Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രിയും കൂട്ടരും ജയിലിൽ അടയ്ക്കാതെ വിട്ട ഡേവിഡ് ലാലി ഗ്രാൻഡ് കേരളാ ഷോപ്പിങ് ഫെസ്റ്റിവലിൽ പങ്കാളിത്തമുള്ള കമ്പനി എംഡി; വഴിവിട്ട് സഹായിച്ചത് ഫെസ്റ്റിവലിലെ അഴിമതിക്കഥകൾ കുഴിച്ചുമൂടാനെന്നും ആരോപണം

മുഖ്യമന്ത്രിയും കൂട്ടരും ജയിലിൽ അടയ്ക്കാതെ വിട്ട ഡേവിഡ് ലാലി ഗ്രാൻഡ് കേരളാ ഷോപ്പിങ് ഫെസ്റ്റിവലിൽ പങ്കാളിത്തമുള്ള കമ്പനി എംഡി; വഴിവിട്ട് സഹായിച്ചത് ഫെസ്റ്റിവലിലെ അഴിമതിക്കഥകൾ കുഴിച്ചുമൂടാനെന്നും ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സുപ്രീം കോടതി വിധിയെ പോലും മറുകടന്ന് ഒരു ദിവസം പോലും ജയിലിൽ കഴിയാൻ ഇട നൽകാതെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രിമാരും ഇടപെട്ട് സംരക്ഷിച്ച ക്രിമിനൽ കേസ് പ്രതി ഡേവിഡ് ലാലിക്ക് ഗ്രാൻഡ് കേരളാ ഷോപ്പിങ് ഫെസ്റ്റിവലിലും പങ്കാളിത്തം. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷാരോൺ ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്ന കമ്പനിയുടെ സിഎംഡിയാണ് ഡേവിഡ് ലാലി.

ഇയാളെയാണ് 28 വർഷം മുമ്പ് നടത്തിയ ക്രിമിനൽ കേസിൽ നിന്നും പൊലീസും ഭരണകൂടവും ചേർന്ന് സംരക്ഷിച്ചു നിർത്തിയത്. ഗ്രാൻഡ് കേരളാ ഷോപ്പിങ് ഫെസിറ്റിവലിന്റെ ആറാമത് സീസണിൽ കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന ആരോപണം ഉയർന്ന കമ്പനിയാണ് ഡേവിഡ് ലാലിയുടെ ഷാരോൺ. അഴിമതി ആരോപണങ്ങളെ തുടർന്ന് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഏഴാം സീസണിൽ നിന്നും ഷാരോണിനെ മാറ്റി നിർത്തിയിരുന്നു. എന്നാൽ വെട്ടിപ്പുകഥകൾ എല്ലാം മറന്ന് ഇത്തവണ ഫെസ്റ്റിവലിൽ കമ്പനിയെയും ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ഡേവിഡ് ലാലിയെ പൂർണ്ണമായും മോചിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതും.

തിരുവനന്തപുരം മലയിൻകീഴ് മലയം സ്വദേശിയാണ് ഡേവിഡ് ലാലി. കേസിൽ കുടുങ്ങി നാടുവിട്ട ഡേവിഡ് ലാലി പിന്നീട് കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്. ഡേവിഡ് ലാലിയുടെ സഹോദരൻ സോളമൻ പ്രാദേശിക കോൺഗ്രസ് നേതാവുമാണ്. അതിനപ്പുറം കൊച്ചിയിലെത്തിയ ശേഷമാണ് ഡേവിഡ് ലാലി രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാരനാകുന്നത്. ഇതു തന്നെയാണ് ഇയാളുടെ ഷാരോൺ ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് കാരണമെന്നും വിലയിരുത്തൽ.

ക്രിമിനൽകുറ്റത്തിന് 1987ൽ ശിക്ഷിക്കപ്പെട്ട ഡേവിഡ് ലാലിക്കാണ് സർക്കാരിന്റെ ഇളവ് ലഭിച്ചത്. ക്രിമിനൽ കേസിൽ സുപ്രീംകോടതി ശരിവച്ച തടവുശിക്ഷയാണ് സംസ്ഥാന സർക്കാർ റദ്ദാക്കിയത്. കോടതി വിധിച്ച രണ്ടുവർഷം കഠിന തടവിനുപകരം, വെറും ഒരുലക്ഷം രൂപ പിഴ ഈടാക്കി പ്രതിയെ രക്ഷപെടുത്തുകയായിരുന്നു. പ്രായാധിക്യവും ഗുരുതര രോഗങ്ങളുമാണ് ശിക്ഷ ഇളവു ചെയ്യാനായി സർക്കാർ സ്വീകരിച്ച മാനദണ്ഡത്തിൽ സർക്കാർ പറയുന്നത്. എന്നാൽ തങ്ങൾക്ക് വേണ്ടപ്പെട്ടവനെ സംരക്ഷിക്കുന്ന നയമാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചതെന്നാണ് ആരോപണം ഉയരുന്നത്. ഇതിനായി ജികെഎസ്എഫിലെ ഡേവിഡ് ലാലിയുടെ കമ്പനിയുടെ പങ്കും ചൂണ്ടിക്കാട്ടുന്നു.

ഗ്രാൻഡ് കേരളാ ഷോപ്പിങ് ഫെസ്റ്റിവൽ വിജയികൾക്ക് നൽക്കുന്ന സമ്മാനങ്ങൾ കേരളത്തിന്റെ തനത് ഉൽപ്പന്നങ്ങൾ ആവണമെന്നിരിക്കേ ചൈനിസ് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്ത് തട്ടിപ്പു നടത്തിയെന്ന ആരോപണമാണ് ഷാരോൺ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെതിരെ ഉയർന്നത്. ആറാം സീസണിൽ സ്‌ക്രാച്ച് ആൻഡ് വിൻ സമ്മാനങ്ങൾ വാങ്ങുന്നതിന് ആകെ ചെലവായത്, 22805250 (രണ്ട് കോടി ഇരുപത്തിയെട്ട് ലക്ഷം അയ്യായിരത്തി ഇരുനൂറ്റിയമ്പത്) രൂപയാണ്. ഇതിൽ 13150000 (ഒരുകോടി മുപ്പത്തിയൊന്ന് ലക്ഷം അമ്പതിനായിരം) രൂപ, ഷാരോൺ ഡിസ്ട്രിബ്യൂട്ടേഴ്‌സ് വഴി സമ്മാനം വാങ്ങാൻ ചെലവാക്കിയതാണ്. ആറാം സീസണിലെ ഓഡിറ്റിംഗിൽ ഡേവിഡ് ലാലിയുടെ കമ്പനി പ്രതിക്കൂട്ടിലായിരുന്നു. എന്നാൽ ഇതെല്ലാം മറന്നും ഇവരെ തന്നെ എട്ടാം സീസണിന്റെ കൂപ്പൺ വിതരണത്തിനായി സർക്കാർ ഏൽപ്പിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ മന്ത്രി അനിൽ കുമാറിനെതിരെയും ആരോപണമുണ്ട്.

നേരത്തെ പട്ടികജാതി വിഭാഗത്തിലുള്ള കുട്ടികൾക്ക് സൗജന്യമായി സൈക്കിൾ വിതരണം ചെയ്യുന്ന കാര്യത്തിൽ സഹായത്തിന് പട്ടികജാതി ക്ഷേമ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന ടൂറിസം മന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. ഇതിന് ശുപാർശ ചെയ്തത് വി ഡി സതീശൻ എംഎൽഎ ആണെന്ന ആരോപണവുമുണ്ട്. എന്നാൽ, ഇന്ത്യൻ നിർമ്മിത സൈക്കിൾ മാത്രമേ വിതരണം ചെയ്യാൻ പറ്റുകയുള്ളു എന്ന നിബന്ധനയിൽ ചൈനീസ് സൈക്കിളുമായി വന്ന കമ്പനി പുറത്തായി. അതിന്റെ ഭാഗമായി ചില കേസുകളും ഉണ്ടായെങ്കിലും സതീശൻ ഇടപെട്ട് എല്ലാം ഒതുക്കിയെന്നാണ് ആരോപണം.

ആറാം സീസണിൽ ജി കെ എസ് എഫിന്റെ സ്‌ക്രാച്ച് ആൻഡ് വിൻ സമ്മാനങ്ങൾ 3 കാറ്റഗറികളിൽ ഉള്ളവയായിരുന്നു. എ, ബി, സി കാറ്റഗറിയിലുള്ള സമ്മാനങ്ങൾ മന്ത്രിയുടെ നിർദ്ദേശാനുസരണമാണ് ഡയറക്ടർ തരം തിരിച്ചത്. ഈ മൂന്ന് കാറ്റഗറിയിലും ഷാരോൺ ഡിസ്ട്രിബ്യൂട്ടേഴ്‌സ് സമ്മാനങ്ങൾ വിതരണം ചെയ്തു. കേരളത്തിന്റെ തനത് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ നോക്കി നിൽക്കെയാണ്, മെയ്ഡ് ഇൻ ചൈന ഉത്പന്നങ്ങൾ പ്രത്യേക പൊതിയിലാക്കി ഷാരോൺ ഡിസ്ട്രിബ്യൂട്ടേഴ്‌സ് സമ്മാനമായി നൽകിയത്.

ജികെഎസ്എഫ് എട്ടാം സീസണിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയെ മാറ്റി നിർത്തിയാണ് ഷാരോൺ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെ കൂപ്പൺ വിതരണത്തിനായി ഏൽപ്പിച്ചത്. ഇതുവഴി വെട്ടിപ്പാണ് ലക്ഷ്യമിടുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ഇങ്ങനെ ഗ്രാൻഡ് കേരളാ ഷോപ്പിങ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നുവരാതിരിക്കാനാണ് ഷാരോൺ ഡിസ്ട്രിബ്യൂട്ടേഴ്‌സ് എംഡിയായ ഡേവിഡ് ലാലിക്കെതിരായ കേസ് എഴുതി തള്ളിയതെന്നാണ് ആരോപണങ്ങൾ. എന്തായാലും ഉത്തരേന്ത്യൻ രാഷ്ട്രീയത്തെ പോലും നാണിപ്പിക്കുന്ന വിധത്തിലാണ് ഡേവിഡ് ലാലിയെന്ന വ്യവസായിയുടെ കാര്യത്തിൽ നമ്മുടെ സർക്കാറുകളും ഭരണകൂടവും പ്രവർത്തിച്ചതെന്നത് വാസ്തവമാണ്.

സാധാരണക്കാരന് നീതി ലഭിക്കാത്ത സംഭവങ്ങളുടെ പട്ടികയിൽ ഒടുവിലത്തേത്താണ് ഈ സംഭവം. നേരത്തെ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി വേമ്പനാട് കായൽതീരത്ത് നിർമ്മിച്ച റിസോർട്ടുകളും ഫഌറ്റുകളും പൊളിച്ചുമാറ്റാൻ കോടതി ഉത്തരവുണ്ടായിട്ടും പൊളിച്ചുമാറ്റില്ലെന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടത്. എന്നാൽ കൊച്ചിയിൽ അല്ലിയമ്മ എന്ന സാധാരണക്കാരിയുടെ വീട് രായ്ക്ക് രാമാനം കോർപ്പറേഷൻ ഇടിച്ചു നിരത്തുകയുമുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP