Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിഷപ്പ് ധർമ്മരാജ് റസാലവും അഴിമതിക്കാരനോ? കോടികളുടെ തിരിമറിക്കു ബിഷപ്പിന്റെ ഒത്താശയെന്ന് ആരോപണം; സിഎസ്‌ഐ സഭയിലെ വിഴുപ്പലക്കൽ തെരുവിലെത്തിയിട്ടു രണ്ടുമാസം; ഇഷ്ടക്കാരെ ഭാരവാഹിയാക്കാൻ അനുവദിക്കില്ലെന്ന് വിശ്വാസികൾ

ബിഷപ്പ് ധർമ്മരാജ് റസാലവും അഴിമതിക്കാരനോ? കോടികളുടെ തിരിമറിക്കു ബിഷപ്പിന്റെ ഒത്താശയെന്ന് ആരോപണം; സിഎസ്‌ഐ സഭയിലെ വിഴുപ്പലക്കൽ തെരുവിലെത്തിയിട്ടു രണ്ടുമാസം; ഇഷ്ടക്കാരെ ഭാരവാഹിയാക്കാൻ അനുവദിക്കില്ലെന്ന് വിശ്വാസികൾ

തിരുവനന്തപുരം: സി.എസ്.ഐ ബിഷപ്പ് ധർമരാജ് റസാലത്തിനെതിരെ വിശ്വാസികൾ എതിരായതെങ്ങനെ ? ഭരണണഘടനാ ഭേദഗതി സംബന്ധിച്ചുള്ള തർക്കം മാത്രമാണോ രണ്ടു മാസത്തിലേറെ വിശ്വാസികളെ നിരാഹാരസമരത്തിലേക്ക് നയിച്ചത് ? തിരുവോണത്തിന് പട്ടിണിസമരം നടത്തിയപ്പോൾ പോലും തിരിഞ്ഞു നോക്കാത്ത മുഖ്യമന്ത്രി പെട്ടെന്നെങ്ങനെ സമര പന്തലിലെത്തി ? കോടികളുടെ സാമ്പത്തിക തിരിമറി ഒതുക്കാൻ സമരത്തെ ഒതുക്കിയതോ ? ഏതായാലും വീണ്ടും സിഎസ്‌ഐ ആസ്ഥാനത്തിന് മുന്നിൽ സമരം തുടങ്ങി. കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടിയാണ് ബിഷപ്പിനെതിരെ ഇന്നത്തെ പ്രതിഷേധം. വരും ദിനങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാകും.

സി.എസ്.ഐ വിശ്വാസികൾ രണ്ടുമാസത്തിനു മുമ്പാണ് ദക്ഷിണ കേരള മഹായിടവക ബിഷപ്പ് ധർമരാജ് റസാലത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചത്. ഇടവകയ്ക്കുള്ളിൽ സമരം നടത്താൻ വിശ്വാസികൾ തീരുമാനിച്ചെങ്കിലും ഇടവകയുടെ അധിപൻ എന്ന നിലയിൽ ബിഷപ്പ് വിശ്വാസികളുടെ സമരത്തിനെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതോടെയാണ് തിരുവനന്തപുരം എൽ.എം.എസ്.ജംഗ്ഷനിൽ പള്ളിക്ക് മുമ്പിലെ ഫുട്പാത്തിൽ സി.എസ്.ഐ വിശ്വാസികൾ സമരപന്തലുയർത്തിയത്. സി.എസ്.ഐ സഭയിൽ നില നിന്നിരുന്ന ജനാധിപത്യരീതിയിലുള്ള ഭരണഘടന ഇല്ലാതാക്കിക്കൊണ്ടുള്ള ഭരണഘടന ഭേദഗതിക്ക് ബിഷപ്പ് ഒപ്പ് വച്ചതോടെയാണ് വിശ്വസികൾക്കിടയിൽ മുറുമുറുപ്പ് ഉയർന്നത്. സഭയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന സെക്രട്ടറിയേയും ട്രഷററെയും വിവിധ ബോർഡുകളേയും ബിഷപ്പ് നോമിനേറ്റ് ചെയ്യുന്ന സെർച്ച് കമ്മറ്റി തീരുമാനിക്കുമെന്ന ഭേദഗതിയാണ് രണ്ടുമാസത്തിലേറെ നീണ്ട നിരാഹാരസമരത്തിലേക്ക് വിശ്വാസികളെ നയിച്ചത്.

' ഭരണഘടന ഭേദഗതി ഒഴിവാക്കി നിലവിലുള്ള ജനാധിപത്യരീതിയിലുള്ള ഭരണഘടനാരീതി തുടരണമെന്ന വിശ്വാസികളുടെ അപേക്ഷയ്ക്ക് പുല്ലുവില കൽപിക്കുകയും വിശ്വാസികളുടെ ആവശ്യത്തെ അടിമർച്ചാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കാൻ ബിഷപ്പ് തുടങ്ങിയ സാഹചര്യത്തിലാണ് ഞങ്ങൾ ജനമധ്യത്തിലേക്ക് നിരാഹാരസമരവുമായി ഇറങ്ങിയതെന്ന് സമരസമിതി കൺവീനർ വിൽഫ്രഡ് വ്യക്തമാക്കുന്നു. സി.എസ്.ഐ മഹായിടവകയിൽ വർഷങ്ങളായി നടന്നുവരുന്ന വിശ്വസിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മറയിടാനാണ് ഇത്തരമൊരു ഭരണഘടനാഭേദഗതിക്ക് തിടുക്കം കൂട്ടുന്നതെന്നും ഇവർ ആരോപിക്കുന്നു. തങ്ങളുടെ അപേക്ഷകൾ പരിഗണിക്കാതെ അധികാര ദുർവിനിയോഗത്തിലൂടെ ഭേദഗതി പാസായാതായി പ്രഖ്യാപിച്ച് സഭകളിൽ വായിക്കാൻ നിർദ്ദേശം നൽകിയതിലൂടെ ബിഷപ്പ് ധർമരാജ് റസാലം ഏകാധിപതിയെ പോലെ പെരുമാറിയതാണ് സഭയിലെ അന്തഛിദ്രങ്ങൾ പരസ്യമാകാനുള്ള പ്രധാന കാരണം. ബിഷപ്പ് പാസാക്കിയ ഭരണഘടനാഭേദഗതി ഇങ്ങനെ

' ബിഷപ്പ് പാനലിലേക്കുള്ള തിരഞ്ഞെടുപ്പ് ഒഴികെ മഹായിടവക കൗൺസിൽ യോഗത്തിൽ നടത്തേണ്ട സിനഡ് പ്രതിനിധികളുടെ എല്ലാ തിരഞ്ഞെടുപ്പുകളും ബിഷപ്പിന്റെ അന്തിമതീരുമാനത്തിലുള്ളതായിരിക്കും. സെർച്ച് കമ്മറ്റിയുടെ ശുപാർശകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ കൺവീനർ അറിയിക്കുമ്പോൾ കൈ ഉയർത്തി സമ്മതിദാനവകാശം അറിയിക്കണ്ടതാണ്. ചുരുക്കത്തിൽ ബിഷപ്പ് നിശ്ചയിക്കുന്ന സെർച്ച് കമ്മറ്റിയുടെ തീരുമാനത്തിനുസരിച്ചായിരിക്കും എല്ലാ സ്ഥാനങ്ങളും നിശ്ചയിക്കപ്പെടുക. തിരഞ്ഞെടുപ്പുകളും സ്ഥാനമാനങ്ങളും നിശ്ചയിക്കപ്പെടുന്ന സെർച്ച് കമ്മറ്റിയെ തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് ബിഷപ്പ് തീരുമാനിക്കും. രണ്ട് വൈദികരും ഒരു വനിത ഉൾപ്പെടെ മൂന്ന് അത്മായരും ഉണ്ടാവണം. ഇതലെ വൈദികരിൽ ഒരാളെ ബിഷപ്പ് കൺവീനറായി നിയമിക്കും. സെർച്ച് കമ്മറ്റികൾ ശുപാർശ ചെയ്യുന്ന ഭൂരിപക്ഷ അനുകൂലസമ്മതിദാനം ഉറപ്പാക്കി തിരഞ്ഞെടുപ്പ് അംഗീകരിച്ചതായി ബിഷപ്പ് പ്രഖ്യാപിക്കുകയും ചെയ്യും.'

എന്നാൽ പെട്ടെന്നുണ്ടായ ഭരണഘടനാഭേദഗതിക്ക് പിന്നിൽ ദുരൂഹത ഉണ്ടെന്നാണ് സമരസമിതിയുടെ ആരോപണം. നിലവിലുണ്ടായിരുന്ന ഭരണഘടനപ്രകാരം സഭയ്ക്ക് വളർച്ചയല്ലാതെ കോട്ടമുണ്ടായിട്ടില്ലാത്ത സ്ഥിതിക്ക് ഈ ഭേദഗതി അംഗീകരിക്കാനാകില്ല. സി.എസ്.ഐ മഹായിടവകയിലെ ഭൂരിപക്ഷ വിശ്വാസികളും ഭേദഗതി എതിർക്കുമ്പോൾ ഞാൻ പറയുന്നത് നിങ്ങൾ അനുസരിക്കണമെന്ന ബിഷപ്പ് ധർമരാജ് റസാലത്തിന്റെ ഏകാധിപത്യം അംഗീകരിക്കാനാകില്ല. ബിഷപ്പ് പറയുന്ന ആൾ സെക്രട്ടഠി ആയാൽ ഇതുവരെ സഭയിൽ നടന്ന സാമ്പത്തിക ക്രമക്കേടുകൾ പുറത്ത് വരാതിരിക്കും. ഇതിനുള്ള തന്ത്രമാണിതെന്നാണ് സമരസമിതി പുറത്തിറക്കിയ പത്രക്കുറിപ്പിലെ പ്രധാന ആരോപണം. ബിഷപ്പ് സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ നടത്തുകയാണെങ്കിൽ വിശ്വാസികൾ ലെവി കൊടുക്കേണ്ട ആവശ്യമുണ്ടോ ? ഏകാധിപത്യ രീതിയിൽ പെരുമാറുന്ന ബിഷപ്പ് തന്നെ മിഷണറി പ്രവർത്തനങ്ങൾക്കുള്ള പണം കൂടി കണ്ടെത്തണമെന്നും വിശ്വാസികൾ ആവശ്യപ്പെടുന്നു. ബിഷപ്പും മഹായിടവക നേതൃത്വവും ക്രൈസ്തവ വിശ്വാസത്തിന്റെ ശരിയായ പാതയിലേക്ക് വന്നില്ലെങ്കിൽ സമരത്തിന്റെ മറ്റൊരു മുഖം ബിഷപ്പ് കാണുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

സി.എസ്.ഐ സഭയ്ക്ക് വൻ സാമ്പത്തിക ബാധ്യതയാണ് നിലവിലുള്ളതെന്നും സഭയുടെ ആസ്തികൾ വേണ്ടവിധത്തിൽ ആലോചിക്കാതെ പലയിടത്തും പണയപ്പെടുത്തിയതു പോലും സഭയുടെ ആസ്തികൾ പലതും ജപ്തി നടപടി നേരിടുന്ന സ്ഥിതിയിലാണെന്നും സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ആരോപണങ്ങളും അപേക്ഷകളും ഉയർത്തി ആരംഭിച്ച സമരസമിതിയെ ചർച്ചയ്ക്ക് പോലും വിളിക്കാതെ പൊലീസിനെ ഉപയോഗിച്ച് നേരിട്ടതാണ് വിശ്വാസികളെ പ്രകേപിതരാക്കിയത്. ബിഷപ്പും മറ്റ് വ്യവസായികളും ഏറാന്മൂളികളും ചേർന്ന് സഭയിൽ നിന്ന് ഊറ്റിയെടുത്തത് കോടികളാണെന്ന ആരോപണം ആരും കേട്ടില്ലെന്ന് നടിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. നിയമസഭയുടെ മൂക്കിന്റെ താഴെ രണ്ടുമാസത്തിലേറെ നടത്തിയ സമരം മുഖ്യമന്ത്രി അടക്കമുള്ളവർ കണ്ടില്ലെന്ന് നടിച്ചത് വിശ്വാസികളെ ഏറെ വിഷമിപ്പിച്ചിരുന്നു. തിരുവോണത്തിന് പട്ടിണിസമരം നടത്തിയിട്ടു പോലും പ്രശ്‌നം രമ്യമായി പരിഹരിക്കാൻ ആരും മുന്നോട്ട് വന്നില്ലെന്നും ഇവർ പരാതിപ്പെടുന്നു.

ബിഷപ്പും പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ ലോക്‌സഭയിലേക്ക് മൽസരിച്ച് വ്യക്തിയും മറ്റുള്ള നേതാക്കന്മാരും കൂടി ചേർന്ന് സഭയുടെ ആസ്തികളിൽ നിന്ന് നേടിയ കോടിക്കണക്കിന് രൂപയുടെ കണക്കുകൾ പുറത്ത് വിടുമെന്ന സാഹചര്യം എത്തിയപ്പോഴാണ് ബിഷപ്പ് ധർമരാജ് റസാലത്തിന് അപകടം മണത്തത്. ഇതേ തുടർന്ന് സമരം ഒതുക്കി തീർക്കാനായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സഹായവും തേടി. മുഖ്യമന്ത്രി സമരസമിതി നേതാക്കളുമായി വിഷയം ചർച്ച ചെയ്യുകയും പ്രശ്‌നപരിഹാരത്തിന് സർക്കാർ മുന്നോട്ട് വരുമെന്ന് ഉറപ്പ് നൽകിയതോടെയാണ് സമരം താൽക്കാലികമായി നിർത്തിയത്. സിനഡിന്റെ ഡെപ്യൂട്ടി മോഡറേറ്റർ സമരസമിതിയുടെ ആരോപണങ്ങളെ പഠിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഭരണഘടനാ ഭേദഗതി നടപ്പാക്കില്ലെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.

ഇപ്പോൾ ഭരണഘടനാ ഭേദഗതി മാത്രമല്ല വിശ്വാസികളുടെ പ്രശ്‌നം, കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള മഹായിടവയുടെ ആസ്തികൾ സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നുള്ള ആവശ്യമാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്. ജീവനക്കാരുടെയും സഭാപ്രവർത്തകരുടേയും പി.എഫ് തുകയിൽ പോലും കൈയിട്ടു വാരിയതടക്കം കോടികളുടെ സാമ്പത്തിക തിരിമറിയാണ് സമരസമിതി ബിഷപ്പിനെതിരെയും വിവിധ ബോർഡ് നേതാക്കൾക്കെതിരെയും ഉന്നയിക്കുന്നത്. സമരം ഇനിയും മുന്നോട്ട് പോയാൽ കോടികളുടെ സാമ്പത്തിക തിരിമറിക്ക് സഭയോട് ഉത്തരം പറയേണ്ടേ സ്ഥിതിയിലെത്തിയപ്പോഴാണ് ബിഷപ്പ് സഹായത്തിന് മുഖ്യമന്ത്രിയുടെയും സിനഡിന്റെയും സഹായം തോടിയിരിക്കുന്നത്. മുഖ്യമന്ത്രിയും സിനഡും തന്ന വാക്കിൽ വിശ്വസിച്ച തങ്ങളെ വീണ്ടും ചതിക്കാനുള്ള നീക്കമാണെങ്കിൽ ശക്തമായ സമരത്തിലേക്ക് കടക്കാനാണ് സമരസമിതിയുടെ തീരുമാനെന്ന് സമരസമിതി കൺവീർ വിൽഫ്രഡ് വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP