Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൊബൈൽ ഫോൺ വാങ്ങിയാൽ ഇൻഷുറൻസ് അടിച്ചേൽപ്പിക്കും; മൊബൈൽ കത്തിയാലും കളവുപോയാലും ഉടൻ പണം; കേടുവന്നാൽ സർവീസും ഫ്രീ; വാഗ്ദാനങ്ങൾ കേട്ട് പോത്തീസ് ഷോപ്പിങ് സെന്ററിൽ നിന്ന് ഫോൺ വാങ്ങിയവർക്ക് ഇപ്പോൾ പണവുമില്ല ഫോണുമില്ല

മൊബൈൽ ഫോൺ വാങ്ങിയാൽ ഇൻഷുറൻസ് അടിച്ചേൽപ്പിക്കും; മൊബൈൽ കത്തിയാലും കളവുപോയാലും ഉടൻ പണം; കേടുവന്നാൽ സർവീസും ഫ്രീ; വാഗ്ദാനങ്ങൾ കേട്ട് പോത്തീസ് ഷോപ്പിങ് സെന്ററിൽ നിന്ന് ഫോൺ വാങ്ങിയവർക്ക് ഇപ്പോൾ പണവുമില്ല ഫോണുമില്ല

അരുൺ ജയകുമാർ

തിരുവനന്തപുരം: ഫോണിനെന്തുപറ്റിയാലും പണം നഷ്ടപ്പെടാതിരിക്കാൻ ഇൻഷ്വർ ചെയ്യുന്നവർ കരുതിയിരിക്കുക. ഇല്ലാത്ത കമ്പനിയുടെ പേരിൽ ഇൻഷ്വറൻസ് തുകയടച്ച് ഫോൺ വാങ്ങുന്നവർ ഫോണിന് തകരാറു പറ്റുമ്പോൾ വിവരമറിയും. ഫോണിനൊപ്പം നിസ്സാര തുക മുടക്കി ഇൻഷുറൻസ് എടുക്കൂ. ഫോൺ മോഷണം പോയാലും കത്തിപ്പോയാലും വെള്ളത്തിൽ പോയാലും പുതിയ ഫോൺ നൽകും. ഇല്ലെങ്കിൽ 95% തുകയും തിരികെ നൽകും - ഇത്തരം വാഗ്ദാനങ്ങളുമായി കൊൽക്കത്ത ആസ്ഥാനമായ ഡിഎൻഎ എന്ന കമ്പനിയുടെ പേരുപറഞ്ഞ് ഫോൺ വാങ്ങുമ്പോൾ പോത്തീസിൽ നൽകുന്ന ഇൻഷ്വറൻസ് വ്യാജമെന്ന് വ്യാപക പരാതി.

പോത്തീസിനും ഡിഎൻഎ എന്ന ഇൻഷ്വറൻസ് കമ്പനിക്കുമെതിരെ ഉപഭോക്തൃ കോടതിയിൽ ഇത്തരം നിരവധി കേസുകളാണ് എത്തിയിട്ടുള്ളത്. ഫോണിനു തകരാർ വന്ന് ഈ ഇൻഷ്വറൻസ് കമ്പനിയെപ്പറ്റി അന്വേഷിച്ചാൽ ഒരു വിവരവും ലഭിക്കില്ല. അവരുടെ കസ്റ്റമർ കെയർ എന്നു പറഞ്ഞ് തരുന്ന നമ്പർ നിലവിലില്ലെന്ന മറുപടിയാണെപ്പോഴും. ഇനി പോത്തീസിൽ തന്നെ പരാതിയുമായി ചെന്നാലോ അവരും കൈമലർത്തും. ഫലത്തിൽ വൻതുക നൽകി വാങ്ങുന്ന ഫോണിന് പൂർണ സംരക്ഷണത്തിനായി ഇൻഷ്വറൻസിന് നൽകിയ തുകയുൾപ്പെടെ എല്ലാം നഷ്ടം.

പോത്തീസ് ഷോപ്പിംങ്ങ് സെന്ററിൽ നിന്നും മൊബൈൽ ഫോൺ ഇൻഷുറൻസ് എന്ന പേരിൽ പോളിസി വിറ്റിരുന്ന ഡിഎൻഎ എന്ന സ്ഥാപനം വെറും കടലാസുകമ്പനി മാത്രമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. തിരുവനന്തപുരം പോത്തീസിൽ നിന്നും മൊബൈൽ ഫോൺ വാങ്ങുമ്പോൾ നിർബന്ധിപ്പിച്ച് ഇൻഷുറൻസ് അടിച്ചേൽപ്പിക്കുകയാരുന്നുവെന്ന് കബളിപ്പിക്കപ്പെട്ട ഉപഭോക്താക്കൾ പറയുന്നു. ഫോൺ വാങ്ങുന്നവരോട് പ്രത്യേക ഓഫർ എന്ന പേരിലാണ് ഈ പോളിസികൾ വിറ്റിരുന്നത്. ഫോൺ നഷ്ടപ്പെടുക, മോഷ്ടിക്കപ്പെടുക, വെള്ളത്തിൽ വീണു കേടുപറ്റുക തുടങ്ങി എന്തുസംഭവിച്ചാലും പുതിയ ഫോൺ ലഭിക്കുമെന്നും സൗജന്യമായി റിപ്പയർ ചെയ്ത് നൽകുമെന്നുമാണ് പോളിസി വാഗ്ദാനം.

പോത്തീസ് സെന്ററിലെ സെയിൽസ്മാൻ തന്നെയാണ് ഇൻഷ്വറൻസ് കാൻവാസിംഗും. വലിയ കമ്പനിയാണെന്നും മറ്റും തെറ്റിധരിപ്പിച്ചാണ് പോളിസി എടുപ്പിച്ചിരുന്നത്. വൻതുക നൽകി ഫോൺ വാങ്ങുന്നവർ 600 രൂപ കൂടി മുടക്കി പോളിസി വാങ്ങും എന്ന കച്ചവടതന്ത്രം വ്യക്തമായി മുതലാക്കി വരികയായിരുന്നു പോത്തീസ് ഷോപ്പിംങ്ങ് സെന്റർ അധികൃതർ. ഏതൊരു ഉപഭോക്താവിനേയും വളരെ എളുപ്പം വീഴ്‌ത്താവുന്ന ടെക്‌നിക്ക് തന്നെയാണ് ഇത്. പോളിസി വേണ്ടെന്ന് എത്ര തവണ പറഞ്ഞാലും വീണ്ടും നിർബന്ധിച്ച് എടുപ്പിക്കുന്ന രീതിയാണ് നിലനിന്നിരുന്നത്. ഡിഎൻഎ എന്ന കമ്പനിയെകുറിച്ച് കേട്ടിട്ടില്ലെന്നു പറഞ്ഞാൽ ഉടനെ വരും കൊൽക്കത്ത ആസ്ഥാനമായ കമ്പനിയാണെന്നും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം കമ്പനിക്ക് ശാഖകളുണ്ടെന്നുമെല്ലാം മറുപടി.

അടുത്തിടെ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ഡിഎൻഎ എന്ന കമ്പനിയെകുറിച്ച് പരാതികൾ വ്യാപകമായി ലഭിക്കുന്നുവെന്നാണ് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ മനസ്സിലായത്. തിരുവനന്തപുരം മലയൻകീഴ് സ്വദേശി അനീഷ് മോഹൻ ഡിഎൻഎക്കെതിരെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ നൽകിയ പരാതിയിൽ ഇതുവരെ ഫോറത്തിനു മുന്നിൽ കമ്പനിക്കുവേണ്ടി ആരും ഹാജരായില്ല. പോത്തീസിന്റെ തരുവനന്തപുരം എംജി റോഡിലെ ഷോറൂമിൽ നിന്ന് 2014 ഡിസംബർ പതിമൂന്നിനാണ് പാർട് ടൈം ജോലികൾ ചെയ്തുവന്ന ബിരുദ വിദ്യാർത്ഥി അനീഷ് ലാവാ കമ്പനിയുടെ 7600 രൂപ വിലയുള്ള മൊബൈൽ വാങ്ങിയത്. ഇതിനൊപ്പം 600 രൂപ നൽകി ഫോൺ ഡിഎൻഎയിൽ ഇൻഷ്വർ ചെയ്തു. വളരെ നല്ല ഓഫർ ആണെന്ന് പറഞ്ഞ് അടിച്ചേൽപ്പിക്കുകയായിരുന്നു. കമ്പനിയെകുറിച്ച് കേട്ടിട്ടില്ലെന്ന് പറഞ്ഞപ്പോൾ തിരുവനന്തപുരം നഗരത്തിലുൾപ്പെടെ ഡിഎൻഎക്ക് ശാഖകളുണ്ടെന്ന് പറഞ്ഞാണ് പോളിസി എടുപ്പിച്ചത്.

എന്നാൽ പിന്നീട് ഫോണിന്റെ ഡിസ്‌പ്ലേ പൊട്ടിയതിനെ തുടർന്ന് ശരിയാക്കുന്നതിനായി സർവീസ് സെന്ററിലെത്തിയപ്പോൾ 6500 രൂപയാകുമെന്ന് പറഞ്ഞു. എന്നാൽ ഇൻഷുറൻസ് ഉള്ളതിനാൽ ഡിഎൻഎ എന്ന കമ്പനിയുടെ തിരുവനന്തപുരത്തെ ഓഫീസ് തേടി ഇറങ്ങിയെങ്കിലും അങ്ങനെയൊരു ഓഫീസ് നഗരത്തിലൊരിടത്തും ഉണ്ടായിരുന്നില്ല.തുടർന്ന് ഇതേക്കുറിച്ച് തിരക്കിയപ്പോൾ 03364996333 ഡിഎൻഎ കസ്റ്റമർ കെയർ സെന്റർ നമ്പർ നൽകുകയും അതിൽ ബന്ധപ്പെട്ടാൽ ക്ലെയിം ചെയ്യുന്നതിനുള്ള രീതി അവർ പറഞ്ഞുതരുമെന്നും ആയിരുന്നു പോത്തീസിൽ നിന്നുള്ള മറുപടി. പക്ഷേ, നമ്പർ നിലവിലില്ലാ എന്ന പ്രതികരണമാണ് ലഭിച്ചത്. തുടർന്ന്  www.antivirus.ind.in  സൈറ്റിന്റെ മെയിൽ ഐഡിയിലേക്ക്‌ പല തവണ മെയിൽ ചെയ്‌തെങ്കിലും അതിനും മറുപടിയില്ല.

പോത്തീസിന്റെ തന്നെ മൊബൈൽ സെക്ഷനിൽ പരാതി ഉന്നയിച്ച് ഇൻഷുറൻസ് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ നാളെ വരൂ എന്ന മറുപടിയായിരുന്നു ഓരോതവണയും. പിന്നീട് അൽപ്പം ക്ഷുഭിതനായി സംസാരിച്ചപ്പോൾ മൊബൈൽ ഫോൺ സെക്ഷന്റെ ഇൻചാർജിനെ കാണാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതേക്കുറിച്ച് ഷോറൂമിൽ വച്ച് സംസാരിച്ചപ്പോൾ മറ്റ് കസ്റ്റമേർസ് കേൾക്കുന്ന രീതിയിൽ സംസാരിക്കരുതെന്നായിരുന്നു നിലപാട്. പ്രസ്തുത ഇൻഷുറൻസ് കമ്പനിയുടെ പോളിസികൾ വിൽക്കുന്നത് പോത്തീസിലെ തന്നെ സെയിൽസ്മാൻ ആണെന്നിരിക്കെ കള്ളപ്പേരിൽ പോത്തീസ് തന്നെ നടത്തുന്ന കടലാസിൽ മാത്രം പ്രാബല്യത്തിലുള്ള കമ്പനിയാണ് ഡിഎൻഎ എന്ന സംശയവും ശക്തമാണ്. മാത്രമല്ല പോത്തീസിന്റെ ഷോറൂമിൽ വച്ചാണ് പോളിസി വിൽക്കുന്നത് എന്നിരിക്കെ പോത്തീസിനെ കൂടി പ്രതിചേർത്താണ് കബളിപ്പിക്കപ്പെട്ടവർ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പരാതി നൽകുന്നത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP