Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202203Saturday

14കാരിയെ കൊന്നിട്ട് അച്ഛനേയും അമ്മയേയും പ്രതികളാക്കാൻ വ്യാജ മൊഴി നൽകിയ ക്രുരത; കള്ള മൊഴി വിശ്വസിച്ച് പാവങ്ങളെ ദ്രോഹിച്ച കാക്കി കുപ്പായക്കാർ; അയൽക്കാരിയെ കൊന്നത് അന്നത്തെ അതേ അമ്മയും മകനുമാണെന്ന പൊലീസുകാരിയുടെ തിരിച്ചറിവ് നിർണ്ണായകമായി; റഫീഖയുടെ മുഖംമൂടി തകർത്തത് സിപിഒ വിജിത; വിഴിഞ്ഞത് സത്യം തെളിയുമ്പോൾ

14കാരിയെ കൊന്നിട്ട് അച്ഛനേയും അമ്മയേയും പ്രതികളാക്കാൻ വ്യാജ മൊഴി നൽകിയ ക്രുരത; കള്ള മൊഴി വിശ്വസിച്ച് പാവങ്ങളെ ദ്രോഹിച്ച കാക്കി കുപ്പായക്കാർ; അയൽക്കാരിയെ കൊന്നത് അന്നത്തെ അതേ അമ്മയും മകനുമാണെന്ന പൊലീസുകാരിയുടെ തിരിച്ചറിവ് നിർണ്ണായകമായി; റഫീഖയുടെ മുഖംമൂടി തകർത്തത് സിപിഒ വിജിത; വിഴിഞ്ഞത് സത്യം തെളിയുമ്പോൾ

വിഷ്ണു ജെജെ നായർ

തിരുവനന്തപുരം: കോവളം ആഴാകുളം ചിറയിൽ പതിനാലുകാരിയുടെ കൊലപാതകക്കേസിന് ചുരുളഴിഞ്ഞതിന് പിന്നിൽ വിഴിഞ്ഞം സ്റ്റേഷനിലെ വനിതാ സിപിഒ സിവി വിജിത. വിഴിഞ്ഞത്ത് വയോധികയുടെ കൊലപാതകത്തിൽ പിടിയിലായ അമ്മയും മകനും കോവളത്തുകൊല്ലപ്പെട്ട പെൺകുട്ടിയുടെയും അയൽവാസികളായിരുന്നെന്ന് തിരിച്ചറിഞ്ഞതും ആ കൊലപാതകത്തിലും ഇവരുടെ പങ്ക് സംശയിച്ചതും വിജിതയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ബാലികയുടെ കൊലയ്ക്കു പിന്നിലും റഫീഖ ബീവിയും മകൻ ഷഫീക്കും ആണെന്നു വെളിപ്പെടുകയായിരുന്നു. പെൺകുട്ടി കൊല്ലപ്പെട്ടപ്പോൾ കോവളം സ്റ്റേഷനിലായിരുന്ന വിജിത അന്ന് അമ്പേഷണ സംഘത്തിലുമുണ്ടായിരുന്നു.

കോവളത്തെ പെൺകുട്ടിയുടെ കൊലപാതകത്തിൽ വീട്ടുകാരെ സംശയയിക്കാനിടയാക്കിയത് റഫീഖയുടെ മൊഴിയായിരുന്നെന്ന് വിജിത ഓർത്തെടുക്കുന്നു. പെൺകുട്ടിയുടെ പിതാവ് പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നെന്നും എന്നും അത് പെൺകുട്ടി റഫീഖയോട് പറഞ്ഞിരുന്നെന്നും റഫീഖ പൊലീസിന് കള്ളമൊഴി നൽകിയിരുന്നു. ആ മൊഴിയാണ് വീട്ടുകാരെ സംശയത്തിലാക്കിയത്. എന്നാൽ റഫീഖയേയും മകനേയും മരിച്ച പെൺകുട്ടിയുടെ വീട്ടുകാർക്കോ അയൽക്കാർക്കോ യാതൊരു സംശയവുമുണ്ടായിരുന്നില്ല. പെൺകുട്ടിക്ക് ഇവരുമായി ഉണ്ടായിരുന്ന ബന്ധത്തെ പറ്റിയും വീട്ടുകാർക്കും അയൽക്കാർക്കും അറിവുണ്ടായിരുന്നില്ലെന്നും വിജിത പറയുന്നു. റഫീഖ നൽകിയ മൊഴി ശരിയായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയത് വളരെ വൈകിയായിരുന്നു. എന്നാൽ അപ്പോഴും റഫീഖയേയും മകനേയും സംശയിക്കാനുള്ള സാഹചര്യമൊന്നും പൊലീസിന് മുന്നിലുണ്ടായിരുന്നില്ല.

അന്നത്തെ അതേ അമ്മയും മകനും സമാനനിലയിൽ മറ്റൊരു അയൽക്കാരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി സ്റ്റേഷനിലെത്തിയപ്പോഴാണ് സിപിഒ വിജിതയ്ക്ക് സംശയമുണ്ടാകുന്നത്. ആദ്യം താൻ സംശയിക്കുന്ന ആളുകൾ തന്നെയാണോ ഇവരെന്ന് ഉറപ്പാക്കുകയാണ് വിജിത ചെയ്തത്. ആണെന്ന് മനസിലായപ്പോൾ തന്റെ സംശയങ്ങൾ വിജിത മേലുദ്യോഗസ്ഥരുമായി പങ്കുവച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ അവർ കുറ്റം സമ്മതിക്കുകയായിരുന്നു. അതേസമയം വയോധിക കൊല്ലപ്പെട്ട വാടക വീടിന്റെ ഉടമസ്ഥന്റെ മകനും ഇതുസംബന്ധിച്ചുള്ള സൂചന പൊലീസിന് നൽകിയിരുന്നു. റഫീഖയും ഷഫീക്കും തമ്മിൽ വഴക്കുണ്ടായപ്പോൾ 'ഇവൻ കാരണം ഒരു പെണ്ണ് ചത്തു' എന്ന് പറഞ്ഞതായാണ് അയാൾ പൊലീസിന് മൊഴി നൽകിയത്.

വിജിത പെൺകുട്ടിയുടെ കൊലപാതകത്തിൽ ഇവർക്ക് പങ്കുണ്ടാകുമെന്ന് സൂചന അന്വേഷണ സംഘത്തിന് കൈമാറിയതിന് ശേഷം വീട്ടുടമയുടെ മകൻ നൽകിയ മൊഴി കൂടിയായപ്പോൾ കോവളത്തെ കൊലപാതകത്തിന് പിന്നിലും റഫീഖയും മകനും തന്നെയാണെന്ന് അന്വേഷണസംഘം ഏറെക്കുറെ ഉറപ്പിക്കുകയായിരുന്നു. രണ്ടിടത്തേയും കൊലപാതകം ഒരേ രീതിയിൽ ആയതും രണ്ടു സ്ഥലത്തും പ്രതികളുടെ സാന്നിധ്യവുമാണ് സംശയത്തിനിടയാക്കിയതെന്ന് വിജിത പറയുന്നു. ഈ വെളിപ്പെടുത്തലോടെ രക്ഷപ്പെട്ടത് കുറ്റാരോപിതരായി തീ തിന്ന കുട്ടിയുടെ മാതാപിതാക്കളാണ്. വിഴിഞ്ഞം ചപ്പാത്ത് സ്വദേശിനിയായ വിജിത ആറ് വർഷം മുമ്പാണ് സർവീസിൽ പ്രവേശിച്ചത്. ആദ്യം അഞ്ച് വർഷം കോവളം സ്റ്റേഷനിലായിരുന്ന വിജിതയുടെ ആദ്യ പോസ്റ്റിങ്ങിലാണ് പെൺകുട്ടിയുടെ കൊലപാതകം നടന്നതും.

അതേ സമയം കോവളത്തെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ രക്ഷിതാക്കളെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സന്ദർശിച്ചു. സംഭവത്തിൽ സർക്കാർ അടിയന്തരമായി നടപടിയെടുക്കണമെന്നും കുടുംബത്തിന് സഹായവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ക്യാൻസർ രോഗിയായ പെൺകുട്ടിയുടെ അമ്മയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ പ്രതിപക്ഷം ഏറ്റെടുക്കുമെന്നും വി ഡി സതീശൻ സന്ദർശനത്തിന് ശേഷം പ്രഖ്യാപിച്ചു.

മാതാപിതാക്കളെ കുറ്റവാളികളാക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. മക്കളില്ലാത്തതിനാൽ ആനന്ദൻ ഗീത ദമ്പതികൾ എടുത്ത് വളർത്തിയതാണ് പെൺകുട്ടിയെ. 2020 ഡിസംബറിലാണ് റഫീഖയും മകൻ ഷെഫീക്കും ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ വീടിന് അടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു അമ്മയും മകനും. ഷഫീക്കുമായുള്ള പെൺകുട്ടിയുടെ ബന്ധം പുറംലോകം അറിയാതിരിക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. ശാന്തകുമാരിയെ കൊല്ലാൻ ഉപയോഗിച്ച അതേ ചുറ്റിക തന്നെയാണ് ഗീതുവിനെ കൊല്ലാനും ഉപയോഗിച്ചതെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

കോവളം സ്റ്റേഷൻ പരിധിയിൽ പനങ്ങോട് വാടയ്ക്ക് താമസിക്കുമ്പോൾ ഷെഫീക്ക് അയൽവാസിയായ പെൺകുട്ടിയുമായി പരിചയത്തിലായി. അസുഖബാധിതയായ പെൺകുട്ടിയെ ഷെഫീക്ക് ഉപദ്രവിച്ചു. ഇക്കാര്യം രക്ഷിതാക്കളോട് പറയുമെന്ന് പെൺകുട്ടി പറഞ്ഞതോടെയാണ് അമ്മയും മകനും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ വീട്ടിനുള്ളിൽ വച്ച് റഫീഖ കുട്ടിയുടെ തലപിടിച്ച് ചുമരിലിടിച്ചു. ഷെഫീക്ക് ചുറ്റിക കൊണ്ട് കുട്ടിയുടെ തലക്കടിച്ചു. വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്ക് മരിച്ചിരുന്നു.

അതിനിടെ സംഭവത്തിൽ മാതാപിതാക്കളെ മാനസികമായും ശാരീരികമായും ഉപദ്രവിച്ച കോവളം പൊലീസ് നടപടിക്ക് എതിരെ കോൺഗ്രസ് കോവളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സുജിത് പനങ്ങോട് മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി. അകാരണമായി മാതാപിതാക്കളെ ഉപദ്രവിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കുക, കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുക, അർഹമായ മാനനഷ്ടം നൽകുക എന്നീ ആവശ്യങ്ങൾ പരാതിയിൽ ഉന്നയിച്ചു. എം വിൻസന്റ് എംഎൽഎയും കുടുംബത്തെ സന്ദർശിച്ചു. മുട്ടയ്ക്കാട് പ്രവീൺ, ചിറയിൽ സുരേഷ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP