Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നേരറിയാൻ സിബിഐ വരട്ടേ; നടിയെ ആക്രമിച്ച ഗൂഢാലോചനക്കാരെ രക്ഷിക്കാൻ ഉന്നതതല നീക്കമെന്ന തിരിച്ചറിവിൽ മഞ്ജു വാര്യർ; കേരളാ പൊലീസിലുള്ള വിശ്വാസം വനിതാ കൂട്ടായ്മയ്ക്ക് നഷ്ടമാകുന്നു; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് 'ഇര' തന്നെ പരാതി നൽകും; 'അമ്മ'യും കൈവിട്ടതോടെ നേരിട്ടുള്ള ഇടപെടലിന് വിമൻ കളക്ടീവ് ഇൻ സിനിമ

നേരറിയാൻ സിബിഐ വരട്ടേ; നടിയെ ആക്രമിച്ച ഗൂഢാലോചനക്കാരെ രക്ഷിക്കാൻ ഉന്നതതല നീക്കമെന്ന തിരിച്ചറിവിൽ മഞ്ജു വാര്യർ; കേരളാ പൊലീസിലുള്ള വിശ്വാസം വനിതാ കൂട്ടായ്മയ്ക്ക് നഷ്ടമാകുന്നു; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് 'ഇര' തന്നെ പരാതി നൽകും; 'അമ്മ'യും കൈവിട്ടതോടെ നേരിട്ടുള്ള ഇടപെടലിന് വിമൻ കളക്ടീവ് ഇൻ സിനിമ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണമെന്ന ആവശ്യം ശക്തമാക്കാൻ വിമൻ കളക്ടീവ് ഇൻ സിനിമയുടെ തീരുമാനം. താര സംഘടനയായ അമ്മയുടെ നിലപാട് സംശയാസ്പദമാണ്. സംഘടനയിലെ ഇടതുപക്ഷ ജനപ്രതിനിധികളാണ് ഗൂഢാലോചനക്കേസിലെ അന്വേഷണം അട്ടിമറിക്കാൻ പരസ്യമായി രംഗത്ത് വന്നത്. പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തയാളെ കുറ്റവിമുക്തനാക്കുന്നത് സി.പി.എം പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച നടനാണ്. അതുകൊണ്ട് തന്നെ പൊലീസിനെ സ്വാധീനിക്കാൻ ഇവർക്കെല്ലാമാകും. അതുകൊണ്ട് തന്നെ നടിയെ ആക്രമിച്ച കേസിൽ അന്വേഷണം സിബിഐയ്ക്ക് വിടണമെന്നാണ് വനിതാ സംഘടനയുടെ പൊതു നിലപാട്. അക്രമത്തിന് ഇരയായ നടിയെ ബോധപൂർവ്വം കളങ്കപ്പെടുത്താനും ശ്രമമുണ്ട്. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. ഇത് സിബിഐ അന്വേഷിക്കുന്നതാകും ഉചിതമെന്നാണ് വനിതാ സംഘടനയുടെ പക്ഷം.

നടിയെ ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്നാണ് വനിതാ കൂട്ടായ്മ ഉയർന്നുവന്നത്. ഇവർ മുഖ്യമന്ത്രിയെ കാണുകയും ചെയ്തു. മഞ്ജു വാര്യരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ചു. അതിന് ശേഷം ആക്രമണത്തിന് ഇരയായ നടിയും മുഖ്യമന്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്നാണ് സൂചന. ഇതിന് ശേഷം മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ കേസ് അന്വേഷണ ചുതമല മുഖ്യമന്ത്രി ഏൽപ്പിച്ചതായും വിവരമുണ്ട്. വലിയ ഗൂഢാലോചന കണ്ടെത്തിയത് ഈ പരിശോധനയിലാണ്. അതിന് ശേഷമാണ് കേസ് അന്വേഷണത്തിന് എഡിജിപി സന്ധ്യയോട് ആവശ്യപ്പെട്ടത്. ഇത് ഗൂഢാലോചനയുടെ ചുരൾ അഴിക്കുന്നതിലേക്ക് കാര്യങ്ങളെത്തി. ദിലീപും നാദിർഷായും സംശയ നിഴലിലുമായി പതിമൂന്ന് മണിക്കൂർ ചോദ്യം ചെയ്യലോടെ ദിലീപ് അക്ഷരാർത്ഥത്തിൽ കുടുങ്ങി. ഇതിൽ നിന്ന് രക്ഷപ്പെടാൻ പുതിയ നീക്കങ്ങളിലാണ് താരസംഘനയെന്നും വനിതാ കൂട്ടായമ വിശദീകരിക്കുന്നു. ഇരയ്ക്ക് കൊടുക്കാത്ത പരിഗണന കേസിൽ ആരോപണവിധേയന് നൽകുന്നത് ഇതിന് തെളിവാണെന്നും അവർ പറയുന്നു.

ഈ സാഹചര്യത്തിലാണ് മഞ്ജുവാര്യർ വീണ്ടും ഇടപെടൽ നടത്തുന്നത്. സിബിഐ അന്വേഷണത്തിന് സമ്മർദ്ദം ചെലുത്താനാണ് നീക്കം. പൊതു ജനങ്ങളുടെ പിന്തുണ നടിക്ക് ധാരളമായി കിട്ടുന്നുണ്ട്. അതുകൊണ്ട് പ്രതിഷേധം പൊതുവേദിയിലേക്ക് മാറ്റുന്നതും ആലോചനയിലുണ്ട്. നിലവിൽ പിടി തോമസ് എംഎൽഎ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രിക്കും കത്ത് നൽകി. അമ്മയുടെ യോഗം ഈ വിഷയം ചർച്ച ചെയ്യുമെന്നും സിബിഐ അന്വേഷണമെന്ന പൊതുനിലപാടിലേക്ക് കാര്യങ്ങളെത്തുമെന്നുമാണ് വനിതാ കൂട്ടായ്മ കരുതിയത്. എന്നാൽ റീമാ കല്ലിങ്കൽ പ്രശ്നം ഉയർത്തിയെങ്കിലും അത് ഏറ്റെടുക്കാൻ ആരും ഉണ്ടായില്ല. താര രാജക്കന്മാരെ ഭയന്ന് ആരും മിണ്ടിയില്ല. ഇതിനെയാണ് ആർ്ക്കും സംശയമോ പരാതിയോ ഇല്ലെന്ന നിഗമനത്തിന് ആധാരമായി നടന്മാർ ഉയർത്തിക്കാട്ടുന്നത്. അതിനാൽ അമ്മയുടെ ശ്രമം ഗൂഢാലോചനയിൽ സത്യസന്ധമായ അന്വേഷണം നടക്കരുതെന്ന് തന്നെയാണ്. ഈ സാഹചര്യത്തിലാണ് ഈ നിലപാടിനെ വിമർശിച്ച് വുമൺ ഇൻ കളക്ടീവ് രംഗത്ത് വന്നത്.

ആക്രമണത്തിനിരയായ നടിയെ ചാനൽ ചർച്ചയ്ക്കിടെ അപമാനിച്ചവർക്കെതിരെ വിമൻ ഇൻ സിനിമാ കലക്റ്റീവ് വനിതാ കമ്മീഷനിൽ പരാതി നൽകിയിരുന്നു. ആക്രമണത്തിന് ഇരയായ സഹപ്രവർത്തകയ്ക്ക് വേണ്ട നിയമസഹായം അടക്കമുള്ള എല്ലാ പിന്തുണയും വുമൻ ഇൻ സിനിമാ കലക്റ്റീവ് നൽകുമെന്നും അറിയിച്ചു കഴിഞ്ഞു. അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ നടിയെ ആക്രമിച്ച സംഭവം ചർച്ചയ്‌ക്കെടുത്തില്ല. ഈ വിഷയം കോടതിയുടെ പരിഗണനയിലുള്ളതാണെന്ന് അറിയാമെങ്കിലും ഈ വിഷയം ഉന്നയിച്ചാൽ മാത്രം ചർച്ച ചെയ്യേണ്ടതല്ലെന്നും വിമൻ ഇൻ സിനിമാ കലക്റ്റീവ് തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ പറയുന്നു. സിബിഐ അന്വേഷണം ഉന്നയിക്കാനുള്ള നീക്കത്തിന് തുടർച്ചയായിരുന്നു സംഘടനയുടെ ഈ നിലപാട് വിശദീകരണം. സിബിഐ അന്വേഷണം ഉറപ്പാക്കാൻ രണ്ട് വഴികളാണുള്ളത്. സംസ്ഥാന സർക്കാരിനെകൊണ്ട് തീരുമാനം എടുപ്പിക്കുകയാണ് അതിലൊന്ന്. മറ്റേത് കോടതിയെ സമീപിക്കുക. ഇതിൽ ഏത് മാർഗ്ഗം സ്വീകരിക്കണമെന്നാണ് സംഘടന ആലോചിക്കുന്നത്.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി പൾസർ സുനിക്ക് ക്വട്ടേഷൻ കിട്ടിയതു നാലുവർഷം മുമ്പാണെന്നാണ് സൂചനകൾ പുറത്തുവരുന്നത്. നടിയെ കെണിയിലാക്കാൻ സുനി മൂന്നുവട്ടം ശ്രമിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തൃശൂരിൽ വച്ച് ഒരു തവണ നടിയെ കെണിയിലാക്കാൻ സുനി ശ്രമിച്ചതായും വിവരം ലഭിച്ചു. അന്നു പരാജയപ്പെട്ടതിനെത്തുടർന്ന് ക്വട്ടേഷൻ നൽകിയയാൾ സുനിയെ വിളിച്ചന്വേഷിച്ചു. നടിക്കു മലയാള സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാത്തതിനാൽ തട്ടിക്കൊണ്ടു പോകലിനു തടസം നേരിട്ടു. ലാൽ ക്രിയേഷന്റെ ബാനറിൽ നടിക്ക് അവസരം ലഭിച്ചതോടെയാണു വീണ്ടും സാധ്യത തെളിഞ്ഞത്. പൾസർ സുനി ക്വട്ടേഷൻ നൽകിയയാളെ വീണ്ടും ബന്ധപ്പെട്ടു. സുനിക്ക് വാഗ്ദാനം ചെയ്ത തുക ഇപ്പോഴും ലഭിക്കുമെന്ന് ഉറപ്പായപ്പോൾ ക്വട്ടേഷൻ വീണ്ടും സ്വീകരിക്കുകയായിരുന്നു. നടിയുമായി സൗഹൃദം സ്ഥാപിച്ച് ഗോവയിലെ ലൊക്കേഷനിലും സുനിയെത്തി. കെണിയിൽപ്പെടുത്താൻ അവസരങ്ങളൊന്നും അന്നു സുനിക്കു ലഭിച്ചില്ല. കേരളത്തിലെത്തിയ ശേഷമാണു നടിയെ കെണിയിൽപ്പെടുത്താനായത്. അതായത് വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിന് തക്കവണ്ണം കാര്യങ്ങൾ നീങ്ങുന്നുമില്ല. അതുകൊണ്ടാണ് സിബിഐ അന്വേഷണമെന്ന ആവശ്യം ഉയർത്തുന്നതെന്ന് വനിതാ കൂട്ടായ്മയിലെ പ്രമുഖ മറുനാടനോട് പറഞ്ഞു.

ആക്രമണത്തിന് ഇരയായ നടിയെ പരസ്യമായി വിമർശിക്കുന്ന തരത്തിൽ ദിലീപ് ചാനൽ ചർച്ചയിൽ പ്രത്യക്ഷപ്പെട്ടു. പിന്നീട് താൻ പറഞ്ഞ് വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് പറഞ്ഞ് ഖേദപ്രകടനവും നടത്തി. എന്നാൽ ഇതെല്ലാം പൾസർ സുനിയെ രക്ഷിക്കാൻ നടത്തുന്ന ബോധപൂർവ്വം നടത്തുന്ന നീക്കമാണെന്ന ആരോപണം ശക്തമാണ്. ഈ സാഹചര്യമെല്ലാം ഉയർത്തിയാകും സിബിഐ അന്വേഷണത്തിന് ആവശ്യം ഉയർത്തുക. പൊലീസ് മേധാവിയായി ലോക്നാഥ് ബെഹ്റ എത്തുന്നതും വനിതാ സംഘടനയ്ക്ക് സംശയങ്ങൾ ഉണ്ടാക്കുന്നു. ഡിങ്കൻ എന്ന സിനിമയുടെ പൂജയ്ക്ക് എത്തിയത് ബെഹ്റയായിരുന്നു. ദിലീപും ബെഹ്റയും തമ്മിലെ ബന്ധത്തിന് തെളിവുമാണ്. ഗൂഡോലചനക്കേസ് മുന്നിൽ കണ്ട് ചില നീക്കങ്ങൾ നടന്നിരുന്നു. അതിന്റെ ഭാഗമാണ് ഏപ്രിലിൽ ബെഹ്റയ്ക്ക് ദിലീപ് നൽകിയ ബ്ലാക് മെയിൽ പരാതി. ചാനൽ അഭിമുഖത്തിൽ പോലും ദിലീപ് പറയാത്ത ഈ പരാതി പൾസർ സുനിയുടെ വെളിപ്പെടുത്തലുകളോടെ വെളിച്ചം കണ്ടു. ഇതും മഞ്ജുവാര്യരുടെ നേതൃത്വത്തിലുള്ള സംഘടന ഗൗരവത്തോടെ കാണുന്ന വിഷയമാണ്. അതിനാൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തോടാണ് ആവർക്ക് താൽപ്പര്യം.

എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനെ അലോസരപ്പെടുത്തുന്നതൊന്നും ആഗ്രഹിക്കുന്നുമില്ല. അതിനാൽ സിബിഐ അന്വേഷണമെന്ന ആവശ്യം പിണറായിക്ക് മുമ്പിൽ തന്നെ വനിതാ കൂട്ടായ്മ ഉന്നയിക്കും. മുഖ്യമന്ത്രിയെ തങ്ങൾക്ക് ഇപ്പോഴും വിശ്വാസമാണ്. എന്നാൽ സിനിമാ താരങ്ങളായ ഇടത് ജനപ്രതിനിധികൾ എറണാകുളത്തെ നേതാക്കളിലൂടെയാണ് കേസിനെ ദുർബ്ബലപ്പെടുത്താൻ ശ്രമിക്കുന്നത്. സിബിഐ എത്തിയാൽ ഈ സമ്മർദ്ദം നടക്കാതെ പോകും. സത്യം പുറത്തുവരികയും ചെയ്തു. പാമ്പാടി നെഹ്റു കോളേജിലെ വിഷ്ണുവിന്റെ മരണത്തിലുൾപ്പെടെ അമ്മ മഹിജയുടെ ആവശ്യപ്രകാരം സിബിഐ അന്വേഷണത്തിന് സർക്കാർ തയ്യാറായി. നടിയെ ആക്രമിക്കപ്പെട്ട കേസിലെ പ്രധാന്യം ഉൾക്കൊണ്ട് അതും സർക്കാർ സിബിഐയ്ക്ക് വിടണമെന്നതാകും ആവശ്യം. കേസിൽ നിലവിൽ കുറ്റപത്രമുണ്ട്. അതിൽ ഗൂഢാലോചന പ്രത്യേകമായി അന്വേഷിക്കുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം നടത്താൻ കഴിയുമെന്ന നിയമോപദേശമാണ് വനിതാ കൂട്ടായ്മയ്ക്ക് കിട്ടിയിട്ടുള്ളത്.

കേസിലെ അന്വേഷണം ശരിയായ രീതിയതിലല്ല പുരോഗമിക്കുന്നതെന്നും പ്രെഫഷണൽ അന്വേഷണം ആവശ്യമാണെന്നൂം കാണിച്ച് ഡിജിപി സെൻകുമാർ സർക്കുലർ പുറത്തിറക്കിയിരുന്നു. കേസ് ഓരോ ദിവസവും കൂടുതൽ വിവാദങ്ങളിലേയ്ക്കു കടക്കുന്നതിനിടെയാണ് ഇന്ന് വിരമിക്കാനിരിക്കുന്ന സെൻകുമാർ പുതിയ സർക്കുലർ പുറത്തിറക്കിയത്. കേസിൽ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ പലതും അറിഞ്ഞിട്ടില്ലെന്നും, അന്വേഷണ ഉദോഗസ്ഥർ അറിയാതെ കേസ് മുന്നോട്ടു പോകരുതെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതും സിബിഐ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിക്കാൻ പോന്ന ഉത്തരവാണെന്ന് നടികളുടെ കൂട്ടായ്മ കരുതുന്നു.

കേസിലെ പല വിവരങ്ങളും മാധ്യമങ്ങൾക്ക് ചോർന്നു കിട്ടുന്നുണ്ടെന്നും ഡിജിപി സർക്കുലറിൽ പറയുന്നു. ഇങ്ങനെ പൊലീസിന് പോലും വിശ്വാസമില്ലാത്ത രീതിയിൽ നടക്കുന്ന അന്വേഷണം അവസാനിപ്പിച്ച് സിബിഐക്ക് വിടണമെന്നാണ് ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP