Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാരുണ്യയുടെ കാശ് കാൻസർ രോഗികൾക്കു കിട്ടുന്നുണ്ടോ? കഴിഞ്ഞ വർഷത്തെ അയ്യായിരം കോടിക്കു കണക്കില്ലാതെ ലോട്ടറി വകുപ്പ്; കാരുണ്യയുടെ 32 കോടി ചെലവഴിക്കാതെ സർക്കാർ; ലോട്ടറിയടിച്ചിട്ടും സമ്മാനം കിട്ടാതെ 16 കേസുകൾ

കാരുണ്യയുടെ കാശ് കാൻസർ രോഗികൾക്കു കിട്ടുന്നുണ്ടോ? കഴിഞ്ഞ വർഷത്തെ അയ്യായിരം കോടിക്കു കണക്കില്ലാതെ ലോട്ടറി വകുപ്പ്; കാരുണ്യയുടെ 32 കോടി ചെലവഴിക്കാതെ സർക്കാർ; ലോട്ടറിയടിച്ചിട്ടും സമ്മാനം കിട്ടാതെ 16 കേസുകൾ

പാലക്കാട്: പാവപ്പെട്ട കാൻസർ രോഗികൾക്കായി എന്നു കൊട്ടിഘോഷിച്ചു വിറ്റു വരുന്ന കാരുണ്യ ലോട്ടറിയിൽനിന്നു സമാഹരിക്കുന്ന നൂറു കണക്കിനു കോടി രൂപ എവിടെ പോകുന്നുവെന്നതിനു ലോട്ടറി വകുപ്പിനു കൃത്യമായ കണക്കില്ല. കാരുണ്യ മാത്രമല്ല സംസ്ഥാനത്തെ ലോട്ടറി വില്പനയിലൂടെ നേടിയ ആയിരക്കണക്കിനു രൂപ എവിടെയാണെന്നതു സംബന്ധിച്ചു വ്യക്തതയില്ല. ലോട്ടറി വിൽപ്പനയിലൂടെ കഴിഞ്ഞ വർഷം സമാഹരിച്ചത് 5000 കോടിയോളം രൂപയാണ്. 2013 ൽ ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ ലോട്ടറി വിൽപ്പനയിൽ സമാഹരിച്ച 3528.94 കോടിയെക്കാൾ ആയിരം കോടിയിലധികം രൂപയുടെ വർദ്ധന. പക്ഷേ ലോട്ടറി വിൽപ്പനയിലൂടെ ലഭിച്ച ഈ തുക എന്തിനായി വിനിയോഗിച്ചു എന്നു വിവരാവകാശനിയമപ്രകാരം ചോദിച്ചാൽ ലോട്ടറി വകുപ്പിന് ഉത്തരമില്ല. പണം സർക്കാർ കൊണ്ടുപോയി, കൊണ്ടു പോയവരോടൂ ചോദിക്കൂ എന്നുത്തരം തരൂം.

കെ.എസ്.ആർ.ടി.സിയെ പോലുള്ള വകുപ്പുകൾ പണമില്ലാതെ വലയുമ്പോൾ സംസ്ഥാന ലോട്ടറി വകുപ്പിനു കോടികളുടെ ലാഭക്കണക്കാണുള്ളത്. നിത്യേന ഇറങ്ങുന്ന ടിക്കറ്റുകളിൽനിന്നും വൻ ലാഭമാണ് ഉണ്ടാക്കുന്നത്. ഞായറാഴ്‌ച്ച പുറത്തിറങ്ങുന്ന പൗർണമി ടിക്കറ്റുകൾ 56 ലക്ഷമാണ് അച്ചടിക്കുന്നത്. 18,81,600 രൂപ അച്ചടിക്കൂലി വരുന്ന ഈ ടിക്കറ്റിന് എല്ലാ ചെലവും കഴിച്ച് 2.83 കോടി രൂപയാണ് ലാഭം്. 30 ലക്ഷം ടിക്കറ്റായി ഏറ്റവും കുറവ് അടിക്കുന്ന ധനശ്രീ ടിക്കറ്റും 1.84 കോടി രൂപ ലാഭം ഉണ്ടാക്കുന്നുണ്ട്. എന്നാൽ 30 ലക്ഷം ടിക്കറ്റ് അടിക്കുന്ന ശനിയാഴ്‌ച്ചയിലെ കാരുണ്യ നേടുന്ന ലാഭം 3.23 കോടിയോളം രൂപയാണ്. ഓരോ നറുക്കെടുപ്പിലും കാരുണ്യ ശരാശരി ഉണ്ടാക്കുന്ന ലാഭം രണ്ടു കോടിക്കും നാലു കോടിക്കും ഇടയിലാണ്. ഓരോ ടിക്കറ്റിനും 16 മുതൽ 22 വരെ ശതമാനം ലാഭം.

തിങ്കളാഴ്‌ച്ചയിറക്കുന്ന വിൻവിൻ ടിക്കറ്റ് 1,88,11,600 രൂപ അച്ചടിക്കൂലി നൽകി 56 ലക്ഷമാണ് അടിക്കുന്നത്. ഇതിൽനിന്നു ലഭിക്കുന്ന ലാഭം 2.72 കോടി രൂപയാണ്. അക്ഷയ ടിക്കറ്റ് 56 ലക്ഷം ടിക്കറ്റ് അടിച്ചിറക്കി 2.76 കോടി രൂപയാണ് ലാഭം ഉണ്ടാക്കുന്നത്. വ്യാഴാഴ്‌ച്ചയിലെ കാരുണ്യ പ്ലസ് 30 ലക്ഷം ടിക്കറ്റ് ഇറക്കി 3.07 കോടി രൂപ ലാഭം ഉണ്ടാക്കുന്നുണ്ട്. വെള്ളിയാഴ്‌ച്ചയിലെ ഭാഗ്യനിധി 56 ലക്ഷം അടിച്ച് 2.65 കോടി രൂപ ലാഭം ഉണ്ടാക്കുന്നുണ്ട്. എല്ലാ ടിക്കറ്റുകളും 16 മുതൽ 22 ശതമാനം വരെ ലാഭം നേടുന്നുണ്ട്.

മാസം ശരാശി 400 കോടി രൂപയോളം ലോട്ടറി വകുപ്പിന് ലഭിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കുന്നത് കാരുണ്യ ലോട്ടറിയാണ്. പൂജ ബമ്പർ, തിരുവോണ ബമ്പർ തുടങ്ങിയ സീസൺ ടിക്കറ്റുകളിലൂടെ കഴിഞ്ഞ വർഷം ജനുവരി മുതൽ ഓക്ടോബർ വരെയുള്ള കാലയളവിൽ മാത്രം 234.19 കോടി രൂപയാണ് ലാഭം നേടിയത്. ഇത് 2013ൽ 226.94 കോടി രൂപയാണ്.

എന്നാൽ ഇത്രയധികം വരുമാനം ലോട്ടറി വകുപ്പ് നേടിയിട്ടും ടിക്കറ്റ് വിൽപ്പന നടത്തുന്ന ഏജന്റുമാർക്കോ വാങ്ങുന്നവർക്കോ, സർക്കാർ തലത്തിൽ തന്നെ പണമില്ലാത്തതിന്റെ പേരിൽ പ്രതിസന്ധിയിലായ വകുപ്പുകൾക്കോ ഇതു ലഭിക്കുന്നില്ലെതാണ് വാസ്തവം. ലാഭത്തിന്റെ മുക്കാൽ ഭാഗവും ലോട്ടറി വകുപ്പ് തന്നെ കയ്യിൽ വയ്ക്കുന്ന അവസ്ഥ. വിൽപ്പനയിൽ ലഭിക്കുന്നതിന്റെ അല്ലെങ്കിൽ ലാഭത്തിന്റെ അമ്പതു ശതമാനമെങ്കിലും സമ്മാനമായി തിരികെ നൽകണമെന്നത് സംസ്ഥാനത്തെ ലോട്ടറി ഏജന്റുമാരുടെ ദീർഘകാലത്തെ ആവശ്യമാണ്. അവസാന നാലക്കനമ്പറിന് സമ്മാനം നൽകുന്ന രീതിയാണ് നിലവിലുള്ളത്. ഇതു സമ്മാനത്തിന്റെ എണ്ണം കുറയ്ക്കുകയാണ് ചെയ്തത്.

പത്ത് ടിക്കറ്റ് ഒരുമിച്ച് വാങ്ങുന്ന ഒരാൾക്ക് അതിൽ ഒരു ടിക്കറ്റിൽ പോലും സമ്മാനം ലഭിക്കുമെന്ന് ഉറപ്പില്ല. ഇതു ചൂതാട്ടത്തിനു തുല്യമായ ഒരവസ്ഥയാണ്. 1998 ലെ ഭാഗ്യക്കുറി (നിയന്ത്രണ) നിയമത്തിന്റേയും 2010 ലെ ഭാഗ്യക്കുറി (നിയന്ത്രണ) ചട്ടത്തിന്റേയും വ്യവസ്ഥകൾ ലംഘിക്കുന്ന അനധിക്യത നിയമവിരുദ്ധ ലോട്ടറികളെ ചൂതാട്ടത്തിന്റെ പരിധിയിൽ പെടുത്തി സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്.
എന്നാൽ കേരള സംസ്ഥാന ഭാഗ്യക്കുറികൾ ചട്ടങ്ങളും നിയമങ്ങളും കർശനമായി പാലിക്കുന്നതിനാലും ഭാഗ്യക്കുറിയിൽ നിന്നുള്ള വരുമാനം ജനോപകാരപ്രദമായും കാരുണ്യ സമാശ്വാസ പദ്ധതി പോലുള്ളവയിൽ വിനിയോഗിക്കുന്നതിനാലും ചൂതാട്ടത്തിന്റെ പരിധിയിൽ വരുന്നില്ലെന്നതാണ് വിശദീകരണം.

എന്നാൽ കാരുണ്യ സമാശ്വാസ പദ്ധതിയിൽ നൽകേണ്ട 32 കോടിയോളം രൂപ ചെലവഴിക്കാതെ ലോട്ടറി വകുപ്പിന്റെ കൈവശമുണ്ട്. ഈ തുക ഒരാൾക്ക് ഒരു ലക്ഷം വച്ചു നൽകിയാലും 3200 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കാരുണ്യ ചികിൽസാ ഫണ്ട് കാത്തിരിക്കുന്ന നിരവധി രോഗികൾ സംസ്ഥാനത്തുണ്ട്. അതേസമയം, കാരുണ്യ ചികിത്സാ സഹായമായി നാളിതുവരെ 416 കോടി രൂപ ചെലവാക്കിയതായി ലോട്ടറി വകുപ്പ് പറയുന്നുണ്ടെങ്കിലും അതിനും ക്യത്യമായ കണക്കുകൾ ഇല്ല. തമിഴ്‌നാട്ടിലും മറ്റും സാധാരണക്കാരും തൊഴിലാളികളും പണം മുഴുവൻ ലോട്ടറി ടിക്കറ്റിൽ മുടക്കി കുടുംബങ്ങൾ പട്ടിണിയാവുന്ന അവസ്ഥ വന്നപ്പോഴാണ് അവിടത്തെ സർക്കാർ വർഷങ്ങൾക്ക് മുമ്പ് തന്നെ അവിടെ ലോട്ടറി നിരോധിച്ചത്. ലോട്ടറി വിൽപ്പന കൂടുതൽ സജീവമായതോടെ കേരളത്തിലും ഇതിനു സമാനമായ അവസ്ഥയാണുള്ളത്.

രണ്ടു വർഷത്തിനുള്ളിൽ, സമ്മാനം അടിച്ചിട്ടും ടിക്കറ്റ് ഹാജരാക്കി സമ്മാനം വാങ്ങാത്ത നിരവധി പേരുണ്ട്. ലോട്ടറി അടിച്ച വിവരം അറിയാഞ്ഞിട്ടാവും. ഇവരുടെ ക്യത്യമായ കണക്കും ലോട്ടറി വകുപ്പിന്റെ കയ്യിൽ ഇല്ല. സമ്മാനം അടിച്ചിട്ടും തുക ലഭിക്കാത്ത 16 പേർ ലോട്ടറി വകുപ്പിനെതിരെ കേസുകൾ നൽകിയിട്ടുണ്ട്. ലോട്ടറി ടിക്കറ്റിൽ നിരവധി സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടെന്നാണ് അവകാശവാദമെങ്കിലും കാര്യത്തോട് അടുക്കുമ്പോ്ൾ മാത്രമേ സംഗതി മനസ്സിലാകു. വ്യാജ ലോട്ടറി ടിക്കറ്റ് ഹാജരാക്കി നിരവധി പേർ സമ്മാനം അടിച്ചു മാറ്റുന്ന സംഭവങ്ങൾ അടുത്ത കാലത്ത് ഉണ്ടാകുന്നുണ്ട്. നമ്പർ തിരുത്തി പോലും സമ്മാനം അടിച്ചു മാറ്റുന്ന സംഭവങ്ങളുണ്ട്. ഏജന്റുമാരോ വിൽപ്പനക്കാരോ ആണ് ഇങ്ങിനെ വ്യാജടിക്കറ്റുകൾക്ക് സമ്മാനം അറിയാതെ കൊടുക്കുന്നതെന്നും തങ്ങൾക്ക് ഉത്തരവാദിത്തം ഇല്ലെന്നും വകുപ്പിന് വിശദീകരണം ഉണ്ടെങ്കിലും ഒരെ നമ്പറുള്ള രണ്ടു ടിക്കറ്റ് വന്നപ്പോൾ ഏതിനു സമ്മാനം കൊടുക്കുമെന്നറിയാതെ കേസിലേക്ക് പോയ സംഭവങ്ങളുണ്ട്. നിലവിൽ സംസ്ഥാന ഭാഗ്യക്കുറികൾ അടിക്കുന്നത് എറണാകുളം കെ.ബി.പി.എസ്, തിരുവനന്തപുരം കേപ്റ്റ്് പ്രസ്സുകളിലാണ്. സർക്കാർ നിഷ്‌ക്കർഷിച്ചിരിക്കുന്ന വ്യവസ്ഥകൾ പാലിച്ചാണ് ഇവിടെ ടിക്കറ്റുകൾ അടിക്കുന്നത്.

ജനങ്ങളിൽനിന്നും മാസം തോറും ശരാശരി 400 കോടി രൂപയാണ് ലോട്ടറിയുടെ പേരിൽ സർക്കാറിലേക്ക് എത്തുന്നത്. വികസന പ്രവർത്തനങ്ങൾക്കോ കാരുണ്യപ്രവർത്തനങ്ങൾക്കോ വിനിയോഗിക്കേണ്ട തുക ശമ്പളം കൊടുക്കാനും മറ്റു കടങ്ങൾ വീട്ടാനുമാണ് ചെലവഴിക്കുന്നത്. ഒരു ലഹരി പോലെ ലോട്ടറിയിൽ കുടുങ്ങി ജീവിതം തകരുന്ന നാടായി കേരളം മാറിക്കൊണ്ടിരിക്കുന്നുണ്ട്. ജനക്ഷേമകരമായ പ്രവർത്തനങ്ങളും, കാരുണ്യ പ്രവർത്തനങ്ങളും ഈ വരുമാനമുപയോഗിച്ചു നടത്തും എന്ന നിബന്ധനയിലാണ് സംസ്ഥാന ലോട്ടറി ചൂതാട്ടത്തിന്റെ പരിധിയിൽ വരാത്തത്. എന്നാൽ കണക്കുകൾ പരിശോധിച്ചാൽ ഇതു ലംഘിക്കപ്പെട്ടതായി മനസ്സിലാക്കാം. ആകെ 502 സ്ഥിരം ജീവനക്കാരുള്ള ലോട്ടറി വകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം ശമ്പളം കൊടുത്ത വകയിൽ 13,54,80,315 രൂപ ചെലവാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP