Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചികിത്സാ പിഴവിനെ തുടർന്ന് ഒരു വർഷത്തിനിടെ പലർക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് പരാതി; ആശുപത്രിയുടെ പ്രവർത്തനത്തിന് മതിയായ ലൈസൻസ് ഇല്ലെന്ന ആക്ഷേപം ഉയർത്തി ബിജെപിയും; പ്രസവത്തെ തുടർന്ന് യുവതി മരിച്ച ഏറ്റൂമാനൂർ തെള്ളകത്തെ മിറ്റേറ ആശുപത്രിക്കെതിരെ ഉയരുന്നത് നിരവധി ആരോപണങ്ങൾ; ലക്ഷ്മി പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷം ഡോക്ടർമാർ അറിയിച്ചത് സുഖമായിരിക്കുന്നുവെന്ന്; രക്തസ്രാവം ഉണ്ടായതായി ബന്ധുക്കളെ അറിയിച്ചത് ഒരു മണിക്കൂറിന് ശേഷവും

ആർ പീയൂഷ്

കോട്ടയം: അഭിഭാഷകന്റെ ഭാര്യ പ്രസവത്തെ തുടർന്ന് മരിച്ചതിന് പിന്നാലെ തെള്ളകത്തെ മിറ്റേറ ആശുപത്രിക്കെതിരെ ഉയരുന്നത് നിരവധി ആരോപണങ്ങൾ. ഇവിടുത്തെ ചികിത്സാ പിഴവിനെ തുടർന്നു കഴിഞ്ഞ ഒരു വർഷത്തിനിടെ പലർക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതായാണ് പരാതി ഉയർന്നിരിക്കുന്നത്. ആശുപത്രി അധികൃതരുടെ ഭീഷണിമൂലം പല കേസുകളിലും കുട്ടികളുടെ ബന്ധുക്കളോ മാതാപിതാക്കളോ പരാതി പോലും നൽകാറില്ല. എന്നാൽ, ആശുപത്രിയ്‌ക്കെതിരെ നിലവിൽ പരാതി ഉയർന്ന സാഹചര്യത്തിൽ കൂടുതൽ ആളുകൾ പരാതിയുമായി രംഗത്ത് വരുന്നുണ്ട് എന്നാണ് വിവരം. ആശുപത്രിയുടെ ഡയറക്ടർ ഡോക്ടർ ജയ്പാൽ ജോൺസണെതിരെ മുൻപും ചികിത്സാ പിഴവിന് കേസുണ്ടായിട്ടുണ്ട്.

ഇവിടെ ചികിത്സയ്ക്കു വലിയ തുകയാണ് ആശുപത്രി അധികൃതർ ഫീസായി ഈടാക്കുന്നത്. വിദേശത്തു നിന്നും അടക്കം പ്രത്യേക ചികിത്സയ്ക്കായി ആളുകൾ എത്താറുണ്ട്. ഫൈസ്റ്റാർ ഫെസിലിറ്റിയാണ് ഇവിടെ രോഗികൾക്ക് നൽകുന്നത് എങ്കിലും ചികിത്സാ സംബന്ധമായി ഇവർ വളരെ പിന്നിലാണ്. ജയ്പാൽ മുൻപ് മാതാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായിരുന്നു. ഇതേ ആശുപത്രിയിലുണ്ടായിരുന്ന പീഡിയാട്രീഷൻ ഡോക്ടർ പാറ്റാനി എന്നിവരും മറ്റു കുറച്ച് ഡോക്ടർമാരും പൊന്മാങ്കൽ ബിൽഡേഴുസുമായി ചേർന്ന് രണ്ട് വർഷം മുൻപായിരുന്നു ആശുപത്രി ആരംഭിച്ചത്. അന്ന് തന്നെ മിറ്റേര ആശുപത്രിയുടെ ലൈസൻസ് അടക്കമുള്ള വിഷയങ്ങളിൽ ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ അഭിഭാഷകന്റെ ഭാര്യയുടെ മരണം സംഭവിച്ചിരിക്കുന്നത്.

ഇത് ആശുപത്രിയുടെ പ്രവർത്തനത്തെ അടക്കം സാരമായി ബാധിക്കുന്നതാണ്. ആശുപത്രിയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്നും, കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും വിവിധ കോണുകളിൽ നിന്നും ആവിശ്യം ഉന്നയിക്കുന്നുണ്ട്. ഇതിനിടെ, ആശുപത്രിക്കു മതിയായ ലൈസൻസുകൾ ഇല്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. മതിയായ ലൈസൻസില്ലാതെയാണ് ആശുപത്രി പ്രവർത്തിക്കുന്ന ആരോപണം ഉയർത്തി പ്രതിഷേധവുമായി ബിജെപി ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റിംഗത്ത് എത്തിയിരിക്കുകയാണ്.

24 നാണ് പ്രസവത്തെ തുടർന്ന് യുവതി മരിച്ചത്. കോട്ടയം ബാറിലെ അഭിഭാഷകൻ പേരൂർ തച്ചനാട്ടേൽ അഡ്വ. ടി.എൻ. രാജേഷിന്റെ ഭാര്യ അരീപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപിക ജി.എസ്.ലക്ഷ്മി (41) പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷം മരണപ്പെടുകയായിരുന്നു. മരണത്തിന് കാരണം ആശുപത്രി അധികൃതരുടെഅനാസ്ഥയും ചികിത്സാപിഴവുമാണെന്ന് കാട്ടി ഏറ്റുമാനൂർ പൊലീസിനാണ് പരാതി നൽകിയിരിക്കുന്നത്.

വ്യാഴാഴ്ചയാണ് ലക്ഷ്മിയെ തെള്ളകത്തെ മിറ്റേരാ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച നാലര മണിയോടെ ലക്ഷ്മി പെൺകുഞ്ഞിന് ജന്മം നൽകി. സുഖപ്രസവമായിരുന്നു എന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഡോക്ടർ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കൾ അമ്മയേയും കുഞ്ഞിനെയും കാണുകയും ചെയ്തിരുന്നു. എന്നാൽ വൈകിട്ട് അഞ്ചരയോടെ ലക്ഷ്മിക്ക് രക്തസ്രാവം ഉണ്ടായി എന്നും രക്തം ആവശ്യമുണ്ടെന്നും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. ആശുപത്രിയിൽ നിന്നു തന്നെ രക്തം തൽക്കാലം നൽകാമെന്നും പിന്നീട് രക്തം പകരം നൽകണമെന്നും അറിയിച്ചു.

എന്നാൽ ഏഴു മണിയോടെ ലക്ഷ്മിയുടെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും രണ്ട് തവണ ഹൃദയസ്തംഭനം ഉണ്ടായെന്നും അധികൃതർ ബന്ധുക്കളെ അറിയിച്ചു. രക്തസ്രാവം നിലയ്ക്കാത്തതിനാൽ ഗർഭപാത്രം നീക്കിയെന്ന് ഏഴരയോടെ ഡോക്ടർ അറിയിച്ചതായി ബന്ധുക്കൾ സ്റ്റേഷനിൽ നൽകിയ മൊഴിയിൽ പറയുന്നു. ഇതിനിടെ ജീവൻ നിലനിർത്താൻ ആവശ്യമായ മരുന്ന് കോട്ടയത്ത് ലഭ്യമല്ലെന്നും എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ എത്തിക്കുന്നുണ്ടെന്നും അറിയിച്ചു. എന്നാൽ ബന്ധുക്കളുടെയും രാജേഷിന്റെയും സുഹൃത്തുക്കളുടെയും അന്വേഷണത്തിൽ തെള്ളകത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ഈ മരുന്ന് ലഭ്യമാണെന്ന് അറിഞ്ഞു. ഈ വിവരം ഡോക്ടറെ അറിയിച്ചെങ്കിലും അവരുടെ പെരുമാറ്റം സംശയം ജനിപ്പിക്കുന്ന രീതിയിലായിരുന്നു എന്നാണ് ആരോപണം.

മരുന്ന് ലഭിച്ചാലും ലക്ഷ്മിയുടെ ജീവൻ രക്ഷിക്കാനാവുമെന്ന് തോന്നുന്നില്ലെന്ന് ചികിത്സിച്ച ഡോക്ടർ പറഞ്ഞുവെന്ന് ബന്ധുക്കൾ പറഞ്ഞു. 8.45 ഓടെയാണ് ലക്ഷ്മി മരിച്ചെന്ന് ഭർത്താവിനെ അറിയിച്ചത്. അമിതരക്തസ്രാവമാണ് ലക്ഷ്മിയുടെ മരണത്തിന് കാരണമായതെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സംശയം ജനിപ്പിക്കുന്ന പെരുമാറ്റവും അവസാനനിമിഷം മരുന്ന് ലഭിക്കുന്നില്ലെന്ന് പറഞ്ഞതുമാണ് ചികിത്സാപ്പിഴവ് ഉണ്ടായെന്നുള്ള ആരോപണത്തിലേക്ക് വഴിവച്ചത്.

പരാതിയുടെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പൊലിസ് അന്വേഷണം ആരംഭിച്ചു. മരിച്ച ലക്ഷ്മി തിരുവനന്തപുരം സ്വദേശിനിയാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. എസ്.എം.വി ഗ്ലോബൽ സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനി ശ്രീലക്ഷ്മി മകളാണ്. സംസ്‌ക്കാരം ശനിയാഴ്ച വൈകിട്ട് 5 മണിക്ക് വീട്ടു വളപ്പിൽ നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP