Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓൺലൈൻ ക്ലാസിനുള്ള സൗകര്യം ജൂൺ അഞ്ചിനകം ഒരുക്കുമെന്ന് അറിയിച്ചിരുന്നു; ദേവിക പഠിക്കുന്ന മലപ്പുറം ഇരിമ്പിളിയം സർക്കാർ ഹയർസെക്കന്ററി സ്‌കൂളിൽ പഠനമുറി സജ്ജമാക്കിയത് 25 കുട്ടികൾക്ക്; വിവരം കുട്ടികളുടെ മാതാപിതാക്കളെയും അറിയിച്ചിരുന്നു; കുട്ടികളുടെ ബുദ്ധിമുട്ട് പഞ്ചായത്ത്തല എഡ്യൂക്കേഷണൽ കമ്മിറ്റിയിൽ കണ്ടെത്തിയെന്നും അധികൃതർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും മലപ്പുറം ഡി.ഡി.ഇ; റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി; പ്രതിഷേധങ്ങൾ തുടരുന്നു

ഓൺലൈൻ ക്ലാസിനുള്ള സൗകര്യം  ജൂൺ അഞ്ചിനകം ഒരുക്കുമെന്ന് അറിയിച്ചിരുന്നു; ദേവിക പഠിക്കുന്ന മലപ്പുറം ഇരിമ്പിളിയം സർക്കാർ ഹയർസെക്കന്ററി സ്‌കൂളിൽ പഠനമുറി സജ്ജമാക്കിയത് 25 കുട്ടികൾക്ക്; വിവരം കുട്ടികളുടെ മാതാപിതാക്കളെയും അറിയിച്ചിരുന്നു; കുട്ടികളുടെ ബുദ്ധിമുട്ട് പഞ്ചായത്ത്തല എഡ്യൂക്കേഷണൽ കമ്മിറ്റിയിൽ കണ്ടെത്തിയെന്നും അധികൃതർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും മലപ്പുറം ഡി.ഡി.ഇ; റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി; പ്രതിഷേധങ്ങൾ തുടരുന്നു

ജംഷാദ് മലപ്പുറം

മലപ്പുറം: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത വിഷമത്തിൽ ഒമ്പതാം ക്ലാസുകാരി ദേവിക ആത്മഹത്യചെയ്ത സംഭവത്തിൽ അധികൃതർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് മലപ്പുറം ഡി.ഡി.ഇ.യുടെ റിപ്പോർട്ട്. ദേവിക പഠിക്കുന്ന ഇരിമ്പിളിയം ഗവ: ഹയർസെക്കണ്ടറി സ്‌കൂളിലെ 25 കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് കേൾക്കാനുള്ള സൗകര്യം അഞ്ചാം തീയതിക്കകം സജ്ജമാക്കുമെന്ന് മാതാപിതാക്കളെ അറിയിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡി.ഡി.ഇ കെ.എസ് കുസുമം വിദ്യാഭ്യാസ വകുപ്പ് മന്ത്രി റിപ്പോർട്ട് കൈമാറി.

സാമ്പത്തികമായ പ്രയാസം നേരിടുന്ന ഇരിമ്പിളിയം ഗവ: ഹയർസെക്കണ്ടറി സ്‌കൂളിലെ 25കുട്ടികൾക്ക് ഇത്തരത്തിൽ പ്രയാസം നേരിടുന്നതായി പഞ്ചായത്ത് തലത്തിൽ നടത്തിയ എജ്യൂക്കേഷണൽ കമ്മിറ്റിയുടെ മീറ്റിംഗിൽ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച സൗകര്യങ്ങൾ അഞ്ചാം തീയതിക്കകം ഒരുക്കുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നുവെന്നും ഡി.ഡി.ഇ പറഞ്ഞു. ഇതുസംബന്ധിച്ചു വിശദീകരണം വിദ്യാഭ്യാസവകുപ്പിനു നൽകിയതായും ഇവർ പറഞ്ഞു.

വിഷയത്തിൽ റിപ്പോട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസമന്ത്രി ഡി.ഡി.ഇയോട് നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്നാണ് സംഭവത്തെ കുറിച്ച് അന്വേഷണിച്ച് ഡി.ഡി.ഇ റിപ്പോർട്ട് സമർപ്പിച്ചത്. ഞാൻ പോകുന്നു എന്ന ഒറ്റവരി കുറിപ്പെഴുതിവച്ചാണ് ദേവിക സ്വപ്നങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത വിഷമത്തിൽ ആത്മഹത്യ ചെയ്ത ഒമ്പതാം ക്ലാസുകാരി ദേവികയുടെ മൃതദേഹം വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഇരിമ്പിളിയം തിരുനിലത്തെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങി നിരവധി പേരാണ് ദേവികയുടെ വീട്ടിലെത്തിയത്.

ദേവികയ്ക്ക് സംഭവിച്ചത്‌

ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങുന്നുണ്ടെന്ന വിവരം ദേവിക അറിഞ്ഞിരുന്നു. ഇക്കാര്യം അമ്മയോട് സംസാരിക്കുകയും ചെയ്തരുന്നു. അതേസമയം കേടായ ടി.വി നന്നാക്കാൻ നിർദ്ധനരായ ആ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. സ്മാർട്ട് ഫോണില്ലാത്തതും കുട്ടിയെ അസ്വസ്ഥയാക്കിയിരുന്നു. അടുത്ത ദിവസങ്ങളിൽ ടിവി ശരിയാക്കാം എന്നായിരുന്നു അമ്മയുടെ മറുപടി. എന്നാൽ ആദ്യ ദിവസത്തെ ക്ലാസ്സ് മുടങ്ങിയ വിഷമം ദേവികയ്ക്ക് ഉണ്ടായിരുന്നു. രാവിലെ മുതൽ ആരോടും സംസാരിക്കാതെയിരുന്നു. ഉച്ചയോടെ ദേവികയെ കാണാതായി.

അതേസമയം വിദ്യാർത്ഥിനി ഉറങ്ങുകയായിരിക്കും എന്നാണ് മാതാപിതാക്കൾ കരുതിയത്. എന്നാൽ, പിന്നീട് ഏറെ നേരം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ മാതാപിതാക്കൾ തിരിച്ചിൽ തുടങ്ങി. ഈ തിരിച്ചലിലാണ് ആളൊഴിഞ്ഞ പറമ്പിലെ വീടിനു സമീപത്തായി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ദേവികയുടെ ആത്മഹത്യാ കുറിപ്പ് വീടിനുള്ളിൽനിന്നു കണ്ടെത്തി. നോട്ട്ബുക്കിൽ 'ഞാൻ പോകുന്നു' എന്നു മാത്രമാണ് കുട്ടി കുറിച്ചിരിക്കുന്നത്.

സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബമാണ് ദേവികയുടേതെന്ന് അദ്ധ്യാപകൻ പറഞ്ഞു. ദളിത് കോളനിയിലാണ് താമസിക്കുന്നത്. ലോക്ക്ഡൗൺ കാലത്തു വളരെ ദുരിതം അനുഭവിച്ചിരുന്നു ഈ കുടുബം. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടർന്ന് പണിക്കു പോകാൻ കഴിഞ്ഞിരുന്നില്ല. വളരെ നന്നായി പഠിക്കുന്ന കുട്ടിയാണ് ദേവിക, ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തവർക്കായി സ്‌കൂൾ കേന്ദ്രീകരിച്ച് പഠനം തുടങ്ങാനിരിക്കെയായിരുന്നു അദ്ധ്യാപകർ. എന്നാൽ അതിനിടെ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചു. സൗകര്യങ്ങളില്ലാത്തിനാൽ പഠനം മുടങ്ങുമോ എന്ന് ഭയന്നുള്ള ആത്മഹത്യയാണ് ദേവികയുടേതെന്ന് അദ്ധ്യാപകൻ പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ഇരിമ്പിളിയം തിരുനിലം പുളിയാപ്പറ്റക്കുഴിയിൽ കുളത്തിങ്ങൽവീട്ടിൽ ബാലകൃഷ്ണന്റെയും ഷീബയുടെയും മകളായ ദേവികയുടെ മൃതദേഹം വീടിനടുത്തുള്ള ആളൊഴിഞ്ഞു കിടക്കുന്ന മറ്റൊരു വീടിന്റെ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മണ്ണെണ്ണയുടെ ഒഴിഞ്ഞ കുപ്പി സമീപത്തുനിന്നു ലഭിച്ചതായും പ്രാഥമികാന്വേഷണത്തിൽ ദുരൂഹത ഒന്നും തന്നെ ഇല്ലെന്നാണ് വളാഞ്ചേരി സ്റ്റേഷൻ ഓഫീസർ എം.കെ. ഷാജി പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് റിപ്പോർട്ട് അടക്കം ലഭിച്ച ശേഷമാകും മരണത്തിൽ ദുരൂഹതകൾ ഉണ്ടോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത കൈവരികയുള്ളൂ.

കോവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകൾ തുറക്കാതെ വീട്ടിലിരുന്ന് പഠിക്കാൻ കേരളത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ പങ്കെടുക്കാൻ കഴിയുമോ എന്ന ആശങ്കയിലായിരുന്നു ദേവികയെന്ന് രക്ഷിതാക്കൾ പറഞ്ഞു. പഴയ ടി.വിയും ഡി.ടി.എച്ച് കണക്ഷനും വീട്ടിൽ ഉണ്ടെങ്കിലും ഒരു മാസത്തോളമായി ടി.വി കേടായിരുന്നു. കൂലിപ്പണിക്കാരനായ പിതാവ് ബാലകൃഷ്ണന് ആരോഗ്യ പ്രശ്നങ്ങളും ലോക്ഡൗണിൽ ജോലി ഇല്ലാതായതിനാലും ടി.വി നന്നാക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. സ്മാർട്ഫോണും വീട്ടിൽ ഉണ്ടായിരുന്നില്ല.

വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ വിദ്യാഭ്യാസമന്ത്രി മലപ്പുറം ഡിഡിഇയോട് റിപ്പോർട്ട് തേടി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ദേവനന്ദ, ദീക്ഷിത്, ഏഴുമാസം പ്രായമുള്ള ആൺകുട്ടി എന്നിവരാണ് ദേവികയുടെ സഹോദരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP