Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുമ്മനത്തെ ഒരു കാരണവശാലും ലോക്‌സഭ കാണിക്കില്ലെന്ന് ഉറപ്പിച്ച് സിപിഎം; ശശി തരൂരിനെ പിന്തുണയ്‌ക്കേണ്ടി വരുമെന്ന് സീറ്റ് വിട്ടുകൊടുക്കാൻ മടിക്കുന്ന സിപിഐക്കും സൂചന നൽകി; നിയമസഭ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ അനുവദിച്ച പിശക് ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യേണ്ടി വരുമെന്ന് സിപിഎം അണികൾക്ക് നിർദ്ദേശം പോയതായി റിപ്പോർട്ടുകൾ; തിരുവനന്തപുരത്ത് ത്രികോണ മത്സരം നടക്കവേ വിജയം ഉറപ്പില്ലാത്ത എൽഡിഎഫ് ബദൽ തന്ത്രമൊരുക്കുന്ന തിരക്കിൽ

കുമ്മനത്തെ ഒരു കാരണവശാലും ലോക്‌സഭ കാണിക്കില്ലെന്ന് ഉറപ്പിച്ച് സിപിഎം; ശശി തരൂരിനെ പിന്തുണയ്‌ക്കേണ്ടി വരുമെന്ന് സീറ്റ് വിട്ടുകൊടുക്കാൻ മടിക്കുന്ന സിപിഐക്കും സൂചന നൽകി; നിയമസഭ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ അനുവദിച്ച പിശക് ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യേണ്ടി വരുമെന്ന് സിപിഎം അണികൾക്ക് നിർദ്ദേശം പോയതായി റിപ്പോർട്ടുകൾ; തിരുവനന്തപുരത്ത് ത്രികോണ മത്സരം നടക്കവേ വിജയം ഉറപ്പില്ലാത്ത എൽഡിഎഫ് ബദൽ തന്ത്രമൊരുക്കുന്ന തിരക്കിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിക്കാനാവില്ലെന്ന് ഉറപ്പില്ലാത്ത സ്ഥലത്ത് ബിജെപി തോൽവി ഉറപ്പാക്കുകയാണ് സിപിഎമ്മിന്റെ പ്രഖ്യാപിത ലക്ഷ്യം. ബംഗാളിൽ കോൺഗ്രസുമായുള്ള പ്രത്യക്ഷ സഖ്യം പോലും ഇതിന്റെ ഭാഗമാണ്. എന്നാൽ കേരളത്തിൽ കോൺഗ്രസുമായി നർക്കു നേർ മത്സരം എന്നാണ് പ്രഖ്യാപിത നിലപാട്. എല്ലാ സീറ്റിലും ഇടതു മുന്നണിയും കോൺഗ്രസ് മുന്നണിയും തമ്മിലെ നേരിട്ടുള്ള ഏറ്റുമുട്ടലെന്ന് പറയുമ്പോഴും തിരുവനന്തപുപത്ത് അതിൽ മാറ്റമുണ്ടാകും. ഇവിടെ ബിജെപി അതിശക്തമാണ്. അഞ്ച് കൊല്ലം മുമ്പ് കോൺഗ്രസ് ഒന്നാമത് എത്തിയപ്പോൾ രണ്ടാമനായത് ബിജെപിയുടെ ഒ രാജഗോപാൽ. നേമത്ത് അക്കൗണ്ട് തുറന്ന് രാജഗോപാൽ നിയമസഭയിലും എത്തി. നിയമസഭയിൽ ബിജെപി എത്തിയത് പിടിപ്പുകേടായാണ് സിപിഎം വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ലോക്‌സഭയിൽ കേരളത്തിൽ ബിജെപി ജയിക്കില്ലെന്ന് ഉറപ്പാക്കും. ഇതിന് തിരുവനന്തപുരത്ത് ചില വിട്ടുവീഴ്ചകൾ സിപിഎം നടത്തുമെന്ന് തിരിച്ചറിയുകയാണ് ബിജെപിയും പരിവാറുകാരും. മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായതോടെയാണ് സിപിഎം പുതിയ തന്ത്രങ്ങൾ ആലോചിക്കുന്നത്.

എന്ത് വില കൊടുത്തും തിരുവനന്തപുരത്ത് ബിജെപിയെ തോൽപ്പിക്കുകയാണ് സിപിഎം ലക്ഷ്യം. ശബരിമല വികാരം ആളിക്കത്തിച്ച് വോട്ട് നേടാൻ മികവുള്ള വ്യക്തിത്വമാണ് കുമ്മനത്തിന്റേത്. ഹിന്ദു നേതാവിനപ്പുറം ജനകീയ അടിത്തറ നേടിയ നേതാവ്. വട്ടിയൂർകാവ് നിയമസഭാ മണ്ഡലത്തിൽ രണ്ടാമതെത്തി ഇലക്ഷൻ രാഷ്ട്രീയത്തിൽ കരുത്ത് കാട്ടാനാകുമെന്ന് കുമ്മനം തെളിയിച്ചിട്ടുമുണ്ട്. അതിശക്തനാണ് തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ഉറപ്പാക്കാൻ തരൂരിന് കഴിയും. ഇടതു പക്ഷത്തിന് വേണ്ടി സിപിഐയാകും മത്സരിക്കുക. മികച്ചൊരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ സിപിഐയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ കോഴ വിവാദം പോലും സിപിഐയിലെ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ടുയർന്നു. ബെനറ്റ് എബ്രഹാം മൂന്നാം സ്ഥാനത്തെത്തി നാണം കെടുകയും ചെയ്തു. ശശി തരൂരും രാജഗോപാലും തമ്മിലെ മത്സരവും തീപാറി. ഇത്തവണ ശബരിമല കൂടിയെത്തുമ്പോൾ തിരുവനന്തപുരത്ത് കുമ്മനം ജയിക്കുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്. ചില തെരഞ്ഞെടുപ്പ് സർവ്വേകളിൽ ജയസാധ്യതയും പ്രവചിക്കുന്നു. ഇത് മനസ്സിലാക്കിയാണ് സിപിഎം പുതിയ തന്ത്രങ്ങൾക്ക് രൂപം കൊടുക്കുന്നത്. എന്ത് വിലകൊടുത്തും ബിജെപിയെ പരാജയപ്പെടുത്തുന്നതാകും ഈ തന്ത്രം.

കുമ്മനത്തെ ഒരു കാരണവശാലും ലോക്‌സഭ കാണിക്കില്ലെന്ന് ഉറപ്പിച്ച് സിപിഎം നിലപാട് എടുക്കുമെന്ന് ബിജെപിയും തിരിച്ചറിയുന്നു. ഇതിന് വേണ്ടി ശശി തരൂരിനെ പിന്തുണയ്‌ക്കേണ്ടി വരുമെന്ന് സീറ്റ് വിട്ടുകൊടുക്കാൻ മടിക്കുന്ന സിപിഐക്കും സിപിഎം സൂചന നൽകിയതായാണ് റിപ്പോർട്ടുകൾ. നിയമസഭ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ അനുവദിച്ച പിശക് ആവർത്തിക്കാതിരിക്കാനാണ് ഇത്. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യേണ്ടി വരുമെന്ന് സിപിഎം അണികൾക്ക് നിർദ്ദേശം പോയതായി റിപ്പോർട്ടുകളും സജീവമാണ്. തിരുവനന്തപുരത്ത് ത്രികോണ മത്സരം നടക്കവേ വിജയം ഉറപ്പില്ലാത്തതു കൊണ്ടാണ് ഈ കൈവിട്ട കളിക്ക് സിപിഎം തയ്യാറാകുന്നത്. തിരുവനന്തപുരത്ത് ലോക്‌സഭയിൽ ബിജെപി ജയിച്ചാൽ അതിന്റെ പ്രതിഫലനം കേരളത്തിൽ ഉടനീളം ഉണ്ടാകുമെന്നാണ് സിപിഎം വിലയിരുത്തുന്നത്. അതുകൊണ്ടാണ് തിരുവനന്തപുരത്തെ പ്രധാന ശത്രു തരൂരല്ല മറിച്ച് കുമ്മനമാണെന്ന നിലപാടിലേക്ക് കാര്യങ്ങളെത്തുന്നത്. എങ്ങനേയും കുമ്മനത്തെ തോൽപ്പിക്കാനാണ് നീക്കം. പിപി മുകുന്ദൻ ബിജെപിയുടെ വിമതനാകുമെന്ന പ്രതീക്ഷയും സിപിഎമ്മിനുണ്ട്. അങ്ങനെ വന്നാൽ കുമ്മനം തോൽക്കുമെന്നാണ് സിപിഎം വിലയിരുത്തൽ.

പാർട്ടിക്ക് അതീതമായ പൊതുസ്വീകാര്യത, അതാണ് കുമ്മനം രാജശേഖരനെ തിരുവനന്തപുരത്തെ മികച്ച സ്ഥാനാർത്ഥിയായി ബിജെപി പരിഗണിക്കാൻ കാരണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ കുമ്മനം 7622 വോട്ടിന് കെ. മുരളീധരനോട് തോറ്റെങ്കിലും ടി.എൻ.സീമയെപ്പോലെ തലയെടുപ്പുള്ള ഇടതുമുന്നണി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായത് ഇവിടെ കുമ്മനം മൽസരിച്ചതുകൊണ്ടാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിനുപുറമെ കഴക്കൂട്ടത്തും ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. നേമത്ത് ഒന്നാമതും. തിരുവനന്തപുരത്തെ പാർട്ടി അടിത്തറയും ശബരിമല പ്രശ്നം ഉയർത്തിവിട്ട രാഷ്ട്രീയ സാഹചര്യവും നേട്ടമാക്കാൻ കുമ്മനത്തിന്റെ മടങ്ങിവരവ് അനിവാര്യമാണെന്നാണ് ബിജെപിയിലെ പൊതുവിലയിരുത്തൽ. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒ.രാജഗോപാൽ ശശിതരൂരിനോട് 15,470 വോട്ടിന് തോറ്റെങ്കിലും കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം നേമം എന്നീ നിയോജകമണ്ഡലങ്ങളിൽ ഒന്നാമതായിരുന്നു. കോവളം, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലെ വോട്ടുമികവിലാണ് തരൂർ രാജഗോപാലിനെ മറികടന്നത്. കുമ്മനത്തിന് ഈ മേഖലകളിൽ എല്ലാം നേട്ടമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തൽ. നേമത്തും വട്ടിയൂർക്കാവിലും തിരുവനന്തപുരത്തും കഴക്കൂട്ടത്തും വലിയ മുന്നേറ്റം കുമ്മനം ഉണ്ടാക്കുമെന്നാണ് സിപിഎമ്മും കണക്ക് കൂട്ടുന്നത്. ഈ മേഖലയിൽ സിപിഐയക്ക് സ്വാധീനവും കുറവ്. അതുകൊണ്ട് തന്നെ ശബരിമല ആളിക്കത്തുമ്പോൾ ത്രികോണ പോര് നടന്നാൽ കുമ്മനത്തിന് ജയസാധ്യതയുണ്ടെന്ന് സിപിഎം തിരിച്ചറിയുന്നു. ഇത് തകർക്കാനാകും സിപിഎം ശ്രമം.

സിപിഐയിൽ നിന്ന് തിരുവനന്തപുരം സീറ്റ് ചോദിച്ച് വാങ്ങിയാലും കുമ്മനത്തിന് ഗുണകരമാകുമെന്നാണ് സിപിഎം വിലയിരുത്തൽ. ന്യൂനപക്ഷ മോദി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചാൽ ശശി തരൂരിന് ജയിക്കാനാകില്ല. എൻ എസ് എസ് പിന്തുണയും ബിജെപിക്കാകും. ഇതും തിരുവനന്തപുരത്ത് വിജയത്തിൽ നിർണ്ണായക ഘടകമാണ്. നഗര മേഖലയിലെ നായർ വോട്ടുകൾ കുമ്മനം പിടിച്ചാൽ അത് മറികടക്കാൻ കോവളത്തേയും നെയ്യാറ്റിൻകരയിലേയും പാറശ്ശാലയിലേയും ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം തരൂരിന് അനിവാര്യമാണ്. നാടാർ വോട്ടുകളുടെ ഭിന്നിപ്പ് ഉണ്ടായാൽ അത് കുമ്മനത്തെയാകും സഹായിക്കുക. അതുകൊണ്ട് തന്നെ സിപിഐയുടെ സ്ഥാനാർത്ഥിയെ കണ്ടില്ലെന്ന് നടിച്ചുള്ള പദ്ധതികളാകും സിപിഎം തയ്യാറാക്കുക. കുമ്മനം തോൽക്കണമെന്നും അതുറപ്പിക്കാൻ തരൂരിന് വോട്ട് ചെയ്യാനും പാർട്ടി അണികൾക്ക് സിപിഎം നിർദ്ദേശം നൽകി കഴിഞ്ഞെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം. ഇതിന് തകർത്ത് കുമ്മനം ജയിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഈ മാസം അവസാനത്തോടെ തന്നെ കുമ്മനത്തിനായി പ്രചരണം തുടങ്ങുമെന്നാണ് ബിജെപി വിശദീകരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ പദവി രാജിവെച്ച് കേരളത്തിലേക്ക് മടങ്ങി വരുമെന്ന സൂചനകളാണ് ബിജെപിയിൽ നിന്നും പുറത്തു വരുന്നത്. എന്നാൽ ഈ ചർച്ചകൾക്ക് ചൂടുപിടിക്കും വിധമാണ് ഇപ്പോൾ കുമ്മനം രാജശേഖരനും പ്രതികരിച്ചത്. കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുമോ എന്ന ചോദ്യത്തെ തള്ളാതെയും കൊള്ളാതെയും സംഘടനയാണ് പ്രധാനമെന്ന് കുമ്മനം പറയുന്നു. ആർഎസ്എസ് ആവശ്യപ്പെട്ടാൽ സമ്മതമെന്നാണ് കുമ്മനം നൽകിയ സൂചന. ഇതോടെയാണ് തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാർത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പാകുന്നത്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ശശി തരൂരിനെ ജയിപ്പിക്കുന്നതാണ് നല്ലതെന്ന ചിന്ത സിപിഎമ്മിൽ സജീവമാകുന്നത്. മിസോറാം ഗവർണറാണെങ്കിലും മനസ് മുഴുവൻ കേരളത്തിലാക്കി ജീവിക്കുന്ന നേതാവാണ് കുമ്മനം രാജശേഖരൻ. ശബരിമല യുവതി പ്രവേശനത്തിൽ കേന്ദ്ര സർക്കാരിന്റേയും ബിജെപി നേതൃത്വത്തിന്റെയും മനസ്സ് ഭക്തർക്കൊപ്പമാക്കിയത് ഗവർണ്ണർ കുമ്മനമായിരുന്നു. ശബരിമലയിലെ സമരനായകനായി മാറാൻ ആഗ്രഹിച്ചെങ്കിലും മിസോറാമിലെ തെരഞ്ഞെടുപ്പ് മൂലം അതിന് കഴിഞ്ഞില്ല. മിസോറാമിൽ പുതിയ സർക്കാർ അധികാരത്തിലെത്തി. ഇനി വലിയ ഉത്തരവാദിത്തങ്ങൾ കുമ്മനത്തിന് മിസോറാമിൽ നിറവേറ്റാനില്ല. അതുകൊണ്ട് തന്നെ കേരളത്തിലേക്ക് തിരിച്ചു മടങ്ങാൻ കാത്തിരിക്കുകയാണ് കുമ്മനവും.

അതിനിടെ തിരുവനന്തപുരം ലോകസഭാ മണ്ഡലം തിരിച്ചു പിടിക്കാൻ മുൻ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ മകൻ ഡോ. വി രാമൻകുട്ടിയെ മത്സര രംഗത്ത് ഇറക്കാൻ സിപിഐ ആലോചിക്കുന്നുവെന്നാണ് പുറത്തു വരുന്ന സൂചന. വിഖ്യാത ആരോഗ്യപ്രവർത്തകനും ചിത്രകാരനുമായ ഡോ. രാമൻകുട്ടി സജീവ രാഷ്ട്രീയ രംഗത്ത് ഇല്ലെങ്കിലും സിപിഐ യുടെ ബൗദ്ധിക പ്രവർത്തനങ്ങളിൽ ചുമതലക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്. ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന്റെ ശാഖയായ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിന്റെ മേധാവിയായിരുന്നു. തിരുവനന്തപുരത്ത് മുൻ എംപി പന്ന്യൻ രവീന്ദ്രനെ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് സിപിഐ ആലോചിച്ചിരുന്നു. എന്നാൽ വീണ്ടും മത്സര രംഗത്തേക്ക് ഇറങ്ങുന്നതിൽ താൽപര്യമില്ലന്ന് പന്ന്യൻ അറിയിച്ചതിനെ തുടർന്നാണ് ഡോ. രാമൻകുട്ടിയിലേക്ക് തിരിഞ്ഞത്. നിലവിലെ കോൺഗ്രസ് എംപി ശശി തരൂരിൽനിന്ന് മണ്ഡലം തിരിച്ചുപിടിക്കണമെങ്കിൽ ശക്തമായ രാഷ്ട്രീയപോരാട്ടം ഉണ്ടാകണം. ഇതിനുള്ള കരുത്ത് രാമൻ കുട്ടിക്കില്ലെന്ന് സിപിഎമ്മിന് അറിയാം. സിപിഐ മുന്നോട്ട് വയ്ക്കുന്ന ആനിരാജ, ഭാഗ്യലക്ഷ്മി, വിനയൻ തുടങ്ങിയവർക്കൊന്നും വിജയ സാധ്യതയില്ലെന്നും സിപിഎമ്മിന് അറിയാം. എം.എൻ. ഗോവിന്ദൻ നായർ, പി.കെ. വാസുദേവൻ നായർ, കെവി സുരേന്ദ്രനാഥ്, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയ നേതാക്കളെ മണ്ഡലത്തിൽനിന്നു വിജയിപ്പിക്കാൻ സിപിഐയ്ക്കായിട്ടുണ്ട്.

പാർട്ടിക്കായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും പ്രകടനം വളരെ പിന്നോട്ടുപോയി. പി.കെ. വാസുദേവൻ നായരുടെ മരണത്തെത്തുടർന്നു 2005 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 74,200 വോട്ടുകൾക്കാണ് പന്ന്യൻ രവീന്ദ്രൻ വിജയിച്ചത്. പന്ന്യൻ 3,90,324 വോട്ട് നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി വി എസ്. ശിവകുമാറിന് 3,16,124 വോട്ടു നേടാനേ കഴിഞ്ഞുള്ളൂ. ബിജെപി സ്ഥാനാർത്ഥി സി.കെ. പത്മനാഭൻ 36,690 വോട്ടു നേടി. 2009 ലെ തെരഞ്ഞെടുപ്പിൽ ജില്ലാ സെക്രട്ടറിയായിരുന്ന പി.രാമചന്ദ്രൻ നായരെയാണ് സിപിഐ സ്ഥാനാർത്ഥിയാക്കിയത്. ശശി തരൂർ തിരുവനന്തപുരത്ത് ആദ്യമായി സ്ഥാനാർത്ഥിയായ തെരഞ്ഞെടുപ്പിൽ ജയം തരൂരിനൊപ്പമായിരുന്നു. ശശി തരൂർ 3,26,725 വോട്ടുകൾ നേടിയപ്പോൾ രാമചന്ദ്രൻ നായർക്കു ലഭിച്ചത് 2,26,727 വോട്ട്. ഭൂരിപക്ഷം 99,998 വോട്ട്. ബിഎസ്‌പി സ്ഥാനാർത്ഥി നീല ലോഹിതദാസൻ നാടാർ 86,233 വോട്ട് നേടി. 2014 ലെ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥി നിർണയം വലിയ വിവാദമായി. പാർട്ടി അംഗമല്ലാത്ത ബെന്നറ്റ് ഏബ്രഹാമിനു സീറ്റ് നൽകിയതിനെതിരെ പ്രതിഷേധമുണ്ടായി. തിരഞ്ഞെടുപ്പിൽ ശശി തരൂർ 2,97,806 വോട്ടും ബിജെപി സ്ഥാനാർത്ഥി ഒ.രാജഗോപാൽ 2,82336 വോട്ടും നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി ബെന്നറ്റ് എബ്രഹാം 2,48,941 വോട്ടോടെ മൂന്നാം സ്ഥാനത്തായി. ഇതെല്ലാം തിരിച്ചറിഞ്ഞാണ് തിരുവനന്തപുരത്ത് വേറിട്ടൊരു സമീപനത്തിന് സിപിഎം ആലോചന നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP