Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാട്ടുകാർ കളിച്ചു നടക്കുന്ന ഒരു ഉഴപ്പൻ എന്ന് വിളിച്ചതിനാൽ അപ്പച്ചന് ഉണ്ടായിരുന്നത് വല്ലാത്ത ദേഷ്യം; റേഷൻ കട തുറന്നിട്ട് കളിക്കാൻ പോയതിന് കുറേ തല്ലും കിട്ടി; യൂണിവേഴ്സിറ്റിക്ക് ഗോൾ നേടിയതു മുതൽ അപ്പച്ചന് കളിയോട് ഇഷ്ടം തുടങ്ങി; കളത്തിൽ നിറഞ്ഞത് ഗോളടിച്ച്; ഇനി ലക്ഷ്യം ഗോൾകീപ്പർമാരെ സൃഷ്ടിക്കൽ; സിവി പാപ്പച്ചൻ ഫുട്‌ബോൾ ജീവിതം പറയുമ്പോൾ

നാട്ടുകാർ കളിച്ചു നടക്കുന്ന ഒരു ഉഴപ്പൻ എന്ന് വിളിച്ചതിനാൽ അപ്പച്ചന് ഉണ്ടായിരുന്നത് വല്ലാത്ത ദേഷ്യം; റേഷൻ കട തുറന്നിട്ട് കളിക്കാൻ പോയതിന് കുറേ തല്ലും കിട്ടി; യൂണിവേഴ്സിറ്റിക്ക് ഗോൾ നേടിയതു മുതൽ അപ്പച്ചന് കളിയോട് ഇഷ്ടം തുടങ്ങി; കളത്തിൽ നിറഞ്ഞത് ഗോളടിച്ച്; ഇനി ലക്ഷ്യം ഗോൾകീപ്പർമാരെ സൃഷ്ടിക്കൽ; സിവി പാപ്പച്ചൻ ഫുട്‌ബോൾ ജീവിതം പറയുമ്പോൾ

ആർ പീയൂഷ്

തൃശൂർ: കൊയ്ത്തു കഴിഞ്ഞ പറപ്പൂർ ഗ്രാമത്തിലെ പാടത്ത് പന്തുതട്ടി തുടങ്ങിയ സി.വി പാപ്പച്ചൻ എന്ന കൗമാരക്കാരന് കാൽപന്തുകളിയോട് വല്ലാത്ത ഭ്രമമായിരുന്നു. തൊട്ടടുത്തെ ഹൈസ്‌ക്കൂളിലെ വിശാലമായ ഗ്രൗണ്ട് ലഭിച്ചപ്പോൾ അവിടെയായി കളി. പത്താംക്ലാസ് പാസ്സായതോടെ യൂണിവേഴ്സിറ്റി ടീമിൽ കളിക്കണമെന്ന മോഹമായിരുന്നു. അങ്ങനെ കേരള വർമ്മ കോളേജിൽ എത്തിപ്പെടുകയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കായി ആദ്യമായി ജഴ്സി അണിയുകയും ചെയ്തു. പിന്നീട് പ്രീമിയർ പ്രീമിയർ ടയേഴ്സിന്റെ കളിക്കാരനായി. നാഗ്ജി ഫുട്ബോളിൽ കളിച്ചു. പിന്നീട് കേരളാ പൊലീസിന്റെ ഭാഗമായി തീർന്ന പാപ്പച്ചൻ സൂപ്രണ്ട് ഓഫ് പൊലീസ് എന്ന പദവിയിലാണ് വിരമിക്കുന്നത്. തന്റെ ഫുട്ബോൾ ജീവിത കഥ മറുനാടനോട് പങ്കു വയ്ക്കുകയാണ് അദ്ദേഹം.

തൃശൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമമായിരുന്നു പറപ്പൂർ. അവിടെയുള്ളവരൊക്കെ ഫുട്ബോൾ ആരാധകരും കളിക്കാരുമായിരുന്നു. പറപ്പൂർ എൽ.പി സ്‌ക്കൂളിലെ ഗ്രൗണ്ടിലാണ് പന്തുകളി ആരംഭിച്ചത്. പിന്നീട് ഹൈസ്‌ക്കൂൾ ഗ്രൗണ്ടിലും. കളിക്കുക എന്നത് മാത്രമായിരുന്നു അന്നത്തെ ആഗ്രഹം. എന്റെ നാട്ടിൽ ഫുട്ബോൾ ടൂർണ്ണമെന്റ് നടക്കുമ്പോൾ വിവധ കോളേജുകളിലെ ടീമികൾ മത്സരിക്കാനായി വരുമായിരുന്നു. അതിൽ എനിക്ക് ഏറ്റവും ഇഷ്ടം കേരള വർമ്മ കോളേജ് ടീമിനെയായിരുന്നു. കളിക്കാനായി അവർ ബസിറങ്ങി എത്തുന്നതു മുതൽ കളികഴിഞ്ഞ് അവർ തിരികെ പോകുന്നത് വരെ അവരെ വീക്ഷിച്ചു നിൽക്കുമായിരുന്നു. പത്താംക്ലാസ് പരീക്ഷ ജയിച്ചതോടെ കേരള വർമ്മയിൽ പഠിക്കാൻ പോകണമെന്നായി ആഗ്രഹം. കാരണം കേരള വർമ്മയുടെ ടീമിൽ കളിക്കാമല്ലോ എന്ന ആഗ്രഹം മാത്രമായിരുന്നു.

അങ്ങനെ കേരള വർമ്മയിലെത്തി. അവിടെ ഫിസിക്കൽ എഡ്യൂക്കേഷൻ ട്രെയിനർ എം.സി രാധാകൃഷ്ണൻ സാറായിരുന്നു കോളേജിൽ വിവിധ ക്യാംപുകളിൽ പങ്കെടുക്കുകയും കളിക്കുകയുമൊക്കെ ചെയ്യുന്നതിനിടെ യൂണിവേഴ്സിറ്റി സെലക്ഷൻ ക്യാംപ് എത്തി. കോവിക്കോടേ തേണ്ടിപ്പാലത്ത് വച്ചായിരുന്നു ക്യാംപ്. ക്യാപിന്റെ തലേ ദിവസം തന്നെ കുറച്ചു പണമൊക്കെ സംഘടിപ്പിച്ച് അവിടെയെത്തി പിറ്റേന്ന് ക്യാംപിൽ പങ്കെടുത്തു. നിർഭാഗ്യവശാൽ സെലക്ഷൻ ലഭിച്ചില്ല. കാരണം അത്ര കഠിനമായിരുന്നു അവിടുത്തെ സെലക്ഷൻ. എന്നെക്കൊണ്ട് നടക്കില്ലെന്ന് മനസ്സിലായതോടെ തിരികെ പോന്നു. രണ്ടാം വർഷം അതിനാൽ സെലക്ഷൻ ക്യാംപിൽ പോയില്ല.

സെലക്ഷൻ നടക്കുന്ന ദിവസം കോളേജിൽ നിൽക്കുകയായിരുന്ന എന്നെ കണ്ട് രാധാകൃഷ്ണൻ സാർ സെലക്ഷന് പോയില്ലേ എന്ന് ചോദിച്ചു. ഇല്ല. അറിഞ്ഞില്ല എന്ന് ഞാൻ കള്ളം പറഞ്ഞു. ഉടനെ തന്നെ സാർ ഒരു ലെറ്റർ എഴുതി ക്യാംപ് ഡയറക്ടർക്ക് കൊടുക്കണമെന്ന് പറഞ്ഞ് എന്നെയും സന്തോഷ് എന്ന സഹപാഠിയെയും കൂട്ടി വിട്ടു. ഞങ്ങളെത്തുമ്പോഴേക്കും സെലക്ഷനും കഴിഞ്ഞ് എല്ലാവരും പോയി. എങ്കിലും ഡയറക്ടർക്ക് രാധാകൃഷ്ണൻ സാറിന്റെ കത്ത് നൽകിയപ്പോൾ 25 പേർക്കൊപ്പം ആദ്യമായി രണ്ട് പേരെ കൂടി ഉൾപ്പെടുത്തി. ക്യാംപിലെ പെർഫോർമൻസ് കൊണ്ട് യൂണിവേഴ്സിറ്റിക്ക് വേണ്ടി ആ ക്യാപിൽ പങ്കെടുത്ത ഞാനുൾപ്പെടെ 4 പേർ അടുത്ത ടൂർണ്ണമെന്റിൽ കളിച്ചു. ആ ക്യാംപിൽ പോയിരുന്നില്ലാ എങ്കിൽ സി.വി പാപ്പച്ചൻ എന്ന ഞാൻ ഫുട്ബോൾ ചരിത്രത്തിൽ കാണില്ലായിരുന്നു... പാപ്പച്ചൻ ഓർത്തെടുക്കുന്നു..

1990 ൽ തൃശൂരിൽ നടന്ന ഫെഡറേഷൻ കപ്പിലൂടെയാണ് പാപ്പച്ചനെ മലയാളി നെഞ്ചേറ്റുന്നത്. അന്ന് ഐ എം വിജയൻ നൽകിയ പാസിൽ നേടിയ ഗോൾ ഇന്നും പാപ്പച്ചന്റെ ജീവിതത്തിലെ തിളക്കമുള്ള ഓർമ്മയാണ്. 1985-ലാണ് എഎസ്ഐ. തസ്തികയിൽ പൊലീസിൽ ചേർന്നത്. 1998 വരെ അദ്ദേഹം പൊലീസിന്റെ ഫുട്ബോൾ ടീമിൽ മാത്രമായിരുന്നു പൂർണ സമയവും. പിന്നീടാണ് യൂണിഫോം ഇട്ട് സേനയുടെ ജോലികളിൽ എത്തിയത്. സഹതാരങ്ങളൊക്കെ കേരളം വിട്ടുപോയിട്ടും പൊലീസിൽ തന്നെ തുടർന്നു പാപ്പച്ചൻ. എട്ട് തവണ കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചു. 87 മുതൽ ഏഴു കൊല്ലം ദേശീയ ടീമിലും അണിനിരന്നു. സർവ്വീസിലും മിന്നും പ്രകടനം. കഴിഞ്ഞ വർഷം രാഷ്ട്രപതിയുടെ പൊലീസ് മെഡൽ പാപ്പച്ചനെ തേടിയെത്തി.

രാജ്യത്തെ പ്രമുഖ ക്ലബ്ബുകളിൽ നിന്ന് വമ്പൻ ഓഫറുകൾ ഉണ്ടായെങ്കിലും കേരള പൊലീസ് വിട്ട് അദ്ദേഹം പോയില്ല. കേരള പൊലീസിനും കേരള ഫുട്ബോളിനും പാപ്പച്ചൻ നൽകിയ സംഭാവനയേറെയാണ്. 1990-ൽ ഇന്ത്യൻ ഫുട്ബോളിലെ കരുത്തരായ സൽഗോക്കറിനെ അട്ടിമറിച്ച് കേരള പൊലീസ് ആദ്യമായി ഫെഡറേഷനിൽ മുത്തമിട്ടത് പാപ്പച്ചൻ അടിച്ച നിർണായക ഗോളിലൂടെയായിരുന്നു. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് പൊലീസ് അന്ന് കിരീടം ചൂടിയത്. സന്തോഷ് ട്രോഫിയിൽ നിരവധി തവണ കളിച്ചിട്ടുള്ള അദ്ദേഹം ജേതാക്കളായ കേരള ടീമിലും അംഗമായിരുന്നു. വി.പി. സത്യൻ, ഐ.എം. വിജയൻ, യു. ഷറഫലി, തോബിയാസ്, കെ.ടി. ചാക്കോ തുടങ്ങി നിരവധി കളിക്കാർ സഹതാരങ്ങളായിരുന്നു. രാജ്യത്തിനായി നിരവധി തവണ കുപ്പായമണിഞ്ഞ അദ്ദേഹം ശ്രീലങ്കയ്‌ക്കെതിരേ ക്യാപ്റ്റനായിരുന്നു. നെഹ്രു ട്രോഫി ഫുട്ബോളിൽ ഹംഗറിക്കെതിരേ നേടിയ ഗോൾ പാപ്പച്ചന്റെ മിന്നുംഗോളുകളിൽ ഒന്നായിരുന്നു.

പാപ്പച്ചന്റെ ജീവിത്തിലെ ഗോളുകൾ പറപ്പൂർ എന്ന ഗ്രാമത്തിനെ ഒന്നാകെ മാറ്റിയിരുന്നു. പാപ്പച്ചന്റെ പിതാവ് ഒരു റേഷൻ വ്യാപാരിയായിരുന്നു. ആദ്യമൊക്കെ ഫുഡ്ബോൾ കളിച്ചു നടന്നതിന് നല്ല തല്ലും വഴക്കും ലഭിച്ചിരുന്നു. അതിനെപറ്റി പാപ്പൻ പറയുന്നതിങ്ങനെ;- അന്നത്തെകാലത്ത് എന്നെ നാട്ടുകാർ കളിച്ചു നടക്കുന്ന ഒരു ഉഴപ്പൻ എന്നായിരുന്നു വിളിച്ചിരുന്നത്. അതിനാൽ അപ്പച്ചന് എന്നോട് വല്ലാത്ത ദേഷ്യമായിരുന്നു. കൂടാതെ റേഷൻ കട തുറന്നിട്ടതിന് ശേഷം കളിക്കാൻ പോകുന്നതിന് കുറേ തല്ലു കിട്ടിയിട്ടുണ്ട്. എന്നാൽ യൂണിവേഴ്സിറ്റിക്ക് വേണ്ടി കളിച്ച് ഗോൾ നേടിയതു മുതൽ അപ്പച്ചന് എന്റെ കളിയോട് ഇഷ്ടം തോന്നിത്തുടങ്ങി. കേരളാ പൊലീസിൽ ജോലി കൂടി ലഭിച്ചതോടെ നാട്ടിലെല്ലാവരും ഫുട്ബോളു കളിയോടുള്ള വിദ്വേഷം മാറ്റി അവരുടെ കുട്ടികളെ കളിക്കാനായി വിട്ടു. ഇപ്പോൾ കേരളത്തിൽ അറ്റവും കുടുതൽ ഫുട്ബോൾ കളിക്കാരുള്ള ഗ്രാമമായി മാറിയിരിക്കുകയാണ് പറപ്പൂർ. ഞാൻ പൊലീസിലെത്തിയതോടെ സഹോദരങ്ങളെയും അപ്പച്ചൻ ഫുട്ബോൾ രംഗത്തേക്കിറക്കി. ഞാൻ വാങ്ങിയ തല്ലുകൾ അവർക്ക് പ്രയോജനമായി. ഒരാൾ ഫാക്ടിലും മറ്റൊരാൾ ബാങ്കിലും ജോലിയിൽ പ്രവേശിച്ചു.

1985 ൽ ഇന്ത്യാ യുണീവേഴ്സിറ്റിയും ചൈനാ യൂണിവേഴ്സിറ്റിയും തമ്മിലുള്ള മത്സരത്തിന് ഡൽഹിയിലായിരുന്നു ഞാൻ. കളികഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ എന്റെ ടീമിന്റെ മാനേജർ അബ്ദുൾ കരീം എന്നെ കേരളാ പൊലീസ് ടീമിൽ ചേരാൻ നിർബന്ധിപ്പിച്ചു. എന്നാൽ എനിക്ക് ടൈറ്റാനിയത്തിന്റെ ടീമിൽ കയറാനായിരുന്നു ആഗ്രഹം. പക്ഷേ അതൊന്നും വകവയ്ക്കാതെ എന്നെ തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടു പോയി ടീമിൽ ചേർക്കുകയായിരുന്നു.

ഇപ്പോൾ മൂന്നര പതിറ്റാണ്ടിലേറെ നീണ്ട സർവ്വീസിൽ നിന്ന് പൊലീസ് അക്കാദമിയിലെ കമാണ്ടന്റ് ആയി വിരമിച്ചിരിക്കുകയാണ്. ഗോൾകീപ്പർമാരെ വളർത്തിയെടുക്കാനുള്ള അക്കാദമിയാണ് സ്വപ്നമെന്ന് സി.വി പാപ്പച്ചൻ പറഞ്ഞു നിർത്തുന്നു. രാമവർമപുരം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക ബീനയാണ് ഭാര്യ. മകൾ പിങ്കി സോഫ്റ്റ്‌വേർ എൻജിനീയറായ ഭർത്താവ് ഫ്രാൻസിസ് ജോസ് ആലപ്പാടിനൊപ്പം അമേരിക്കയിലെ അരിസോണയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP