Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

എന്റെ കുഞ്ഞിന് ഉണ്ടായതുപോലെ ഒരു ദുരന്തം ഇനി ആർക്കും ഉണ്ടാകരുത്; കളിയെ കളിയായി തന്നെ എടുക്കണം; അതും ജീവിതവുമായി ഒരു ബന്ധവുമില്ലെന്ന് എല്ലാവരും മനസ്സിലാക്കണം; സിനിമ കണ്ട് മോഹൻലാൽ അടിക്കുന്നതുപോലെ അടിക്കാൻ എല്ലാവരും നടന്നാൽ എന്താവും സ്ഥിതി? ഇഷ്ടദൈവത്തെ പോലെ ആരാധിച്ച മെസ്സിയെന്ന ഫുട്ബോൾ മിശിഹയുടെ തോൽവിയിൽ മനംനൊന്ത് ജീവനൊടുക്കിയ ദിനുവിന്റെ അച്ഛന് പറയാനുള്ളത്

എന്റെ കുഞ്ഞിന് ഉണ്ടായതുപോലെ ഒരു ദുരന്തം ഇനി ആർക്കും ഉണ്ടാകരുത്; കളിയെ കളിയായി തന്നെ എടുക്കണം; അതും ജീവിതവുമായി ഒരു ബന്ധവുമില്ലെന്ന് എല്ലാവരും മനസ്സിലാക്കണം; സിനിമ കണ്ട് മോഹൻലാൽ അടിക്കുന്നതുപോലെ അടിക്കാൻ എല്ലാവരും നടന്നാൽ എന്താവും സ്ഥിതി? ഇഷ്ടദൈവത്തെ പോലെ ആരാധിച്ച മെസ്സിയെന്ന ഫുട്ബോൾ മിശിഹയുടെ തോൽവിയിൽ മനംനൊന്ത് ജീവനൊടുക്കിയ ദിനുവിന്റെ അച്ഛന് പറയാനുള്ളത്

പീയൂഷ് ആർ

കോട്ടയം: എന്റെ കുഞ്ഞിന് ഉണ്ടായതുപോലെ ഒരു ദുരന്തം ഇനിയാർക്കും ഉണ്ടാകരുത്. ആരും ഇങ്ങനെയൊന്നും ചെയ്യരുത്. കളിയെ എല്ലാവരും കളിയായിതന്നെ എടുക്കണം. കളിയുടെ ഊർജം എല്ലാവർക്കും വേണം. പക്ഷേ, അതിനെ അമിതമായി ആരാധിക്കരുത്. കളിയും ജീവിതവുമായി ഒരു ബന്ധവുമില്ലെന്ന് എല്ലാവരും മനസ്സിലാക്കണം. സിനിമ കണ്ട് മോഹൻലാൽ അടിക്കുന്നതുപോലെ അടിക്കാൻ എല്ലാവരും നടന്നാൽ എന്താവും സ്ഥിതി. - മകന്റെ വേർപാടിന്റെ വേദനയിൽ വിതുമ്പിക്കൊണ്ട് ആ അച്ഛൻ പറയുന്നു. അർജന്റീനയുടെയും മെസ്സിയുടേയും തോൽവികളിൽ മനംനൊന്ത് ജീവിതത്തിൽ നിന്ന് സ്വയം യാത്രപറഞ്ഞിറങ്ങിയ ദിനു അലക്സിന്റെ അച്ഛൻ അലക്സാണ്ടർക്കും അമ്മ ചിന്നമ്മയ്ക്കുമൊന്നും ഇപ്പോഴും മകൻ ഇങ്ങനെയൊരു കടുംകൈ ചെയ്തുവെന്നത് വിശ്വസിക്കാനാവുന്നില്ല.

Stories you may Like

കോട്ടയത്ത് അറുമാനൂർ കൊറ്റത്തിൽ അലക്സാണ്ടറുടെ മകൻ ദിനു അലക്സിന്റെ വീട്ടിലേക്ക് എത്തുമ്പോൾ ആ അച്ഛൻ മകന്റെ പഴയ വസ്ത്രങ്ങളും പുസ്തകങ്ങളുമെല്ലാം കത്തിച്ചുകളയുകയായിരുന്നു. സമീപത്തൊന്നും മറ്റു വീടുകൾ ഇല്ലാതെ ഒറ്റപ്പെട്ടു നിൽക്കുകയായിരുന്നു ദിനുവിന്റെ വീട്. അവന്റെ ഓർമ്മ നിൽക്കുന്നവയെല്ലാം മാറ്റിവച്ച് മറ്റെല്ലാം ഉപേക്ഷിക്കുമ്പോഴും ആ മനസ്സിലെ നീറുന്ന വേദന മുഖത്ത്. മിടുക്കനായിരുന്നു അവനെന്നും ഫുട്ബോൾ വിടാതെ കാണുമെങ്കിലും ഇത്രത്തോളം ആരാധനയുണ്ടെന്നും ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും അച്ഛൻ അലക്സ് പറഞ്ഞു.

ഫുട്ബോൾ ഭ്രാന്ത് തലയ്ക്കുപിടിച്ച് അർജന്റീനയെയും മെസ്സിയേയും അന്ധമായി ആരാധിച്ചതാണ് ദിനുവിന് വിനയായത്. ഒടുവിൽ റഷ്യൻ ലോകകപ്പിൽ ഇഷ്ട ടീം തോൽക്കുകയും ആരാധകർ മുഴുവൻ മിശിഹയായി കാണുന്ന മെസ്സി ലോകകപ്പ് മത്സരത്തിൽ പരാജിതനായി ഹതാശനായി നിൽക്കുന്ന കാഴ്ച കാണുകയും ചെയ്തതോടെയാണ് അവൻ ജീവിതത്തോടു തന്നെ വിടപറയാൻ തീരുമാനിച്ചതും. വെള്ളിയാഴ്ച പുലർച്ചെയാണ് ദിനുവിനെ കാണാതാവുന്നത്. വ്യാഴാഴ്ച പാതിരയോടെ ക്രൊയേഷ്യയുമായി നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ അർജന്റീന എതിരില്ലാത്ത മൂന്നു ഗോളിന് ദയനീയമായി പരാജയപ്പെട്ടിരുന്നു. വീട്ടിൽ ഒറ്റയ്ക്കിരുന്നാണ് ദിനു കളി കണ്ടിരുന്നത്. പുലർച്ചെ പന്ത്രണ്ടരയോടെ ടിവിയുടെ വെളിച്ചം കണ്ട് എഴുന്നേറ്റ് വന്ന പിതാവ് അലക്സ് ദിനുവിനോട് ഉറങ്ങാൻ പറഞ്ഞ് കിടക്കാൻ പോയി. പുലർച്ചെ എഴുന്നേറ്റ് അമ്മ ചിന്നമ്മ നോക്കിയപ്പോൾ ദിനുവിന്റെ മുറിയിൽ ലൈറ്റ് ഇല്ലായിരുന്നു. അടുക്കള വാതിൽ തുറന്നു കിടക്കുന്നതാണ് കണ്ടത്. കള്ളൻ കയറിയാതാകാമെന്ന് കരുതി അവർ ദിനുവിനേയും അലക്സിനേയും വിളിച്ചു. എന്നാൽ ദിനു വന്നില്ല. വീണ്ടും മുറിയിൽ ചെന്ന് നോക്കിയപ്പോൾ കണ്ടത് ദിനുവിന്റെ ആത്മഹത്യാ കുറിപ്പായിരുന്നു.

എന്നിട്ടും ആ അച്ഛനും അമ്മയുമെല്ലാം കാത്തിരുന്നു. മകൻ തിരിച്ചുവരും എന്നുതന്നെ കരുതി. പക്ഷേ, അതുണ്ടായില്ല. ഇന്നലെ രാവിലെ ഏഴരയോടെ മീനച്ചിലാറിൽ ഇല്ലിക്കൽ പാലത്തിന് കിഴക്കേ കരയിൽ നിന്ന് ദിനുവിന്റെ മൃതദേഹം ലഭിച്ചു. ഏകമകനെ അവസാനമായി ഒരുനോക്കു കാണാൻ പോലും കൊറ്റത്തിൽ അലക്സാണ്ടർക്കും ഭാര്യ ചിന്നമ്മയ്ക്കും കഴിഞ്ഞില്ല. രണ്ടു ദിവസം വെള്ളത്തിൽ കിടന്നതിനാൽ മൃതശരീരം വീട്ടിലെത്തിയപ്പോൾ പെട്ടിയിൽ നിന്നു പുറത്തെടുത്തില്ല. അലമുറയിട്ടു കരഞ്ഞു പെട്ടി തുറക്കാൻ ശ്രമിച്ചെങ്കിലും അതു നടക്കാതെ വന്നതോടെ മകന്റെ ഫ്രെയിം ചെയ്ത ഫോട്ടോ കെട്ടിപ്പിടിച്ചായിരുന്നു ആ അമ്മ പ്രാർത്ഥനകളിൽ പങ്കെടുത്തത്.

പ്രിയമകനെ കണ്ടുകിട്ടുമെന്ന വിശ്വാസം ഇന്നലെ രാവിലെവരെ ഇവർ കൈവിട്ടിരുന്നില്ല. അനിയനെ കാണാതായ വാർത്തയറിഞ്ഞു ദിനുവിന്റെ മൂത്ത സഹോദരി ദിവ്യയും ഭർത്താവ് ജിന്റോയും ശനിയാഴ്ച വൈകിട്ടോടെ വീട്ടിലെത്തിയിരുന്നു. ദിനുവിന്റെ മൃതശരീരം കണ്ടുകിട്ടിയ വിവരം അമ്മ ചിന്നമ്മയെ ആദ്യം ആരും അറിയിച്ചിരുന്നില്ല. പിന്നീടു ബന്ധുക്കളെല്ലാം ചേർന്നാണു വിവരം പറഞ്ഞത്.

മൊബൈൽ ഫോൺ ഇന്നലെ പുലർച്ചെ ആറുമാനൂർ കടവിൽനിന്നു ലഭിച്ചതോടെയാണ് ദിനു പുഴയിൽ ചാടി മരിച്ചതാകാമെന്ന് സംശയം കൂടുതൽ ശക്തമായത്. പിന്നീട് തിരച്ചിൽ ശക്തമാക്കിയതോടെ 18 കിലോമീറ്ററോളം അകലെ ഇല്ലിക്കൽ പാലത്തിനു കിഴക്കേക്കരയിൽ രാവിലെ 7.30നു മൃതദേഹവും കണ്ടെത്തി. ഇന്നലെ വൈകീട്ട് മൂന്നരയോടെ വീട്ടിലെത്തിച്ച മൃതദേഹം പിന്നീട് സംസ്‌കരിച്ചു.

സൗമ്യ പ്രകൃതം; ഏവർക്കും പ്രിയങ്കരൻ

ബിഎസ് സി കെമിസ്ട്രി ബിരുദധാരിയായിരുന്നു ദിനു. അടുത്തുതന്നെ സർക്കാർ ജോലി കിട്ടുമെന്ന് ഉറപ്പായതോടെ വലിയ ആഹ്ളാദത്തിലും ആയിരുന്നുവെന്ന് അച്ഛൻ അലക്സാണ്ടർ പറയുന്നു. ചെയ്യുന്ന ജോലിയോടെല്ലാം ആത്മാർത്ഥത കാണിച്ചിരുന്ന ദിനുവിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു. ബിരുദ പഠനം കഴിഞ്ഞ് പിഎസ് സി കോച്ചിംഗിന് പോവുകയും കഴിഞ്ഞ പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ എത്തുകയും ചെയ്തു. എണ്ണൂറോളം ഒഴിവുകളുള്ള എൽഡിസി റാങ്ക് ലിസ്റ്റിൽ 393ാം റാങ്ക് കാരനായിരുന്നു ദിനു. സർക്കാർ ജോലി ലഭിച്ച ശേഷം വിവാഹം കഴിക്കാനായിരുന്നു തീരുമാനം. ചെറുപ്പം മുതൽ ഫുട്ബോളിനോടും നാടൻപന്തുകളിയോടും കമ്പമുള്ള ദിനു നാടൻ പന്തുകളി ടൂർണമെന്റുകൾ കാണാൻ വിവിധയിടങ്ങളിൽ പോകുമായിരുന്നു. മകൻ സൗമ്യ പ്രകൃതക്കാരനായിരുന്നുവെന്ന് പിതാവ് പറയുന്നു. ആരോടും വഴക്കിടാൻ പോകില്ല. ഞാൻ ഒച്ചവച്ചാൽ പോലും തിരിച്ചൊന്നും പറയില്ല. പിഎസ് സി കോച്ചിങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊശമറ്റം ഫിനാൻസിൽ ജോലിക്ക് പോയി. അവിടെ നിന്ന് ഉത്തരേന്ത്യയിലേക്ക് ട്രാൻസ്ഫർ വന്നതോടെ ആ ജോലി വേണ്ടെന്ന് വച്ചു. പിന്നെയാണ് കോട്ടയത്ത് ചോയ്‌സ് ഫുഡ് എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റായത്. ഞായറാഴ്ച മാത്രമാണ് ഒഴിവ്. ആ ദിവസം വീട്ടിനടുത്തുള്ള ഗ്രൗണ്ടിൽ കളിക്കുമായിരുന്നു. എന്നാൽ നാട്ടിൽതന്നെ കൂടുതൽ പേരുമായി വലിയ സൗഹൃദവും ദിനുവിന് ഉണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസം ദിനുവിന്റെ മുറിയിൽ നിന്നു കണ്ടെത്തിയ ബുക്കുകളിലെ കുറിപ്പുകളിൽ 'ദിനു മെസി അലക്സ്' എന്നു പേരിനൊപ്പം ചേർത്തിരിക്കുന്നതുൾപ്പെടെ കണ്ടപ്പോഴാണു വീട്ടുകാർ പോലും മെസ്സിയോട് ഇത്ര കടുത്ത ആരാധനയുണ്ട് മകന് എന്ന് അറിയുന്നത്. മെസിയുടെ പേരെഴുതിയ അർജന്റീനയുടെ ജഴ്സി തിരഞ്ഞ് ദിനു നഗരത്തിലെ നാലു കടകളിൽ കയറിയിറങ്ങുകയും ചെയ്തു. വെള്ളത്തിൽ ചാടുന്നതിനു മുമ്പ് ആ ജഴ്സിയും മെസിയുടെ ചിത്രമടങ്ങിയ ഫോൺകവറുമൊക്കെ നശിച്ചു പോകാതിരിക്കാൻ സുരക്ഷിതമായി എടുത്തു വയ്ക്കുകയും ചെയ്തിരുന്നു.

മൊബൈൽ ഫോണിനു വേണ്ടി മെസിയുടെ ചിത്രമടങ്ങിയ കവർ നഗരത്തിലെ കടകളിൽ നിന്നു കിട്ടാതായപ്പോൾ ഓൺലൈനിൽ ഓർഡർ ചെയ്താണ് അതു വാങ്ങിയതെന്നാണു ദിനുവിന്റെ സഹപ്രവർത്തകൻ പറയുന്നത്. ദിനു വാതുവയ്പിലോ മറ്റോ പങ്കെടുത്തിരുന്നോ എന്നു സംശയം ഉയർന്നിരുന്നെങ്കിലും പ്രാഥമിക അന്വേഷണത്തിൽ ഇത്തരം സൂചനകൾ ലഭിച്ചില്ലെന്നു പൊലീസ് പറഞ്ഞു.

അർജന്റീനയ്ക്ക് തോൽവി പിണഞ്ഞതോടെ 'എനിക്ക് ഇനി ഈ ലോകത്തിൽ കാണാൻ ഒന്നുമില്ല, മരണത്തിന്റെ ആഴങ്ങളിലേക്കു പോകുകയാണ്. എന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്തമില്ല.' ഇങ്ങനെയൊരു കത്തെഴുതി വച്ചാണ് ദിനു മരണത്തിലേക്ക് നടന്നുപോയത്. കത്ത് കിട്ടിയ ഉടൻ ബന്ധുക്കൾ അയർക്കുന്നം പൊലീസിൽ വിവരമറിയിച്ചു. മെസിയോടും അർജന്റീനയോടുമുള്ള ആരാധന വെളിവാക്കുന്ന കുറിപ്പുകളും ദീനുവിന്റെ പുസ്തകത്താളുകളിൽ നിന്നു ലഭിച്ചു. ഇതോടെയാണ് മെസ്സി ആരാധനയാണ് മരണത്തിലേക്ക് നയിച്ചതെന്ന സംശയം ബലപ്പെട്ടത്.

പൊലീസ് നായയെ കൊണ്ടുവന്നു നടത്തിയ അന്വേഷണത്തിൽ മീനച്ചിൽ ആറിന്റെ കടവുവരെ നായ മണം പിടിച്ചെത്തി. ഇതോടെ ദീനു ആറ്റിൽ ചാടിയെന്നു സംശയം ബലപ്പെട്ടു. തുടർന്ന് ആദ്യദിനം അഗ്നിശമനസേനയുടെ നേതൃത്വത്തിൽ ആദ്യദിവസം മീനച്ചിലാറ്റിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. തിരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP