്പതികളുടെ ഇളയകുട്ടി കൃഷ്ണ ചന്ദിനാണ് വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോൾ പാമ്പ് കടിയേൽക്കുന്നത്. പ്രമേഹത്തെ തുടർന്ന് അന്ധത ബാധിച്ചയാളാണ് രാജേഷ്. ലോട്ടറി തൊഴിലാണ് രാജേഷിന്റെത്. പുലർച്ചെ വീട്ടിനുള്ളിൽ വച്ചാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. മച്ചൊക്കെക്കെയുള്ള വീടാണിത്. കുട്ടിക്ക് പുലർച്ചെ വയ്യാതെയായി. എന്താണ് എന്ന് ആർക്കും മനസിലായില്ല. മാതാപിതാക്കൾ എഴുന്നേറ്റ് ലൈറ്റിട്ടപ്പോൾ പാമ്പ് ഇഴഞ്ഞു പോകുന്നത് കണ്ടു. ഇതോടെ അയൽവാസിയെ വിളിച്ച് പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നാലേ മുക്കാലോടെയാണ് ഇവർ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നത്. ജീവിതത്തിനും മരണത്തിനും ഇടയിലായിരുന്നു പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോൾ കുട്ടിയുടെ അവസ്ഥ. പുലർച്ചെ മൂന്നു മണിയോടെ പാമ്പ് കടിയേറ്റിട്ടും നാലെ മുക്കാലോടെയാണ് ഇവർ പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽ കുട്ടിയെ എത്തിക്കുന്നത്.

അതി ഗുരുതരമായ അവസ്ഥയിലായിരുന്നു കുട്ടി. കണ്ണുകൾ തുറക്കാൻ കഴിഞ്ഞിരുന്നില്ല. ശ്വാസം എടുക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. വെന്റിലേറ്റർ ഇല്ലാത്ത ആശുപത്രികൂടിയാണിത്. സിപിആർ ഇവർ കുട്ടിക്ക് ആദ്യം തന്നെ തുടർച്ചയായി നൽകിക്കൊണ്ടിരുന്നു. വേന്റിലെറ്റർ ഇല്ലാത്തതിനാൽ ആന്റിവെനം എങ്ങിനെ കൊടുക്കും എന്നും ചോദ്യം ഉയർന്നു, എന്ത് ചെയ്തും കുട്ടിയുടെ ജീവൻകാക്കാം എന്ന തീരുമാനത്തിൽ തന്നെ ഡോക്ടർമാർ എത്തി. സിപിആർ തുടരെ നൽകി. കുട്ടിയെ ആംബുലൻസിലേക്ക് മാറ്റി. കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ കൊട്ടിയം എൻഎസ്എസ് കോളേജിലെ കെമിസ്ട്രി പ്രൊഫസർ പ്രകാശ് ചന്ദ്രൻ ഇവരോട് തുടരെ തുടരെ കമ്മ്യൂണിക്കേറ്റ് ചെയ്തു കൊണ്ടിരുന്നു. കുട്ടിക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഡോക്ടർ ജയപ്രകാശ് കോട്ടയം മെഡിക്കൽ കോളേജിൽ തയ്യാറാക്കി നിർത്തി. നാല്പത്തിയെട്ട് മണിക്കൂർ കഴിഞ്ഞു മാത്രം എന്തെങ്കിലും പറയാൻ കഴിയുന്ന അവസ്ഥയായിരുന്നു കോട്ടയത്ത് എത്തുമ്പോൾ കുട്ടിയുടെത്. എന്നാൽ ആദ്യഘട്ട ചികിത്സ നൂറു ശതമാനം ശരിയായതിനാൽ ഇരുപത്തിനാല് മണിക്കൂർ കൊണ്ട് കൃഷ്ണ ചന്ദ് ഗുരുതരനില തരണം ചെയ്തു.

കുട്ടി ജീവിതത്തിലേക്ക് തിരികെ വന്നപ്പോൾ പ്രൊഫസർ പ്രകാശ് ചന്ദ്രൻ നന്ദി സൂചകമായി ആരോഗ്യമന്ത്രിക്ക് ഇമെയിൽ നൽകി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം ആർഎംഒ ഡോക്ടർ ആഷിഷിന്റെ നേതൃത്വത്തിൽ കുട്ടിയെ വീട്ടിൽ പോയി സന്ദർശിക്കുകയും ചെയ്തു. ഒരു രോഗി സുഖം പ്രാപിച്ചാൽ പിന്നെ ആ രോഗിയെ തിരക്കാത്ത ഡോക്ടർമാർ തന്നെയാണ് കുട്ടി തിരികെ എത്തിയപ്പോൾ ഇവരുടെ ഓമല്ലൂരെ വീട്ടിൽ പോയി കണ്ടത്. എത്രത്തോളം ഗുരുതര നിലയിലുള്ള കുട്ടിയെയാണ് തങ്ങൾ രക്ഷിച്ചെടുത്തത് എന്ന ബോധം ഉള്ളതിനാലാണ് ഡോക്ടർ സംഘം കുട്ടിയെ വീട്ടിൽ പോയി സന്ദർശിച്ചത്. ഇതും ആതുര ശുശ്രൂഷ രംഗത്തെ വേറിട്ട ചരിത്രമാവുകയും ചെയ്യുന്നു. ആറാഴ്ച ഗർഭിണിയായിരിക്കെ യാത്രയ്ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിരിക്കെ ആംബുലൻസിൽ കുട്ടിയുമായി പറന്ന ഡോക്ടർ നിഷാനയുടെ പ്രതികരണം ഇങ്ങനെ:

ഉള്ളിലുണ്ടായിരുന്നത് ശ്വാസം നിലച്ച കുട്ടിയുടെ ജീവൻ രക്ഷിക്കുക എന്ന ചിന്ത മാത്രം: ഡോക്ടർ നിഷാന

പുലർച്ചെ നാലേമുക്കാലോടെയാണ് ഒപ്പമുള്ളവർ കൃഷ്ണചന്ദുമായി ആശുപത്രിയിൽ എത്തുന്നത്. അത്യാഹിത വിഭാഗത്തിലെ ഡോക്ടർ രജീഷാണ് കുട്ടിയെ പരിശോധിക്കുന്നത്. ഞാൻ വാർഡ് ഡ്യൂട്ടിയിലായിരുന്നു. ഡോക്ടർ എന്നെ സഹായത്തിനു വിളിക്കുകയായിരുന്നു. കുട്ടിയെ ഞങ്ങൾ കഴിയുന്ന രീതിയിൽ വെന്റിലെറ്റ് ചെയ്തു. വെന്റിലേറ്റർ ഇല്ലാത്ത ആശുപത്രിയാണ്. ആന്റി സ്നേക്ക് വെനം കൊടുക്കണമെങ്കിൽ ഒരു ഡോക്ടർ കൂടി ഒപ്പം വേണം. അതിനാണ് ഞാൻ ഡോക്ടറെ സഹായിക്കാൻ ഒപ്പം നിന്നത്. ഒരു സ്റ്റാഫ് നഴ്സ്‌കൂടി ഒപ്പമുണ്ടായിരുന്നു. കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. വിഷം കുട്ടിയുടെ ഞരമ്പിനെ ബാധിച്ചിരുന്നു. മോശം അവസ്ഥയിലായിരുന്നു. റെസ്പിറെറ്ററി ഫെയിലിയർ എന്ന അവസ്ഥയിലായിരുന്നു കുട്ടി. അതിനാലാണ് കൃത്രിമ ശ്വാസോച്ഛ്വാസം ഞങ്ങൾ നല്കിക്കൊണ്ടിരുന്നത്.

വെന്റിലെറ്റർ ഇല്ലാത്തതിനാൽ കോട്ടയം വരെ ഞങ്ങൾ മാനുവൽ ആയി ഇത് നൽകിക്കൊണ്ടിരുന്നു. ശ്വാസം എടുക്കാൻ കുട്ടിക്ക് കഴിയുന്ന അവസ്ഥയായിരുന്നില്ല. കുട്ടി ശ്വാസവും എടുക്കുന്നുണ്ടായിരുന്നില്ല. കണ്ണുകൾ അടഞ്ഞിരുന്നു. ഓക്സിജന്റെ അളവ് ശരീരത്തിൽ കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ആദ്യം ഞങ്ങൾ സിപിആർ കൊടുത്തുകൊണ്ടിരുന്നു. കുട്ടിയുടെ ശ്വാസകോശത്തിനകത്തേക്ക് ട്യൂബിട്ടു. വെന്റിലെറ്റർ ഇല്ലാത്തതിനാൽ അടിയന്തരഘട്ടങ്ങളിൽ കൃത്രിമശ്വാസം നൽകാനുള്ള ആംബു ബാഗ് കണക്ട് ചെയ്തു. കുട്ടിയെ ആംബുലൻസിൽ കയറ്റി. മാനുവൽ ആയി ഞെക്കിയാണ് ഞങ്ങൾ ഈ സംവിധാനം പ്രവർത്തിപ്പിച്ചത്. ആംബുലൻസിൽവച്ചാണ് ഞങ്ങൾ ആന്റിവെനം നൽകുന്നത്. റിയാക്ഷൻ ഉണ്ടോന്നു ഞങ്ങൾ പരിശോധിച്ചും കൊണ്ടിരുന്നു.

ആന്റിവെനം നൽകിയപ്പോൾ വേറെ റിയാക്ഷൻ ഒന്നും വന്നില്ല. കുട്ടി അനങ്ങാൻ തുടങ്ങിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് എത്തിയപ്പോൾ ഉടൻ ഞങ്ങൾ കുട്ടിയെ അവിടുത്തെ വെന്റിലെറ്റർ സംവിധാനത്തിലേക്ക് മാറ്റി. രണ്ടു ദിവസം കുട്ടിയുടെ നില ആശങ്കാജനകമായിരുന്നു. പക്ഷെ കുട്ടി പതുക്കെ പതുക്കെ റിക്കവറി ചെയ്തുകൊണ്ടിരുന്നു. ഞാൻ ഗർഭിണിയാണെന്ന് അപ്പോൾ ചിന്തിച്ചതേയില്ല. അറുപതു കിലോമീറ്റർ കോട്ടയത്തേക്ക് സഞ്ചരിക്കണം എന്നും ഞാൻ ആലോചിച്ചില്ല. അപ്പോൾ മനസിലുണ്ടായ ചിന്ത എങ്ങിനെയെങ്കിലും കുട്ടിയെ രക്ഷിക്കുക എന്നതായിരുന്നു. കുട്ടി രക്ഷപ്പെട്ടപ്പോൾ വലിയ ആശ്വാസവും തോന്നി. കുട്ടിയെ അതിനു ശേഷം ഞാൻ കണ്ടതേയില്ല. ആർഎംഒ അടക്കമുള്ളവ ഡോക്ടർമാരുടെ സംഘം പിന്നീട് ഈ കുട്ടിയെ വീട്ടിൽ പോയി കണ്ടു. ആദ്യഘട്ട ചികിത്സ നൂറു ശതമാനം വിജയപ്രഥമായിരുന്നു എന്ന് കോട്ടയം ഐഎംസിഎച്ചിലെ ഡോക്ടർമാർ എന്നോടു പറഞ്ഞു. വിഷം കുട്ടിയുടെ ഞരമ്പുകളെ ബാധിച്ചതിനാൽ കുട്ടിക്ക് ശ്വാസം എടുക്കാൻ കഴിയുന്നില്ല. ഇതിനാണ് വെന്റിലെറ്റർ സഹായം കുട്ടിക്ക് നൽകുന്നത്. ആന്റിവെനം കൊടുക്കുമ്പോൾ ചിലപ്പോൾ അതിനെ റിയാക്ഷൻ ആയി കുട്ടിയുടെ ശ്വാസം നിലയ്ക്കാൻ സാധ്യതയുണ്ട്. അതിനാണ് കുട്ടിക്ക് വെന്റിലെറ്റർ സഹായം ആവശ്യമായി വരുന്നത്. അതിനാണ് വെന്റിലെറ്റർ ഘടിപ്പിക്കുന്നത്. ഞങ്ങൾ വെന്റിലെറ്റർ ഇട്ടത് കുട്ടിയിൽ പാമ്പിൻ വിഷം പ്രവർത്തിച്ചത് കാരണം ശ്വാസം എടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ശ്വാസം എടുക്കാൻ കഴിയുന്ന ഞരമ്പുകളെ വിഷം ബാധിച്ചിരുന്നു. അതിനാലാണ് വെന്റിലെറ്റർ സഹായം മാനുവൽ ആയി ഞങ്ങൾ നൽകിക്കൊണ്ടിരുന്നത്-നിഷാന പറയുന്നു.

പ്രൊഫസർ പ്രകാശ് ചന്ദ്രൻ ആരോഗ്യമന്ത്രിക്ക് നൽകിയ കത്ത്:

ബഹു. ഷൈലജ ടീച്ചർ,

പത്തനംതിട്ടയ്ക്കടുത്തു ഓമല്ലൂർ എന്ന ഗ്രാമത്തിൽ ഒരു വാടകവീട്ടിൽ കഴിയുന്ന രാജേഷ് എന്ന അന്ധനായ ലോട്ടറി വിൽപ്പനകാരന്റെ കൃഷ്ണചന്ദ് എന്ന 3 വയസ്സുകാരന് ഇക്കഴിഞ്ഞ വിജയദശമി നാളിൽ പുലർച്ചെ 3മണിക്ക് വീട്ടിലെ കിടക്കയിൽ വച്ചു പാമ്പുകടിയേറ്റു. വിഷം നാഡി വ്യൂഹത്തെ ബാധിച്ചതിനാൽ ശരീരം പൂർണമായും തളർന്ന കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ നില വഷളായ തിനാൽ കുട്ടിയെ ഉടനെ കോട്ടയം മെഡി. കോളേജിലേക്ക് കൊണ്ടുപോകേണ്ടി വന്നു. അവിടെയെത്തിച്ച കുട്ടി അത്യാസന്ന നിലയിലായിരുന്നെങ്കിലും ventilator സഹായത്തോടെ ഏതാണ്ട് 48 മണിക്കൂർ നീണ്ട കഠിന പ്രയത്നത്തി ന് ശേഷം ആർഎംഒ ഡോക്ടർ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരികയായിരുന്നു. ഇന്ന് സംഭവത്തിന് രണ്ടാഴ്ചകൾക്കു ശേഷം കൃഷ്ണചന്ദ് ആരോഗ്യം വീണ്ടെടുത്തു സാധാരണ നിലയിൽ എത്തി കഴിഞ്ഞിരിക്കുന്നു...

നിർധനരും നിരാലംബരുമായ ആയിരക്കണക്കിന് രോഗികൾക്കു ആശ്രയമായ, താങ്കളുടെ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന, നിരവധി ആതുരാലയങ്ങളിൽ ദിനം പ്രതി നൂറുകണക്കിന് കൃഷ്ണചന്ദ്രന്മാർ ഇതു പോലെ സുഖം പ്രാപിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. എന്നാൽ ഈ കുട്ടിയുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിൽ ഡോക്ടർ ജയപ്രകാശി നൊപ്പം അഭിനന്ദമർഹിക്കുന്ന മറ്റു ചില വ്യക്തികൾ കൂടിയുണ്ട്. അതിൽ പ്രധാനി, ഒരു പക്ഷെ, തന്റെ വയറ്റിലുള്ള ആറാഴ്‌ച്ച മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ പോലും പണയം വച്ചു കൊണ്ട് അതി ദുർഘടമായ 2 മണിക്കൂർ ആംബുലൻസ് യാത്രയിൽ കൃഷ്ണചന്ദിന് കൃത്രിമ ശ്വാസോച്ഛ്വാസവും മറ്റു പ്രാഥമിക ചികിത്സയും നൽകി അവനെ അനുഗമിച്ച പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർ നിഷാനയാണ്. അവരുടെ അവസരോചിതമായ ഇടപെടലുകൾ ഇല്ലായിരുന്നെങ്കിൽ ആ കുട്ടി ജീവനോടെ കോട്ടയം ഐസിഎച്ചിൽ ൽ എത്തുമായിരുന്നില്ലെന്നു ഡോക്ടർ ജയപ്രകാശ് തന്നെ സാക്ഷ്യപ്പെടുത്തുകയുണ്ടായി.

ഗർഭത്തിന്റെ ആദ്യമാസങ്ങളിൽ ഇതുപോലെയുള്ള യാത്രകൾ എത്രത്തോളം അപകടകരമാണെന്ന് അറിയുന്ന ഒരു ഡോക്ടർ തന്നെ ഇതാരമൊരു സാഹസത്തിനു മുതിർന്ന സംഭവങ്ങൾ നമ്മുടെയിടയിൽ അധികം കാണാനിടയില്ല... പിന്നീട്, സുഖംപ്രാപിച്ചു തിരികെ എത്തിയ കൃഷ്ണചന്ദിനെ കാണുവാൻ പത്തനം തിട്ട ജനറൽ ആശുപത്രിയിലെ ആർഎംഒ ഡോക്ടർ ആഷിഷിന്റെ മെഡിക്കൽ സംഘം അവന്റെ ഇടിഞ്ഞു പൊളിഞ്ഞ വാടക വീട്ടിൽ എത്തിയതും ആ നാട്ടുകാർക്ക് പുതുമായായി. നിസ്വാർഥ സേവനത്തിന്റെ ഉത്തമ നിദാനങ്ങളായ ഈ ഒരു പറ്റം ഉദ്യോഗസ്ഥരുടെ തികച്ചും അനുകരണീയമായ പ്രവർത്തങ്ങൾ താങ്കളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ വേണ്ടിയാണ് ഈ കത്തെഴുത്തുന്നത്. ഒപ്പം, കൃഷ്ണചന്ദിന്റെ അന്ധനായ അച്ഛന് വേണ്ടി താങ്കൾക്കുള്ള നന്ദി അറിയിക്കുവാനുള്ള ചുമതല, അയാളുടെ സുഹൃത്തുക്കളായ ഞങ്ങൾ സസന്തോഷം ഏറ്റെടുക്കുകയുമായിരുന്നു.. ഇനി മേലിലും നമ്മുടെ പൊതു സമൂഹത്തിൽ ഇതുപോലെ നന്മയുടെ വിത്തുകൾ വിതയ്ക്കുവാൻ താങ്കളുടെ വകുപ്പിന് കഴിയുമാറാകട്ടെ എന്നു ആശംസിച്ചുകൊണ്ട്,

സവിനയം,

പ്രകാശ് ചന്ദ്രൻ R.

രാജേഷ് കുമാർ V.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP