Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇപ്പോഴും ഉണ്ട് നേരം വെളുക്കാത്തവർ! കോവിഡ് ഭീതിയിലും വിരമിക്കുന്നവർക്ക് യാത്ര അയപ്പ് നൽകാൻ പൊലീസ് അസോസിയേഷൻ; ഇരുപത്തിയഞ്ചിനു നിലമ്പൂർ ക്യാമ്പിലും ഇരുപത്തിയാറിന് മേൽമുറി ക്യാമ്പിലും ഇരുപത്തിയെട്ടിന് ക്ലാരി ക്യാമ്പിലും പെൻഷൻ പറ്റുന്നവരെ ആദരിക്കാനെന്ന മേൽവിലാസത്തിൽ അടിച്ചു പൊളി; സേനയ്ക്കുള്ളിലും പുറത്തും നടക്കുന്നത് വൻ പിരിവ്; അസിസ്റ്റന്റ് കമാൻഡർമാർക്കായി കൊറോണക്കാലത്തും ആഘോഷങ്ങൾ; പിണറായിയെ അനുസരിക്കാതെ പൊലീസും

ഇപ്പോഴും ഉണ്ട് നേരം വെളുക്കാത്തവർ! കോവിഡ് ഭീതിയിലും വിരമിക്കുന്നവർക്ക് യാത്ര അയപ്പ് നൽകാൻ പൊലീസ് അസോസിയേഷൻ; ഇരുപത്തിയഞ്ചിനു നിലമ്പൂർ ക്യാമ്പിലും ഇരുപത്തിയാറിന് മേൽമുറി ക്യാമ്പിലും ഇരുപത്തിയെട്ടിന് ക്ലാരി ക്യാമ്പിലും പെൻഷൻ പറ്റുന്നവരെ ആദരിക്കാനെന്ന മേൽവിലാസത്തിൽ അടിച്ചു പൊളി; സേനയ്ക്കുള്ളിലും പുറത്തും നടക്കുന്നത് വൻ പിരിവ്; അസിസ്റ്റന്റ് കമാൻഡർമാർക്കായി കൊറോണക്കാലത്തും ആഘോഷങ്ങൾ; പിണറായിയെ അനുസരിക്കാതെ പൊലീസും

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണയുടെ നിയന്ത്രണങ്ങൾ ഭേദിച്ച് അസിസ്റ്റന്റ്‌റ് കമാൻഡന്റിന്റെ വിരമിക്കൽ പരിപാടി ആഘോഷമാക്കാനുള്ള മലപ്പുറം എംഎസ്‌പി ക്യാമ്പിന്റെ നീക്കം വിവാദമാകുന്നു. ഈ മാസം അവസാനം വിരമിക്കുന്ന അസിസ്റ്റന്റ് കമാൻഡന്റിന്റെ യാത്രയയപ്പ് കെങ്കേമമാക്കാനാണ് നിലവിലെ തീരുമാനം. കൊറോണ നിയന്ത്രങ്ങൾ തുടരുന്നതിനാൽ രഹസ്യമായി യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

വിദ്യാലയങ്ങൾക്ക് അവധി നൽകിയും സർക്കാർ ഓഫീസുകൾ അടച്ചിട്ടും ആൾക്കൂട്ടങ്ങളെ തടഞ്ഞും കൊറോണയെ നിയന്ത്രിക്കാൻ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ ശ്രമങ്ങളും നടത്തുമ്പോൾ തന്നെയാണ് യാത്രയയപ്പ് ഗംഭീരമാക്കാൻ മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസ് സേനയിൽ നിന്നും നീക്കം നടക്കുന്നത്. ഇരുന്നൂറോളം പേർ പങ്കെടുക്കുന്ന സ്വീകരണ ചടങ്ങുകളാണ് മലപ്പുറത്തെ മൂന്നു ക്യാമ്പിലുമായി വരുന്ന ബുധനാഴ്ച മുതൽ നടക്കാൻ പോകുന്നത്. ഇരുപത്തിയഞ്ചിനു നിലമ്പൂർ ക്യാമ്പിലും ഇരുപത്തിയാറാം തീയതി മേൽമുറി ക്യാമ്പിലും ഇരുപത്തിയെട്ടിന് ക്ലാരി ക്യാമ്പിലും യാത്രയയപ്പ് ചടങ്ങുകൾ നടത്താനാണ് തീരുമാനം വന്നിട്ടുള്ളത്.

കൊറോണ പടരുന്നതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ ക്യാമ്പിലുള്ളവർക്ക് വിമുഖതയുണ്ട്.പക്ഷെ അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ നിന്നും എങ്ങിനെ ഒഴിഞ്ഞു നിൽക്കാൻ കഴിയും എന്ന ചോദ്യമാണ് ഇവർക്ക് മുന്നിലുള്ളത്. കൊറോണയുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാൻ ചിലർ തയ്യാറാകുന്നില്ലെന്നും ഇപ്പോഴും നേരം വെളുക്കാത്തവർക്ക് നേരെ കർശനപടികൾ വേണ്ടിവരുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെയാണ് മുന്നറിയിപ്പ് നൽകിയത്. പത്തുപേർ ഒരുമിച്ച് കൂടാൻ പാടില്ലെന്നാണ് കൊറോണ സംബന്ധിച്ച് സർക്കാർ നൽകിയിരിക്കുന്ന ഉത്തരവ്. ഈ ഉത്തരവ് നടപ്പാക്കാൻ എസ്‌പിമാർക്കാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതേ പൊലീസ് സേന തന്നെയാണ് ഗംഭീരമായ യാത്രയയപ്പ് ചടങ്ങ് കൊറോണ കാലത്ത് ക്യാമ്പിനുള്ളിൽ നടത്തുന്നത്. എല്ലാ സർക്കാർ നിയന്ത്രണങ്ങളും തള്ളിക്കളഞ്ഞാണ് വരുന്ന ബുധനാഴ്ച മുതൽ സ്വീകരണ ചടങ്ങുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

യാത്രയയപ്പ് ചടങ്ങിലേക്ക് സമ്മാനങ്ങളും മറ്റും വാങ്ങി നൽകാനുള്ള നീക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്. ട്രെയിനികൾ ഉൾപ്പെടെയുള്ളവരിൽ നിന്നും ക്യാമ്പിലുള്ളവരിൽ നിന്നും വലിയ രീതിയിൽ പണപ്പിരിവ് നടത്തിയിട്ടുണ്ട്. സർക്കാർ നൽകുന്ന യാത്രയയപ്പ് ചടങ്ങിനു പുറമേയാണ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ യാത്രയയപ്പ് ചടങ്ങുകൾ. കൊറോണ കാലത്ത് സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലൂടെ കടന്നു പോകുമ്പോൾ പിരിവെടുത്ത്, നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി, വലിയ ആൾക്കൂട്ടമുള്ള ചടങ്ങ് സംഘടിപ്പിക്കാനുള്ള നീക്കം ക്യാമ്പിനുള്ളിൽ തന്നെ വലിയ എതിർപ്പും ഉയർത്തിയിട്ടുണ്ട്. ഇരുനൂറോളം പേരാണ് ഓരോ സ്വീകരണചടങ്ങിലും സംബന്ധിക്കാൻ പോകുന്നത്. എംഎസ്‌പി ക്യാമ്പ് ആയതിനാൽ ട്രെയിനികളും ഉയർന്ന ഉദ്യോഗസ്ഥരും വിരമിക്കുന്ന ഉദ്യോഗസ്ഥന്റെ ബന്ധുക്കളും കാണും. പൊലീസ് പരിപാടിയായതിനാലും ക്യാമ്പിൽ നടക്കുന്ന ചടങ്ങായതിനാൽ വിവരം പുറത്തറിയില്ലെന്ന വിശ്വാസവുമാണ് സ്വീകരണ ചടങ്ങുകൾ സംഘടിപ്പിക്കുന്നവർക്കുള്ളത്. ആൾക്കൂട്ടങ്ങളെ തടയാൻ പ്രതിജ്ഞാബദ്ധമായി നിലകൊള്ളുന്ന പൊലീസ് സേനയിൽ നിന്നുമാണ് യാത്രയയപ്പ് സംഘടിപ്പിക്കാൻ തീരുമാനം വന്നത് എന്നതാണ് വിരോധാഭാസമായി മാറുന്നത്.

കൊറോണയെ കരുതി രാജ്യം ഇന്നു ജനതാ കർഫ്യൂവിലൂടെ കടന്നു പോവുകയാണ്. കൊറോണയെക്കുറിച്ചുള്ള രാജ്യത്തിന്റെ ഉത്കണ്ഠയാണ് ഇതിൽ പ്രതിഫലിക്കുന്നത്. കൊറോണയുടെ വ്യാപനം നിയന്ത്രണങ്ങൾ ഭേദിച്ച് മുന്നോട്ടു പോകുമ്പോൾ സംസ്ഥാനത്തും ആശങ്ക അധികരിക്കുകയാണ്.സംസ്ഥാനത്ത് 12 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. . മൂന്നു പേർ കണ്ണൂർ ജില്ലയിലും ആറ് പേർ കാസർകോട് ജില്ലയിലും മൂന്നു പേർ എറണാകുളം ജില്ലയിലുമാണ്. 53,013 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. 52,785 പേർ വീടുകളിലും 228 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതാണ് സംസ്ഥാനത്തെ നിലവിലെ സ്ഥിതി.കൊറോണ വ്യാപിച്ചാൽ കെയർ സെന്റർ ആക്കി മാറ്റാനുള്ള സജ്ജീകരണങ്ങൾ ഇപ്പോൾ സ്വീകരണ ചടങ്ങ് നടക്കുന്ന മലപ്പുറം എംഎസ്‌പി ക്യാമ്പിൽ നടന്നു വരുകയാണ്. ഇതുമായി ബന്ധപ്പെട്ട ആഭ്യന്തരവകുപ്പിന്റെ ഉത്തരവും ക്യാമ്പിൽ ലഭിച്ചിട്ടുണ്ട്. അതിനുള്ള ഒരുക്കങ്ങളാണ് ക്യാമ്പിൽ നടക്കുന്നത്.ഇതേ ക്യാമ്പിലേക്കാണ് യാത്രയയപ്പ് ചടങ്ങിന്റെ പേരിൽ ഇത്രയും ജനം തടിച്ചു കൂടാൻ പോകുന്നത്.

ക്വാറന്റൈന് നിർദ്ദേശിച്ചിരിക്കുന്നവർ പുറത്തിറങ്ങി നടക്കുന്നതിൽ വലിയ അസ്വസ്ഥതതയാണ് സർക്കാർ പ്രകടിപ്പിക്കുന്നത്. കൊറോണ തങ്ങളെ ഒന്നും ബാധിക്കില്ലെന്ന് കരുതുന്നവർക്കെതിരെ നിരോധനാജ്ഞ ഉൾപ്പെടെയുള്ള നടപടികൾ ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്, സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പക്കുക സേനയാണ്. ജില്ലകളിൽ ഈ ചുമതല എസ്‌പിമാർക്കാണ്. ക്രമസമാധാന ചുമതലയില്ലാത്ത എസ്‌പിമാരെയും നിയോഗിക്കും. ക്രമസമാധാന പ്രശ്‌നങ്ങൾ പോലെ പൊലീസ് ഇതിലും ഇടപെടും. മഹാമാരിയിൽ നിന്ന് നാടിനെ രക്ഷിക്കാനുള്ള ശ്രമങ്ങളെ തുരങ്കം വയ്ക്കാൻ അനുവദിക്കില്ല.

കൊറോണ പരിശോധന വിപുലമാക്കും. സാധാരണക്കാരന്റെ ജീവിതത്തിന് ദോഷകരമല്ലാത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി ഭരിക്കുന്ന പൊലീസ് സേനയിൽ നിന്നാണ് കടകവിരുദ്ധമായ നീക്കം യാത്രയയപ്പ് ചടങ്ങിന്റെ പേരിൽ നടക്കാൻ പോകുന്നത്. മലപ്പുറം എംഎസ്‌പി ക്യാമ്പിന്റെ ചുവടു പിടിച്ച് മറ്റിടങ്ങളിലും പൊലീസ് സേനയിൽ ഇതേ രീതിയിലുള്ള യാത്രയയപ്പ് ചടങ്ങ് നടക്കാൻ പോകുന്നുണ്ടെന്നാണ് അറിയാൻ സാധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP