Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുടർച്ചയായി 11 ദിവസം കോവിഡ് പോസ്റ്റീവ് കേസുകൾ ഇല്ലാതിരുന്ന കൊല്ലം ജില്ല സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്ന് പ്രതീക്ഷിക്കുന്നതിനിടെ വമ്പൻ തിരിച്ചടി; ചൊവ്വാഴ്ച വൈറസ് സ്ഥിരീകരിച്ച കുളത്തൂപ്പുഴ സ്വദേശിയായ 32 കാരൻ 14 ദിവസം പ്രദേശം മുഴുവൻ കറങ്ങി നടന്നതായി കണ്ടെത്തൽ; മയക്കുമരുന്നിന് അടിമയായ യുവാവിന് കോവിഡ് പകർന്നത് തമിഴ്‌നാട്ടിലെ പുളിയങ്കുടിയിൽ നിന്ന്; കുളത്തൂപ്പുഴ, തെന്മല ആര്യങ്കാവ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ

തുടർച്ചയായി 11 ദിവസം കോവിഡ് പോസ്റ്റീവ് കേസുകൾ ഇല്ലാതിരുന്ന കൊല്ലം ജില്ല സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്ന് പ്രതീക്ഷിക്കുന്നതിനിടെ വമ്പൻ തിരിച്ചടി; ചൊവ്വാഴ്ച വൈറസ് സ്ഥിരീകരിച്ച കുളത്തൂപ്പുഴ സ്വദേശിയായ 32 കാരൻ 14 ദിവസം പ്രദേശം മുഴുവൻ കറങ്ങി നടന്നതായി കണ്ടെത്തൽ; മയക്കുമരുന്നിന് അടിമയായ യുവാവിന് കോവിഡ് പകർന്നത് തമിഴ്‌നാട്ടിലെ പുളിയങ്കുടിയിൽ നിന്ന്; കുളത്തൂപ്പുഴ, തെന്മല ആര്യങ്കാവ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ

വിനോദ്.വി. നായർ


കൊല്ലം: മയക്കുമരുന്നിനും കഞ്ചാവിനും അടിമയായ കുളത്തൂപ്പുഴ സ്വദേശിയുടെ അഹങ്കാരം മൂലം ഒരുനാടിന്റെയാകെ പ്രതീക്ഷയാണ് അസ്തമിച്ചത്. തുടർച്ചയായി പതിനൊന്നു ദിവസത്തോളം ഒരു പോസിറ്റീവ് കേസ് പോലും കണ്ടെത്താതിരുന്ന കൊല്ലം ജില്ല സാധാരണ ജീവിതത്തിലേയ്ക്ക് അധികം വൈകാതെ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിൽ കഴിയുന്നതിനിടെയാണ് ഇന്ന് കണ്ടെത്തിയ കോവിഡ് 19 പോസിറ്റിവ് കേസ് ജില്ലയ്ക്കാകെ കനത്ത ആഘാതമായത്. ഇന്ന് കൊറോണ രോഗം സ്ഥിരീകരിച്ച കുളത്തൂപ്പുഴ കുമരംകരിക്കം സ്വദേശിയായ മുപ്പത്തിരണ്ടുകാരൻ കൊറോണ വൈറസും വഹിച്ച് പതിനാല് ദിവസത്തോളം കുളത്തൂപ്പുഴ പ്രദേശം മുഴുവൻ കറങ്ങി നടന്നതായി ആരോഗ്യപ്രവർത്തകർ കണ്ടെത്തി. കഞ്ചാവിനടിമയായ ഇയാൾ ഏപ്രിൽ 6 മുതൽ കുളത്തൂപ്പുഴയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ചുറ്റിസഞ്ചരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

തമിഴ്‌നാട് പുളിയങ്കുടി സ്വദേശി അരുണാചലം പിള്ള എന്നയാളുടെ ശവസംസ്‌കാരചടങ്ങിൽ പങ്കെടുക്കാനായി മാർച്ച് 19 നാണ് കുളത്തൂപ്പുഴ സ്വദേശി തമിഴ്‌നാട്ടിലെത്തിയത്. കേരള-തമിഴ്‌നാട് അതിർത്തിയായ കോട്ടവാസലിൽ നിന്നും 35 കിലോമീറ്റർ ദൂരം മാത്രമുള്ള പുളിയങ്കുടിയിൽ പതിനാലോളം കൊറോണരോഗികളെയാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. ഈ സ്ഥലത്തെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തി യുവാവ് ഏപ്രിൽ അഞ്ചുവരെ അവിടെ തുടർന്നതായി കണ്ടെത്തി.

കേരളം, ആന്ധ്ര, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് നാരങ്ങ കയറ്റിഅയയ്ക്കുന്നത് പുളിയങ്കുടിയിൽ നിന്നാണ്. കേരളത്തിലേക്ക് മാത്രം ദിവസവും പത്തിലധികം വാഹനങ്ങളാണ് നാരങ്ങയുമായി എത്തുന്നത്. ഇത്തരത്തിൽ ചരക്കുമായി വന്ന ഏതോ വാഹനത്തിൽക്കയറി കുളത്തൂപുഴയിലെത്തിയ ഇയാൾ തുടർന്ന് കുളത്തൂപ്പുഴ ടൗൺ, കുളത്തൂപ്പുഴ മാർക്കറ്റ് ജംഗ്ഷൻ, ആനക്കൂട്പാലത്തിന് സമീപമുള്ള കടകൾ ,ഗണപതി ക്ഷേത്രത്തിന് സമീപമുള്ള ലോഡ്ജ്, കുമരംകരിക്കും പുറ്റമ്പലത്തിനുമിടയിലുള്ള പ്രദേശങ്ങൾ ഉൾപ്പെടെ ഒട്ടനവധിപ്രദേശങ്ങൾ സന്ദർശിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.ഈ യാത്രകൾക്കിടയിൽ നൂറ്റിയമ്പതോളം ആളുകളുമായി ഇയാൾ സമ്പർക്കത്തിലേർപ്പെട്ടതായാണ് സൂചന.

യുവാവ് തമിഴ്‌നാട്ടിൽ നിന്ന് മടങ്ങിയെത്തിയതാണെന്ന് പതിനാലുദിവസങ്ങൾക്കുശേഷം കഴിഞ്ഞ ഞായറാഴ്‌ച്ചയാണ് ആരോഗ്യപ്രവർത്തകർ കണ്ടെത്തിയത് . തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കൊവിഡ് 19 പടർന്നുപിടിച്ചപുളിയങ്കുടി പ്രദേശത്ത് ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്ന് വ്്യക്തമായത്. തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം സ്രവം എടുക്കുകയും കൊല്ലം ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ പാർപ്പിച്ചുവരികയുമായിരുന്നു. ഇയാളോടൊപ്പം താമസിച്ചിരുന്ന ബന്ധുവും നിരീക്ഷണത്തിലാണ്. സ്രവ പരിശോധനാഫലം പോസിറ്റീവ് ആയതോടെ ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

പുളിയങ്കുടിയിൽ നിന്ന് ഇയാൾ ലോറിയിൽ തെന്മലയിൽ വന്നിറങ്ങുകയും തുടർന്ന് കാൽനടയായി കുളത്തൂപ്പുഴയിലേക്ക് വരുന്നതിനിടെ തെന്മല ആർ പി എൽഎസ്റ്റേറ്റിനടുത്തുവച്ച് അതുവഴി വന്ന ആംബുലൻസിൽ കയറി കുളത്തൂപ്പുഴയിൽ ഇറങ്ങുകയുമായിരുന്നു. തെന്മല വരെ എത്തിയ വാഹനം കണ്ടെത്താനായിട്ടില്ല. കഞ്ചാവിനടിമയായ ഇയാൾ പറയുന്നതിലെ വ്യക്തതക്കുറവുംആരോഗ്യപ്രവർത്തകരെ കുഴയ്ക്കുണ്ട്.

കുളത്തൂപ്പുഴ, തെന്മല , ആര്യങ്കാവ് തുടങ്ങിയ മൂന്ന് പഞ്ചായത്തുകളിൽനിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻകൂടിയായ ജില്ലാ കലക് ടർ ബി അബ്ദുൽ നാസർ ഉത്തരവായി. ഇന്ന് (ഏപ്രിൽ 21) രാത്രി 12 മുതൽ നിരോധനാജ്ഞ നിലവിൽ വരും. റവന്യൂ, പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന മറ്റ്സ്ഥാപനങ്ങൾ ഒഴികെയുള്ള ഒരു സ്ഥാപനങ്ങളും തുറക്കാൻ പാടില്ല. ബാങ്കുകൾരാവിലെ 10 മുതൽ രണ്ട് വരെയും അത്യാവശ്യ സാധനങ്ങൾ ലഭ്യമാക്കുന്ന കടകൾരാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെയും പ്രവർത്തിക്കാം.

പഞ്ചായത്തുകളിലേക്കുള്ള പൊതുപ്രവേശന റോഡുകളിലും ചെറുഇടറോഡുകളിലും പൊലീസ് ആരോഗ്യ വകുപ്പുകളുടെ നിരീക്ഷണം ഉണ്ടായിരിക്കും. വനമേഖലകളിലുള്ള നടവഴികൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ ആയിരിക്കും. ഈ വഴികളിലൂടെ യാത്ര അനുവദിക്കില്ല. റെയിൽവേ ട്രാക്കുകളിലൂടെകാൽനടയാത്ര പൂർണമായും നിരോധിച്ചു.

ചരക്ക് ഗതാഗതത്തിന് തടസ്സമുണ്ടാക്കാത്ത രീതിയിൽ ക്രമീകരണങ്ങൾഏർപ്പെടുത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. സാമൂഹ്യ അടുക്കളയുടെപ്രവർത്തനത്തിന് ഭംഗം വരാത്ത രീതിയിലാകണം നടപടികൾസ്വീകരിക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.

കുളത്തൂപ്പുഴയുടെ അതിർത്തികളായ കുളത്തൂപ്പുഴ -അഞ്ചൽ പാതയിലെഭാരതീപുരം, കുളത്തൂപ്പുഴ -തിരുവനന്തപുരം പാതയിലെ അരിപ്പ, തെന്മലഎന്നിവിടങ്ങളിൽ പൊലിസ് ബാരിക്കേട് സ്ഥാപിച്ച് പൂർണ്ണമായും അടച്ചു. കുളത്തൂപ്പുഴയിലേക്കുള്ള വനപാതകളിൽ കർശന നിരീക്ഷണം നടത്താൻവനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് കൊറോണ സ്ഥിരീകരിച്ച കുളത്തൂപ്പുഴസ്വദേശിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനായി പൊലിസുംആരോഗ്യപ്രവർത്തകരും ശ്രമമാരംഭിച്ചു. ഇയാളുടെ യാത്രയുടെ വിശദാംശങ്ങൾതയ്യാറാക്കി വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP