Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ ഡിജിറ്റൽ വാഹനപരിശോധന; വിരൽത്തുമ്പിൽ ലഭ്യമാകുന്നത് വാഹന വിവരങ്ങളും ഡ്രൈവിങ് ലൈസൻസുകളുടെ വിവരങ്ങളും; ഉപയോഗിക്കുന്നത് ചൈനീസ് നിർമ്മിത ഉപകരണം; ഡിജിറ്റൽ പെയ്‌മെന്റ് നടത്താനുള്ള ടെൻഡർ ലഭിച്ചതോടെ പൈൻ ലാബ് ഉപകരണം വകുപ്പിന് എത്തിച്ചത് ഫെഡറൽ ബാങ്ക്; ഡാറ്റകൾ ചോരുമെന്ന ആക്ഷേപം ശക്തം; ബോയ്ക്കോട്ട് ചൈന മുദ്രാവാക്യത്തിനിടെ ചൈനാവത്കരണം നടപ്പാക്കി ശശീന്ദ്രന്റെ മോട്ടോർ വാഹന വകുപ്പ്

റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ ഡിജിറ്റൽ വാഹനപരിശോധന; വിരൽത്തുമ്പിൽ ലഭ്യമാകുന്നത് വാഹന വിവരങ്ങളും ഡ്രൈവിങ് ലൈസൻസുകളുടെ വിവരങ്ങളും; ഉപയോഗിക്കുന്നത് ചൈനീസ് നിർമ്മിത ഉപകരണം; ഡിജിറ്റൽ പെയ്‌മെന്റ് നടത്താനുള്ള ടെൻഡർ ലഭിച്ചതോടെ പൈൻ ലാബ് ഉപകരണം വകുപ്പിന് എത്തിച്ചത് ഫെഡറൽ ബാങ്ക്; ഡാറ്റകൾ ചോരുമെന്ന ആക്ഷേപം ശക്തം; ബോയ്ക്കോട്ട് ചൈന മുദ്രാവാക്യത്തിനിടെ ചൈനാവത്കരണം നടപ്പാക്കി ശശീന്ദ്രന്റെ മോട്ടോർ വാഹന വകുപ്പ്

എം മനോജ് കുമാർ

തിരുവനന്തപുരം: ഡിജിറ്റൽ വാഹനപരിശോധനയ്ക്ക് മോട്ടോർ വാഹനവകുപ്പ് ഉപയോഗിക്കുന്നത് ചൈന നിർമ്മിത ഉപകരണം. ചൈനയുമായുള്ള അതിർത്തി തർക്കത്തിന്റെ പാശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് ബോയ്ക്കോട്ട് ചൈന മുദ്രാവാക്യം ഉയർന്നിരിക്കവേ തന്നെയാണ് മോട്ടോർവാഹനവകുപ്പ് ചൈനീസ് ഉപകരണം ഉപയോഗിക്കുന്നത്. ഡിജിറ്റൽ വാഹനപരിശോധനയ്ക്ക് ഫെഡറൽ ബാങ്ക് ആണ് വകുപ്പിന് ഈ ചൈനീസ് ഉപകരണം എത്തിച്ചിരിക്കുന്നത്. മന്ത്രി എകെ ശശീന്ദ്രൻ വകുപ്പിലെ ഈ പരിഷ്‌കാരം ഡാറ്റാ ചോർച്ചയുടെ സാധ്യതയാണ് ചർച്ചയാക്കുന്നത്.

പൈൻ ലാബിന്റെ കയ്യിൽ നിന്നാണ് ഫെഡറൽ ബാങ്ക് മോട്ടോർ വാഹനവകുപ്പിന് വിവാദ ഉപകരണം എത്തിച്ചിരിക്കുന്നത്. ഉപകരണത്തിന്റെ പിന്നിൽ തന്നെ മെയ്ഡ് ഇൻ ചൈന എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ ഡിജിറ്റൽ വാഹനപരിശോധനയ്ക്ക് മോട്ടോർ വാഹനവകുപ്പ് തുടക്കമിട്ടിരിക്കവെ തന്നെയാണ് വിവാദവും ഒപ്പം വരുന്നത്. ഈ മെഷീനിലെ ഡാറ്റകൾ മുഴുവൻ പുറത്ത് പോകാനുള്ള അവസരം കൂടി ലഭിക്കും എന്നാണ് ഇതിനൊപ്പം ഉയർന്നിരിക്കുന്ന ആക്ഷേപം. ആദ്യഘട്ടത്തിൽ നൂറു മെഷീൻ ആണ് എത്തിച്ചതെങ്കിലും ഇപ്പോൾ അറുനൂറു മെഷീനുകൾ എത്തിക്കാനുള്ള ഒരുക്കങ്ങൾ ആണ് നടന്നു വരുന്നത്. സംസ്ഥാന സർക്കാരിനെ പ്രതികൂട്ടിലാക്കിയ സ്പ്രിങ്‌ളർ ഡാറ്റാ വിവാദത്തിനോപ്പമാണ് മോട്ടോർ വാഹനവകുപ്പിനെ ചുറ്റിപ്പറ്റിയും ഡാറ്റാ വിവാദം വരുന്നത്. ഡാറ്റകൾ ട്രാൻസ്ഫർ ചെയ്യാനുള്ള അവസരം മെഷീൻ വഴി ലഭിക്കുന്നു എന്നതാണ് ഇതുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടപ്പെടുന്നത്.

ഫൈൻ അടയ്ക്കാനായി എടിഎം കാർഡ് സ്വൈപ്പ് ചെയ്യാനുള്ള സംവിധാനം കൂടി മെഷീനിലുണ്ട്. ഈ മെഷീൻ വഴി ഡാറ്റ ചോർത്താനുള്ള അവസരം ലഭ്യമായിരിക്കെ എടിഎം കാർഡിന്റെ വിശദാംശങ്ങൾ കൂടി പുറത്ത് പോകും എന്ന പ്രശ്‌നം കൂടി ഇതിനൊപ്പം വരുന്നു. മോട്ടോർ വാഹനവകുപ്പിന്റെ കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള ഡിജിറ്റൽ പ്ലാറ്റ് ഫോം ആണിത്. പൈൻ ലാബ് നൽകിയ ഈ ഉപകരണം വഴിയാണ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. ഫെഡറൽ ബാങ്ക് നൽകുന്ന ഉപകരണം ഉപയോഗിച്ചാണ് ഡിജിറ്റൽ വാഹനപരിശോധന ആരംഭിച്ചിരിക്കുന്നത്. പൈൻ ലാബിന്റെ ഉപകരണമാണ് ഫെഡറൽ ബാങ്ക് എത്തിച്ചിരിക്കുന്നത്.

നൂറോളം ഉപകരണങ്ങൾ മോട്ടോർ വാഹനവകുപ്പിന്റെ സ്‌ക്വാഡുകൾക്ക് എത്തിച്ചിട്ടുണ്ട്. കേരളമാകെ ഈ മെഷീൻ എത്തിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഡ്രൈവിങ് ലൈസൻസും കേസുകളെ സംബന്ധിച്ചുള്ള വിവരങ്ങളുമൊക്കെ ഈ ഉപകരണത്തിൽ ലഭ്യമാണ്. ഇ ചെലാൻ സംവിധാനമാണിത്. ഫോട്ടോ എടുക്കാനും ഡ്രൈവിങ് ലൈസൻസിന്റെ ഡീറ്റെയിൽസും ഒക്കെ വരുന്ന സംവിധാനമാണിത്. ഓപ്പൺ ടെൻഡർ വന്നപ്പോൾ ഫെഡറൽ ബാങ്ക് ആണ് ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തത്. അതിനാൽ മെഷീൻ എത്തിക്കാനുള്ള ചുമതല അവർക്കാണ് ലഭിച്ചത്. ഫെഡറൽ ബാങ്ക് ആണ് കേരളം മുഴുവൻ ഈ മെഷീൻ വകുപ്പിനായി എത്തിക്കുന്നത്.

നിയമ ലംഘനം കണ്ടാൽ വാഹനം തടഞ്ഞു നിർത്തിയാൽ മാത്രം മതി. വാഹന നമ്പറും ലൈസൻസ് നമ്പറും കുറിച്ചെടുക്കണ്ട. മുൻ കാല കുറ്റകൃത്യങ്ങളെ കുറിച്ചറിയാൻ ഫയലുകൾ തുറക്കേണ്ട. എല്ലാം വിരൽ തുമ്പിൽ എത്തും അതിനാണ് പുതിയ ഇ-ചെല്ലാൻ ഒരുക്കിയിരിക്കുന്നത്. ഈ ചെലാന് ഒപ്പമാണ് ഉപകരണത്തെക്കുറിച്ചുള്ള വിവാദം കൂടി കടന്നുവരുന്നത്. കൊച്ചിയിലാണ് ഇതിനു തുടക്കമിട്ടത്. വൈകാതെ സംസ്ഥാനമൊട്ടാകെ എത്തും. വാഹനവകുപ്പിന്റെ പരിവാഹൻ എന്ന കേന്ദ്രീകൃത വെബ്‌സൈറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്.

റോഡിലൂടെയെത്തുന്ന വാഹനങ്ങളുടെ വിവരങ്ങൾ അപ്പോൾ തന്നെ ഉദ്യോഗസ്ഥരുടെ പക്കലുള്ള ഈ പ്രത്യേക ഡിജിറ്റൽ ഡിവൈസിലൂടെ അറിയാം. വാഹനത്തിന്റെ ഇൻഷുറൻസ്, ടാക്‌സ്, ഫിറ്റ്‌നസ്, അമിതവേഗം തുടങ്ങിയ സർവ വിവരങ്ങളും ഞൊടിയിടയിൽ ലഭ്യമാകും.നിയമലംഘനമുണ്ടെങ്കിൽ അതിനുള്ള പിഴ ഡിവൈസിൽ രേഖപ്പെടുത്തും. ഇത് പിന്നീട് നോട്ടീസായി വാഹന ഉടമയ്ക്ക് ലഭിക്കും. ഓടിക്കുന്ന ആളിന്റെ ലൈസൻസിലെ പിഴവുകളും കണ്ടെത്താം. ഡ്രൈവറോ, വാഹനമോ മുമ്പ് കുറ്റകൃത്യങ്ങളിൽ പെട്ടിട്ടുണ്ടോയെന്ന വിവരവും മുമ്പ് ഒടുക്കിയ പിഴയുടെ വിവരങ്ങളും ഉപകരണത്തിൽ ലഭ്യമാകും.

വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ, സമയം, സ്ഥലം എന്നിവ തത്സമയം റെക്കോർഡ് ചെയ്യാം. രാജ്യത്തെവിടെയും ഉള്ള വാഹനങ്ങളുടെ വിവരങ്ങളും, ഡ്രൈവിങ് ലൈസൻസുകളുടെ വിവരങ്ങളും പരിശോധനാ വേളയിൽ വിരൽത്തുമ്പിൽ ലഭ്യമാകും.കുറ്റപത്രം നൽകപ്പെട്ടാൽ ആ വിവരങ്ങൾ യഥാക്രമം കുറ്റം ആരോപിക്കപ്പെട്ട വാഹനത്തിന്റെയും, ഡ്രൈവറുടെയും ഓഫീസ് രേഖകളിൽ ഓൺലൈനിലൂടെ പ്രതിഫലിക്കും.

അതുവഴി വാഹനമോ, ഡ്രൈവറോ സ്ഥിരം നിയമലംഘകർ ആണോയെന്ന് എളുപ്പം മനസ്സിലാക്കാം. വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും തങ്ങളുടെ പേരിലുള്ള ട്രാഫിക് നിയമ ലംഘനങ്ങളുടെ വിവരങ്ങൾ ഓൺലൈനായി പരിശോധിക്കാനും, പിഴയടക്കാനും സാധിക്കും. നേട്ടങ്ങൾട്രാഫിക് നിയമ ലംഘനത്തിനെതിരായ നടപടികൾ സുഗമവും സുതാര്യവും ആകും.സമയനഷ്ടം ഒഴിവാകും. ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് പേപ്പർ രഹിതമാകുന്ന സംവിധാനവുമാണിത്. പക്ഷെ പൈൻ ലാബിന്റെ ചൈനീസ് നിർമ്മിത ഡിജിറ്റൽ ഉപകരണത്തിന്നെതിരെയാണ് വകുപ്പിൽ നിന്ന് തന്നെ എതിർപ്പുകൾ ഉയർന്നിരിക്കുന്നത്.

കോവിഡിന്റെ മറവിൽ ലേണേഴ്സ് ടെസ്റ്റ് പ്രഹസനമാക്കാനുള്ള മോട്ടോർ വാഹനവകുപ്പിന്റെ നീക്കവും വിവാദമായിരുന്നു. . ലേണേഴ്സ് ടെസ്റ്റ് ഓൺലൈൻ ആക്കി നടത്താനുള്ള തീരുമാനമാണ് വിവാദമായത്. ഡ്രൈവിങ് ലൈസൻസിന്റെ ഭാഗമായി നടത്തുന്ന ലേണേഴ്സ് ടെസ്റ്റ് അപേക്ഷകർക്ക് സ്വന്തം വീട്ടിലിരുന്നു എഴുതാനുള്ള അനുവാദം നൽകുക എന്ന വിചിത്ര ഉത്തരവാണ് വകുപ്പ് ഇറക്കിയത്. ഡ്രൈവിങ് സ്‌കൂളുകളുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് ഈ തീരുമാനം എന്നാണ് ലഭിക്കുന്ന സൂചന. ഡ്രൈവിങ് ടെസ്റ്റ് സമ്പ്രദായത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന തീരുമാനം എന്നാണ് ഈ നീക്കം വിശേഷിപ്പിക്കപ്പെടുന്നത്.

എസ്എസ്എൽസി പരീക്ഷ സ്വന്തം വീട്ടിലിരുന്നു എഴുതാൻ അനുവദിക്കുന്നതിന് തുല്യമായ അവസ്ഥയാണ് ഇത്. ഡ്രൈവിങ് സ്‌കൂളുകൾക്ക് ചാകരക്കോളാണ് ഉത്തരവ് എന്നാണ് വകുപ്പിലുള്ളവർ തന്നെ വിരൽ ചൂണ്ടുന്നത്. ലേണേഴ്സ് ടെസ്റ്റ് ഓൺലൈൻ ആയി അറ്റൻഡ് ചെയ്യാൻ അനുവദിക്കുന്ന തീരുമാനം വന്നാൽ ലേണേഴ്സ് ടെസ്റ്റിന്റെ വിശ്വാസ്യത നഷ്ടമാകും. അപേക്ഷകർക്ക് തങ്ങളുടെ മൊബൈലിൽ വെച്ചോ കമ്പ്യൂട്ടർ വഴിയോ പരീക്ഷ എഴുതാം. അപേക്ഷകർക്ക് പരീക്ഷ എഴുതാൻ ബുദ്ധിമുട്ട് ആണെങ്കിൽ ഡ്രൈവിങ് സ്‌കൂളുകൾക്ക് അപേക്ഷകന്റെ പേരിൽ പരീക്ഷ എഴുതാനും കഴിയും.

എഴുതാനും വായിക്കാനും അറിയാത്തവർ പോലും ഗതാഗതവകുപ്പിന്റെ ലേണേഴ്സ് ടെസ്റ്റ് പാസാകും. ഇതാണ് വിചിത്ര ഉത്തരവ് വഴി സംഭവിക്കാൻ പോകുന്നത് എന്ന ചൂണ്ടിക്കാട്ടൽ വന്നിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP