Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രസവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ ബന്ധുക്കളുടെ അനുമതി വാങ്ങാതെ സിസേറിയൻ നടത്തി; പിന്നാലെ എത്തിയത് കഴുത്തറപ്പൻ ബില്ലും; പരാതി പറഞ്ഞപ്പോൾ ആശുപത്രി കടത്തിലാണു പ്രവർത്തിക്കുന്നതെന്നു മാനേജ്‌മെന്റ്; പരപ്പനങ്ങാടി എകെജി സഹകരണ ആശുപത്രി രോഗികളെ കൊള്ളയടിക്കുന്നത് ഇങ്ങനെ

പ്രസവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ ബന്ധുക്കളുടെ അനുമതി വാങ്ങാതെ സിസേറിയൻ നടത്തി; പിന്നാലെ എത്തിയത് കഴുത്തറപ്പൻ ബില്ലും; പരാതി പറഞ്ഞപ്പോൾ ആശുപത്രി കടത്തിലാണു പ്രവർത്തിക്കുന്നതെന്നു മാനേജ്‌മെന്റ്; പരപ്പനങ്ങാടി എകെജി സഹകരണ ആശുപത്രി രോഗികളെ കൊള്ളയടിക്കുന്നത് ഇങ്ങനെ

എം പി റാഫി

മലപ്പുറം: ആശുപത്രികളുടെ കൊള്ള ഇന്നു നിത്യസംഭവമായി മാറിയിട്ടുണ്ട്. ഇതിൽ ഗർഭിണികളെയും അനുബന്ധ ചികിത്സക്കെത്തുന്നവരെയുമാണ് സ്വകാര്യ, സഹകരണ മേഖലയിലെ ആശുപത്രികൾ കൂടുതലായി ചൂഷണത്തിന് ഇരയാക്കുന്നത്. ഇത്തരത്തിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച ഒരു യുവതിയുടെ മേൽ സിസേറിയൻ അടിച്ചേൽപ്പിച്ച അരുംകൊള്ളയാണ് ഇവിടെയും നടന്നിരിക്കുന്നത്. സംഭവം നടന്നത് എ.കെ.ജിയുടെ പേരിലുള്ള പരപ്പനങ്ങാടിയിലെ സഹകരണ ആശുപത്രിയിൽ.

ഭർത്താവിന്റേയോ ബന്ധുക്കളുടേയോ സമ്മതം കൂടാതെ യുവതിയെ സിസേറിയന് വിധേയയാക്കുകയായിരുന്നുവത്രെ. കോഴിക്കോട് കുന്ദമംഗലം സ്വദേശി അബ്ദുൽ മനാഫിന്റെ ഭാര്യ മലപ്പുറം മൂന്നിയൂർ പറേക്കാവ് സ്വദേശിനി സക്കീന (29)യെയാണ് അനുമതിയില്ലാതെ സിസേറിയന് വിധേയയായത്. ഭർത്താവും കുടുംബാംഗങ്ങളും പരാതിയുമായി രംഗത്തുവന്നപ്പോഴാണ് സംഭവം പുറത്തായത്.

സക്കീനയെ പ്രസവത്തിനായി ഡിസംബർ 20നാണ് പരപ്പനങ്ങാടി എ.കെ.ജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവിന്റെ വീട്ടിൽനിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോ.നസീമാബീവിയെ ആണ് ആദ്യ ഏഴുമാസം വരെ കാണിച്ചിരുന്നത്. പിന്നീടാണ് പരപ്പനങ്ങാടി സഹകരണ ആശുപത്രിയിൽ ഡോ. മുംതാസിന്റെ ചികിത്സ തുടങ്ങുന്നത്. പ്രസവ കാലഘട്ടം വരെയുള്ള പരിശോധനയിൽ കുഞ്ഞിനോ അമ്മക്കോ കാര്യമായ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. പ്രസവത്തിന് ആറു ദിവസം മുമ്പ് എടുത്ത സ്‌ക്വാനിങ് റിപ്പോർട്ടിലും നോർമലാണ്.

ഡിസംബർ 21 ന് രാവിലെ പ്രസവം നടന്നു. വാക്വം ട്യൂബ് ഉപയോഗിച്ചുള്ള പ്രസവമാണെന്നും ഇതിനായി ഭർത്താവിൽനിന്നും പ്രസവത്തിനുമുമ്പ് ഒപ്പ് വാങ്ങിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രസവം നടന്ന ദിവസം വൈകുന്നേരം അനസ്‌തേഷ്യയുടെ ഇരുപതിനായിരം രൂപ അഡ്വാൻസ് ബില്ല് വന്നപ്പോഴാണ് ഭർത്താവും ബന്ധുക്കളും സിസേറിയനാണെന്ന് അറിയുന്നത്. സിസേറിയൻ നടത്തുന്നതിനുള്ള യാതൊരുവിധ സമ്മതവും നൽകിയിരുന്നില്ലെന്ന് ഭർത്താവ് മനാഫ് പറഞ്ഞു.

യഥാർത്ഥത്തിൽ വാക്വം ട്യൂബ് ഉപയോഗിച്ചുള്ള പ്രസവമാണെന്ന് ആദ്യം തെറ്റിദ്ധരിപ്പിക്കുകയും ഇരട്ടി തുക ലക്ഷ്യമിട്ട് യുവതിയെ സിസേറിയന് വിധേയമാക്കുകയുമായിരുന്നു. സംഭവം ചോദ്യം ചെയ്ത വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും വിരട്ടുകയും ചെയ്തു. ആശുപത്രി പി.ആർ.ഒയെയും മറ്റു അധികൃതരെയും ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടിയുണ്ടായില്ല. സ്ഥലം എംഎ‍ൽഎ പി.കെ അബ്ദുറബ്ബിനെ നേരിൽ കണ്ട് വിഷയം ധരിപ്പിച്ചു. തുടർന്ന് അബ്ദുറബ്ബ് ഇടപെടൽ നടത്തിയെങ്കിലും ആശുപത്രി അധികൃതർക്ക് യാതൊരു കുലുക്കവുമുണ്ടായില്ല. പ്രസവം നടത്തിയ ഡോക്ടറെ കണ്ടപ്പോൾ ആശുപത്രിയിലെ സൗകര്യക്കുറവിനെ പറ്റിയായിരുന്നു ഡോക്ടർക്ക് പറയാനുണ്ടായത്. ആശുപത്രി കടത്തിലാണ് ഓടുന്നതെന്നായിരുന്നു മാനേജ്‌മെന്റിന്റെ പ്രതികരണം.

ഒടുവിൽ സിസേറിയന് ഈടാക്കിയ 34,000 രൂപ മനാഫ് ചെക്കായി നൽകി. ഒപ്പം ആക്ഷേപത്തോടെയാണ് ബില്ല് സ്വീകരിക്കുന്നതെന്ന് ബില്ലിന്റെ ഇരു കോപ്പികളിലും മനാഫ് രേഖപ്പെടുത്തുകയും ചെയ്തു. ബേബി ഡ്രസ് എന്ന പേരിലുള്ള തുണിക്കഷണത്തിന് ഈടാക്കിയ 250 രൂപ മുതൽ ഇനം തിരിച്ച് ഓരോന്നിനും ഈടാക്കിയ അമിത ചാർജും ബില്ലിൽ വ്യക്തമാണ്. സാധാരണക്കാർക്ക് തണലാകേണ്ട എ കെ ജിയുടെ പേരിലുള്ള സ്ഥാപനത്തിൽ കഴുത്തറപ്പൻ ചൂഷണം നടക്കുന്നതായി വേറെയും ആക്ഷേപങ്ങൾ നിലവിലുണ്ട്. തകർച്ചയുടെ വക്കിലുള്ള ഈ ആശുപത്രിയിൽ നാട്ടിലെ പല പ്രമുഖരുടെയും ഷെയർ ഉണ്ട്. ഇതുകൊണ്ടുമാത്രം മുന്നോട്ടു പോകുന്നു.

എന്നാൽ തങ്ങളെ ഭീഷണിപ്പെടുത്തുകയും വിശ്വാസവഞ്ചന കാണിക്കുകയും ചെയ്ത സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ആശുപത്രിക്കെതിരെ മനാഫ് ഡിസംബർ 22 ന് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ എഫ്.ഐ.ആർ ഇതുവരെ രജിസ്റ്റർ ചെയ്യാൻ പൊലീസും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ മനാഫ്, സക്കീനയുടെ പിതാവ് കക്കാട്ട് ഹംസ, സഹോദരൻ കെ ഖാലിദ്, സഹോദരിയുടെ ഭർത്താവ് എ സലീം എന്നിവർ വാർത്താ സമ്മേളനം വിളിച്ച് വിഷയം അവതരിപ്പിക്കുകയും രേഖകൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തീർത്തും മനുഷ്യാവകാശ ലംഘനവും നിയമവിരുദ്ധവുമായ സംഭവത്തിന്റെ അനുഭവസ്ഥർ എന്ന നിലയിൽ വിഷയം പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ടെന്ന് സക്കീനയുടെ കുടുംബം വ്യക്തമാക്കി. പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനും വനിതാ കമ്മീഷനിൽ പരാതി നൽകാനുമാണ് ഈ കുടുംബത്തിന്റെ തീരുമാനം.\

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP