Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു വാഹനം ഇടിച്ചിട്ടിട്ട് നിർത്താതെ പോയത് മാത്രം ഓർമ്മ; എന്നെ ഇടിച്ച വാഹനം അപ്പുറത്ത് ഇടിച്ചു തകർന്ന വിവരം അറിയുന്നത് പിറ്റേ ദിവസം; അൻസിയും അൻജനയും കൊല്ലപ്പെട്ട അപകടത്തിൽ രക്ഷപ്പെട്ട ഡിനിലിന് പറയാനുള്ളത്

ഒരു വാഹനം ഇടിച്ചിട്ടിട്ട് നിർത്താതെ പോയത് മാത്രം ഓർമ്മ; എന്നെ ഇടിച്ച വാഹനം അപ്പുറത്ത് ഇടിച്ചു തകർന്ന വിവരം അറിയുന്നത് പിറ്റേ ദിവസം; അൻസിയും അൻജനയും കൊല്ലപ്പെട്ട അപകടത്തിൽ രക്ഷപ്പെട്ട ഡിനിലിന് പറയാനുള്ളത്

ആർ പീയൂഷ്

കൊച്ചി: തവിടു പൊടിയായി കിടക്കുന്ന കാറിന്റെ ദൃശ്യങ്ങൾ ചാനലുകളിൽ കാണുമ്പോൾ ദൈവത്തിന്റെ അത്ഭുത പ്രവർത്തിമൂലമാണ് താൻ രക്ഷപെട്ടത് എന്ന് വിശ്വസിക്കുകയാണ് കാഞ്ഞൂർ സ്വദേശിയായ ഡിനിൽ ഡേവിസ്. കഴിഞ്ഞ ദിവസം ഡി.ജെ പാർട്ടി കഴിഞ്ഞ് അമിത വേഗതയിൽ കുതിച്ച് പാഞ്ഞ് അപകടത്തിൽപെട്ട കാർ ഇടിച്ചു തെറിപ്പിച്ച ബൈക്ക് യാത്രക്കാരനാണ് ഡിനിൽ ഡേവിസ്. ബൈക്കിന് പിന്നിലെ സൈലൻസറിൽ ഇടിച്ച കാർ മുന്നോട്ട് പാഞ്ഞ് മരത്തിലിടിക്കുകയായിരുന്നു. ഈ സമയം ഡിനിൽ ബൈക്കിൽ നിന്നും തെറിച്ച് റോഡിന്റെ ഇടതുവശത്തേക്ക് വീണു. ഹെൽമെറ്റും ലാപ്ടോപ്പ് ബാഗും ഉണ്ടായിരുന്നതിനാൽ കാര്യമായ പരിക്കുകൾ ഏൽക്കാതെ രക്ഷപെടുകയായിരുന്നു. അന്ന് നടന്ന സംഭവങ്ങൾ ഡിനിൽ മറുനാടനോട് പങ്കു വയ്ക്കുന്നു. 

' ശ്രീ കോകുലം മോട്ടോർസിലെ ജീവനക്കാരനാണ് ഞാൻ. പെരുമ്പാവൂർ ഭാഗത്തെ സെയിൽസ് നോക്കുന്നത് ഞാനാണ്. എല്ലാ മാസവും ക്ലോസിങ് സമയത്ത് നെട്ടൂരിലെ പ്രധാന ഷോറൂമിൽ എത്തി പേപ്പർ ജോലികൾ തീർക്കുന്നത് പതിവാണ്. അത്തരത്തിൽ പേപ്പർ ജോലികൾ തീർത്ത് ഷോറൂമിൽ നിന്നും ഇറങ്ങിയപ്പോൾ 12 മണി കഴിഞ്ഞു. എന്റെ ബൈക്കിൽ കാഞ്ഞൂരിലെ വീട്ടിലേക്ക് മടങ്ങും വഴി ചക്കരപറമ്പിലെത്തിയപ്പോഴാണ് ഒരു വാഹനം എന്റെ ബൈക്കിന് പിന്നിൽ ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ തെറിച്ച് റോഡിലേക്ക് വീണു. തൊട്ടു പിന്നാലെ കാതടപ്പിക്കുന്ന ഒരു ശബ്ദവും എന്തെക്കൊയോ തെറിച്ചു പോകുന്നതും അറിഞ്ഞു.

രണ്ടു മിനിട്ടോളം റോഡിൽ കിടന്നു. പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ എടുത്ത് നെട്ടൂർ ഷോറൂമിലെ സെയിൽസ് മാനേജരെ വിളിച്ചു വിവരം പറഞ്ഞു. അപ്പോഴേക്കും ഒരു പൊലീസ് വാഹനം അടുത്ത് നിർത്തി. എന്താ പറ്റിയതെന്ന് ചോദിച്ചു. ഒരു വാഹനം എന്നെ ഇടിച്ചിട്ടിട്ട് നിർത്താതെ പോയി എന്നു പറഞ്ഞു. അവർ എന്നെ റോഡിന് വശത്തേക്ക് മാറ്റികിടത്തി. പിന്നീട് പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. അപ്പോഴും ഞാൻ അറിഞ്ഞില്ല എന്നെ ഇടിച്ച വാഹനം അപ്പുറത്ത് ഇടിച്ചു തകർന്ന വിവരം. പിറ്റേ ദിവസം രാവിലെയാണ് വാഹനാപകടത്തിന്റെ ഭീകരത അറിഞ്ഞത്.

കാലുകളിലേയും കൈകളിലെയും തൊലി ഉരഞ്ഞു പോയി. വലതു കാലിന്റെ തള്ള വിരലിൽ ഒരു മുറിവുണ്ടായിരുന്നു. അത് തുന്നിക്കെട്ടി. ഇടതു തോളിന് ചതവും പറ്റി. ഹെൽമെറ്റ് ഉണ്ടായിരുന്നതു കൊണ്ട് തലയ്ക്ക് ഒന്നും പറ്റിയില്ല. തോളിൽ ലാപ്ടോപ്പ് ബാഗുണ്ടായിരുന്നതിനാൽ നിലത്തേക്ക് വീണപ്പോൾ ആഘാതം കുറഞ്ഞു. അതിനാൽ മറ്റൊന്നും സംഭവിച്ചില്ല. നെഞ്ചിന് വേദനയുണ്ട്. എക്സറേ എടുത്ത് പരിശോധിച്ചപ്പോൾ മറ്റ് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് വിശദമായ ഒരു ബോഡി ചെക്കപ്പ് കൂടി നടത്തണം. എന്റെ കുടുംബത്തിന്റെ പ്രാർത്ഥനയും ദൈവാധീനവുമാണ് കൂടുതൽ പരിക്കേൽക്കാതിരുന്നതും ജീവൻ രക്ഷപെട്ടതും. അതിന് ദൈവത്തോട് നന്ദിപറയുകയാണ്.

കാഞ്ഞൂർ പള്ളിയിലെ കമ്മറ്റിയിലെ അംഗമായിരുന്നു. അവിടുത്തെ കൃപ തന്നെയാണ് എന്നെ കാത്തു രക്ഷിച്ചതും. അപകടമുണ്ടായ ശേഷം ശ്രീ ഗോകുലം മോട്ടോർസ് മനേജ്മെന്റ് എല്ലാ കാര്യങ്ങൾക്കും ഒപ്പമുണ്ടായിരുന്നു. ചെയർമാൻ വിളിച്ചു സംസാരിച്ചു. സെയിൽസ് മാനേജർ റെനി സാറാണ് പൊലീസ് സ്റ്റേഷനിലെ കാര്യങ്ങളെല്ലാം നോക്കിയത്. എല്ലാത്തിനും ദൈവത്തോടു തന്നെയാണ് നന്ദി പറയുന്നത്' ഡിനിൽ പറഞ്ഞു നിർത്തി. ഏറെ നാളായി ഗോകുലം മോട്ടോർസിലെ സീനിയർ സെയിൽസ് റെപ്രസന്റേറ്റീവാണ് ഡിനിൽ. മാതാപിതാക്കളും ഭാര്യയും കുട്ടികളും ഒന്നിച്ച് കാഞ്ഞൂർ പോസ്റ്റോഫിസ് ജങ്ഷന് സമീപമാണ് താമസം. വലിയൊരപകടത്തിൽ നിന്നും ഡിനിൽ രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് വീട്ടുകാർ.

തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു മുൻ മിസ് കേരള അൻസി കബീറും(25) റണ്ണറപ്പ് ഡോ.അഞ്ജനാ ഷാജനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെടുന്നത്. അമിത വേഗതയിൽ നിയന്ത്രണം തെറ്റിയ കാർ മരത്തിലിടിച്ച് പൂർണ്ണമായും തകർന്നു. ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. സുഹൃത്തുക്കളായ മുഹമ്മദ് ആഷിക്ക്, അബ്ദുൾ റഹ്മാൻ എന്നിവർ മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലാണ്.

മുഹമ്മദ് ആഷിക്ക് ഇപ്പോഴും വെന്റിലേറ്ററിൽ തന്നെ കഴിയുകയാണ്. അബ്ദുൾ റഹ്മാനെ റൂമിലേക്ക് മാറ്റി. ഫോർട്ട് കൊച്ചിയിലെ ക്ലബ്ബ് 18 എന്ന ഹോട്ടലിൽ നടന്ന ഡി.ജെ പാർട്ടിയിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP