Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

'ദാവൂദ് അൽ അറബി' കൊല്ലത്തെ പ്രവാസി വ്യവസായി എന്ന സംശയം അതിശക്തം; റമീസിന്റെ മൊഴികൾ പലതും അവിശ്വസനീയമെന്ന വിലയിരുത്തലിൽ കേന്ദ്ര ഏജൻസികൾ; ദാവൂദ് എന്ന അന്താരാഷ്ട്ര ഡോണിന്റെ പേരിനൊപ്പം അറബിയും ചേർത്ത് പുതിയ കഥയുണ്ടാക്കുന്നുവെന്ന വാദവും ചർച്ചകളിൽ; ഇൻഫ്‌ളുവൻഷ്യൽ പേഴ്‌സണിനെ ചുറ്റി പറ്റി അന്വേഷണം; പ്രവാസി മുതലാളിയെ ചോദ്യം ചെയ്യാൻ സാധ്യത

'ദാവൂദ് അൽ അറബി' കൊല്ലത്തെ പ്രവാസി വ്യവസായി എന്ന സംശയം അതിശക്തം; റമീസിന്റെ മൊഴികൾ പലതും അവിശ്വസനീയമെന്ന വിലയിരുത്തലിൽ കേന്ദ്ര ഏജൻസികൾ; ദാവൂദ് എന്ന അന്താരാഷ്ട്ര ഡോണിന്റെ പേരിനൊപ്പം അറബിയും ചേർത്ത് പുതിയ കഥയുണ്ടാക്കുന്നുവെന്ന വാദവും ചർച്ചകളിൽ; ഇൻഫ്‌ളുവൻഷ്യൽ പേഴ്‌സണിനെ ചുറ്റി പറ്റി അന്വേഷണം; പ്രവാസി മുതലാളിയെ ചോദ്യം ചെയ്യാൻ സാധ്യത

എം മനോജ് കുമാർ

തിരുവനന്തപുരം: നയതന്ത്ര വഴിയിലുള്ള സ്വർണ്ണക്കടത്തിലെ മുഖ്യസൂത്രധാരൻ കെ.ടി. റമീസിന്റെ മൊഴികൾ പലതും സംശയം ജനിപ്പിക്കുന്നെന്ന വിലയിരുത്തലിൽ അന്വേഷണ ഏജൻസികൾ. റമീസിന്റെ മൊഴിയിൽ പറയുന്ന യുഎഇ പൗരൻ 'ദാവൂദ് അൽ അറബി' ഒരു സാങ്കൽപ്പിക നാമം മാത്രമെന്ന വിലയിരുത്തലിലാണ് അന്വേഷണ ഏജൻസികൾ. ദാവൂദ് എന്ന അന്താരാഷ്ട്ര ഡോണിന്റെ പേരും അറബി എന്ന പേരും ചേർത്ത് നൽകിയ പേരാണ് 'ദാവൂദ് അൽ അറബി' എന്നാണ് അന്വേഷണ ഏജൻസികളുടെ സംശയം. ദാവൂദ് അൽ അറബി എന്ന പേരിൽ നടത്തുന്ന അന്വേഷണം വെറുതെയാകും എന്ന് ഏജൻസികൾ സംശയിക്കുന്നുണ്ട്. ഇല്ലാത്ത ഒരു വ്യക്തിയുടെ പേരിലാകും അന്വേഷണം നടത്തേണ്ടി വരുന്നത്.

'ദാവൂദ് അൽ അറബി' എന്നതുകൊല്ലത്തെ പ്രവാസി വ്യവസായിയാണോ എന്ന സംശയവും അന്വേഷണ ഏജൻസികൾക്കുണ്ട്. അതോ ഇത് ഒരു കോഡ് മാത്രമാണോ വേറെ വ്യക്തി ഇതിനു പിന്നിലുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അന്വേഷണം ഈ ഇൻഫ്‌ള്വൻഷൽ വ്യക്തിയിലേക്കും കാരാട്ട് റസാഖിലേക്കും പോകരുത് എന്ന നിർബന്ധമുള്ള പ്രതിയാണ് ദാവൂദ് അൽ അറബി എന്ന പേര് പുറത്ത് വിട്ടിരിക്കുന്നത്. ഈ രീതിയിൽ ഒരു വ്യക്തിയുണ്ടോ, അന്വേഷണം വഴി തെറ്റിക്കാൻ യുഎഇ പൗരന്റെ പേര് പറയുകയാണോ അല്ലെങ്കിൽ കസ്റ്റംസ് കേന്ദ്രത്തിനു നല്കിയ രഹസ്യ റിപ്പോർട്ടിൽ പറയുന്ന ഇൻഫ്‌ളുവെൻഷ്വൽ പേർസൺ തന്നെയാണോ ഈ വ്യക്തി എന്നാണ് ഏജൻസികൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. യുഎഇ പൗരന്റെ പേരിൽ അന്വേഷണം മുന്നോട്ടു നീക്കുമ്പോൾ ആരെയും കിട്ടാൻ കഴിയാത്ത അവസ്ഥയും അന്വേഷണ ഏജൻസികൾ മുൻകൂട്ടി കാണുന്നുമുണ്ട്.

സിപിഎമ്മിനോട് വളരെയധികം അടുപ്പം പുലർത്തുന്ന പ്രവാസി വ്യവസായി സ്വർണം വിട്ടുകിട്ടാൻ ഇടപെട്ടു എന്ന് കസ്റ്റംസിന്റെ രഹസ്യ റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ടിൽ തങ്ങൾ ചൂണ്ടിക്കാട്ടുന്ന ഇൻഫ്‌ളുവെൻഷ്വൽ പേർസൺ തന്നെയാണ് ഈ അറബി എന്ന സംശയത്തിലാണ് അന്വേഷണ ഏജൻസികൾ. ഈ രീതിയിലാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. പ്രവാസി വ്യവസായിക്ക് സ്വർണം ക്ടത്തിലുള്ള ബന്ധം മറ നീക്കുന്നത് അന്വേഷണ ഏജൻസികളെ കുഴക്കുന്നുണ്ട്. പ്രവാസി വ്യവസായിയെയും വിളിച്ച് വരുത്തി ചോദ്യം ചെയ്യണോ എന്ന ആലോചനയിലാണ് അന്വേഷണ സംഘം. വടക്കൻ മലബാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആഭരണ ശാലയുമായി പ്രവാസി വ്യവസായിക്ക് ഉള്ള ബന്ധവും ഈ ആഭരണ ശാലയുടെ ഷെയറുകൾ വ്യവസായി വാങ്ങിയ കാര്യവും അന്വേഷണ ഏജൻസികൾക്ക് മുന്നിലുണ്ട്. അതുകൊണ്ട് തന്നെയാണ് ബന്ധം തെളിഞ്ഞു വരുമ്പോൾ വ്യവസായിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യണോ എന്ന ആലോചന പുരോഗമിക്കുന്നത്.

പ്രവാസി വ്യവസായിയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയാൻ അറിയാൻ ഇപ്പോൾ അറസ്റ്റിലായ റബിൻസിൽ നിന്നും കഴിയും എന്നാണ് ഏജൻസികൾ പ്രതീക്ഷിക്കുന്നത്. ദുബായിയിൽ നിന്നും നാടുകടത്തിയ റബിൻസിനെ കേരളത്തിലെത്തിച്ചാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. നെടുമ്പോശേരി വിമാനത്താവളത്തിൽ നിന്നാണ് റബിൻസ് അറസ്റ്റിലായത്. 'ദാവൂദ് അൽ അറബി' പ്രവാസി വ്യവസായിയാണോ എന്ന് ഇയാളെ ചോദ്യം ചെയ്യുമ്പോൾ വ്യക്തമാകും എന്നാണ് പ്രതീക്ഷ.

യുഎഇ കോൺ സുലേറ്റ് വഴി നടന്ന സ്വർണ്ണക്കടത്തിൽ കാരാട്ട് റസാഖ് എംഎൽഎയുടെയും കാരാട്ട് ഫൈസലിന്റെയും പേരുകൾ ഒരു വിധത്തിലും പൊന്തിവരരുത് എന്ന് സരിത്തിനോടും സന്ദീപിനോടും ശഠിച്ച ആളാണ് റമീസ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു ഒരു വിധത്തിലുള്ള തെളിവും പുറത്ത് വരരുത് എന്ന രീതിയിൽ അവസാനം വരെ നീക്കം നടത്തിയ പ്രതിയാണ് റമീസ്. കാരാട്ട് ബന്ധവും തന്റെയും സന്ദീപിന്റെയും പേരും വെളിപ്പെടുത്തരുതെന്നും റമീസ് സരിത്തിനോട് പറഞ്ഞിരുന്നു. ഏജൻസികൾ ചോദ്യം ചെയ്യുമ്പോൾ സ്വർണക്കടത്തിനു പിന്നിൽ ദാവൂദ് അൽ അറബി എന്ന് പറഞ്ഞാൽ മതി എന്നാണ് സരിത്തിനോടു പറഞ്ഞത്. സരിത്തിനെ തടവറയിൽ നിന്നും ഇറക്കാൻ തങ്ങൾ പുറത്ത് വേണം. ഒരു വർഷത്തെ ശിക്ഷ ലഭിക്കും. ആറുമാസം കഴിഞ്ഞാൽ ഡൽഹി വഴി ഫൈൻ അടപ്പിച്ച് സരിത്തിനെ ഇറക്കാം. പകരം പ്രതിഫലവും നൽകാം എന്നാണ് റമീസ് ഉറപ്പു നൽകിയത്. ഇതേ റമീസ് തന്നെയാണ് ദുബായിൽ നിന്ന് സ്വർണം കടത്തിയതിൽ മുഖ്യ പങ്കു വഹിച്ചത് 'ദാവൂദ് അൽ അറബി'എന്ന് മൊഴി നൽകിയത്. അതുകൊണ്ട് തന്നെയാണ് ഇതൊരു സാങ്കൽപ്പിക നാമം ആണെന്നും പ്രവാസി വ്യവസായി തന്നെയാണോ ഈ അറബി എന്നുമുള്ള സംശയം അന്വേഷണ ഏജൻസികൾക്ക് വരുന്നത്. ഇപ്പോൾ കസ്റ്റഡിയിലുള്ള സന്ദീപ് നായരും ഭാര്യയും കാരാട്ട് റസാഖ്, ഫൈസൽ എന്നിവർക്കു വേണ്ടിയാണു റമീസ് സ്വർണക്കടത്തു നടത്തുന്നതെന്നു മൊഴി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് റമീസിന്റെ മൊഴികളിൽ സംശയം നിലനിർത്തി അന്വേഷണം മുന്നോട്ടു നീക്കുന്നത്.

യുഎഇ കോൺസുലെറ്റിന്റെ പേരിൽ വന്ന ബാഗ് കസ്റ്റംസ് തടഞ്ഞുവെച്ചപ്പോൾ അത് വിട്ടു നൽകണം എന്നാണ് പ്രവാസി വ്യവസായി ആവശ്യപ്പെട്ടത്. ഈ ഇടപെടൽ കോൺസുലേറ്റിലെ അറ്റാഷെ റഷീദ് ഖമീസാണെന്നാണു സ്വപ്ന കൂട്ടുപ്രതികളെ അറിയിച്ചത്. അറ്റാഷെയോട് ഈ കാര്യം പറഞ്ഞത് കോൺസൽ ജനറലാണ്. പേടിക്കേണ്ട കാര്യമില്ല. പ്രവാസി വ്യവസായി ഇടപെട്ടിട്ടുണ്ട്. കസ്റ്റംസ് ബാഗ് പിടിച്ചു വെക്കില്ല. അവർ അത് വിട്ടുകൊടുത്തില്ലെങ്കിൽ യുഎഇയിലേക്ക് തിരികെ അയക്കും എന്നാണ് കോൺസൽ ജനറൽ പറഞ്ഞത് എന്നാണ് സ്വപ്ന പറഞ്ഞതായുള്ള മൊഴിയിൽ ഉള്ളത്. കേന്ദ്രസർക്കാരിനു കസ്റ്റംസ് നൽകിയ റിപ്പോർട്ടിൽ അനുബന്ധമായി ചേർത്ത സ്വപ്നയുടെ മൊഴിയിലാണ് ഈ പരാമർശമുള്ളത്. ഇതാണ് വ്യവസായിയെ കുടുക്കുന്നത്.

മിക്ക രാഷ്ട്രീയ പാർട്ടികളുമായും ഉറ്റ ബന്ധമാണ് വ്യവസായിക്ക് ഉള്ളത്. സിപിഎമ്മുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന ഈ വ്യവസായിക്ക് ബിജെപിയുമായി അതിലും വലിയ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ വ്യവസായിലേക്ക് അന്വേഷണം നീക്കുമ്പോൾ എന്ത് സംഭവിക്കും എന്ന ആശങ്ക അന്വേഷണ ഏജൻസികൾക്കുണ്ട്. ഇതുകൊണ്ട് തന്നെയാണ് വ്യവസായിയുടെ പേര് ചേർക്കാതെ ഇൻഫ്‌ളുവെൻഷൽ വ്യക്തി എന്ന പേര് ചേർത്ത് കേന്ദ്രത്തിനു കസ്റ്റംസ് റിപ്പോർട്ട് നൽകിയത്. നയതന്ത്രവഴിയിലുള്ള സ്വർണ്ണക്കടത്ത് കേസിൽ ഏതു ഉന്നതൻ ആണെങ്കിലും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനാണ് അമിത് ഷായും അജിത് ഡോവലും അന്വേഷണ ഏജൻസികൾക്ക് നല്കിയിരിക്കുന്ന നിർദ്ദേശം. വ്യവസായിയുടെ പേര് കൂടി സ്വർണ്ണക്കടത്ത് കേസിൽ പ്രത്യക്ഷപ്പെട്ടതോടെ ബിസിനസ് വൃത്തങ്ങളിൽ ആശങ്ക പരന്നിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ടു ഇയാളെ ചോദ്യം ചെയ്യാൻ വിളിച്ചാൽ പോലും ബിസിനസ് രംഗത്ത് അത് വലിയ പ്രകമ്പനങ്ങൾ സൃഷ്ടിക്കും. അതുകൊണ്ട് തന്നെ കസ്റ്റംസ് നീക്കം ബിസിനസ് വൃത്തങ്ങൾ ഉറ്റു നോക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP