Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറിയ, ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാരെ 14 ദിവസം ക്വാറൻന്റൈൻ ചെയ്യണമെന്ന മാർഗ്ഗ നിർദ്ദേശം കേന്ദ്ര ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചത് ഫെബ്രുവരി 26ന്; പ്രവാസിയും കുടുംബവും വെന്നീസിൽ നിന്ന് ദോഹ വഴി കൊച്ചിയിൽ എത്തിയത് 29ന് രാവിലെ 8.20നും: ഐത്തലയിലെ കോവിഡ് 19 ഭീതിക്ക് കാരണക്കാർ നെടുമ്പാശ്ശേരിയിൽ 'ഇറ്റലിക്കാരെ' കണ്ടെത്തേണ്ടവർ തന്നെ; ഇറ്റലിക്കാരെ നിരീക്ഷിക്കാനുള്ള ഉത്തരവ് മാർച്ച് മൂന്നിന് കിട്ടിയെന്ന ശൈലജയുടെ വാദം പച്ചക്കളം

കൊറിയ, ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാരെ 14 ദിവസം ക്വാറൻന്റൈൻ ചെയ്യണമെന്ന മാർഗ്ഗ നിർദ്ദേശം കേന്ദ്ര ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചത് ഫെബ്രുവരി 26ന്; പ്രവാസിയും കുടുംബവും വെന്നീസിൽ നിന്ന് ദോഹ വഴി കൊച്ചിയിൽ എത്തിയത് 29ന് രാവിലെ 8.20നും: ഐത്തലയിലെ കോവിഡ് 19 ഭീതിക്ക് കാരണക്കാർ നെടുമ്പാശ്ശേരിയിൽ 'ഇറ്റലിക്കാരെ' കണ്ടെത്തേണ്ടവർ തന്നെ; ഇറ്റലിക്കാരെ നിരീക്ഷിക്കാനുള്ള ഉത്തരവ് മാർച്ച് മൂന്നിന് കിട്ടിയെന്ന ശൈലജയുടെ വാദം പച്ചക്കളം

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണയിൽ ആരോഗ്യമന്ത്രി കെകെ ശൈലജ നിയമസഭയിൽ നടത്തിയത് തെറ്റായ അവകാശവാദമോ? ഇറ്റലിയിൽ നിന്നെത്തിയ കുടുംബം പത്തനംതിട്ടയിൽ രോഗം വ്യാപിപ്പിച്ചതിന് കാരണം പ്രവാസികളാണെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ ഇറ്റലിക്കാരെ വിമാനത്താവളത്തിൽ തടയാനാകാത്തത് സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണെന്നും വാദമെത്തി. ഇതിനിടെയാണ് മാർച്ച് മൂന്നിനാണ് ഇറ്റലിക്കാരെ നിരീക്ഷിക്കാനുള്ള നിർദ്ദേശം കേന്ദ്രം നൽകിയതെന്ന് ആരോഗ്യമന്ത്രി പറഞ്ഞത്. എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കുകയാണ് ഫെബ്രുവരി 26ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശം. ഇറ്റലിയിൽ നിന്നെത്തുന്നവരെ അടക്കം 14 ദിവസത്തേക്ക് കരുതലിൽ വയ്ക്കണമെന്നായിരുന്നു ഫെബ്രുവരി 26ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശത്തിലുള്ളത്. ഇതിലെ വീഴ്ചയാണ് പത്തനംതിട്ടയിലെ കൊറോണ ഭീതിക്ക് കാരണം.

കൊറോണ തടയുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം നൽകിയ മാർഗനിർദ്ദേശം ലംഘിച്ചതാണ് കേരളത്തിൽ കൊറോണ വ്യാപിക്കാൻ ഇടയായത്. ഗുരുതരമായ വീഴ്ചയാണ് കൊറോണ തടയുന്ന കാര്യത്തിൽ കേരളത്തിന്റെ ഭാഗത്തും നിന്നും വന്നത്. സിംഗപ്പൂർ, കൊറിയ, ഇറാൻ, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നും വരുന്നവരെ നിർബന്ധമായും ഐസൊലേഷന് വിധേയമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ഫെബ്രുവരി ഇരുപത്തിയാറിനാണ് കേന്ദ്രം ഈ കാര്യത്തിൽ മാർഗ നിർദ്ദേശം നൽകിയത്. കേരളത്തിൽ കൊറോണ പടർത്താൻ കാരണമായി എന്ന് ആരോഗ്യമന്ത്രി ആരോപിക്കുന്ന റാന്നിയിലെ കുടുംബം ഇറ്റലിയിൽ നിന്നും എത്തിയത് ഫെബ്രുവരി 29നാണ്. കേന്ദ്ര നിർദ്ദേശം വന്നത് ഫെബ്രുവരി ഇരുപത്തിയാറിനും.

കേന്ദ്രം ഫെബ്രുവരി ഇരുപത്തിയാറിനു തന്നെ ഈ നിർദ്ദേശം നൽകിയിരുന്നു എന്ന കാര്യം ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിയമസഭയിൽ നിന്നും ഇന്നലെ മറച്ചുവെച്ചു. നിയമസഭയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും കൊറോണ കാര്യത്തിൽ ആരോഗ്യമന്ത്രിയിൽ നിന്നും വന്നു. ഫെബ്രുവരി ഇരുപത്തിയാറിനു കേന്ദ്രം മാർഗ നിർദ്ദേശം നൽകിയപ്പോൾ കേന്ദ്ര നിർദ്ദേശം വന്നത് മാർച്ച് മൂന്നിനാണ് എന്നാണ് ഇന്നലെ നിയമസഭയിൽ മന്ത്രി അറിയിച്ചത്. ഫെബ്രുവരി തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഈ നിർദ്ദേശം മന്ത്രാലയം പബ്ലിഷ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര നിർദ്ദേശ പ്രകാരം ആരോഗ്യവകുപ്പ് ഇവർ ഇറ്റലിയിൽ നിന്നും എത്തിയ ഉടൻ പിടിച്ച് ഐസൊലെഷന് വിധേയമാക്കിയിരുന്നെങ്കിൽ കേരളത്തിൽ കൊറോണ പടരില്ലായിരുന്നു. ആരോഗ്യവകുപ്പിന് വന്ന ഗുരുതര വീഴ്ചയാണ്. ഈ വീഴ്ച മറച്ചുവെയ്ക്കാനാണ് ആരോഗ്യമന്ത്രി റാന്നി കുടുംബത്തെ കുറ്റപ്പെടുത്താൻ മുൻപിൽ നിൽക്കുന്നത് എന്ന് തന്നെ കരുതേണ്ടി വരുന്നു. ഇതോടെ കേരളത്തിൽ കൊറോണ വ്യാപന പ്രശ്‌നത്തിൽ ആരോഗ്യവകുപ്പിന് ഗുരുതരവീഴ്ച വന്നെന്നു വ്യക്തമാവുകയാണ്. ഇറ്റലിയിൽ നിന്ന് റാന്നിയിലേക്ക് വന്ന കുടുംബമാണ് കേരളത്തിൽ കൊറോണ പടർത്തിയത് എന്നാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇന്നലെയും കുടുംബത്തിന്നെതിരെ നിയമസഭയിൽ ആഞ്ഞടിച്ചത്. സമാന പ്രസ്താവന ആരോഗ്യമന്ത്രി മുൻപും ഈ കാര്യത്തിൽ നടത്തിയിരുന്നു. ഇതോടെയാണ് റാന്നിയിലെ ജനങ്ങളും മലയാളികളും ഈ കുടുംബത്തിനു നേരെ തിരിഞ്ഞത്.

29നാണ് മുമ്പാണ് 55 കാരനും ഭാര്യയും 24-കാരനായ മകനും ഇറ്റലിയിൽ നിന്നെത്തിയത്. ഇയാളുടെ മൂത്ത സഹോദരന് പനി വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് കൊറോണബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഇവരുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുകയും ചെയ്തു. ഇതോടെയാണ് ഇറ്റലിയിൽ നിന്നെത്തിയ ബന്ധുക്കളുടെ കാര്യം അറിഞ്ഞത്. തുടർന്ന് ഇറ്റലിയിൽ നിന്ന് വന്നവരേയും ഭാര്യയേയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. തുടർന്ന് ഇവരുടെ ശരീര സ്രവങ്ങൾ പരിശോധനക്കയക്കുകയായിരുന്നു. ഇവരുമായി ബന്ധപ്പെട്ടവർ നിലവിൽ നിരീക്ഷണത്തിലാണ്.

ഇറ്റലിയിൽ നിന്ന് എത്തിയവർ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയരായില്ല. ആരോഗ്യവകുപ്പ് അധികൃതർ ആവശ്യപ്പെട്ടപ്പോൾ ആശുപത്രിയിലേക്ക് വരാനും വിമുഖത കാണിച്ചിരുന്നുവെന്ന് മന്ത്രി കെ.ക.ശൈലജ പറഞ്ഞു. ഇറ്റലിയിൽ നിന്ന് ഫെബ്രുവരി 28-ന് ഖത്തർ എയർവേയ്‌സിന്റെ (ക്യു.ആർ-126) വെനീസ്-ദോഹ വിമാനത്തിലാണ് ഇവർ നാട്ടിലേക്ക് തിരിച്ചത്. 11.20ന് ഈ വിമാനം ദോഹയിലെത്തി. ഇവിടെ അവർ കൊച്ചിയിലേക്കുള്ള വിമാനത്തിനായി ഒന്നര മണിക്കൂറോളം കാത്തുനിന്നു. തുടർന്ന് ഖത്തർ എയർവേയ്‌സിന്റെ തന്നെ ക്യൂ.ആർ 514 വിമാനത്തിൽ കൊച്ചിയിലേക്ക് വന്നു. 29-ന് രാവിലെ 8.20 ഓടെയാണ് ഈ വിമാനം കൊച്ചിയിലെത്തിയത്.

ഇറ്റലിയിൽ നിന്നും വന്ന മൂന്ന് പേർക്കും അവരുടെ രണ്ട് ബന്ധുകൾക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംഭവത്തിൽ വിദേശത്തു നിന്നും വന്നവരുടെ ഭാഗത്ത് നിന്നുണ്ടായത് അതീവ ഗുരുതരവീഴ്ചയാണ് ഉണ്ടായത്. ഫെബ്രുവരി 28-ന് വെനീസിൽ നിന്നും ദോഹയിൽ എത്തിയ രോഗബാധിതരായ ദമ്പതികളും ഇവരുടെ മകനും അവിടെ നിന്നും മറ്റൊരു വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങളിൽ നിന്നും വരുന്നവർ ആ വിവരം വിമാനത്താവളത്തിൽ അറിയിച്ച് പരിശോധന നടത്തി വേണം പുറത്തിറങ്ങാൻ എന്ന് നേരത്തെ തന്നെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടതാണെന്നാണ് മാർച്ച് 26ന് പുറത്തിറങ്ങിയ മാർഗ്ഗ നിർദ്ദേശവും വ്യക്തമാകുന്നത്. എന്നാൽ ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ച പ്രവാസി കുടുംബം കൊച്ചി വിമാനത്താവളത്തിൽ ഈ പരിശോധനയ്ക്ക് വിധേയരാവാതെയാണ് പുറത്തിറങ്ങിയത്. ഇവരെ തടയാൻ ഔദ്യോഗിക സംവിധാനവും ഉണ്ടായിരുന്നില്ല.

കൊറിയ, ഇറാൻ, ഇറ്റലി രാജ്യങ്ങളിൽ നിന്ന് ആര് ഇന്ത്യയിൽ എത്തിയാലും നിർബന്ധപൂർവം ഐസലോഷന് വിധേയമാക്കണമെന്ന കേന്ദ്ര നിർദ്ദേശം ഇറ്റലിയിൽ നിന്ന് കുടുംബം വന്നപ്പോൾ ഒന്നും നോക്കാതെ ആരോഗ്യ വകുപ്പ് നടപ്പാക്കിയിരുന്നെങ്കിൽ റാന്നി കുടുംബത്തിനു ഇപ്പോൾ ഉയരുന്ന രോഷം നേരിടേണ്ടി വരില്ലായിരുന്നു. സമൂഹത്തിനു മുന്നിൽ ഇവർ കുറ്റക്കാരായി മാറുകയും ചെയ്യില്ലായിരുന്നു. നിയമസഭയിൽ ഒരു കരുണയും കൂടാതെയാണ് കുടുംബത്തിനു നേരെ ആരോഗ്യമന്ത്രി ആഞ്ഞടിച്ചത്. 'റാന്നിയിലെ കുടുംബം വിമാനത്താവളത്തിൽനിന്ന് സൂത്രത്തിൽ രക്ഷപ്പെടുകയായിരുന്നു. വിമാനത്താവളത്തിലിറങ്ങുമ്പോൾ ആരോഗ്യവകുപ്പിന്റെ ഹെൽപ്പ് ഡെസ്‌കിൽ നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്ന് ഇവർ വന്ന വിമാനത്തിൽ മൂന്നുതവണ അനൗൺസ്‌മെന്റ് നടത്തിയിരുന്നു. പക്ഷേ പഴുതുകളുപയോഗിച്ച് ഇവർ പുറത്തിറങ്ങി. മൂന്നുപേരുടെയും ജീവൻ രക്ഷിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്'. ഇതാണ് മന്ത്രി പറഞ്ഞത്. ഈ കുടുംബത്തിന് നേരെ ഇത്രയും ശക്തമായി ആരോഗ്യ മന്ത്രി തന്നെ ആഞ്ഞടിക്കുമ്പോൾ അതിൽ സ്വന്തം വകുപ്പിന്റെ വീഴ്ച മറച്ചുവെയ്ക്കാനുള്ള ശ്രമം കൂടിയുണ്ട്. വസ്തുതകൾ ആരോഗ്യമന്ത്രിയുടെ ഈ ശ്രമത്തിനു നേർക്കാണ് വിരൽ ചൂണ്ടൽ നടത്തുന്നത്.

കൊറോണ ബാധിച്ചുള്ള മരണമുണ്ടാകില്ലെന്ന് ഉറപ്പുപറയാനാവില്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്. ഒരുവീഴ്ചയും വരുത്താതെ അതിസാഹസിക പ്രതിരോധപ്രവർത്തനമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്-മന്ത്രി പറഞ്ഞു. എന്നാൽ, വിമാനത്താവളത്തിലെത്തുന്നവരെ പരിശോധിക്കുന്നതിലടക്കം ഗുരുതരവീഴ്ചയുണ്ടായെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ഇതോടെ ബഹളവും തുടങ്ങി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനിടെയായിരുന്നു ബഹളം. സ്‌കൂളുകളും കോളേജുകളും സ്ഥാപനങ്ങളും അടച്ചിടുന്ന രീതിക്കുപകരം അമേരിക്കയിലും മറ്റും നടപ്പാക്കുന്ന, ചെറിയ ലക്ഷണങ്ങളുള്ളവരെ വീടുകളിൽത്തന്നെ പരിചരിക്കുന്ന രീതി നടപ്പാക്കണമെന്ന് ചെന്നിത്തല നിർദ്ദേശിച്ചു. ഈ സമയത്താണ് കേന്ദ്ര നിർദ്ദേശം ലഭിച്ചത് മാർച്ച് മൂന്നിനാണ് എന്ന് നിയമസഭയിൽ ആരോഗ്യമന്ത്രി പറഞ്ഞത്.

കൊറോണയെ നേരിടാനുള്ള കേരളാ മോഡൽ എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കാൻ കേന്ദ്രം നിർദ്ദേശിച്ചിരിക്കുകയാണ്. വിമാനത്താവളത്തിനുള്ളിൽ സർക്കാരിന് നിയന്ത്രണമില്ലാത്തതിനാൽ കേന്ദ്രവുമായി ആലോചിച്ചാണ് നിരീക്ഷണം നടത്തുന്നത്. ആദ്യഘട്ടത്തിൽ ചൈനയിൽനിന്നെത്തിയവരെയാണു നിരീക്ഷിച്ചത്. അത്തരം മൂന്ന് രോഗികളിൽനിന്ന് ഒരാൾക്കും രോഗംപകരാൻ അനുവദിച്ചില്ല. ഇറ്റലിയിൽനിന്നെത്തുന്നവരെ നിരീക്ഷിക്കാൻ കേന്ദ്രനിർദ്ദേശം ലഭിച്ചത് മാർച്ച് മൂന്നിനാണ്-ഇതാണ് മന്ത്രി പറഞ്ഞത്. വിമാനത്താവളത്തിലെ പരിശോധനയിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് വി.ഡി. സതീശനും ഷാനിമോൾ ഉസ്മാനും ആരോപിച്ചു. ഇത്തരം കാര്യങ്ങളിൽ ചീപ്പായി പെരുമാറരുതെന്നും ദോഷൈകദൃക്കാവരുതെന്നും ഷാനിമോളോട് മന്ത്രി പറഞ്ഞതോടെയാണ് ബഹളം തുടങ്ങുന്നത്.

മന്ത്രിക്ക് ധാർഷ്ട്യമാണെന്ന് അൻവർസാദത്തും പി.ടി. തോമസും വിളിച്ചുപറഞ്ഞു. ഇതോടെ ഭരണപക്ഷത്തുനിന്ന് എ.എൻ. ഷംസീർ, നൗഷാദ് എന്നിവരുടെ നേതൃത്വത്തിലും ബഹളം തുടങ്ങി. രാപകൽ പ്രവർത്തിച്ചിട്ടും കുറ്റംപറഞ്ഞപ്പോഴാണ് അങ്ങനെ പറയേണ്ടിവന്നതെന്ന് മന്ത്രി ശൈലജ പറഞ്ഞതോടെയാണ് പ്രതിഷേധം അവസാനിച്ചത്. അതേസമയം കൂടുതൽ ലാബുകളിലേക്ക് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി ലാബുകളിൽ കൊറോണ വൈറസ് ബാധ പരിശോധിക്കാൻ അനുമതി ലഭിച്ചതായാണ് മന്ത്രി പറഞ്ഞത്. തിരുവനന്തപുരം പി.എച്ച്. ലാബ്, തൃശ്ശൂർ മെഡിക്കൽകോളേജ് ലാബ്, രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ലാബ് എന്നിവിടങ്ങളിൽ പരിശോധനയ്ക്കായി കേന്ദ്രത്തോട് അനുമതിതേടിയെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP