Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202227Sunday

സ്റ്റാലിനും പിണറായിക്കും ഒപ്പം കാനത്തിന്റെ മാത്രം തല; പൊതു സമ്മേളനത്തിന്റെ ഉദ്ഘാടകൻ എന്ന പദവിയും ഡി രാജയ്ക്ക് നൽകുന്നില്ല; ഇസ്മായിലിനെ എല്ലാ പരിപാടിയിൽ നിന്നും മാറ്റി നിർത്തി ആദ്യ തീരുമാനം; വിവാദം ഭയന്ന് കൊടിമര കൈമാറ്റത്തിന് തിരുകി കയറ്റി; എല്ലാം എക്സിക്യൂട്ടീവ് തീരുമാനം ആകട്ടെ എന്ന് പറഞ്ഞ് ഇസ്മായിൽ ഒഴിവായി; ബഹിഷ്‌കരിച്ചുവെന്ന പ്രചരണം വ്യാജമോ? സിപിഐയിൽ സമ്മേളന കൊടി ഉയരുമ്പോൾ

സ്റ്റാലിനും പിണറായിക്കും ഒപ്പം കാനത്തിന്റെ മാത്രം തല; പൊതു സമ്മേളനത്തിന്റെ ഉദ്ഘാടകൻ എന്ന പദവിയും ഡി രാജയ്ക്ക് നൽകുന്നില്ല; ഇസ്മായിലിനെ എല്ലാ പരിപാടിയിൽ നിന്നും മാറ്റി നിർത്തി ആദ്യ തീരുമാനം; വിവാദം ഭയന്ന് കൊടിമര കൈമാറ്റത്തിന് തിരുകി കയറ്റി; എല്ലാം എക്സിക്യൂട്ടീവ് തീരുമാനം ആകട്ടെ എന്ന് പറഞ്ഞ് ഇസ്മായിൽ ഒഴിവായി; ബഹിഷ്‌കരിച്ചുവെന്ന പ്രചരണം വ്യാജമോ? സിപിഐയിൽ സമ്മേളന കൊടി ഉയരുമ്പോൾ

ബി എസ് ജോയ്‌

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിന് തലസ്ഥാനത്തുകൊടിയേറാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പാർട്ടിയിൽ വിഭാഗീയതയുടെ കൊടിയേറ്റം ആർഭാടമാക്കി കാനം പക്ഷം. സാധാരണ ഗതിയിൽ കീഴ്‌വഴക്കങ്ങൾ തെറ്റിക്കാത്ത പാർട്ടിയാണ് സിപിഐ എന്നൊരു ധാരണയുണ്ടെങ്കിൽ അത് തിരുത്താൻ സമയമായെന്ന വ്യക്തമായ സന്ദേശമാണ് കാനം പക്ഷം അണികൾക്കും ഇതര പക്ഷക്കാർക്കും നൽകുന്നത്.

സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം, റാലി എന്നിവയിൽ കീഴ് വഴക്കമനുസരിച്ച് പാർട്ടി ജനറൽ സെക്രട്ടറിയോ പാർട്ടിയുടെ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമോ ആകും ഉദ്ഘാടകനാവുക. കാനം രാജേന്ദ്രനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത കോട്ടയം സമ്മേളനത്തിലും തുടർന്ന് നടന്ന മലപ്പുറം സമ്മേളനത്തിലും ഗുരുദാസ് ദാസ് ഗുപ്ത എന്ന ദേശീയ നേതാവ് ഉദ്ഘാടനകനായത് കീഴ്‌വഴക്കത്തിന്റെ ഭാഗമായിരുന്നു, എന്നാൽ ഇക്കുറി എന്റെ തല എന്റെ ഫുൾ ഫിഗർ എന്ന രീതിയിൽ എല്ലായിടത്തും കാനം മയമാണ്. പാർട്ടി ജനറൽ സെക്രട്ടറി ഡി രാജയും കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം അതുൽ കുമാർ അഞ്ജാനും തലസ്ഥാനത്തുള്ളപ്പോഴാണ് കാനം പൊതുസമ്മേളനത്തിന് ഉദ്ഘാടകനാകുന്നത് ഇക്കാര്യം വിമത പക്ഷത്തുള്ള നേതാക്കളെയും അണികളും ചൊടിപ്പിച്ചിട്ടുണ്ട്, 

തമിഴ്‌നാട്ടിൽ നിന്നുള്ള ജനറൽ സെക്രട്ടറിയായ ഡി രാജയെ തമിഴ്‌നാട് മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനത്തിൽ ഉദ്ഘാടകനാക്കിയിരുന്നുവെങ്കിൽ അത് തമിഴ്‌നാട്ടിലെ പാർട്ടി അണികൾക്ക് കൂടി ആവേശം നൽകുമെന്നിരിക്കെയാണ് കാനത്തിന്റെ എന്റെ തല എന്റെ ഫിഗർ പ്രത്യയശാസ്ത്രം സ്വാർഥതയുടെ വിഷം ചീറ്റിയതെന്നും വിമർശനമുണ്ട്. കഴിഞ്ഞ ദിവസം നടന്ന പാതക ജാഥ ചടങ്ങിൽ കാനത്തോട് ഇടഞ്ഞ് നിൽക്കുന്ന കെ ഇ ഇസ്മായിൽ പങ്കെടുത്തില്ലെന്ന പ്രചരണത്തിന് പിന്നിലും കാനവും ശിങ്കിടികളുമാണെന്നും ആരോപണമുണ്ട്. സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനം അനുസരിച്ച് മുതിർന്ന നേതാവ് എ കെ ചന്ദ്രനെയാണ് പതാക ജാഥയിൽ പെങ്കെടുക്കാൻ നിശ്ചയിച്ചിരുന്നത്.

എന്നാൽ കെ ഇ ഇസ്മായിലിനെ ഒരിടത്തും ഉൾപ്പെടുത്തിയില്ലെന്ന വിമർശനം ഭയന്ന കാന പക്ഷവും സ്വാഗത സംഘവും ഇതിലേക്ക് കെ ഇ ഇസ്മായിലിനെ ക്ഷണിച്ചു. എന്നാൽ കെ ഇ ഇസ്മായിൽ സംസ്ഥാന എക്‌സിക്യൂട്ടിവ് തിരുമാനിച്ചപോലെ കാര്യങ്ങൾ നടക്കട്ടെ എന്ന് സംഘാടക സമിതിയെ അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. അതേ സമയം സമ്മേളന നഗരിയിൽ പതാക ഉയർത്താൻ നിശ്ചയിച്ചിരിക്കുന്നത് സി ദിവാകരനെയാണ്. പരസ്യ പ്രസ്താവനകൾ നടത്തി കാനത്തെ പ്രതിക്കൂട്ടിലാക്കിയ ദിവാകരനെ പതാക ഉയർത്തുന്നതിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങൾ അണിയറയിൽ തുടങ്ങിയെന്നാണ് അറിയുന്നത്.

സ്വാഗത സംഘം ചെയർമാനും മന്ത്രിയുമായ ജി ആർ അനിൽ പതാക ഉയർത്തിയാൽ മതിയെന്നാണ് കാനം പക്ഷത്തിന്റെ തീരുമാനം. പടലപ്പിണക്കങ്ങളും അധികാര വടംവലിയും അങ്ങാടിപ്പാട്ടയതോടെ സിപിഐ യിലെ വിഭാഗീയതയുടെ ചൂടും ചുരും സ്വയം പരിഹാസത്തിന്റെ നിലവാരത്തിലേക്ക് അധപതിച്ചെന്നും

പ്രായപരിധിയിൽ വിവാദം തുടരുമ്പോൾ

പ്രായപരിധി നടപ്പാക്കുന്നതു സംബന്ധിച്ച് ഏതെങ്കിലും ഘടകങ്ങളിൽ ഭിന്നത ഉയർന്നാൽ അക്കാര്യത്തിൽ അവിടെ രഹസ്യ വോട്ടെടുപ്പു നടത്താമെന്ന് സിപിഐയുടെ മാർഗരേഖ. എന്നാൽ ഇളവ് അനുവദിക്കണമെങ്കിൽ നാലിൽ മൂന്നു ഭൂരിപക്ഷം വേണമെന്നു ജനറൽ സെക്രട്ടറി ഡി.രാജ വ്യക്തമാക്കി. സംസ്ഥാന ഘടകങ്ങൾ പൊതുവിൽ ഇതു നടപ്പാക്കണമെന്നും നിർദ്ദേശിച്ചു. 75 എന്ന പ്രായപരിധി സംസ്ഥാനത്തു നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഇസ്മായിൽ പക്ഷം സംസ്ഥാന സമ്മേളനത്തിൽ പ്രമേയം കൊണ്ടു വരുമെന്ന സൂചന നിലനിൽക്കുമ്പോഴാണു മാർഗരേഖയിലെ വ്യവസ്ഥ പ്രസക്തമാകുന്നത്. സമ്മേളനത്തിന് ഇന്നു കൊടി ഉയരും. നാളെ പ്രതിനിധി സമ്മേളനവും.

സിപിഐക്കു യുവത്വവും ചലനാത്മകതയും കൂടിയേ തീരൂവെന്ന് മാർഗരേഖ വിശദീകരിച്ചു സംസ്ഥാന സെക്രട്ടറിമാർക്കും ദേശീയ കൗൺസിൽ അംഗങ്ങൾക്കുമായി ഡി.രാജ തയാറാക്കിയ കുറിപ്പിൽ വ്യക്തമാക്കി. തൃശൂരിൽ 1993 ൽ ചേർന്ന പ്രത്യേക സമ്മേളനം പാർട്ടിയുടെ സ്തംഭനാവസ്ഥയിൽ ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു. ചെറുപ്പക്കാരും സ്ത്രീകളും കൂടുതലായി കടന്നു വരുന്നില്ല. ഇതു മറികടക്കാൻ ചില നിർദ്ദേശങ്ങൾ പല ഘട്ടങ്ങളിലായി തയാറാക്കിയെങ്കിലും നടപ്പായില്ല. അതിനാൽ ഇത്തവണത്തെ പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സമ്മേളനങ്ങൾ 'തിരുത്തലിന്റെയും നവോർജ സംഭരണത്തിന്റെയും വേദികളായി' മാറിയേ തീരൂവെന്നാണ് രാജ ആവശ്യപ്പെട്ടത്.

മാർച്ചിൽ ചേർന്ന ദേശീയ കൗൺസിൽ തയാറാക്കിയ മാർഗരേഖയിലെ നിർദ്ദേശങ്ങൾ സംബന്ധിച്ച് പല സംസ്ഥാന ഘടകങ്ങളും ആശയക്കുഴപ്പം ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങൾ മാത്രമായി അക്കാര്യങ്ങൾ വീണ്ടും ചർച്ച ചെയ്തു പുതുക്കിയ മാർഗരേഖ തയാറാക്കി. കേരളത്തിൽ നിന്നു ബിനോയ് വിശ്വം ഈ യോഗത്തിൽ പങ്കെടുത്തു. മറ്റൊരു കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കാനം രാജേന്ദ്രൻ ഉണ്ടായിരുന്നില്ല.

സംസ്ഥാന സെക്രട്ടറിയുടെ പ്രായപരിധി 75 ആയിരിക്കുമെന്നു മാർഗരേഖയിൽ സ്പഷ്ടമാക്കുന്നു. 'സംസ്ഥാന, ദേശീയ കൗൺസിലുകൾ, ദേശീയ നിർവാഹക സമിതി അംഗങ്ങൾ, ജനറൽ സെക്രട്ടറി എന്നിവരുടെ പ്രായവും 75 ൽ താഴെ ആകണമെന്ന് നിർദ്ദേശിക്കുന്നു' എന്നാണു മാർഗരേഖയിൽ . ജില്ലാ കൗൺസിലുകളിൽ 75 വയസ്സ് പരിധി നടപ്പിൽ വരുത്തണമെന്ന് മാർഗരേഖ അനുശാസിക്കുന്നില്ല. എന്നാൽ കേരളത്തിൽ 75 കഴിഞ്ഞവരെ മിക്ക ജില്ലകളിലും ഒഴിവാക്കി. അപ്പോൾ ഉയരാത്ത എതിർപ്പാണ് സംസ്ഥാന കൗൺസിൽ തിരഞ്ഞെടുപ്പ് അടുത്തതോടെ പരസ്യമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP