Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രക്തസമ്മർദ്ദം കുറഞ്ഞതോടെ സ്ഥിതി വഷളായി; ഗർഭസ്ഥ ശിശു മരിച്ചോ എന്നുറപ്പാക്കി സിസേറിയൻ ചെയ്യേണ്ടതിന് പകരം ആംബുലൻസിൽ അമ്മയെ അയച്ചത് കിംസിലേക്ക്; മെഡിക്കൽ കോളേജിലേക്ക് വിടണമെന്ന ദുബായിലുള്ള ഭർത്താവിന്റേയും അച്ഛന്റേയും വാക്കിന് നൽകിയത് പുല്ലുവില; പ്രസവത്തിന് ക്രെഡൻസിലെത്തിയ ഗ്രീഷ്മയുടെ മരണത്തിന് കാരണം മെഡിക്കൽ എത്തിക്‌സിലെ വീഴ്ചയെന്ന് ആരോപിച്ച് ബന്ധുക്കൾ; നിഷേധിച്ച് മാനേജ്‌മെന്റ്; തിരുവനന്തപുരം കേശവദാസപുരത്തെ ക്രിഡൻസ് ആശുപത്രിക്കെതിരെ കേസ്

രക്തസമ്മർദ്ദം കുറഞ്ഞതോടെ സ്ഥിതി വഷളായി; ഗർഭസ്ഥ ശിശു മരിച്ചോ എന്നുറപ്പാക്കി സിസേറിയൻ ചെയ്യേണ്ടതിന് പകരം ആംബുലൻസിൽ അമ്മയെ അയച്ചത് കിംസിലേക്ക്; മെഡിക്കൽ കോളേജിലേക്ക് വിടണമെന്ന ദുബായിലുള്ള ഭർത്താവിന്റേയും അച്ഛന്റേയും വാക്കിന് നൽകിയത് പുല്ലുവില; പ്രസവത്തിന് ക്രെഡൻസിലെത്തിയ ഗ്രീഷ്മയുടെ മരണത്തിന് കാരണം മെഡിക്കൽ എത്തിക്‌സിലെ വീഴ്ചയെന്ന് ആരോപിച്ച് ബന്ധുക്കൾ; നിഷേധിച്ച് മാനേജ്‌മെന്റ്; തിരുവനന്തപുരം കേശവദാസപുരത്തെ ക്രിഡൻസ് ആശുപത്രിക്കെതിരെ കേസ്

എം മനോജ് കുമാർ

തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് ഗർഭിണിയും കുഞ്ഞും മരിച്ചതിനെ തുടർന്ന് കേശവദാസപുരത്തെ ക്രിഡൻസ് ആശുപത്രിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ. ഗർഭത്തിലിരുന്ന ശിശു മരിച്ചാൽ എത്രയും വേഗം കുട്ടിയെ മാറ്റുകയെന്നതാണ് ചികിൽസാ രീതി. എന്നാൽ മാത്രമേ അമ്മയുടെ ജീവൻ രക്ഷിക്കാനാകൂ. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. എന്നാൽ ഇത് ആശുപത്രി നിഷേധിക്കുന്നുണ്ട്.

വന്ധ്യതാ ചികിത്സയും പ്രസവവുമാണ് ആശുപത്രി ഏറ്റെടുത്ത് നടത്തുന്നത്. ഇതിനെ ചൊല്ലിതന്നെയാണ് ആശുപത്രിക്ക് എതിരെ വിവാദങ്ങളും ഉയരാറുള്ളത്. പ്രസവത്തിന്നായി ക്രിഡൻസിൽ പ്രവേശിപ്പിച്ച അമ്മയും കുട്ടിയും ശനിയാഴ്ച മരിച്ചതോടെയാണ് വീണ്ടും ആശുപത്രിക്ക് എതിരെ ആരോപണങ്ങൾ തലപൊക്കുന്നത്. ചിറയിൻകീഴ് താമരക്കുളം ആൽത്തറമൂട് വിപിന്റെ ഭാര്യ ഗ്രീഷ്മ (27)യ്ക്കും ഗർഭസ്ഥശിശുവിനുമാണ് ക്രിഡൻസ് ആശുപത്രി കാരണം ജീവൻ നഷ്ടമായത് എന്നാണ് ആരോപണം. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും സംഭവിച്ച ഗുരുതരപാകപ്പിഴകൾ ആണ് മരണത്തിനു കാരണമെന്നാണ് ഗ്രീഷ്മയുടെ ബന്ധുക്കൾ വിമർശിക്കുന്നത്.

ചികിത്സയിൽ ആശുപത്രി അധികൃതർ അലംഭാവം കാട്ടി. സ്ഥിതി ഗുരുതരമായിട്ടുകൂടി അവശ്യം വേണ്ട ചികിത്സകൾ നൽകിയില്ല. എസ് എ ടി ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടിട്ടും മാറ്റിയത് കിംസിലേക്കായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ആശുപത്രിക്കെതിരായ പരാതി മെഡിക്കൽ കോളേജ് പൊലീസിന്റെ പരിഗണനയിലാണ്. ഗർഭസ്ഥ ശിശു മാത്രമല്ല, കുട്ടിയുടെ അമ്മയും മരിച്ചു. ആശുപത്രിയിലെ ചികിത്സാ പിഴവും അനാസ്ഥയും കാരണമാണ് അമ്മയും കുട്ടിയും മരിച്ചത്-ബന്ധുക്കൾ ആരോപിക്കുന്നു. ആശുപത്രി അധികൃതരുടെ കയ്യിലെ പാകപ്പിഴകൾ കാരണമാണ് ഗ്രീഷ്മ മരിക്കാൻ ഇടയായതെന്ന് മനസിലാക്കിയാണ് ബന്ധുക്കൾ ക്രിഡൻസ് ആശുപത്രിക്ക് എതിരെ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയത്.

ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഗ്രീഷ്മയുടെയും കുഞ്ഞിന്റെയും മരണത്തിന്റെ കാരണമെന്നാണ് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്. ചികിത്സാ പിഴവ് ഉയർത്തിക്കാട്ടി ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് ക്രിഡൻസിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടാമത്തെ പ്രസവത്തിന്നിടെയാണ് ഗ്രീഷ്മയുടെ മരണം. യുവതിയുടെ ആദ്യ പ്രസവവും ഇതേ ആശുപത്രിയിൽ തന്നെയായിരുന്നു. അതിനാലാണ് രണ്ടാം തവണയും പ്രസവത്തിനു ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സിസേറിയൻ ചെയ്യാമായിരുന്നിട്ടും സിസേറിയൻ ചെയ്യാതെയാണ് മറ്റൊരു ആശുപത്രിയിലേക്ക് യുവതിയെ മാറ്റിയത്. ഇത് ഗ്രീഷ്മയുടെയും കുട്ടിയുടെയും മരണത്തിനു വഴി തെളിച്ചു. ബന്ധുക്കൾ ആരോപിക്കുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഗ്രീഷ്മയെ ബന്ധുക്കൾ പ്രസവത്തിനു ക്രിഡൻസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ശനിയാഴ്ചയാണ് ഗ്രീഷ്മയുടെ നില വഷളാകുന്നത്. കുഞ്ഞിന്റെയും അമ്മയുടെ നില ഗുരുതരമായതിനെ തുടർന്ന് ക്രിഡൻസ് ആശുപത്രി അധികൃതർ കിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടിയുടെയും അമ്മയുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ശനിയാഴ്ച രക്തസമ്മർദ്ദം കുറയുകയും നില മോശമാവുകയും ചെയ്തതിനെ തുടർന്നാണ് ഗ്രീഷ്മയെ കിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. കിംസിൽ പരിശോധന നടത്തിയപ്പോൾ കുഞ്ഞു മരിച്ചതായി കണ്ടെത്തി. അമ്മയെ രക്ഷിക്കാൻ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും കുഞ്ഞിനു പിന്നാലെ അമ്മയും മരിക്കുകയായിരുന്നു. കുഞ്ഞു മരിച്ചു എന്ന മനസിലാക്കിയപ്പോൾ അവർ ഉടൻ തന്നെ ശസ്ത്രക്രിയ നടത്തേണ്ടതായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ ശസ്ത്രക്രിയ നടത്തിയില്ല.

ഗ്രീഷ്മയുടെ ഭർത്താവ് വിദേശത്താണ്. ദുബായിലുള്ള ഭർത്താവ് ഫോണിൽ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു ഗ്രീഷ്മയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനു തയ്യാറാകാതെ ആശുപത്രി അധികൃതർ കിംസിലേക്കാണ് മാറ്റിയത്. ഗ്രീഷ്മയുടെ അച്ഛനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഇതും ബന്ധുക്കളുടെ രോഷം ഇരട്ടിപ്പിച്ചു. കുട്ടിയെയും അമ്മയെയും രക്ഷിക്കാനും കഴിഞ്ഞില്ല. ഇതിനെ തുടർന്നാണ് ബന്ധുക്കൾ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് കേസിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ആരോപണങ്ങൾ നിഷേധിച്ച് ആശുപത്രി

വളരെ ലൈവ് ആയ സ്റ്റേജിലാണ് ഗ്രീഷ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്. എസ്എടിയിലേക്ക് മാറ്റണം എന്ന ഒരാവശ്യം അവർ ഉന്നയിച്ചതായി അറിയില്ല. ആ സമയത്തുള്ള മെഡിക്കൽ സ്റ്റേജ് നോക്കിയാണ് ഏത് ആശുപത്രി എന്ന് ഡോക്ടർമാർ തീരുമാനിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ആകണം കിംസിലേക്ക് മാറ്റിയത്. എന്തായാലും ഇവിടെ നിന്ന് അവരും ഗർഭസ്ഥശിശുവും മരിച്ചിട്ടില്ല എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്.

ഇനി പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരട്ടെ. അതല്ലേ ആധികാരിക രേഖയായി മാറുന്നത്. അതിനാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കാര്യങ്ങൾ അനുസരിച്ച് നിങ്ങൾ റിപ്പോർട്ട് ചെയ്യൂ-ക്രിഡൻസ് ആശുപത്രി അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP