Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

'മലബാർ കലാപത്തിൽ ഹിന്ദുക്കൾ വ്യാപകമായ ആക്രമിക്കപ്പെട്ടുവെന്ന് പറയാൻ സംഘപരിവാർ വേണ്ട; ക്ഷേത്രങ്ങളും ഇല്ലങ്ങളും വ്യാപകമായി തകർക്കപ്പെട്ടു; ജയിച്ചാൽ ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കപ്പെടും, തോറ്റാൽ വീരസ്വർഗം ലഭിക്കും; ഇത് മാത്രമായിരുന്നു കലാപത്തിന് ഇറങ്ങിയവരുടെ മനസ്സിൽ'; വാരിയംകുന്നൻ സ്വാതന്ത്ര്യസമര സേനാനിയാണെന്ന് ഇടതുപക്ഷ നിലപാട് തള്ളി സംസ്ഥാന സെക്രട്ടറി; സിപിഐ സാംസ്കാരിക സംഘടനയായ യുവകലാസാഹിതിയിൽ വിവാദം

'മലബാർ കലാപത്തിൽ ഹിന്ദുക്കൾ വ്യാപകമായ ആക്രമിക്കപ്പെട്ടുവെന്ന് പറയാൻ സംഘപരിവാർ വേണ്ട; ക്ഷേത്രങ്ങളും ഇല്ലങ്ങളും വ്യാപകമായി തകർക്കപ്പെട്ടു; ജയിച്ചാൽ ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കപ്പെടും, തോറ്റാൽ വീരസ്വർഗം ലഭിക്കും; ഇത് മാത്രമായിരുന്നു കലാപത്തിന് ഇറങ്ങിയവരുടെ മനസ്സിൽ'; വാരിയംകുന്നൻ സ്വാതന്ത്ര്യസമര സേനാനിയാണെന്ന് ഇടതുപക്ഷ നിലപാട് തള്ളി സംസ്ഥാന സെക്രട്ടറി; സിപിഐ സാംസ്കാരിക സംഘടനയായ യുവകലാസാഹിതിയിൽ വിവാദം

എം മാധവദാസ്

മലപ്പുറം: മലബാർ കലാപത്തെയും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ചൊല്ലി എല്ലാ കോണുകളിലും വലിയ ചർച്ചകൾ നടക്കുകയാണ്. ഇതിനിടയിലാണ് വിഷയത്തിൽ വ്യത്യസ്ത നിലപാടുകളുമായി സിപിഐയുടെ സാംസ്കാരിക മുഖമായ യുവകലാസാഹിതിയുടെ നേതാക്കളും രംഗത്തെത്തിയത്. സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയും മലബാർ കലാപം മഹത്തായ ജന്മിവിരുദ്ധ പോരാട്ടവും സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭവുമാണെന്ന് സ്ഥാപിക്കുമ്പോൾ വ്യത്യസ്തമായ നിലപാടുപങ്കുവെക്കുകയാണ് സംഘടനയുടെ സംസ്ഥാന സെക്രട്ടറി എ പി അഹമ്മദ്.

യുവകലാസാഹിതി മലപ്പുറം ജില്ലാ കമ്മിറ്റി സോഷ്യൽ മീഡിയയിലൂടെ നടത്തിയ പരിപാടിയിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. 'തുർക്കിയിലെ ഖലീഫയുടെ പദവി ബ്രിട്ടീഷുകാർ എടുത്തു കളഞ്ഞപ്പോൾ അത് മുസ്ലീങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തി. ആഗോളതലത്തിൽ ബ്രിട്ടനെതിരെ വലിയ പ്രതിഷേധമുണ്ടായി. ആ മുസ്ലിം പ്രതിഷേധത്തെ ഇന്ത്യയിലെ ദേശീയ സ്വാതന്ത്ര്യ സമരത്തോട് കൂട്ടിച്ചേർത്ത് ഇന്ത്യയിലെ സാമ്രാജ്യത്വ വിരുദ്ധ സമരം ശക്തമാക്കാനാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീരുമാനിച്ചത്. സത്യത്തിൽ ആ തീരുമാനം വലിയൊരു അബദ്ധമായിരുന്നു. മുസ്ലീങ്ങൾ ലോകത്തെവിടെയും ഏത് ലക്ഷ്യത്തിന് വേണ്ടി നടത്തിയ സമരങ്ങൾ ഒരിക്കൽ പോലും അഹിംസാപരമായിരുന്നില്ല. കായികമായ പോരാട്ടങ്ങൾക്ക് പേരുകേട്ടവരാണ് ലോകത്തെവിടെയും മുസ്ലിം സമുദായം. അതുകൊണ്ട് തന്നെ ഈ വിഭാഗത്തിന്റെ ശക്തി ദൗർബല്യങ്ങൾ മനസ്സിലാക്കാതെയാണ് കോൺഗ്രസ് ദേശീയ നേതൃത്വം ഖിലാഫത്ത് പ്രസ്ഥാനത്തെ കൂട്ടിച്ചേർത്തത്'- എ പി അഹമ്മദ് ചൂണ്ടിക്കാട്ടി.

ജന്മിത്വ, സാമ്രാജ്യത്വ വിരുദ്ധ കാഴ്ചപ്പാടോടെ ആരംഭിച്ച സമരം വളരെ പെട്ടന്ന് ഹിന്ദു വിരുദ്ധമായി തീരുകയും വ്യാപകമായി ഹിന്ദു ജനത ആക്രമിക്കപ്പെടുകയും ചെയ്തു. ഇത് പറയാൻ സംഘപരിവാർ വേണ്ട. കണ്ണു തുറന്നുവെച്ച് സത്യസന്ധമായി നോക്കിയാൽ ഏതൊരാൾക്കും തിരിച്ചറിയാൻ കഴിയും. എത്രയോ പേർ നിർബന്ധിത മതപരിവർത്തനത്തിന് ഇരയായി, ക്ഷേത്രങ്ങളും ഇല്ലങ്ങളും വ്യാപകമായി തകർക്കപ്പെട്ടു. കലാപത്തിന്റെ ബാക്കിപത്രം വേദനയോടെ ഓർക്കുന്ന മണ്ണാണ് ഏറനാട്, വള്ളുവനാട് പ്രദേശങ്ങൾ. മലബാർ കലാപത്തിൽ ജന്മിത്വ വിരുദ്ധ, സാമ്രാജ്യത്വ വികാരം ഒക്കെയുണ്ടെങ്കിലും പ്രത്യക്ഷത്തിൽ അതിൽ മതപരമായ അംശമുണ്ടായിരുന്നു. കൊള്ളയും കൊലപാതകവും അറിയാതെ സംഭവിച്ച കാര്യങ്ങളല്ല. കലാപത്തിന്റെ ലക്ഷ്യത്തിൽ തന്നെ അതെല്ലാമുണ്ടായിരുന്നു. അല്ലാതെ പലരും പറയുന്നതുപോലെ വഴിതെറ്റി സൗകര്യം കിട്ടിയപ്പോൾ കൊള്ളയും കൊലപാതകവും ബലാത്സംഗവും നടത്തിയതല്ലെന്നും എ പി അഹമ്മദ് വ്യക്തമാക്കി.

തുർക്കി മോഡൽ ഖിലാഫത്ത് ഇവിടെ സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു മലബാർ കലാപം. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വിവാദ പുരുഷനാകുന്നത് അങ്ങിനെയാണ്. ആ പോരാട്ടം ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്ക് സ്ഥാപിക്കാനായിരുന്നുവെന്നെല്ലാം നിയമസഭയിൽ ഉൾപ്പെടെ പലരും പ്രസംഗിക്കുന്നത് കേട്ടു. അത് ചരിത്ര വിരുദ്ധമാണ്. തുർക്കി തൊപ്പിയായിരുന്നു ഹാജി അണിഞ്ഞിരുന്നത്. തുർക്കി ഖലീഫയായിരുന്നു അദ്ദേഹത്തിന്റെ റോൾ മോഡൽ. ആ ഖിലാഫത്താണ് അദ്ദേഹം സ്ഥാപിക്കാൻ ശ്രമിച്ചത്. ഹിന്ദുക്കളെ ഉപദ്രവിക്കരുതെന്ന് പലപ്പോഴും അദ്ദേഹം പറഞ്ഞതുതന്നെ ഹിന്ദുക്കൾ ബ്രിട്ടീഷുകാർക്കൊപ്പം ചേരുമോ എന്ന പേടികൊണ്ടാണ്. പ്രത്യക്ഷമായി വാരിയം കുന്നത്ത് താനൊരു മുസ്ലിം നേതാവാണെന്ന് പറഞ്ഞിട്ടില്ല.

പക്ഷെ ലക്ഷ്യത്തിലും പോരാട്ടത്തിലും അവരത് കാണിച്ചിരുന്നു. മുഗളന്മാർ ഹിന്ദുക്കളോട് നയപരമായാണ് പെരുമാറിയിരുന്നത്. അവർ ന്യൂനപക്ഷമായിരുന്നതു കൊണ്ടാണത്. മലബാറിൽ ഹിന്ദുക്കൾക്കൊപ്പമെന്ന് വരുത്താൻ ശ്രമിച്ചത് ഹിന്ദുക്കൾ ബ്രിട്ടീഷ് ചേരിയിൽ പോയി തങ്ങൾക്കെതിരെ തിരിയുമോ എന്ന ഭയം കൊണ്ട് മാത്രമാണ്. ജയിച്ചാൽ ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കാൻ കഴിയും.. അഥവാ തോറ്റാൽ വീരസ്വർഗം കിട്ടുമെന്ന് വിശ്വസിച്ചിരുന്ന പാവപ്പെട്ട മുസ്ലീങ്ങളെയാണ് കലാപത്തിൽ കണ്ണിചേർത്തതെന്നും എ പി അഹമ്മദ് പറഞ്ഞു. വാരിയം കുന്നത്തിന്റെ ജീവിതം സിനിമയാക്കുന്നതിൽ വിയോജിപ്പില്ല. പക്ഷേ ചരിത്രത്തിൽ ഭാവന കലരുമ്പോൾ വസ്തുതകൾ ചോർന്നു പോകും എന്ന് ഓർക്കണം. വെള്ള പൂശാതെയും കരിവാരിത്തേക്കാതെയും സത്യസന്ധമായി ആ ജീവിതം പറയുകയാണ് വേണ്ടതെന്നും എ പി അഹമ്മദ് വ്യക്തമാക്കി.

ഹാജി ഒട്ടും വർഗീയതയില്ലാത്ത വ്യക്തിയെന്ന് ആലങ്കോട്:

ഇതേ സമയം നേർ വിപരീതമായ അഭിപ്രായമാണ് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ യുവകലാസാഹിതി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ഫേസ് ബുക്ക് ലൈവിൽ വ്യക്തമാക്കിയത്. വാരിയം കുന്നത്ത് സ്വാതന്ത്ര്യ സമര സേനാനിയാണ്. ഏതൊരു ചരിത്ര പുരുഷനെയും പോലെ ആദരിക്കപ്പെടേണ്ട വ്യക്തമായാണ് അദ്ദേഹമെന്ന് ആലങ്കോട് പറഞ്ഞു.

യാതൊരു ചരിത്ര ബോധ്യവുമില്ലാതെയാണ് ചിലർ വാരിയം കുന്നനെ വർഗ്ഗീയവാദിയായി ചിത്രീകരിക്കുന്നത്. മലബാറിൽ ഉണ്ടായ നിരവധി കലാപങ്ങളുടെ തുടർച്ചയായാണ് മലബാർ വിപ്ലവം സംഭവിക്കുന്നത്. ഹിന്ദു കുടിയാന്മാർ ജന്മിമാരുടെ ക്രൂരതകൾ സഹിച്ച് പ്രതികരിക്കാതെ ജീവിക്കുകയായിരുന്നു. എന്നാൽ മുസ്ലിം കുടിയാന്മാർ ഇത് സഹിക്കാനാവാതെ ധീരമായി പോരാട്ടത്തിനിറങ്ങി. ഉറ്റവരെ നഷ്ടപ്പെട്ട കർഷകനായിരുന്നു വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. കാർഷിക കലാപങ്ങളിൽ അദ്ദേഹത്തിന്റെ ബന്ധുക്കളിൽ പലരും കൊലചെയ്യപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തു. നേരത്തെ തന്നെ ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായിരുന്നു മുസ്ലീങ്ങൾ. ഹിന്ദു ജന്മിമാരാവട്ടെ ബ്രിട്ടീഷുകാർ ഇരിക്കാൻ പറഞ്ഞാൽ മുട്ടിലിഴയുന്നവരായിരുന്നു. ഖിലാഫത്ത് ദേശീയ പ്രസ്ഥാന കൂട്ടുകെട്ടായിരുന്നു. അത് കലാപമല്ല. ധാരാളം ഹിന്ദുക്കൾ അതിൽ പങ്കെടുത്തു. അതിൽ ഹാജിയായിരുന്നു ഏറ്റവും വലിയ പോരാളി. മാന്യനും ദയാലുവും നീതിമാനം ഒട്ടും വർഗീയതയില്ലാത്ത വ്യക്തിയുമായിരുന്നു ഹാജിയെന്നും ആലങ്കോട് പറഞ്ഞു.

മലബാറിലെ കർഷകരുടെ സമരത്തെ ഹിന്ദു - മുസ്ലിം കലാപമായി ആദ്യം ചിത്രീകരിച്ചത് ബ്രിട്ടീഷുകാരാണ്.. ആ പഴയ പ്രചാരണം അന്നത്തേതുപോലെത്തന്നെ ഇപ്പോൾ വീണ്ടും സംഘപരിവാർ ഏറ്റെടുത്തിരിക്കുകയാണെന്ന് ജനറൽ സെക്രട്ടറി ഇ എം സതീശൻ പറഞ്ഞു. ആഷിക്ക് അബുവും പൃഥ്വിരാജ്ഉം ചേർന്ന് നിർമ്മിക്കാൻ പോകുന്ന 'വാരിയൻകുന്നൻ' എന്ന സിനിമക്കും സമരനായകൻ കുഞ്ഞഹമ്മദ് ഹാജിക്കും എതിരെ വസ്തുതാ വിരുദ്ധമായ വർഗ്ഗീയ വിഷം വമിക്കുന്ന പ്രചാരണങ്ങളുമായി സംഘപരിവാര ശക്തികൾ രംഗത്തുവന്നിരിക്കുന്നു.. ഈ സന്ദർഭത്തിൽ ഐതിഹാസികമായ ആ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ ചരിത്രവസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മലബാർ കലഹത്തെ മാപ്പിള ലഹള എന്ന് വിശേഷിപ്പിച്ച ചരിത്രകാരന്മാർ അബദ്ധ പഞ്ചാംഗത്തിന്റെ ശീർഷകമാണ് കുറിച്ചത്. അത് മാപ്പിളകളുടെ, അഥവാ ഒരു മതത്തിന്റെ പോരാട്ടം ആയിരുന്നില്ലന്നാണ് സിപിഐ നേതാവ് വി പി ഉണ്ണിക്കൃഷ്ണൻ പറയുന്നത്. 'ജന്മിത്വത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും എതിരായി നടന്ന ഉജ്ജ്വല ചരിത്ര പോരാട്ടമാണ് അത്. മാപ്പിള ലഹള അല്ല മലബാർ വിപ്ലവം ആണ് അത് എന്ന് ഇനിയും പഠിക്കാത്തവരാണ് വർഗീയവാദികൾ. ഏറനാട് പ്രദേശത്ത് നടന്ന ഒരു പ്രക്ഷോഭത്തെ മതത്തിന്റെ വളയത്തിനകത്തു നിർത്തി മാപ്പിള ലഹളയെന്ന് വിളിച്ച് സമൂഹത്തിനകത്ത് വിഭാഗീയത സൃഷ്ടിക്കാൻ ബ്രിട്ടീഷുകാർ നടത്തിയ ശ്രമം ഏറ്റുപിടിക്കുകയായിരുന്നു സംഘപരിവാറുകാർ. കേരളനാട് ദർശിച്ച ഒരു ഉജ്ജ്വല പ്രക്ഷോഭത്ത വർഗ്ഗീയവത്ക്കരിക്കുമ്പോൾ ഈ ദുഷ്ട മാനസങ്ങളുടെ ഭീഭത്സതയാണ് വെളിവാക്കപ്പെടുന്നതെന്നും അദ്ദേഹം ജനയുഗത്തിൽ എഴുതിയ മലബാർ വിപ്ലവവും ആവിഷ്‌ക്കാര അവകാശവും എന്ന ലേഖനത്തിൽ വ്യക്തമാക്കി.

എ പി അഹമ്മദിന്റെത് എന്നും വ്യത്യസ്തമായ നിലപാടുകൾ

മലബാർ കലാപത്തെ ഹിന്ദുവിരുദ്ധമായി ചിത്രീകരിക്കുന്നത് വർഗ്ഗീയവാദികളാണെന്ന് പറയുമ്പോൾ ഇതേ വാദം ഉന്നയിക്കുന്ന സ്വന്തം സംഘടനയുടെ നേതാവിനെയും അങ്ങിനെ വിശേഷിപ്പിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. എ പി അഹമ്മദിന്റെ പ്രസംഗം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയാവുകയാണ്. നേരത്തെയും വ്യത്യസ്മായ നിലപാടുകൾകൊണ്ട് ശ്രദ്ധേയനായ വ്യക്തിയാണ് എ പി അഹമ്മദ്. എഴുത്തുകാരി മാധവിക്കുട്ടിയുടെ മതം മാറ്റത്തിന് പിന്നിൽ മുസ്ലീലീഗ് നേതാവ് അബ്ദുസമദ് സമദാനിയാണെന്നും അതിനായി അദ്ദേഹം വൻ തുക കൈപ്പറ്റിയെന്നുമുള്ള അഹമ്മദിന്റെ ഒരു വർഷം മുമ്പുള്ള പ്രസംഗം നേരെത്തെ വൻ വിവാദമായിരുന്നു.

കനേഡിയൻ എഴുത്തുകാരി മെർളി വിസ്ബോഡിന്റെ 'ദ ലവ് ക്യൂൻ ഓഫ് മലബാർ' എന്ന പുസ്തകത്തിലുണ്ടായിരുന്ന വിസ്ഫോടനകരമായ വിവരങ്ങളാണ് അഹമ്മദ് അന്ന് പ്രസംഗിച്ചത്. ' വിശാലമായി സംസാരിക്കാം എന്ന് പറഞ്ഞു കോഴിക്കോടെ പ്രമുഖ റിസോർട്ടിന്റെ പടിക്കെട്ടിലിട്ടു മാധവിക്കുട്ടിയെ സമദാനി ബലാത്സംഗം ചെയ്യുകയായിരുന്നു.ഈ ബലാത്സംഗമാണ് മാധവിക്കുട്ടിയുടെ മതംമാറ്റത്തിൽ കലാശിച്ചത്. സമദാനിക്ക് നിഷേധിക്കാനാകാത്ത വിവരങ്ങളാണ് ആ പുസ്തകത്തിലുള്ളത്.ഈ കാര്യങ്ങൾ അറിഞ്ഞിട്ടും കേരളത്തിലെ ജീനിയസുകളും സെക്കുലർ ബുദ്ധിജീവികളും പുലർത്തുന്ന സമീപനമാണ്. മലയാളി വായിക്കേണ്ട പുസ്തകമാണ് പ്രണയത്തിന്റെ രാജകുമാരി. മാധവിക്കുട്ടിയുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന ആളാണ് കനേഡിയൻ എഴുത്തുകാരി മെറിലി വെയ്‌സ്‌ബോഡ്. അവരാണ് ഈ 'ദ ലവ് ക്യൂൻ ഓഫ് മലബാർ' എന്ന പുസ്തകം രചിക്കുന്നത്. മാധവിക്കുട്ടിയുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന മാധ്യമ പ്രവർത്തകയാണ് ലീലാ മേനോൻ.

അവർ നിരന്തരമായി പറഞ്ഞിരുന്നു. മാധവിക്കുട്ടിയുടെ മതം മാറ്റം കപടമാണെന്ന്. പ്രണയത്തിനു വേണ്ടി എന്തും ത്യജിക്കാൻ തയ്യാറായിരുന്നു മാധവിക്കുട്ടി. ജീവിതത്തിന്റെ അവസാന കാലത്ത് വലിയ താങ്ങും തണലുമായി ഇമോഷണൽ പിന്തുണയുമായി വന്നതാണ് അബ്ദുൾ സമദ് സമദാനി.സമദാനിയാണ് മതം മാറാൻ മാധവിക്കുട്ടിയോട് ആവശ്യപ്പെടുന്നത്. മാധവിക്കുട്ടി മതം മാറാൻ തയ്യാറായപ്പോൾ സമദാനി കാലുമാറി. പിന്നെ സമദാനി ഫോൺ എടുത്തില്ല. ഫോൺ സയലന്റ് മോദിൽ ആക്കിമാറ്റി. പക്ഷെ മാധവിക്കുട്ടി വാക്ക് പാലിച്ചു. മതംമാറ്റവുമായി മാധവിക്കുട്ടി മുന്നോട്ടു പോയി. ഞാൻ മതം മാറിയിരിക്കുന്നു. എന്നെ വന്നു വിവാഹം കഴിക്കൂ. ഇതാണ് അവർ ആവശ്യപ്പെട്ടത്. മാധവിക്കുട്ടി തിരികെ മതം മാറാതിരിക്കാൻ സമയം ചെലവിട്ടത് ഇസ്ലാമിക തീവ്രവാദികളാണ്. അവർ പിന്നെ മാധവിക്കുട്ടിക്ക് കാവലിരുന്നു. ഇവർ കാരണം എനിക്ക് വരെ മാധവികുട്ടിയെ കാണാൻ അനുമതി നിഷേധിക്കപ്പെട്ടിട്ടുണ്ട്-അഹമ്മദ് പറയുന്നു.

'മാധവിക്കുട്ടി എന്ത് പറയണം എന്ത് പറയരുത് എന്ന് എന്നാവശ്യപ്പെട്ടത് മാധവിക്കുട്ടിക്ക് കാവൽ നിന്ന ഈ ഇസ്ലാമിക തീവ്രവാദികൾ ആയിരുന്നു. മാധവിക്കുട്ടിയെ മതം മാറ്റിയ ശേഷം ഈ പേരിൽ സമദാനി 10 ലക്ഷം ഡോളർ സൗദി സംഘടനയിൽ നിന്നും കൈപ്പറ്റി. വളരെ ആധികാരികമായാണ് പുസ്തകത്തിൽ ഈ പരാമർശം വന്നത്. സമദാനിയുമായി പ്രണയത്തിൽപ്പെട്ടുപോയ ആളാണ് മാധവിക്കുട്ടി. നമുക്ക് ദീർഘമായി സംസാരിക്കാം എന്ന് പറഞ്ഞാണ് കോഴിക്കോട്ടെ റിസോർട്ടിലേക്ക് മാധവിക്കുട്ടിയെ സമദാനി വിളിച്ചു വരുത്തുന്നത്.

റിസോർട്ടിലെ പുഴവക്കിലെ കൽക്കെട്ടിൽ ഇട്ടു സമദാനി മാധവിക്കുട്ടിയെ ബലാത്സംഗം ചെയ്തു. അവർ ഷോക്ക്ഡ് ആയിപ്പോയി. നീ എന്നെ നശിപ്പിച്ചില്ലേ എന്ന് പറഞ്ഞു മാധവിക്കുട്ടി പൊട്ടിത്തെറിക്കുന്നുണ്ട്. മാധവിക്കുട്ടിയെപ്പോലുള്ള ഒരാൾ പൊട്ടിത്തെറിച്ചാൽ എന്ത് വിപത്ത് വരും എന്ന് സമദാനിക്ക് അറിയാം. ഉടനെ സമദാനി പറഞ്ഞത്. എന്റെ പ്രണയം നിത്യസത്യമാണ് എന്നാണ്. ഞാൻ നിങ്ങളെ വിവാഹം കഴിക്കാം എന്നാണ് മാധവിക്കുട്ടി പറയുന്നത്. രണ്ടു ഭാര്യമാരില്ലേ എന്നാണ് മാധവിക്കുട്ടി തിരിച്ചു ചോദിക്കുന്നത്. എന്തായാലും എനിക്ക് ഭാര്യ വേണം. ഞാൻ നിങ്ങളെ ഡൽഹി ഭാര്യയാക്കാം. ഞാൻ ഇന്ത്യൻ പാർലമെന്റ് മെമ്പർ ആണ്. ഈ മറുപടിയാണ് സമദാനി നൽകുന്നത്. ഇങ്ങിനെ ലെജൻഡറിയായ പേഴ്‌സണാലിറ്റിയെ മതം മാറ്റി 10 ലക്ഷം ഡോളർ വാങ്ങുകയാണ് സമദാനി ചെയ്തത്.'- എ പി അഹമ്മദ് ചൂണ്ടിക്കാട്ടി. അഹമ്മിദിന്റെ ഈ പ്രസംഗവും വൻ വിവാദം സൃഷ്്ടിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP