Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീണ്ടും സമ്മേളനകാലം അടുക്കുമ്പോൾ പൊട്ടിത്തെറിപ്പേടിയിൽ സിപിഐഎം; പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ ഉറച്ചകോട്ടയായി അണിനിരന്നവർ മുഖ്യമന്ത്രി പിണറായിയെ വിമർശിക്കാനൊരുങ്ങുന്നു; എല്ലാം ശരിയാക്കാൻ വന്നിട്ട് സകലതും കുളമായെന്ന വിമർശനം കീഴ്ഘടകങ്ങളിൽ സജീവം; വിമർശനം മുതലാക്കി പാർട്ടി പിടിക്കാൻ മോഹിച്ച് കോടിയേരി

വീണ്ടും സമ്മേളനകാലം അടുക്കുമ്പോൾ പൊട്ടിത്തെറിപ്പേടിയിൽ സിപിഐഎം; പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ ഉറച്ചകോട്ടയായി അണിനിരന്നവർ മുഖ്യമന്ത്രി പിണറായിയെ വിമർശിക്കാനൊരുങ്ങുന്നു; എല്ലാം ശരിയാക്കാൻ വന്നിട്ട് സകലതും കുളമായെന്ന വിമർശനം കീഴ്ഘടകങ്ങളിൽ സജീവം; വിമർശനം മുതലാക്കി പാർട്ടി പിടിക്കാൻ മോഹിച്ച് കോടിയേരി

ബി രഘുരാജ്

തിരുവനന്തപുരം: ആറു മാസത്തിനുള്ളിൽ സമ്മേളനങ്ങൾ നടക്കാനിരിക്കേ വീണ്ടുമൊരു പൊട്ടിത്തെറി പേടിച്ച് സിപിഐഎം. നിരവധി വിഷയങ്ങളാണ് പാർട്ടിയിൽ ചർച്ചയാകാനിരിക്കുന്നത്. അതിലേറെയും മുഖ്യമന്ത്രി പിണറായി വിജയനുനേരെയുള്ള വിമർശനങ്ങളാണ്. പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ പിണറായി വിജയനു പിന്നിൽ ഉറച്ചകോട്ടയായിരുന്ന കീഴ്ഘടകങ്ങൾ പലതും കടുത്ത അതൃപ്തിയിലാണ്. ഇവയിൽ കൂടുതലും കണ്ണൂർ ജില്ലയിൽനിന്നാണെന്ന കാര്യമാണ് കൗതുകകരം.

വി എസ് വിഭാഗീയത രൂക്ഷമായിരുന്ന കാലത്തേക്കാൾ പ്രതിസന്ധിയാണ് ഇക്കുറി സമ്മേളനകാലത്ത് നേരിടാൻ പോകുന്നതെന്നാണ് പാർട്ടിക്കുള്ളിൽനിന്നുതന്നെ ലഭിക്കുന്ന വിവരം. സെപ്റ്റംബർ മാസത്തോടെയാണ് സമ്മേളനങ്ങൾ ആരംഭിക്കേണ്ടതെങ്കിലും ഇതുവരെ ഷെഡ്യൂൾ തയാറായിട്ടില്ല. ഇക്കാര്യത്തിൽ പിബി അന്തിമ തീരുമാനം എടുക്കാത്തതാണ് കാരണം. സെപ്റ്റംബറിൽ ബ്രാഞ്ച് സമ്മേളനം ആരംഭിച്ച് ഏപ്രിൽ-മേയിൽ പാർട്ടി കോൺഗ്രസ് നടത്തേണ്ടതുണ്ട്. പാർട്ടി ജനറൽ സെക്രട്ടറിയെന്ന നിലയിൽ സീതാറാം യെച്ചുരിയുടെ പ്രവർത്തനം വിലയിരുത്തുന്ന പാർട്ടി കോൺഗ്രസ് കൂടിയാണിത്.

നിയമസഭാ തെരഞ്ഞെടുപ്പു സമയത്തു മുന്നോട്ടു വച്ച പ്രകടനപത്രികയിലെ ഇടതുപക്ഷ നിലപാടുകൾ പ്രായോഗികതലത്തിൽ നടപ്പാക്കുന്നതിലുണ്ടായ പാളിച്ചകളുമൊക്കെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആയുധമാക്കാനൊരുങ്ങുകയാണ് കീഴ്ഘടകങ്ങൾ. പാർട്ടിയിലെ ഔദ്യോഗിക പക്ഷത്തിന് എക്കാലത്തും ബദലായിരുന്ന വി എസ് പക്ഷം നിശബ്ദമായതോടെ ശക്തമായ എതിരാളികളില്ലാതെ സ്വാഭാവികമായി രൂപമെടുത്ത പ്രാദേശിക ധ്രുവീകരണങ്ങളും ജില്ലാതലങ്ങളിൽ നേതൃത്വം പിടിച്ചടക്കാനുള്ള നേതാക്കളുടെ നീക്കങ്ങളുമൊക്കെ പാർട്ടിയെത്തന്നെ പാടെ തകർത്തുകളയുന്ന വിഭാഗീയതായി മാറുമോയെന്ന് ഭീതിയും സംസ്ഥാന നേതൃത്വത്തിനുണ്ട്.

വി എസ് അച്യുതാനന്ദനിൽനിന്ന് അപ്രതീക്ഷിതമായി ഭരണത്തിന്റെ ചെങ്കോൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തെങ്കിലും അന്ന് ഒപ്പംനിന്ന് പൊരുതുകയും പിന്നീട് പാർട്ടിയിലും സർക്കാരിലും സ്ഥാനമില്ലാതെ ചാനൽ സ്റ്റുഡിയോകളിലെ വിപ്ലവകാരികളായി ഒതുക്കപ്പെടുകയും ചെയ്ത നേതാക്കളുടെ പൊട്ടിത്തെറികളും സമ്മേളന വേദികളിൽ നിന്നുയരുമെന്നുറപ്പാണ്. പാർട്ടിയുടെ ഏറ്റവും കരുത്തനെന്ന് വിശേഷിപ്പിക്കപ്പെട്ട പിണറായി വിജയനെത്തന്നെ മുഖ്യമന്ത്രിയായി അവരോധിച്ചിട്ടും സർക്കാരിന്റെ ഒരു വർഷക്കാലത്തിനിടയിൽ ഇടതടവില്ലാതെ ഉയർന്നുവരുന്ന വിവാദങ്ങളും അതിൽ പാർട്ടിയും സർക്കാരും പൊതുസമൂഹത്തിന്റേതിന് വിരുദ്ധമായി സ്വീകരിക്കുന്ന നിലപാടുകളും ചർച്ചയാകുമെന്നതിൽ തർക്കമില്ല.

പിണറായി വിജയന്റെ സ്ഥായിയായ ധാർഷ്ഠ്യത്തെയും പരുക്കൻ ശീരഭാഷയെയും ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാക്കി പാർട്ടി അണികൾ തന്നെ ബോധപൂർവം ഉണ്ടാക്കിക്കൊടുത്ത് ഇരട്ടച്ചങ്കനെന്ന പടച്ചട്ട മുഖ്യമന്ത്രിയുടെ ശരീരത്തിനും താങ്ങാനാകാത്ത ഭാരമാകുകയാണെന്നതാണ് സമീപകാല വിവാദങ്ങൾ നൽകുന്ന സൂചന. പാർട്ടി അണികൾ പ്രചരിപ്പിച്ചുറപ്പിച്ച ഇമേജ് ആവോളം ആസ്വദിക്കുന്നത് മുഖ്യമന്ത്രിയെ ദുർബലനാക്കുന്നുവെന്നതും യാഥാർഥ്യമാണ്. പിണറായിയുടെ മംഗലാപുരം പ്രസംഗത്തിലെ ഊരിപ്പിടിച്ച കത്തികളും വടിവാളുകളുമൊക്കെ നൽകുന്ന സൂചനയും ഇതുതന്നെയാണ്. ലോ അക്കാദമി, ജിഷ്ണു പ്രണോയ് തുടങ്ങിയ വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകളും തോറ്റിട്ടും തോറ്റില്ലെന്ന ന്യായീകരണങ്ങളുമൊക്കെ പിണറായി വിജയനെന്ന കരുത്തനായ മുഖ്യമന്ത്രിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതും വിദൂഷകർ ചാർത്തിക്കൊടുത്ത ഇമേജുകൾ ചോർത്തിക്കളയുന്നതുമായി.

പൊതുജനത്തിന് സംരക്ഷണമൊരുക്കേണ്ട സർക്കാരും പാർട്ടിയും വേട്ടക്കാർക്കൊപ്പം ചേർന്നെന്ന ആക്ഷേപമാണ് സർക്കാരിനെ ഏറെ വിമർശനവിധേയമാക്കുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങളും ഗുണ്ടായിസവും നടത്തുന്ന പാർട്ടി നേതാക്കളുടെ സമാന്തര സംവിധാനങ്ങളെ തള്ളക്കളയാൻ സാധിക്കാത്ത സർക്കാരിന്റെ നിസംഗതയാണ് വടക്കാഞ്ചേരിയിലെ ജയന്തനും കൊച്ചിയിലെ സക്കീർ ഹുസൈനുമെതിരായ ആരോപണങ്ങളിൽ കേരളം കണ്ടത്. വേട്ടക്കാരൻ പാർട്ടിക്ക് വേണ്ടപ്പെട്ടവനാണെങ്കിൽ സ്ത്രീകൾക്ക് പോലും സർക്കിൽനിന്ന് നീതി ലഭിക്കില്ലെന്ന പൊതുസന്ദേശമാണ് വടക്കാഞ്ചേരി സംഭവം കേരള ജനതയ്ക്ക് നൽകിയത്. അധോലോക ഭൂമാഫിയകളുമായി പാർട്ടി നേതാക്കൾക്കുള്ള ഊഷ്മള ബന്ധം തുറന്നു കാട്ടുന്നതായിരുന്നു എറണാകുളത്തെ സി.പി.എം നേതാവ് സക്കീർ ഹുസൈനെതിരായ കേസ്. രണ്ടു കേസുകളിലും മുഖം നോക്കാതെ നടപടി എന്നു നിലപാടെടുത്ത പിണറായി വിജയൻ അക്കാരണം കൊണ്ടുതന്നെ പാർട്ടിക്കുള്ളിൽ ഏറെ വിമർശിക്കപ്പെട്ടു. തൃശൂർ, എറണാകുളം ജില്ലാക്കമ്മിറ്റികൾ പിണറായിക്കെതിരായി രംഗത്തുവരികയും ചെയ്തു. എന്നാൽ പാർട്ടി പിടിക്കാനുള്ള പോരാട്ടത്തിനിടെ എക്കാലത്തും പിണറായിക്ക് കരുത്തായി ഒപ്പം കൂടിയ എറണാകുളം ജില്ലാ കമ്മിറ്റിയിലെ മാഫിയാ ബന്ധമുള്ള സഖാക്കളുടെ ഭീഷണിക്കും സമ്മർദ്ദത്തിനും വഴങ്ങുന്ന സർക്കാരിനെയും മുഖ്യമന്ത്രിയെയുമാണ് നമുക്കവിടെ പിന്നീട് കാണാൻ കഴിഞ്ഞത്.

വിവാദങ്ങളുടെയും അഴിമതിയുടെയും കടുംവെട്ട് പ്രയോഗങ്ങളും വ്യാപകമായ യുഡിഎഫ് സർക്കാരിനെതിരെ എല്ലാ ശരിയാക്കുമെന്ന ശക്തമായ പ്രചാരണമുണ്ടക്കിയാണ് ഇടത് സർക്കാർ അധികാരത്തിലെത്തിയതെങ്കിലും ഇതുവരെ ഒന്നും ശരിയായില്ലെന്നതാണ് പാർട്ടി അണികൾക്കിടയിൽ പോലുമുള്ള പൊതുവികാരം. ഭരണമാറ്റമുണ്ടായെന്ന പ്രതീതി സൃഷ്ടിക്കാൻ പോലും പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന കടുത്തവിമർശനമാകും പാർട്ടി സമ്മേളനങ്ങളിൽ നേതാക്കളെ കാത്തിരിക്കുന്നത്. അംഗൺവാടി ടീച്ചർമാരുടെ വേതനം വർധിപ്പിച്ചത് ചൂണ്ടിക്കാട്ടാമെങ്കിലും സാധാരണക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിന് സർക്കാർ എന്തൊക്കെ ചെയ്‌തെന്ന് അണികളെ ബോധ്യപ്പെടുത്താൻ ഏറെ വിയർപ്പൊഴുക്കേണ്ടി വരും. കാരുണ്യ ഉൾപ്പെടെയുള്ള ചികിത്സാ ആനുകൂല്യങ്ങൾ നൽകുന്നത് മന്ദഗതിയിലായത് പ്രാദേശിക നേതാക്കൾക്കും ത്രിതല ജനപ്രതിനിധികൾക്കും ജനങ്ങളെ അഭിമുഖീകരിക്കുന്നതിന് തടസമായിട്ടുണ്ട്. ഇതൊക്കെ ജനങ്ങളെ സർക്കാരിനെതിരെ ബോധപൂർവം തിരിച്ചുവിടുന്നതാണെന്ന അഭിപ്രായത്തിലാണ് പ്രാദേശിക നേതാക്കൾ.

ഇടതു സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായി പൊലീസ് പെരുമാറുന്നെന്ന പരാതിയും സമ്മേളനങ്ങളിൽ വ്യാപകമായി ഉയർന്നുവരും. കണ്ണൂരിലെ എസ്‌ഐമാരെ മാറ്റണമെന്ന കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ആവശ്യം സർക്കാർ അംഗീകരിക്കാതിരുന്നതും പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. പൊലീസിലെ സ്ഥലംമാറ്റം പാർട്ടിയോ നേതാക്കളോ അറിയുന്നില്ലെന്നത് ഗുരുതരമായ വിമർശനങ്ങൾക്കിടയാക്കും. സ്റ്റേഷനിലെത്തുന്ന പ്രദേശിക നേതാക്കൾക്ക് ഇടതു ഭരണത്തിലും പ്രത്യേക പരിഗണന ലഭിക്കുന്നില്ലെന്നതും അസംതൃപ്തിക്കിടയാക്കുന്നതാണ്. പ്രാദേശികനേതാക്കൾ പരാതിക്കെട്ടഴിക്കുന്നതോടെ മറുപടി നൽകാനാകാത്തവിധം നേതാക്കൾ വിയർക്കുമെന്നുറപ്പാണ്.

ബന്ധുനിയമന വിവാദത്തിനൊടുവിൽ ഇ.പി ജയരാജന് മന്ത്രിക്കസേര നഷ്ടമായത് കണ്ണൂരിലെ പാർട്ടി പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. പിണറായിയുടെ വിശ്വസ്ഥനായി അറിയപ്പെട്ടിരുന്ന ഇ.പി ജയരാജൻ പി.കെ ശ്രീമതി എംപിയെ ഒപ്പംകൂട്ടി ജില്ലയിൽ പ്രത്യേക സംവിധാനമുണ്ടാക്കുന്നതും സമ്മേളന കാലയളവിൽ കടുത്ത പ്രതിസന്ധിയാകും. പിണറായിയുടെ അപ്രമാദിത്യത്തിനെതിരെ കോടിയേരി ഉൾപ്പെടെയുള്ളവർ തക്കം പാർത്തിരിക്കുന്നതും ഏറെ ഭയത്തോടെയാണ് പിണറായിപക്ഷനേതാക്കൾ നോക്കിക്കാണുന്നത്. എംവി ജയരാജനെ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേശകനാക്കി പാളയത്തിലെ പട നീക്കം ചെറുക്കാൻ പിണറായി വിജയൻ നീക്കം നടത്തിയെങ്കിലും അത് എത്രത്തോളം ഫലം കണ്ടെന്ന് സമ്മേളനകാലയളവിൽ വ്യക്തമാകും. ഇതിനിടെ ആലപ്പുഴയിൽ തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ നടത്തുന്ന വിമത നീക്കങ്ങളും നിലവിലുള്ള സമവാക്യങ്ങളെ തകർക്കുമെന്നതിൽ തർക്കമില്ല. ജി സുധാകരന്റെ ഇടപെടലുകൾ കൂടിയാകുമ്പോൾ ആലപ്പുഴയിലെ സമ്മേളനങ്ങൾ കലുഷിതമാകും. കൊല്ലത്തെ സ്ഥിതിയും വ്യത്യസ്തമല്ല. പാർട്ടിക്ക് ഏറെ വേരോട്ടമുള്ള സ്ഥലത്ത് പൊതുസമ്മതനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയാകും നേതൃത്വത്തിന് ഏറെ പഴി കേൾക്കേണ്ടി വരിക.

പാർട്ടി പ്രവർത്തകരുടെയും പൊതുജനത്തിന്റെയും അഭിപ്രായങ്ങൾക്കും ആഗ്രഹങ്ങൾക്കും വിരുദ്ധമായി നിർണായക വിഷയങ്ങളിൽ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടുകളും സർക്കാരിനെ വിമർശനങ്ങളുടെ മുൾമുനയിൽ നിർത്തും. പാർട്ടി നിലപാടുകൾക്ക് വിഭിന്നമായി ഉപദേശകരുടെ വഴിയേ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പ്രശ്‌നങ്ങളിൽനിന്ന് പ്രശ്‌നങ്ങളിലേക്ക് നീങ്ങുകയാണെന്നാണ് നേതാക്കളുടെ പോലും അഭിപ്രായം. സെൻകുമാർ കേസിൽ പോലും മുഖ്യമന്ത്രിയുടെ പിടിവാശിക്ക് ഉപദേശകർ തീപകർന്നതാണ് സർക്കാരിന് നാണക്കേടുണ്ടാക്കിയതും പിഴ അടയ്‌ക്കേണ്ട അവസ്ഥയിൽപ്പോലുമെത്തിച്ചതെന്നുമാണ് നേതാക്കളും പാർട്ടി പ്രവർത്തകരും വിശ്വസിക്കുന്നത്. ഒരു കാലത്ത് പാർട്ടി എതിർത്ത ആളിനെത്തന്നെ പൊലീസ് ഉപദേശിയാക്കിയത് പാർട്ടി ഉയർത്തുന്ന സമര വിഷയങ്ങളുടെ വിശ്വാസ്യതതന്നെ ചോർത്തിക്കളയുന്നതാണെന്ന് അഭിപ്രായവും ശക്തമാണ്. ഒപ്പമുള്ളവരെ വിശ്വാസത്തിലെടുക്കാതെ സർക്കാരെന്നാൽ മുഖ്യമന്ത്രി മാത്രമാണെന്ന നിലയിലുള്ള പോക്ക് മറ്റുമന്ത്രിമാർക്കിടയിലും അസ്വസ്ഥത വളർത്തിയിട്ടുണ്ട്. അടുത്തിടെ നിയമസഭയിൽ എ.കെ ബാലനെ പരസ്യമായി മുഖ്യമന്ത്രി ശകാരിച്ചതും അസംതൃപ്തിക്കിടയാക്കിയിട്ടുണ്ട്. മന്ത്രിമാരായ കെ.കെ ശൈലജ, തോമസ് ഐസക്ക് എന്നിവരും മുഖ്യമന്ത്രിയുടെ ശകാരമേറ്റു വങ്ങിയ മന്ത്രിമാരാണ്. മന്ത്രിമാരെ അവഗണിക്കുന്നതും മുഖ്യമന്ത്രിയുടെ ഉപദേശകർ മറ്റ് വകുപ്പുകളിൽ ഇടപെടുന്നതുമൊക്കെ പാർട്ടി സമ്മേളനങ്ങളിൽ ചർച്ചയാകും.

അതിനിടെ, പാർട്ടിയിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നത് പിണറായി വിജയന് നേതാവെന്ന നിലയിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കും. പാർട്ടിയിൽ മുമ്പു പിണറായിക്കുണ്ടായിരുന്ന അപ്രമാദിത്വം തനിക്കും ഉണ്ടാകണമെന്ന കോടിയേരി ബാലകൃഷ്ണന്റെ ആഗ്രഹം ശക്തമാണ്. കോടിയേരിക്ക് പാർട്ടിയിൽ മുമ്പത്തേക്കാൾ പിന്തുണ കൂടിയത് തനിക്കുള്ള അനുകൂല ഘടകമായി കോടിയേരി കരുതുന്നുമുണ്ട്. പിണറായിക്ക് പിന്തുണ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പാർട്ടിക്കുള്ളിലുള്ള അസംതൃപ്തികൾ കോടിയേരിയെ അലട്ടുന്നുണ്ട്. പാർട്ടി അണികളുടെ വികാരം പിണറായി മാനിക്കണമെന്ന ശക്തമായ അഭിപ്രായമാണ് കോടിയേരിക്കുള്ളത്. ചുരുക്കത്തിൽ പാർട്ടി പിടിക്കാനുള്ള ശ്രമം കോടിയേരി നടത്തുമെന്നും അതിന് ചില പ്രമുഖ നേതാക്കളുടെ പിന്തുണയുണ്ടെന്നുമാണു സൂചന.

കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളും പാർട്ടികളും അപ്രത്യക്ഷമാകുന്ന ഈ കാലഘട്ടത്തിലും കേരളത്തിൽ നിലനിൽക്കുന്ന ഇടതു ഭരണകൂടത്തെയും സിപിഎമ്മിനെയും ഏറെ ശ്രദ്ധയോടെയാണ് ലോകരാജ്യങ്ങൾ പോലും നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ നിലവിലെ അധികാര രാഷ്ട്രീയത്തിന്റെ പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് കാലഘട്ടം ആഗ്രഹിക്കുന്ന നിലയിലേക്കുയരാൻ സിപിഎമ്മിനും അവർ നേതൃത്വം നൽകുന്ന ഇടതു സർക്കാരിനും ഇനിയും കഴിയുമോയെന്നത് സമ്മേളനാനന്തരം തെളിയിക്കപ്പെടേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP