Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202127Tuesday

രവി പിള്ളയുടെ റാവിസ്, മരടിലെ ക്രൗൺപ്ലാസ, യൂസഫലിയുടെ വൻകിട കെട്ടിടം; മരടിലെ ഫ്ളാറ്റുകൾ പൊളിപ്പിച്ച സുപ്രീംകോടതിയുടെ കാർകശ്യത്തിൽ ഞെട്ടുന്നവരിൽ വമ്പന്മാരും; തീരദേശ നിയമം ലംഘിച്ചത് 65 വൻകിടക്കാരെന്ന റിപ്പോർട്ടിൽ അടയിരിക്കാൻ ഇനി സർക്കാരിനും കഴിയില്ല; മിനി മുത്തൂറ്റിന്റെ കാപ്പിക്കോ റിസോർട്ടിന് പിന്നാലെ താജ് വിവാന്ത ഹോട്ടലുകളും പൊളിക്കേണ്ടി വരുമോ? തീരദേശ പരിപാലന ചട്ട ലംഘംനത്തിന്റെ പരിധിയിൽ കേരളത്തിലെ 20,000 കെട്ടിടങ്ങൾ

രവി പിള്ളയുടെ റാവിസ്, മരടിലെ ക്രൗൺപ്ലാസ, യൂസഫലിയുടെ വൻകിട കെട്ടിടം; മരടിലെ ഫ്ളാറ്റുകൾ പൊളിപ്പിച്ച സുപ്രീംകോടതിയുടെ കാർകശ്യത്തിൽ ഞെട്ടുന്നവരിൽ വമ്പന്മാരും; തീരദേശ നിയമം ലംഘിച്ചത് 65 വൻകിടക്കാരെന്ന റിപ്പോർട്ടിൽ അടയിരിക്കാൻ ഇനി സർക്കാരിനും കഴിയില്ല; മിനി മുത്തൂറ്റിന്റെ കാപ്പിക്കോ റിസോർട്ടിന് പിന്നാലെ താജ് വിവാന്ത ഹോട്ടലുകളും പൊളിക്കേണ്ടി വരുമോ? തീരദേശ പരിപാലന ചട്ട ലംഘംനത്തിന്റെ പരിധിയിൽ കേരളത്തിലെ 20,000 കെട്ടിടങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തീരദേശ പരിപാലന നിയമത്തിന്റെ അന്തസത്ത വീണ്ടെടുത്ത് മരടിലെ നാല് ഫ്‌ളാറ്റുകൾ നിർദ്ദാക്ഷിണ്യം പൊളിച്ചു കളഞ്ഞു. രടിലെ ഫ്‌ളാറ്റ് പൊളിക്കൽ പൂർത്തിയായതോടെ സംസ്ഥാനത്തു തീരദേശ സംരക്ഷണ നിയമം ലംഘിച്ച ഇരുപതിനായിരത്തോളം കെട്ടിടങ്ങളുടെ ഭാവി സംബന്ധിച്ച് ആശങ്കയുയരുന്നു. നിയമലംഘനം കണ്ടെത്തി അറിയിക്കണമെന്ന സുപ്രീംകോടതി നിർദ്ദേശപ്രകാരം സർക്കാരിന്റെ പരിശോധന അന്തിമ ഘട്ടത്തിലെത്തി. റിപ്പോർട്ട് ഉടൻ കോടതിക്കു സമർപ്പിക്കും. തുടർനടപടികൾ കോടതി തീരുമാനപ്രകാരമായിരിക്കും.

തീരദേശ പരിപാലന നിയമം ലംഘിച്ച 65 വൻകിട പ്രോജക്ടുകളെക്കുറിച്ചു 2013ൽ റിപ്പോർട്ട് ലഭിച്ചിട്ടും 2017 വരെ തീരമേഖലാ പരിപാലന അഥോറിറ്റി നടപടികൾ കൈക്കൊണ്ടിരുന്നില്ല. എന്നാൽ സുപ്രീം കോടതി ഉത്തരവിലൂടെ മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചതോടെ സ്ഥിതി മാറി. ഇതോടെയാണ് നിയമലംഘനം നടത്തി ഫ്‌ളാറ്റുകളും റിസോർട്ടുകളും ഹോട്ടലുകളും കെട്ടിപൊക്കിയവരുടെ ഉറക്കം ഇപ്പോൾ നഷ്ടമാകുന്നത്. ഈ ലിസ്റ്റിൽ ഉള്ളത് ചില്ലറക്കാരല്ല, സംസ്ഥാന ഭരണത്തെ പോലും നിയന്ത്രിക്കാൻ കെൽപ്പുള്ള വൻകിടക്കാരാണ് ലിസ്റ്റിൽ ഉള്ളത്. പ്രവാസി വ്യവസായി രവിപിള്ളയുടെ പഞ്ചനക്ഷത്ര ഹോട്ടൽ മുതൽ എം യൂസഫലിയുടെയും മകളുടെയും ഉടമസ്ഥതയിലുള്ള വൻകിട കെട്ടിടം വരെ ഈ നിയമലംഘകരുടെ കൂട്ടത്തിലുണ്ടെന്നാണ് സൂചന. വൻകിട ഫ്ളാറ്റ് നിർമ്മാതാക്കളായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഫ്ളാറ്റും മരടിലെ തന്നെ ക്രൗൺപ്ലാസ ഹോട്ടലും ഈ ലിസ്റ്റിൽ പെടുന്നു. താജ് വിവന്ത പോലുള്ള വൻകിട ഹോട്ടലുകളും നിയമം ലംഘിച്ചു കെട്ടിപ്പൊക്കിയതാണെന്നാണ് 2013ലെ മറുനാടന് ലഭിച്ച ലിസ്റ്റിൽ നിന്നും വ്യക്തമാകുന്നത്. മരടിലെ ഫ്ളാറ്റ് പൊളിച്ച സാഹചര്യത്തിൽ അടുത്തതായി ഈ വൻകിട നിർമ്മാണങ്ങൾക്കും പണി കിട്ടുമോ എന്നാണ് അറിയേണ്ടത്.

തീരദേശത്തെ 10 ജില്ലകളിൽ സർക്കാർ നടത്തിയ പരിശോധനയിൽ 26,330 കെട്ടിടങ്ങളാണു കണ്ടെത്തിയത്. ഇതിൽ കെട്ടിടനിർമ്മാണച്ചട്ട ലംഘനം അടക്കമുള്ളവ ഉൾപ്പെട്ടതിനാൽ വിശദപരിശോധന നടത്തി അന്തിമപട്ടിക തയാറാക്കാനാണു സർക്കാർ തീരുമാനം. ഇതോടെ, കെട്ടിടങ്ങളുടെ എണ്ണം 20,000ൽ താഴെയാകുമെന്നാണു കണക്കുകൂട്ടൽ. പട്ടികയിൽ ഭൂരിഭാഗവും പാവപ്പെട്ട കുടുംബങ്ങളുടെ വീടുകളാണ്. തീരനിയമം ലംഘിച്ച് കെട്ടിടം ഉണ്ടായതിന് കാരണം സംവിധാനങ്ങളുടെ പിടിപ്പു കേടാണ്. അതുകൊണഅട് തന്നെ പാവപ്പെട്ട കുടുംബങ്ങളെ ഇവിടെ നിന്നൊഴിപ്പിച്ചാലും അവർക്ക് പുനരധിവാസം ഒരുക്കാൻ സർക്കാരിന് കഴിയും. അതുകൊണ്ട് തന്നെ അവർക്ക് ബുദ്ധിമുട്ടുകളില്ലാതെ തന്നെ നിയമം നടപ്പാക്കാൻ കഴിയും. അതിനിടെ വമ്പൻ പേരുകാർക്ക് വേണ്ടി ഈ റിപ്പോർട്ട് പൂഴ്‌ത്താനും സാധ്യതയുണ്ട്. എന്നാൽ സുപ്രീംകോടതിയുടെ കർശന നിലപാട് ഇതിന് തടസ്സവുമാണ്.

മരട് ഫ്‌ളാറ്റ് കേസിനിടെയാണു സംസ്ഥാനത്തെ മുഴുവൻ തീരദേശചട്ട ലംഘനങ്ങളുടെ കണക്കെടുക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകിയത്. സർക്കാർ രൂപീകരിച്ച കോസ്റ്റൽ ഡിസ്ട്രിക്ട് കമ്മിറ്റി (സിഡിസി)കളാണ് തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പട്ടിക തയാറാക്കിയത്. പട്ടികയെക്കുറിച്ചുള്ള പരാതികൾ അറിയിക്കാൻ ജില്ലാതലത്തിൽ കലക്ടർമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ നടത്തിയിരുന്നു. പരാതികളിൽ പുനഃപരിശോധന നടത്തിയശേഷം അന്തിമപട്ടിക തയാറാക്കും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2011ൽ പുറത്തിറക്കിയ വിജ്ഞാപനത്തിലെ ദൂരപരിധി അനുസരിച്ചുള്ള ചട്ടലംഘനങ്ങളാണു റിപ്പോർട്ടിലുള്ളത്. കഴിഞ്ഞവർഷം ദൂരപരിധി കുറച്ചു വിജ്ഞാപനം ഭേദഗതി ചെയ്തിരുന്നു. 

തുരുത്തുകളിൽ 20 മീറ്റർ ദൂരെയും കായലുകൾ, കണ്ടൽക്കാടുകൾ എന്നിവയുടെ 50 മീറ്റർ ദൂരെയും നിർമ്മാണം നടത്താം. എന്നാൽ, പുതിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള കോസ്റ്റൽ സോൺ മാനേജ്‌മെന്റ് പ്ലാൻ തയാറായിട്ടില്ല. സംസ്ഥാന സർക്കാർ പ്ലാൻ തയാറാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ച് അംഗീകാരം വാങ്ങണം. ഇതു നിലവിൽ വരുന്നതോടെ ഇപ്പോൾ ചട്ടലംഘനങ്ങളായി കണ്ടെത്തിയ കെട്ടിടങ്ങളിൽ ഭൂരിഭാഗവും നിയമപരിധിയിലാകുമെന്നാണു കണക്കുകൂട്ടൽ. പക്ഷേ, പുതിയ വിജ്ഞാപനത്തിനു മുൻകൂർ പ്രാബല്യം ലഭിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. മരടിലെ ഫ്‌ളാറ്റുകൾക്ക് നിയമ മാറ്റത്തിന്റെ ആനുകൂല്യം ലഭിച്ചിരുന്നില്ല. ഈ ഫ്‌ളാറ്റുകൾ കെട്ടിയപ്പോൾ നിലവിലുണ്ടായിരുന്ന ചട്ടം പാലിക്കപ്പെടേണ്ടതായിരുന്നുവെന്നാണ് സൂപ്രീംകോടതി നിരീക്ഷിച്ചത്. അതുകൊണ്ട് തന്നെ സർക്കാർ തയ്യാറാക്കുന്ന പട്ടികയിൽ സുപ്രീംകോടതിയുടെ നിലപാടാകും നിർണ്ണായകം. കെട്ടിടം നിർമ്മിക്കുമ്പോൾ 500 മീറ്ററായിരുന്നു ദൂരപരിധി. അത് പിന്നീട് കുറച്ചു. ഇതാണ് ഫ്‌ളാറ്റ് ഉടമകൾ കോടതിയിൽ ഉയർത്തി ന്യായം. എന്നാൽ കെട്ടിടം നിർമ്മിക്കുമ്പോഴുള്ള 500 മീറ്റർ ദുരപരിധി പാലിക്കാത്തത് നിയമ ലംഘനമാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ.

മരട് വിധി വന്നപ്പോൾ തന്നെ സിആർസെഡ് നിയമലംഘനത്തിന്റെ പരിധിയിലുള്ള 65 വൻകിട നിർമ്മാണങ്ങളുണ്ടെന്ന തീരമേഖലാ പരിപാലന അഥോറിറ്റിയുടെ (കെസിഇസഡ്എംഎ) റിപ്പോർട്ട് ഭരണകേന്ദ്രങ്ങൾക്ക് മുൻപാകെ വന്നിരുന്നു. 2019 ജൂൺ 7നു ചേർന്ന അഥോറിറ്റി യോഗത്തിന്റെ മിനിറ്റ്സിൽ ഈ കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അനധികൃത കെട്ടിടങ്ങൾക്ക് ഇനി ഇളവു നൽകാൻ സാധിക്കില്ലെന്നു മന്തിസഭാ യോഗം വിലയിരുത്തുകയും ചെയ്തിരുന്നു. സുപ്രീംകോടതിയുടെ രൂക്ഷ വിമർശനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗം ഇത്തരം ഒരു വിലയിരുത്തൽ നടത്തിയത്. സുപ്രീം കോടതിയുടെ ഉത്തരവ് എല്ലാ ഫ്ളാറ്റുകൾക്കും ബാധകമാണ്. തീരദേശ പരിപാലന നിയമത്തിൽ ഭേദഗതി വരുത്തിയെങ്കിലും കെട്ടിടം നിർമ്മിച്ച സമയത്തു നിലവിലുണ്ടായിരുന്ന നിയമമായിരിക്കും ബാധകം. ഇതു ലംഘിച്ചു നിർമ്മിച്ച കെട്ടിടങ്ങൾ പൊളിക്കേണ്ടി വരും. ഇക്കാര്യത്തിൽ ഇനി മറ്റു മാർഗമൊന്നുമില്ലെന്നാണ് മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറി അറിയിച്ചത്. സർക്കാരിന്റെ ഈ നിലപാടാണ് അനധികൃത നിർമ്മിതികളുടെ ഉടമകളെ ആശങ്കപ്പെടുത്തുന്നത്.

നിയമംലംഘിച്ച കെട്ടിടങ്ങളുടെ കാര്യം വിശദമായി പരിശോധിച്ചു റിപ്പോർട്ട് തയാറാക്കാൻ ചീഫ് സെക്രട്ടറിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. മുൻപ് കെട്ടിപ്പൊക്കിയ അനധികൃത കെട്ടിട നിർമ്മാണങ്ങൾ സ്വാധീനത്തിന്റെയും പണക്കൊഴുപ്പിന്റെയും മറവിൽ പിന്നീട് ക്രമപ്പെടുത്തി നൽകിയിട്ടുണ്ട്. മരട് വിധിയുടെ ബലത്തിൽ ഇങ്ങനെയുള്ള പലതും പൊളിക്കേണ്ടി വരും. കൊച്ചി ഇളംകുളം വില്ലേജിലാണ് ഏറ്റവും കൂടുതൽ നിയമ ലംഘനങ്ങൾ. 16 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പല നിർമ്മിതികളും പൊളിക്കൽ ഭീഷണി നേരിടുകയാണ്. റിസോർട്ടുകളും ഹോട്ടലുകളുമാണ് കൂടുതൽ ഉള്ളത്. പൊളിച്ചു മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട പാണാവള്ളി റിസോർട്ടും പൊളിച്ചു മാറ്റേണ്ടി വരും. വേമ്പനാട് തീരത്തുള്ള 5000 നിയമലംഘനങ്ങൾ എന്ത് ചെയ്യണമെന്നു തീരദേശ പരിപാലന അഥോറിറ്റിക്ക് ഇനി കുത്തിയിരുന്നു ചിന്തിക്കേണ്ടി വരും. കാരണം തീരദേശ പരിപാലന നിയമം ലംഘിച്ച 65 പ്രോജക്ടുകളെക്കുറിച്ചു 2013ൽ റിപ്പോർട്ട് ലഭിച്ചിട്ടും 2017 വരെ നടപടി സ്വീകരിക്കാത്തവരാണ് അഥോറിറ്റിയുടെ തലപ്പത്ത് ഇരുന്നത്. പക്ഷെ മരട് വിധിയോടെ കർശന നടപടികൾ സ്വീകരിക്കാൻ അഥോറിറ്റിയും സംസ്ഥാന സർക്കാരും നിർബന്ധിതരായിരിക്കുകയുമാണ്. സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം 1991 മുതൽ 2019 ഫെബ്രുവരി 25 വരെ കേരളത്തിലെ തീരദേശ പഞ്ചായത്തുകളിൽ 200 മീറ്റർ ദൂരപരിധിക്കുള്ളിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങളെല്ലാം അനധികൃതമാണ്.

ഇത്തരത്തിൽ നിർമ്മിച്ചവയിൽ വൻകിട ഹോട്ടലുകൾ ഉൾപ്പെടെയുണ്ട്. ഇക്കാര്യങ്ങൾ കോടതിയെ അറിയിക്കണം. ഇവ പൊളിച്ചു നീക്കാനുള്ള നടപടികൾ സ്വീകരിക്കണം മരട് ഉടമകൾ സർക്കാരിനോട് ആവശ്യപ്പെടുന്നു. മരട് ഫ്ളാറ്റ് പ്രശ്നത്തിൽ കേരളം തങ്ങൾക്കൊപ്പം നിന്നില്ല എന്ന തിരിച്ചറിവിന്റെ ബലത്തിൽ കൂടിയാണ് മരട് ഉടമകൾ ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നത്. കേരളത്തിൽ തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള നിർമ്മാണങ്ങൾക്കെല്ലാം കൂട്ടുനിന്നതു തീരദേശ പരിപാലന അഥോറിറ്റിയാണ്. സർക്കാർ അംഗീകാരത്തിന്റെ രേഖകൾ വിശ്വസിച്ചാണ് ഫ്ളാറ്റുകൾ വാങ്ങിയത്. ഞങ്ങളെ പറ്റിച്ച ബിൽഡർമാർക്കും അവർക്കു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും തീരദേശ പരിപാലന അഥോറിറ്റി അധികൃതർക്കും എതിരെ കേസെടുത്ത് അന്വേഷണം നടത്താൻ സർക്കാർ തയാറാവണം. ഫ്ളാറ്റ് നഷ്ടമായി എന്ന് ഉറപ്പ് വന്നതോടെ ഇതാദ്യമായി മരട് ഉടമകൾ തങ്ങൾക്ക് ഫ്ളാറ്റ് നൽകി വഞ്ചിച്ച കെട്ടിട നിർമ്മാതാക്കൾക്ക് എതിരെ കൂടി പരസ്യമായ നിലപാട് സ്വീകരിക്കുകയാണ്.

നിയമം ലംഘിച്ച് നിർമ്മിച്ചതെന്ന് കേരള തിരദേശ പരിപാലന അഥോറിറ്റിയുടെ റിപ്പോർട്ടിൽ അസന്ദിഗ്ധമായി വിലയിരുത്തുന്ന 65 നിർമ്മിതികളുടെ വിശദാംശങ്ങൾ ഇപ്പോൾ വെളിയിൽ വന്നിട്ടുണ്ട്. ജില്ല തിരിച്ചുള്ള അനധികൃത നിർമ്മിതികളുടെ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇവ പൊളിക്കുമോ, അഥവാ പൊളിക്കൽ പരിധിയിൽ വരുമോ എന്നാണ് ആകാംക്ഷ ഉയരുന്നത്. കൊച്ചിയിൽ മാത്രം 24 കെട്ടിടങ്ങൾ പാളിക്കൽ പരിധിയിലുണ്ട് (ഈ പട്ടികയിലുള്ള നാല് ഫ്‌ളാറ്റുകളാണ് പൊളിച്ചത്).

കൊച്ചിയിലെ അനധികൃത നിർമ്മാണങ്ങൾ:

1. ഗാലക്സി റീജന്റ് അപ്പാർട്ട്മെന്റ് ഇളംകുളം
2. ഹീര വാട്ടെഴ്സ് ഇളംകുളം
3. ജുവൽ ഹോംസ് പൂണിത്തുറം
4. സോണി ബിൽഡ്കോൺ (ഇളംകുളം)
5.എം.എ.യൂസഫലി ആൻഡ് സാബുറ യൂസഫലിയ എറണാകുളം
6.എടല ബിൽഡേഴ്സ്, പൂണിത്തുറ
7. ഗാലക്സി ക്ലിഫ് ഫോർട്ട്, ഇളംകുളം
8.എം.സി.ബാസിൽ എബാഡ് ലോട്ടസ് ലെയ്ക്ക്. ഇളംകുളം
9.സിറിൽ പോൾ ആൻഡ് നിഷ സി പോൾ ഇളംകുളം
10.ഗോൾഡൻ കായലോരം മരട്
11.ലില്ലിപുട്ട് സി ഫെയ്സ് പള്ളിപ്പുറം
12.മുഹമ്മദലി ബിൽഡിങ് കുഴിപ്പള്ളി
13. ആൽഫ വെന്റ്വെഴ്സ് മരട്
14. ജെയിൻ ഹൗസിങ് മരട്
15. ഹോളിഫെയ്ത്ത്, മരട്
16. ഹോളിഡെ ഹെറിട്ടേജ് മരട്
17.കെന്റ് ബേ വാർച്ച് വാട്ടർ ഇടക്കൊച്ചി
18.ചോയിസ് മെറീന കൊച്ചി
19.ക്രൌൺ പ്ലാസ മരട്
20. അമ്പാടി റിട്രീറ്റ്-എറണാകുളം.
21.പേൾസ് ഗാർഡൻസ്-എറണാകുളം
22.അമ്പാടി റിട്രീറ്റ് റെസ്റ്റോറന്റ് എറണാകുളം
23.ബ്ലൂ ലഗൂൺ വാട്ടർ ഫ്രന്റ് എൻക്ലെവ്, എറണാകുളം
24.മാഗി ഡേവിസ് അങ്കമാലി

തിരുവനന്തപുരം

25. സ്മുഡ്രദാര ഹോട്ടൽ വിഴിഞ്ഞം
26.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് നടരാജൻ ബീച്ച് റിസോർട്ട് കോവളം
27.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് ഹോട്ടൽ സൂര്യ ബീച്ച് റിസോർട്ട് കോവളം
28.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് ഹോട്ടൽ സീ ഫെയ്സ് കോവളം
29.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് സയ്യിദ് മുഹമ്മദ് നിസാൽ-(ഹോട്ടൽ നസാ ടൂറിസ്റ്റ് ഇൻ) കോവളം
30.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് പുരുഷോത്തമൻ ആർ (ഹോട്ടൽ പൂജാ മഹൽ)
31.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് ചന്ദ്രശേഖരൻ (ഹോട്ടൽ സീ വ്യൂ പാലസ്) കോവളം
32.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് സുരേഷ് കുമാർ കെ.ജി. (ഹോട്ടൽ മറൈൻ പാലസ്)കോവളം
33.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് എൻ.സുധാകരൻ (ജീവൻ ആയുർവേദിക് ബീച്ച് റിസോർട്ട്)
34.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് ആൻദ്രിയാസ് ഹീറ്റ്മാൻ, സിഇഒ ഓഫ് തപോവൻ ഹെറിട്ടേജ് ഹോം, വിഴിഞ്ഞം
35. ഹീര ഡെവലപ്പെഴ്സ്, ആക്കുളം
36. ഹോട്ടൽ വിവാന്ത, താജ് കോവളം
37. ഹോട്ടൽ ലേക്ക് പാലസ് കഠിനംകുളം
38. ടൂറിസം ഡിപ്പാർട്ട്മെന്റ് ബോട്ട് ക്ലബ് കാപ്പിൽ

കണ്ണൂർ

39.സീവർ കൺസ്ട്രക്ഷൻസ്
40. സെയ്ഫ് ഹോം ബിൽഡെഴ്സ്
41. സ്റ്റേ ഹോംസ്
42. മലബാർ ബിൽഡർ
43.എ ന്യൂ ബിൽഡിങ് ക്ലിഫ് റോഡ്
44. എ ലാർജ് ഹോട്ടൽ കൺസ്ട്രക്ഷൻസ്
45.സീ റോക്ക് റിസോർട്ട്സ്

കൊല്ലം

46. സുന്ദര ബീച്ച് റിസോർട്ട്, കോട്ടുകാൽ
47. ഹോട്ടൽ റാവിസ്, തൃക്കടവൂർ
48.ഓൾ സീസൺ റിസോർട്ട്, തൃക്കടവൂർ
49. ഹോട്ടൽ ഫ്രാഗ്രന്റ് നാച്ചുർ
50.രിക്ലമേഷൻ ഓഫ് വെറ്റ് ലാന്റ് ബൈ ശശികല, കാഞ്ഞവേൽ
51. ബണ്ട് കൺസ്ട്രക്ഷൻ കേരള ലാന്റ് ഡെവലപ്മെന്റ് കോർപ്പറെഷൻ, മലക്കയൽ

കോഴിക്കോട്

52. ബീഫാത്തിമ ബീവി ട്രസ്റ്റ്, കടലുണ്ടി
53. കോരിത് ഗോൾഫ് ലിങ്ക്സ് ബിൽഡേഴ്സ്, കോഴിക്കോട്
54.പെന്റഗൺ ബിൽഡേഴ്സ്, കോഴിക്കോട്
55. അപ്പോളോ ബിൽഡേഴ്സ്, കോഴിക്കോട്

ആലപ്പുഴ

56. കാപികോ റിസോർട്ട്, പനവള്ളി(ഇത് പൊളിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു കഴിഞ്ഞു-മിനി മുത്തൂറ്റിന് പങ്കാളിത്തമുള്ളതാണ് ഈ റിസോർട്ട്)
57.വാസു കൊക്കോ റിസോർട്ട്, വയലാർ
58.പ്രസ്റ്റീൻ ഐസൽ റിസോർട്ട്, കോടംതുരുത്ത്

കാസർകോട്

59.ഗ്രീൻ ഗേറ്റ് വേ ലൈഷർ ലിമിറ്റഡ് കൈകാൻ
60. ഹോട്ടൽ വിവാന്ത താജ്, ബേക്കൽ

പ്രൈവറ്റ് ബിൽഡിങ്

61. തോമസ് ക്ലിയോപ്ലസ്, കല്ലുവിള, തിരുവനന്തപുരം
62. ബിന്ദു സുനിൽ റസിഡൻഷ്യൽ ബിൽഡിങ്
63.എം.എ.ബാബു മൂപ്പൻ കമേർഷ്യൽ ബിൽഡിങ്
64.എം.എം.മാർട്ടിൻ റസിഡൻഷ്യൽ ബിൽഡിങ്
65. സി.ജെ.റോയി. കോൺഫിഡന്റ് ഗ്രൂപ്പ്, ഫ്ളാറ്റ്

ഇതാണ് തീരദേശ പരിപാലന അഥോറിറ്റി ചൂണ്ടിക്കാണിച്ച പ്രധാന നിയമലംഘനങ്ങൾ. തങ്ങളുടെ ഫ്ളാറ്റുകൾ പൊളിക്കാൻ തീരുമാനിച്ച അവസ്ഥയിൽ ഈ അനധികൃത കെട്ടിടങ്ങളുടെ വിവരങ്ങളും സർക്കാർ അടിയന്തിരമായി സുപ്രീംകോടതിയിക്ക് കൈമാറണമെന്നാണ് മരട് ഫ്ളാറ്റ് ഉടമകൾ അവശ്യപ്പെടുന്നത്. ഈ കെട്ടിടങ്ങളുടെ ഭാവിയും സിആർസെഡ് നിയമലംഘനങ്ങളുടെ സാഹചര്യത്തിൽ തുലാസിൽ ആടുകയാണ്. 2018-ൽ കേരളത്തിലെ മഹാപ്രളയവും തുടർന്നുണ്ടായ സാമൂഹികപ്രശ്‌നങ്ങളും വിലയിരുത്തിയാണ് സുപ്രീംകോടതി മരട് വിഷയത്തിൽ കർശന നിലപാടിലേക്കു നീങ്ങിയത്. ഈ വിധിക്കു തൊട്ടു പിന്നാലെ കഴിഞ്ഞ 23ന് ഒരു ഇടക്കാല ഉത്തരവിലൂടെ തീരദേശനിയമലംഘനം നടത്തി നിർമ്മിച്ചിട്ടുള്ള കേരളത്തിലെ എല്ലാ നിർമ്മാണ പ്രവൃത്തികളും അറിയിക്കാൻ സംസ്ഥാന സർക്കാരിനോടു കോടതി നിർദ്ദേശിച്ചിട്ടുമുണ്ട്.

ജില്ലകളിൽ കണ്ടെത്തിയ തീരദേശചട്ട ലംഘനങ്ങൾ

തിരുവനന്തപുരം 3535
കൊല്ലം 4868
ആലപ്പുഴ 4536
എറണാകുളം 4239
കോട്ടയം 147
തൃശൂർ 852
മലപ്പുറം 731
കോഴിക്കോട് 3848
കാസർകോട് 1379
കണ്ണൂർ 2195

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP