Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

കോലിയും രോഹിത്തും ധോണിയും വാർണ്ണറും ബുമ്രയും ഡിവില്ലിയേഴ്‌സും മലിംഗയും അടങ്ങുന്ന ഇലവൻ; ഗെയിലും ധവാനും പന്തും സഞ്ജുവും എതിരാളികൾ; ജീവകാരുണ്യത്തിന് ഐപിഎല്ലിൽ ഗാംഗുലി മോഡലും; ഓൾസ്റ്റാർ മത്സരം ആവേശത്തിലാക്കുക ആരാധകരെ തന്നെ; കുട്ടി ക്രിക്കറ്റിലെ ഗ്ലാമർ പോരിന് വേദിയാകാൻ പരിഗണിക്കുന്നതിൽ കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയവും; തിരുവനന്തപുരത്തെ പാരവയ്ക്കാൻ കൊച്ചി ലോബി എത്തുമോ എന്ന ആശങ്കയിൽ ക്രിക്കറ്റ് പ്രേമികളും

കോലിയും രോഹിത്തും ധോണിയും വാർണ്ണറും ബുമ്രയും ഡിവില്ലിയേഴ്‌സും മലിംഗയും  അടങ്ങുന്ന ഇലവൻ; ഗെയിലും ധവാനും പന്തും സഞ്ജുവും  എതിരാളികൾ; ജീവകാരുണ്യത്തിന് ഐപിഎല്ലിൽ ഗാംഗുലി മോഡലും; ഓൾസ്റ്റാർ മത്സരം ആവേശത്തിലാക്കുക ആരാധകരെ തന്നെ; കുട്ടി ക്രിക്കറ്റിലെ ഗ്ലാമർ പോരിന് വേദിയാകാൻ പരിഗണിക്കുന്നതിൽ കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയവും; തിരുവനന്തപുരത്തെ പാരവയ്ക്കാൻ കൊച്ചി ലോബി എത്തുമോ എന്ന ആശങ്കയിൽ ക്രിക്കറ്റ് പ്രേമികളും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഐപിഎൽ ഇത്തവണ പുതിയ അവതാര പിറവിക്ക്. ബിസിസിഐ അധ്യക്ഷനായി സൗരവ് ഗാംഗുലി എത്തിയതിന്റെ പ്രതിഫലനം ഐപില്ലിലും ഉണ്ടാകും. ഇത്തവണ എല്ലാ ടീമുകളിൽനിന്നും പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തി ഓൾ സ്റ്റാർ മത്സരം സംഘടിപ്പിക്കാൻ ബിസിസിഐ നീക്കം നടത്തുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കാനുദ്ദേശിച്ചുള്ളതാണ് ഈ മത്സരം. ഐപിഎൽ ഉദ്ഘാടന മത്സരത്തിനു മൂന്നു ദിവസം മുൻപായിരിക്കും ഈ മത്സരം അരങ്ങേറുക. ഗാംഗുലിയുടേതാണ് നിർദ്ദേശം. തിരുവനന്തപുരത്തെ ഈ മത്സര വേദിയായി പരിഗണിക്കുന്നതായാണ് സൂചന. ഐപിഎല്ലിൽ ടീമില്ലാത്തിടത്ത് മത്സരം നടത്താനാണ് ആലോചന. ഈ സാഹചര്യത്തിലാണ് കാര്യവട്ടത്തെ ഗ്രീൻഫീൽഡിലേക്ക് ഈ സ്വപ്‌ന മത്സരം എത്താനുള്ള സാധ്യത നിറയുന്നത്.

ഗാംഗുലി, ഐപിഎൽ ഭരണസമിതി ചെയർമാൻ ബ്രിജേഷ് പട്ടേൽ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഓൾ സ്റ്റാർ മത്സരം നടത്താൻ തീരുമാനിച്ചത്. ഐപിഎൽ ടീമുകളെ രണ്ടു വിഭാഗങ്ങളായി തിരിച്ച് ടീമുകൾ രൂപീകരിക്കും. ഉത്തരപൂർവ മേഖലകളിൽനിന്നുള്ള ടീമുകളായ ഡൽഹി ക്യാപിറ്റൽസ്, കിങ്‌സ് ഇലവൻ പഞ്ചാബ്, രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളിൽനിന്നാകും ഒരു ടീം. ദക്ഷിണപടിഞ്ഞാറൻ മേഖലയിലെ ടീമുകളായ ചെന്നൈ സൂപ്പർ കിങ്‌സ്, മുംബൈ ഇന്ത്യൻസ്, റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളിൽനിന്ന് രണ്ടാമത്തെ ടീമും. തിരുവനന്തപുരത്ത് കളി എത്തണമെങ്കിൽ കെസിഎയുടെ സമർദ്ദം അനിവാര്യതയാണ്. കെസിഎയിലെ കൊച്ചി ലോബി ഇതിന് വിലങ്ങു തടിയാകുമോ എന്ന ആശങ്ക ശക്തമാണ്.

ഇതോടെ ഇന്ത്യൻ നായകൻ വിരാട് കോലി (റോയൽ ചാലഞ്ചേഴ്‌സ്), ഉപനായകൻ രോഹിത് ശർമ (മുംബൈ ഇന്ത്യൻസ്), മുൻ നായകൻ മഹേന്ദ്രസിങ് ധോണി (ചെന്നൈ സൂപ്പർ കിങ്‌സ്), മിന്നും താരങ്ങളായ ഡേവിഡ് വാർണർ, ജോണി ബെയർ‌സ്റ്റോ, എ.ബി. ഡിവില്ലിയേഴ്‌സ് തുടങ്ങിയ താരങ്ങൾ ഒരേ ടീമിൽ അണിനിരക്കാനുള്ള സാധ്യതയാണ് ഉയരുന്നത്. ഇവർക്കു പുറമെ ഷെയ്ൻ വാട്‌സൻ, ജസ്പ്രീത് ബുമ്ര, ലസിത് മലിംഗ, റാഷിദ് ഖാൻ തുടങ്ങിയവരുമെത്തും. അതായത് ലോക ക്രിക്കറ്റിലെ സ്വപ്‌ന ടീമായി ഇത് മാറും.

ശിഖർ ധവാൻ, ഋഷഭ് പന്ത്, മലയാളി താരം സഞ്ജു സാംസൺ, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, ക്രിസ് ഗെയ്ൽ, ആന്ദ്രെ റസ്സൽ, ബെൻ സ്റ്റോക്‌സ്, ജോസ് ബട്‌ലർ, പാറ്റ് കമിൻസ്, ഒയിൻ മോർഗൻ, ജോഫ്ര ആർച്ചർ തുടങ്ങിയവർ എതിർ ടീമിലും അണിനിരക്കും. മത്സരത്തിന്റെ വേദിയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. തിരുവനന്തപുരത്തെ സ്റ്റേഡിയത്തെ കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്. നല്ല ആവേശത്തോടെ കാണികളും ഒഴുകിയെത്തും. അതുകൊണ്ടാണ് തിരുവനന്തപുരത്തെ വേദിയായി പരിഗണിക്കുന്നത്. എന്നാൽ ബിസിസിഐ ജോയിന്റെ സെക്രട്ടറി ജയേഷ് കൊച്ചി ലോബിയിലെ പ്രധാനിയാണ്. തിരുവനന്തപുരത്ത് വേദി വേണ്ടെന്നും കൊച്ചിയിൽ സ്റ്റേഡിയം വേണമെന്നുമാണ് ജയേഷ് ജോർജ് പറയുന്നതും വാദിക്കുന്നതും.

അതുകൊണ്ട് തന്നെ ഐപിഎല്ലിന് മുന്നോടിയായുള്ള ഓൾ സ്റ്റാർ മത്സരം തിരുവനന്തപുരത്ത് നടക്കുന്നതിനെ കൊച്ചി ലോബി അനുകൂലിക്കുന്നില്ലെന്നാണ് സൂചന. നിലവിൽ കെസിഎയുടെ നിയന്ത്രണം ഈ ലോബിക്കാണ്. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് മത്സരം എത്തിക്കാനുള്ള കരുനീക്കമൊന്നും അവർ നടത്താനിടയില്ല. സമ്മർദ്ദമുണ്ടായാൽ തിരുവനന്തപുരത്ത് ഓൾ സ്റ്റാർ മത്സരം എത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഗാംഗുലിയും തിരുവനന്തപുരത്തെ കളിക്ക് അനുകൂല നിലപാടാണ് എടുക്കുന്നത്. ഐപിഎല്ലിൽ വലിയ പരിഷ്‌കാരങ്ങളുമുണ്ടാകും. കളിക്കിടെ താരങ്ങൾക്കു പരുക്കേറ്റാൽ പകരം കൺകഷൻ സബ്സ്റ്റിറ്റിയൂട്ട്, ലൈനിൽനിന്നും മുന്നോട്ടു കയറി എറിയുന്ന നോബോളുകൾ കണ്ടെത്താൻ തേഡ് അംപയർ എന്നിവയാണ് അവ.

മത്സത്തിനിടെ പരിക്കേറ്റ ഒരു കളിക്കാരന് പിന്നീട് ആ മത്സരത്തിൽ കളിക്കാൻ സാധിക്കാതെ വരുന്ന സാഹചര്യങ്ങളിൽ, ബൗൾ ചെയ്യാനും, ബാറ്റ് ചെയ്യാനും സാധിക്കുന്ന വിധം പകരം കളിക്കാരനെ ടീമിലുൾപ്പെടുത്താൻ സാധിക്കുന്നതാണ് കൺകഷൻ സബ്സ്റ്റിറ്റിയൂട്ട്. ബാറ്റ്‌സ്മാന് പരിക്കേൽക്കുകയാണെങ്കിൽ ബാറ്റ്‌സ്മാനെയും ബൗളർക്ക് പരിക്കേൽക്കുകയാണെങ്കിൽ ബൗളറെയും ടീമിൽ ഉൾപ്പെടുത്താം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് മാച്ച് റഫറി ആയിരിക്കും. ഈ മാറ്റം പ്രാവർത്തികമാകുന്നതോടെ, 11 അംഗ പ്ലേയിങ് ഇലവനൊപ്പം 15 അംഗ ടീമിനെയും മത്സരം തുടങ്ങുന്നതിന് മുൻപ് ടീമുകൾക്ക് പ്രഖ്യാപിക്കേണ്ടി വരും. അന്താരാഷ്ട്ര ക്രിക്കറ്റിൽ അടുത്തിടെ നടപ്പാക്കിയ കൺകഷൻ സബ്സ്റ്റിറ്റിയൂട്ട് സംവിധാനം ഐപിഎല്ലിൽ നടപ്പാക്കുന്നതോടെ ക്രിക്കറ്റിലെ വലിയൊരു മാറ്റത്തിന് തന്നെയാണ് ഇത് വഴി തുറക്കുന്നത്.

പതിമൂന്നാമത് ഐപിഎൽ മാർച്ച് 29ന് ആരംഭിക്കും. മുംബൈയിൽ ഫൈനൽ തീരുമാനിച്ചിരിക്കുന്ന ടി20 മാമാങ്കത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ബിസിസിഐ അറിയിച്ചു. മെയ് 24നാണ് ഫൈനൽ നടക്കുന്നത്. സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ഐപിഎൽ അധികൃതർ അറിയിച്ചു. ഇതുപ്രകാരം രാത്രി 8 മണിക്കാണ് മത്സരം നടക്കുക. എന്നാൽ അഞ്ചു മത്സരങ്ങൾ വൈകിട്ട് നാലുമണിക്ക് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP