Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നെസ്റ്റ് ഇൻഫ്രാടെക് പ്രഖ്യാപിച്ചത് കോട്ടയം കളത്തിൽപടിയിൽ പതിനാറു നിലയിൽ 160 ഫ്‌ളാറ്റുകളുമായി ഓർക്കിഡ് അപാർട്‌മെന്റ്; 2011-ൽ പണി തുടങ്ങിയപ്പോൾ ഉടമ്പടി പ്രകാരം 2013-ൽ തന്നെ പണി തീരുമെന്ന് ഡോ.മാത്യുവും കരുതി; ആവശ്യപ്പെട്ട പ്രകാരം മുഴുവൻ തുകയും ആദ്യമേ നൽകി; ആറു വർഷം കഴിഞ്ഞിട്ടും ഫളാറ്റ് സമുച്ചയം ഇപ്പോഴും അസ്ഥികൂടം തന്നെ; നെസ്റ്റ് ഇൻഫ്രാടെക്കിന്റെ വഞ്ചനയ്‌ക്കെതിരെ കൺസ്യൂമർ കോടതിയിൽ പരാതി

നെസ്റ്റ് ഇൻഫ്രാടെക് പ്രഖ്യാപിച്ചത് കോട്ടയം കളത്തിൽപടിയിൽ പതിനാറു നിലയിൽ 160 ഫ്‌ളാറ്റുകളുമായി ഓർക്കിഡ് അപാർട്‌മെന്റ്; 2011-ൽ പണി തുടങ്ങിയപ്പോൾ ഉടമ്പടി പ്രകാരം 2013-ൽ തന്നെ പണി തീരുമെന്ന് ഡോ.മാത്യുവും കരുതി; ആവശ്യപ്പെട്ട പ്രകാരം മുഴുവൻ തുകയും ആദ്യമേ നൽകി; ആറു വർഷം കഴിഞ്ഞിട്ടും ഫളാറ്റ് സമുച്ചയം ഇപ്പോഴും അസ്ഥികൂടം തന്നെ; നെസ്റ്റ് ഇൻഫ്രാടെക്കിന്റെ വഞ്ചനയ്‌ക്കെതിരെ കൺസ്യൂമർ കോടതിയിൽ പരാതി

എം മനോജ് കുമാർ

കോട്ടയം: നെസ്റ്റ് ഇൻഫ്രാടെക്ക് 2011-ൽ കോട്ടയം കളത്തിൽപടിയിൽ പ്രഖ്യാപിച്ച ഓർക്കിഡ് പാർക്ക് അപ്പാർട്ട്മെന്റ് ഇതുവരെയും പണിപൂർത്തിയാക്കി ഉടമകൾക്ക് കൈമാറിയില്ല. ഫ്‌ളാറ്റ് ഉടമകളുമായി നൽകിയ ഉടമ്പടി അനുസരിച്ച് 2013-ൽ പണിതീർത്ത് നൽകേണ്ട ഫ്ളാറ്റ് ആണിത്. ഇപ്പോൾ 2019 ഏപ്രിൽ ആയിട്ടും പണി പാതിവഴിയിൽ നിൽക്കുകയാണ്. നെസ്റ്റിന്റെ ഓർക്കിഡ് പാർക്ക് അപ്പാർട്ട്മെന്റ് കോട്ടയം കളത്തിപ്പടിയിൽ ഇപ്പോഴും നിലനിൽക്കുന്നത് അസ്ഥികൂടമായിത്തന്നെ. തന്റെ സ്വന്തം വീടിനു തൊട്ടപ്പുറത്ത് നെസ്റ്റ് ഫ്ളാറ്റ് വരുന്നത് കണ്ടപ്പോഴാണ് കേരള കാർഷിക വാഴ്സിറ്റിയിൽ പ്രൊഫസർ ആയിരുന്ന ഡോ.എ.വി.മാത്യു നെസ്റ്റിന്റെ സമുച്ചയത്തിൽ ഫ്‌ളാറ്റ് ബുക്ക് ചെയ്യുന്നത്. 2011-ൽ ഫ്ളാറ്റ് ബുക്ക് ചെയ്തപ്പോൾ 2013-ൽ ഫ്ളാറ്റ് സമുച്ചയം പണിതീർത്ത് നൽകും എന്ന് തന്നെയാണ് മാത്യുവും പ്രതീക്ഷിച്ചത്.

'നെസ്റ്റ് പണി തുടങ്ങിയപ്പോൾ ഞാൻ കളത്തപ്പടിയിൽ ഉള്ള നെസ്റ്റ് ഫ്ളാറ്റിന്റെ അടുക്കലുള്ള സ്വന്തം വീട്ടിൽ നിന്നും കഞ്ഞിക്കുഴിയിലേക്ക് താമസം മാറ്റി. പൊടി കാരണമാണ് താമസം മാറ്റിയത്. ഫ്ളാറ്റ് പൂർത്തിയായാൽ അങ്ങോട്ട് താമസം മാറാം എന്ന് വിചാരിച്ചാണ് താമസം മാറിയത്. പക്ഷെ ആറു വർഷം കഴിഞ്ഞിട്ടും ഫ്ളാറ്റ് പണി പൂർത്തിയാക്കാത്തതിനാൽ ഞാൻ പഴയ വീട്ടിലേക്ക് തന്നെ മാറുകയാണ് '-മാത്യു മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇത്രയും വർഷങ്ങൾ എനിക്ക് വാടകയും നഷ്ടമായി. ഫ്‌ളാറ്റ് ഉടമകൾ അതും നെസ്റ്റിനെ പോലുള്ള കമ്പനികൾ ഇങ്ങിനെ ജനങ്ങളെ വഞ്ചിക്കാൻ തുടങ്ങിയാൽ എന്ത് ചെയ്യും. ഫ്ളാറ്റിന്റെ മുഴുവൻ തുകയും വാങ്ങിയിട്ടാണ് ഫ്ളാറ്റ് പണി പൂർത്തിയാക്കി നൽകാതെ ഇവർ വഞ്ചിക്കുന്നത്-മാത്യു പറയുന്നു. കുന്നിൽ കൺസ്ട്രക്ഷൻസ് ആണ് ഫ്ളാറ്റ് സമുച്ചയത്തിന്റെ നടപടികൾ നീക്കിയത്. ഇവർക്ക് കാശ് നൽകാത്തത് കാരണം 20 ഓളം ഫ്ളാറ്റുകൾ ഇവർക്ക് എഴുതി നൽകിയിട്ടുണ്ട്. നെസ്റ്റ് കമ്പനിയുടെ തലവൻ ജഹാംഗീർ ഇതിൽ പണം മുടക്കിയിട്ടുണ്ട്. അതിനാൽ ജഹാംഗീറിനും ഇവർ ഫ്ളാറ്റുകൾ എഴുതി നൽകിയിട്ടുണ്ട്. ഇതെല്ലാം നെസ്റ്റ് നേരിടുന്ന പ്രതിസന്ധിയുടെ തെളിവാണ്-മാത്യു പറയുന്നു.

നെസ്റ്റ് ഫ്ളാറ്റിൽ മൂന്നു ബെഡ്റൂം ഫ്‌ളാറ്റ് 38,30,000 രൂപയ്ക്കാണ് മാത്യു ബുക്ക് ചെയ്തത്. പറഞ്ഞ തുകയിലും അധികം നാല്പത് ലക്ഷത്തോളം രൂപ നെസ്റ്റിനു മാത്യു നൽകുകയും ചെയ്തിട്ടുണ്ട്. നെസ്റ്റ് വാക്കു പാലിച്ചില്ല. പറ്റിക്കുകയും ചെയ്തു. ഫ്ളാറ്റ് പണി തീരേണ്ട സമയം കഴിഞ്ഞു ആറു വർഷം കഴിഞ്ഞിട്ടും ഫ്ളാറ്റ് നെസ്റ്റ് ഔദ്യോഗികമായി കൈമാറിയില്ല. ചോദിച്ചാൽ അടുത്ത മാസം നൽകും എന്ന് പറയും.

പിന്നേയും തീയതി നീട്ടി പറയും. ഇപ്പോൾ ആറു വർഷം കഴിഞ്ഞിട്ടും ഫ്ളാറ്റ് പൂർത്തിയാകാത്തതിനെ തുടർന്ന് മാത്യു പരാതിയുമായി കയറിയിറങ്ങുകയാണ്. കൺസ്യൂമർ കോടതിയിൽ കേസ് നൽകി. ഫയർഫോഴ്‌സ്, കെഎസ്ഇബി. ടൗൺ പ്ലാനിങ് ഓഫീസ് തുടങ്ങിയ ഇടങ്ങളിൽ നെസ്റ്റിനെതിരെ മാത്യു വിവിധ പരാതികൾ നൽകിയിട്ടുമുണ്ട്.

കേരളത്തിലെ ഫ്‌ളാറ്റ് തട്ടിപ്പുകളിൽ കുടുങ്ങി വഴിയാധാരമാകുന്ന മലയാളികളുടെ എണ്ണം കൂടുകയാണ്. കേരളത്തിൽ ഫ്ളാറ്റുകൾ സമൃദ്ധമായി തലങ്ങും വിലങ്ങും പ്രഖ്യാപിക്കപ്പെട്ട രണ്ടായിരത്തിന്റെ തുടക്കത്തിലേ ഫ്ളാറ്റുകൾ തന്നെയാണ് ഇപ്പോഴും പലയിടങ്ങളിലും അസ്ഥികൂടമായി നിൽക്കുന്നത്. ഹീരഫ്ളാറ്റുകൾ ജപ്തിയിലും പാപ്പർ ഹർജിയിലും എത്തിനിൽക്കുമ്പോൾ എസ്‌ഐ ഹോംസിന്റെ സാരഥികൾ അഴിക്കുള്ളിലാണ്. ഇവർക്ക് പുറമെ, സാംസൺ ആൻഡ് സൺസ്, ആപ്പിൾ ഡേ ഫ്‌ളാറ്റ്, ന്യുക്ലിയസ് ഹോംസ് തുടങ്ങി ഫ്‌ളാറ്റ് തട്ടിപ്പിന്റെ ഒട്ടനവധി കഥകൾ. ഈ പട്ടികയിലേക്ക് ഒടുവിൽ സ്ഥാനം പിടിക്കുകയാണ്‌നെസ്റ്റ് ഇൻഫ്രാ ടെക്കും.

പതിനാറു നിലയിൽ 160 ഓളം ഫ്ളാറ്റുകളാണ് നെസ്റ്റ് പ്രഖ്യാപിച്ചത്. 2011-ൽ തന്നെ പണി തുടങുകയും ചെയ്തിരുന്നു. ഇത് കണ്ടിട്ടാണ് അന്ന് മാത്യു അടക്കമുള്ളവർ ഫ്ളാറ്റ് ബുക്ക് ചെയ്തത്. പക്ഷെ ഫ്ളാറ്റ് ആർക്കും ഇതുവരെ പൂർത്തിയാക്കി നൽകിയില്ല. പണം മുഴുവൻ മിക്കവരും നൽകിയിട്ടും എഴുപത് ശതമാനം ജോലികൾ മാത്രമാണ് പൂർത്തിയായത്. അതിനാൽ തന്നെ ഉടമകൾക്ക് ഫ്ളാറ്റ് കൈമാറിയുമില്ല.

പഞ്ചായത്തിലെ കെട്ടിട നമ്പർ, വൈദ്യുതി കണക്ഷൻ, അഗ്‌നി പ്രതിരോധ സംവിധാനങ്ങൾ, അഴുക്കുചാൽ പദ്ധതി, ഇന്റീരിയർ തുടങ്ങിയ ഇനിയും തീരാനുണ്ട്. വളരെ ബുദ്ധിപരമായാണ് നെസ്റ്റ് നീങ്ങുന്നത്. പണി നീങ്ങുന്നു എന്ന് കാണിക്കാൻ ചില പ്രവൃത്തികൾ അവർ ദിവസവും ചെയ്യിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ജോലികൾ കൊണ്ടൊന്നും ഫ്ളാറ്റ് അടുത്ത കാലത്തൊന്നും പൂർത്തിയാക്കി നൽകാൻ നെസ്റ്റിനു സാധിക്കില്ല. ഇതറിയാവുന്നതുകൊണ്ടാണ് നെസ്റ്റ് ഫ്ളാറ്റ് സമുച്ചയത്തിൽ ഫ്‌ളാറ്റ് ബുക്ക് ചെയ്തവർ പരിഭ്രാന്തിയിലാകുന്നത്.

നെസ്റ്റിന്റെ തലതിരിഞ്ഞ ഈ സമീപനം കൊണ്ട് ഫ്ളാറ്റ് ബുക്ക് ചെയ്ത ഒരാൾ നടത്തിയ നിയമനടപടിയുടെ ഫലം ഫ്ളാറ്റ് ഉടമകളെ അസ്വസ്ഥരാക്കുന്നുമുണ്ട്. ഒരു ഫ്‌ളാറ്റ് ഉടമ 2016ൽ കോട്ടയം സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. അതിലെ വിധി ഫ്ളാറ്റ് ഉടമയ്ക്ക് അനുകൂലമായാണ് വന്നത്. 2018ൽ വന്ന വിധി അനുസരിച്ച് ഫ്ളാറ്റ് ഉടമയ്ക്ക് മുതലും പലിശയും ഉൾപ്പെടെ 4,40,0000 ലക്ഷം രൂപ നൽകണമെന്നാണ് വിധി വന്നത്. പക്ഷേ നിശ്ചിത തുക സമയപരിധിക്കുള്ളിൽ നെസ്റ്റ് നൽകിയില്ല. അതിനാൽ ഓർക്കിഡ് അപ്പാർട്ട്മെന്റ് എന്ന പ്രോജക്ട് മുഴുവനായി കോടതി അറ്റാച്ച് ചെയ്തിരിക്കുകയാണ്. നെസ്റ്റ് ഈ തുക നൽകിയാൽ മാത്രമേ കോടതി ഫ്ളാറ്റ് സമുച്ചയം റിലീസ് ചെയ്യുകയുള്ളൂ.

നെസ്റ്റിനു പണം നൽകിയ ചിലർ നെസ്റ്റിന്റെ ഓഫീസിൽ പോയി ബഹളം ഉണ്ടാക്കിയപ്പോൾ അതിൽ എട്ടു കുടുംബങ്ങളെ നെസ്റ്റ് അനധികൃതമായി ഫ്‌ളാറ്റ് സമുച്ചയത്തിൽ താമസിപ്പിച്ചിട്ടുണ്ട്. ബിൽഡിങ് നമ്പർ പോലും നൽകാതെയാണ് ഇവരെ താമസിപ്പിച്ചതും. ഫ്ളാറ്റ് നിർമ്മാണത്തിന് കെഎസ്ഇബി അനുവദിച്ച കറന്റ് കണക്ഷനിൽ നിന്നാണ് ഈ ഫ്ളാറ്റിൽ താമസിക്കുന്നവർക്ക് കറന്റ് കണക്ഷൻ നൽകിയിരിക്കുന്നത് എന്ന് ആരോപണവുമുണ്ട്.

അഗ്‌നി പ്രതിരോധ സംവിധാനങ്ങൾ ഘടിപ്പിക്കാത്ത ഫ്‌ളാറ്റിൽ സ്വന്തം റിസ്‌ക്കിലാണ് ഇവർ താമസം തുടങ്ങിയിരിക്കുന്നതും. ഇതിനും കാരണക്കാർ നെസ്റ്റ് അധികൃതർ തന്നെയാണ്. ഉടമ്പടി പ്രകാരം ആറു വർഷങ്ങൾ കഴിഞ്ഞിട്ടും ഫ്ളാറ്റ് നൽകാൻ കഴിയാത്തതുകൊണ്ടാണ് ഇവർക്ക് സ്വന്തം റിസ്‌ക്കിൽ താമസം തുടങ്ങേണ്ടി വന്നിരിക്കുന്നതും. പക്ഷെ നെസ്റ്റ് പറഞ്ഞ തുക മുഴുവൻ ഫ്ളാറ്റിനായി നൽകി താമസം തുടങ്ങാൻ ആഗ്രഹിച്ചവർ യഥാർത്ഥത്തിൽ വഞ്ചിക്കപ്പെട്ടിരിക്കുകയാണ്.

എഗ്രിമെന്റ് പരിധിയായ 2013 കഴിഞ്ഞ് ആറു വർഷം കഴിഞ്ഞിട്ടും എന്ന് പുതിയ ഫ്ളാറ്റിൽ കയറി താമസിക്കാൻ കഴിയും എന്ന് ഫ്ളാറ്റ് ഉടമകൾക്കറിയില്ല. മുഴുവൻ തുകയും നൽകിയ മാത്യുവിനെ പോലുള്ളവർ ഇപ്പോഴും സ്വന്തം ഫ്ളാറ്റിൽ കയറി താമസിക്കാൻ കഴിയാതെ ത്രിശങ്കുവിലാണ് ഇപ്പോൾ നെസ്റ്റ് ഫ്‌ളാറ്റിന്റെ എംഡി ഷമീർ മരയ്ക്കാരെ മറുനാടൻ ബന്ധപ്പെട്ടപ്പോൾ പറഞ്ഞത് തൊണ്ണൂറു ശതമാനവും നെസ്റ്റ് ഓർക്കിഡ് പ്രോജക്ട് ജോലികൾ പൂർത്തിയായി എന്നാണ് മറുപടി നൽകിയത്. പക്ഷെ ഫ്ളാറ്റ് ഉടമകൾക്ക് എപ്പോൾ കൈമാറും എന്ന് ചോദിച്ചപ്പോൾ മറുപടി നൽകാം എന്ന് മാത്രമാണ് ഷമീർ മരക്കാർ പ്രതികരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP