Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബംഗാൾ-ത്രിപുര മോഡൽ കേരളത്തിലും; സിപിഎം പാർട്ടി ഓഫീസ് സഹിതം ബിജെപിക്കാർ കൊണ്ടുപോയി; തലസ്ഥാനത്ത് രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ കൂട്ടത്തോടെ ബിജെപിയിലേക്ക്; കോവളം മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 98 സിപിഎം പ്രവർത്തകർ ഇനി കാവിക്കൊടിയേന്തും

ബംഗാൾ-ത്രിപുര മോഡൽ കേരളത്തിലും; സിപിഎം പാർട്ടി ഓഫീസ് സഹിതം ബിജെപിക്കാർ കൊണ്ടുപോയി; തലസ്ഥാനത്ത് രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ കൂട്ടത്തോടെ ബിജെപിയിലേക്ക്; കോവളം മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 98 സിപിഎം പ്രവർത്തകർ ഇനി കാവിക്കൊടിയേന്തും

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: 33 വർഷം കൈയിലുണ്ടായിരുന്ന ബംഗാളിൽ ഇന്ന് സിപിഎം വരണ്ടിരിക്കുന്നു. പ്രതീക്ഷയുടെ പച്ചപ്പുകൾ ഇല്ലാതായിരിക്കുന്നു. ഒരുവലിയ വിഭാഗം സിപിഎമ്മുകാർ തൃണമൂൽ വഴി ബിജെപിയിലേക്ക് ചേക്കേറിയത് ഇന്ന് പഴങ്കഥയാണ്. ത്രിപുരയിൽ മണിക് സർക്കാരിന് ഏറ്റ തിരിച്ചടി മറക്കാവുന്നതല്ല. ഒറ്റസീറ്റുപോലും അവിടെ നേടിയ ചരിത്രമില്ലാതിരുന്ന ബിജെപിയോട് വ്യക്തിശുദ്ധിയുടെ രാഷ്ട്രീയം ഉണ്ടായിട്ടും മണിക് സർക്കാരും സിപിഎമ്മും തോറ്റമ്പി. സിപിഎമ്മുകാർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുന്ന പ്രവണത ബംഗാളിൽ തുടരുകയാണ്. 480 സിപിഎം പ്രവർത്തകർ ഒന്നിച്ച് കഴിഞ്ഞ നവംബറിൽ ബിജെപിയിൽ ചേർന്നത് വലിയ വാർത്തയായിരുന്നു. ബംഗാൾ-ത്രിപുര മോഡൽ കേരളത്തിൽ ആവർത്തിക്കില്ലെന്ന് സംസ്ഥാന നേതൃത്വം ആവർത്തിക്കാറുണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ അതിൽ വലിയ മാറ്റം വരികയാണോ? കെ.സുരേന്ദ്രന്റെ വിജയ യാത്ര കാസർകോഡ് നിന്ന് പുറപ്പെട്ട് ഒരുദിവസം പിന്നിട്ടപ്പോൾ ഇങ്ങ് തലസ്ഥാനത്ത് ഞെട്ടിക്കുന്ന മാറ്റം ഉണ്ടായിരിക്കുന്നു. അതെ തലസ്ഥാന ജില്ലയിലെ കോവളം നിയോജക മണ്ഡലത്തിലുൾപ്പെട്ട വിഴിഞ്ഞം പ്രദേശത്തെ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിലേക്ക്.

സിപിഎം നെല്ലിക്കുന്ന്, പനവിള ബ്രാഞ്ച് കമ്മിറ്റികളിലെ പ്രവർത്തകരുമാണ് കൂട്ടത്തോടെ ബിജെപിയിൽ ചേർന്നത്. ഈ പ്രദേശത്തെ സിപിഎമ്മിന്റെ മുഴുവൻ സംവിധാനങ്ങളും ഇന്നുമുതൽ ബിജെപിയുടേതായി മാറിയെന്ന് വിവി. രാജേഷ് അറിയിച്ചു. സിപിഎമ്മിന്റെ പാർട്ടി ഓഫീസ് അടക്കം ബിജെപിക്ക് കൈമാറും. അടുത്ത ദിവസം പാർട്ടി ഓഫീസിലെത്തി പശ്ചിമ ബംഗാളിലെ പോലെ സിപിഎം ഓഫീസ് ബിജെപി ഓഫീസാക്കി മാറ്റുമെന്നും വി.വി.രാജേഷ് പറഞ്ഞു.

കോവളം മുൻ പഞ്ചായത്ത് പ്രസിഡന്റ് മുക്കോല പ്രഭാകരൻ അടക്കം 98 സിപിഎം പ്രവർത്തകരാണ് ബിജെപിയിലെത്തിയത്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് പ്രവർത്തകരെ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചത്.സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു വയൽക്കര മധു, തൊഴിലാളി നേതാക്കന്മാരായിട്ടുള്ള ലിജു, അഭിലാഷ് എന്നിങ്ങനെ നിരവധി പ്രമുഖർ ഇതിൽ ഉൾപ്പെടുന്നു.

ഡിവൈഎഫ്ഐയുടെ പഴയ മുഖമായ കെ എസ് വൈ എഫിലൂടെ പൊതുപ്രവർത്തന രംഗത്ത് എത്തിയ മുക്കോല പ്രഭാകരൻ തലസ്ഥാന ജില്ലയിലെ അറിയപ്പെടുന്ന സിപിഎം നേതാവാണ്. കേരളാ കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. നെല്ലിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നെല്ലിക്കുന്ന് ശ്രീധരൻ 53 വർഷത്തോളം സിപിഎമ്മിൽ പ്രവർത്തിച്ച ശേഷമാണ് പാർട്ടി വിടുന്നത്.

വിഴിഞ്ഞം ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് കൂടിയായിരുന്ന വ്യക്തിയാണ് മുക്കോല പ്രഭാകരൻ. കേരളം മാറുന്നതിനൊപ്പം കോവളവും മാറുന്നുവെന്ന സന്ദേശമാണ് ഈ മാറ്റം നൽകുന്നതെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു. തിരുവനന്തപുരം തൈക്കാട് ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിക്കാനാണ് പ്രഹ്ലാദ് ജോഷി തിരുവനന്തപുരത്തെത്തിയത്. കേന്ദ്രമന്ത്രി വി മുരളീധരൻ, കർണാടക ഉപമുഖ്യമന്ത്രി ഡോ അശ്വത് നാരായൺ, സംസ്ഥാന പ്രഭാരിമാരായ സി പി രാധാകൃഷ്ണൻ, വി സുനിൽ കുമാർ, എന്നിങ്ങനെ നിരവധി പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. തൈക്കാട് ഇലങ്കനഗർ റോഡിലാണ് ബിജെപിയുടെ പുതിയ തെരഞ്ഞെടുപ്പ് ഓഫീസ്.

കേരളത്തിൽ എൽഡിഎഫും യുഡിഎഫും ശത്രുക്കളാണെങ്കിൽ ഡൽഹിയിൽ ഇരു പാർട്ടികളും സൗഹൃദത്തിലാണെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. യുഡിഎഫും എൽഡിഎഫും കേരളത്തിൽ ഗുസ്തിയിലാണ്, ഡൽഹിയിലും മറ്റ് ചില സംസ്ഥാനങ്ങളിലും അവർ ദോസ്തി ആണ്. ഇവരുടെ കാപട്യം നോക്കൂ, മമതാ ബാനർജി ഡൽഹിയിൽ കോൺഗ്രസിനെ പിന്തുണയ്ക്കും. എന്നാൽ ബംഗാളിൽ അത് ചെയ്യില്ല. പല സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടികൾക്ക് കോൺഗ്രസ് ഒരു ബാധ്യതയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിന് വേണ്ടി മാത്രമാണ് കോൺഗ്രസ് ഇന്ന് ശബരിമല വിഷയം വിവാദമാക്കി ഉയർത്തുന്നത്. അവർ കാര്യഗൗരവത്തോടെ പ്രതിഷേധിച്ചില്ല. ജനവികാരം എന്താണെന്ന് അവർ രാഹുലിനെ പറഞ്ഞു മനസിലാക്കിയില്ല. വോട്ടിന് വേണ്ടി മുസ്ലിം മതവിഭാഗക്കാരെ തൃപ്തിപ്പെടുത്താൻ മാത്രമാണ് അവർ ശ്രമിക്കുന്നതെന്നും പ്രഹ്ലാദ് ജോഷി ചൂണ്ടിക്കാട്ടി.

അതേസമയം തോട്ടം ബ്രാഞ്ചിലെ ആളുകളാണ് സിപിഎമ്മിൽ ചേർന്നതെന്നും, തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് ഇവരെ പാർട്ടിയിൽ നിന്നും പുറത്താക്കിയതാണെന്നും സിപിഎം നേതാക്കൾ പറയുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് തോട്ടം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടിരുന്നുവെന്നും സിപിഎം നേതാക്കൾ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ജൂണിൽ വെമ്പായം പന്തലക്കോട് ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികളടക്കം നിരവധി കുടുംബങ്ങൾ സിപിഎം വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. 49 കുടുംബങ്ങളാണ് ബിജെപിയിൽ ചേർന്നത്. പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നവും അതേതുടർന്നുണ്ടായ വീടാക്രമണവും സംഘർഷവുമാണ് പാർട്ടി മാറ്റത്തിന് കാരണമായത്. പന്തലക്കോട് വാഴോട്ടുപൊയ്കയിലാണ് നിരവധി പേർ ബിജെപിയിൽ ചേർന്നത്. ഡിവൈഎഫ്‌ഐ മണ്ഡലം ഭാരവാഹികളും ദീർഘകാലം സിപിഎമ്മിൽ പ്രവർത്തിച്ചിരുന്ന വനിതകളുമടക്കമുള്ളവർ ബിജെപിയിൽ ചേർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP