Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭർത്താവ് സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചതോടെ ഉള്ളിൽ തീയായി ബാങ്ക് ലോൺ; 32 ലക്ഷത്തിന്റെ വായ്പ ഉറക്കം കെടുത്തുന്നതിനിടെ വീട് ജപ്തി ചെയ്യാൻ ധർമടത്ത് സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക്; ജപ്തി ചെയ്താൽ പെരുവഴിയിൽ ആകുക റംസീനയുടെ കുടുംബം

ഭർത്താവ് സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചതോടെ ഉള്ളിൽ തീയായി ബാങ്ക് ലോൺ; 32 ലക്ഷത്തിന്റെ വായ്പ ഉറക്കം കെടുത്തുന്നതിനിടെ വീട് ജപ്തി ചെയ്യാൻ ധർമടത്ത് സിപിഎം ഭരിക്കുന്ന  സഹകരണ ബാങ്ക്; ജപ്തി ചെയ്താൽ പെരുവഴിയിൽ ആകുക റംസീനയുടെ കുടുംബം

അനീഷ് കുമാർ

കണ്ണൂർ: കോവിഡിൽ നാടാകെ സ്തംഭിച്ചിരിക്കെ ജോലിസ്ഥലത്ത മരണമടഞ്ഞ പ്രവാസിയുടെ കുടുംബത്തോട് സഹകരണബാങ്കിന്റെ ക്രൂരത. ഭർത്താവ് മരിച്ച യുവതിയും കുഞ്ഞും വയോധികരായ മാതാപിതാക്കളും താമസിക്കുന്ന വീട് ജപതി ചെയ്യുന്നതിനായി നടപടികളുമായി അതിവേഗം മുൻപോട്ടുപോവുകയാണ് സിപിഎം ഭരിക്കുന്ന സഹകരണബാങ്ക്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തെ ചെമ്പിലോട് പഞ്ചായത്തിലാണ് നിരാലംബമായ കുടുംബത്തെ പെരുവഴിയിൽ ഇറക്കി വിടുന്നതിനായി സഹകരണബാങ്ക് അധികൃതർ ഈ കോവിഡ് കാലത്ത് തുനിഞ്ഞിറങ്ങിയിരിക്കുന്നത്.

സഹകരണബാങ്കുകൾ ജപ്തി നടപടികൾ ഒഴിവാക്കണമെന്നു മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നിർദ്ദേശം തങ്ങൾക്കു ബാധകമല്ലെന്ന നിലപാടിലാണ് സിപിഎം മൃഗീയ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന സഹകരണബാങ്കിന്റെ ഭരണസമിതി. ധർമടം മണ്ഡലത്തിലെ പ്രമുഖ സഹകരണബാങ്കിൽ 32 ലക്ഷം രൂപ വായ്പാ കുടിശ്ശികയായ ചെമ്പിലോട്് പഞ്ചായത്തിലെ പ്രവാസിയുടെ കുടുംബമാണ് ബാങ്കിന്റെ ജപ്തി ഭീഷണി നേരിടുന്നത്.

ചെമ്പിലോട് പഞ്ചായത്തിലെ ഒൻപതാം വാർഡിലെ പുതുക്കുടി പുതിയപുരയിൽ ടി.റംസീന(32)യുടെ കുടുംബമാണ് കടക്കെണിയിൽ പെട്ടു എങ്ങോട്ടു പോകണമെന്ന് അറിയാതെ പകച്ചു നിൽക്കുന്നത്. ഇവരുടെ ഭർത്താവും സൗദിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലിക്കാരനുമായ കല്ലുള്ളതിൽ ബഷീർ കഴിഞ്ഞ മാർച്ച് 16ന് വിദേശത്തുവെച്ചു ഹൃദയാഘാതത്താൽ മരണമടഞ്ഞിരുന്നു. ഇതോടെയാണ് ഇദ്ദേഹത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന റംസീനയും ഒന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയും വിഷമവൃത്തത്തിലായത്.

മൗവ്വഞ്ചേരി സഹകരണ ബാങ്കിലെ പെരളശേരി ശാഖയിൽ നിന്നും വീടുനിർമ്മാണത്തിനും മറ്റുമായി 24,97,055 രൂപ ഇരിവേരി കനാലിനടുത്തു നിർമ്മിച്ച വീടു നിൽക്കുന്ന സ്ഥലം ഈടുവെച്ചു ബഷീർ വായ്പയെടുത്തിരുന്നു. എന്നാൽ സൗദിയിൽ നിതാഖത്തടക്കമുള്ള തൊഴിൽ പ്രശ്നങ്ങളുണ്ടാവുകയും ബഷീറിന് വായ്പ തുക അടയ്ക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുകയുമായിരുന്നു. കുടുംബനാഥന്റെ ആകസ്മിക വിയോഗത്തോടെ ഈ കുടുംബത്തിന് വായ്പ പൂർണമായി അടയ്ക്കാൻ കഴിയാതെ വരികയും ഏഴുലക്ഷത്തോളം രൂപ പലിശയും കൂട്ടുപലിശയുമായി പെരുകുകയും ഇപ്പോഴത് 32,45,539 രൂപയെന്ന ഭീമമായ സംഖ്യയായി മാറുകയും ചെയ്തു.

ബാങ്ക്് ജപ്തിക്കുള്ള വക്കീൽ നോട്ടീസ് അയക്കുകയും അദാലത്തിന് വിളിപ്പിക്കുകയും ചെയ്തു. പണം വസൂൽ ചെയ്യുന്നതിനായി ജപ്തി നടപടികളുമായി മുൻപോട്ടു പോകുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചതായി റംസീനയുടെ ഉമ്മ ഖദീജ പറഞ്ഞു. ഖദീജയും അവരുടെ ഭർത്താവ് ഹനീഫയുമാണ് ഇവർക്കൊപ്പമുള്ളത്. ചക്കരക്കൽ നഗരത്തിലെ ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് ഹനീഫ. വയോധികനായ ഇദ്ദേഹത്തിന്റെ വരുമാനം കൊണ്ടു മാത്രമാണ് കുടുംബം കഴിഞ്ഞു പോകുന്നത്. ഇവർക്ക് സ്വന്തമായി തറവാടു വീടോ മറ്റുതാമസസ്ഥലങ്ങളോയില്ല.

ഈ സാഹചര്യത്തിൽ ബാങ്ക് കുടിയൊഴിപ്പിച്ചാൽ എങ്ങോട്ടു പോകണമെന്ന് അറിയില്ലെന്നു ഖദീജ പറയുന്നു. ഭർത്താവ് മരിച്ചതിന്റെ ആഘാതത്തിൽ നിന്നും ഇനിയും റസീന വിമുക്തയായിട്ടില്ല. ബഷീർ മരിച്ചതിനു ശേഷം അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും സാമ്പത്തിക സഹായമോ മറ്റു ആനുകൂല്യങ്ങളോയൊന്നും ലഭിച്ചിട്ടില്ലെന്നു റംസീന പറയുന്നു. കോവിഡ് കാലത്ത് ബാങ്ക് വായ്പയുടെ പേരിൽ ജപ്തി നടപടികളൊന്നും പാടില്ലെന്ന് സർക്കാർ വിലക്കുണ്ടെങ്കിലും ഇതനുസരിക്കാൻ സഹകരണ ബാങ്ക് അധികൃതർ തയ്യാറല്ലെന്നാണ് സൂചന.

ഈ മേഖലയിൽ കോവിഡ് ബാധിച്ചു അത്താണി നഷ്ടപ്പെട്ട മറ്റുകുടുംബങ്ങളുമുണ്ട്. അവർക്കു വേണ്ടി പള്ളികമ്മിറ്റിയും നാട്ടുകാരും പിരിവു നടത്തിവരുന്നതിനാൽ റംസീനയുടെ കുടുംബത്തെ സഹായിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പള്ളിക്കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.മണലാരാണ്യത്തിൽ ഏറെക്കാലം കുടുംബത്തിനു വേണ്ടി വിയർപ്പൊഴുക്കിയ ബഷീറിനാകാട്ടെ കാര്യമായ സമ്പാദ്യങ്ങളോ സ്വത്തുക്കളോയൊന്നുമില്ല.

ഈ സാഹചര്യത്തിൽ ബാങ്കുകാർ ജപ്തി നടപടിയുമായി മുൻപോട്ടുപോയാൽ പെരുവഴിയിലാവുകയാണ് ഒരു യുവതിയും കുഞ്ഞും പ്രായമേറിയ മാതാപിതാക്കളും. എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ അദാലത്തിൽ ജപ്തി നടപടികളുമായി മുൻപോട്ടുപോകാനാണ് ബാങ്ക് അധികൃതർ തീരുമാനിച്ചതെന്നും ഇനി സമയമോ സാവകാശമോ നൽകാൻ ബാങ്ക് തയ്യാറായിട്ടില്ലെന്നും റംസീനയുടെ ഉമ്മ ഖദീജ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP