Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലിസി ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സ തേടിയ രോഗി മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപണം; ശ്വാസകോശത്തെ ബാധിച്ച ഇൻഫെക്ഷൻ നീക്കിയപ്പോൾ വൃക്കകൾ തകരാറിലായി; അഞ്ച് തവണ ഡയാലിസിസ് ചെയ്തപ്പോഴും കുടുംബാംഗങ്ങളിൽ നിന്നും ഒപ്പുവാങ്ങിയില്ല; സേവ്യറുടെ ജീവൻ നഷ്ടമായത് വേണ്ട ചികിത്സ നൽകാത്തതു കൊണ്ടെന്ന് പൊലീസിൽ പരാതി നൽകി കുടുംബം; ചികിത്സയുടെ കാര്യത്തിൽ ജീവനക്കാരുടെ ഭാഗത്ത് യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്ന് വിശദീകരിച്ച് ആശുപത്രി അധികൃതരും

ലിസി ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സ തേടിയ രോഗി മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപണം; ശ്വാസകോശത്തെ ബാധിച്ച ഇൻഫെക്ഷൻ നീക്കിയപ്പോൾ വൃക്കകൾ തകരാറിലായി; അഞ്ച് തവണ ഡയാലിസിസ് ചെയ്തപ്പോഴും കുടുംബാംഗങ്ങളിൽ നിന്നും ഒപ്പുവാങ്ങിയില്ല; സേവ്യറുടെ ജീവൻ നഷ്ടമായത് വേണ്ട ചികിത്സ നൽകാത്തതു കൊണ്ടെന്ന് പൊലീസിൽ പരാതി നൽകി കുടുംബം; ചികിത്സയുടെ കാര്യത്തിൽ ജീവനക്കാരുടെ ഭാഗത്ത് യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്ന് വിശദീകരിച്ച് ആശുപത്രി അധികൃതരും

പി എസ് സുവർണ

കൊച്ചി: പനി ബാധിച്ച് ചികിത്സയിലായിരുന്ന രോഗി മരിച്ച സംഭവത്തിൽ എറണാകുളത്തെ ലിസി ആശുപത്രിക്കെതിരെ ഗുരുതര ആരോപണം. എറണാകുളം പിഴലയിൽ വടക്കേടത്ത് വീട്ടിൽ സേവ്യറാ(58)ണ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. ഈ സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും ഗുരുതരമായ ചികിത്സാ പിഴവ് ഉണ്ടായതായി ചൂണ്ടിക്കാട്ടി എറണാകുളം ടൗൺ നോർത്ത് സ്‌റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകി. ആശുപത്രിയിലെ ഡോക്ടർ ബോൺ സെബാസ്റ്റ്യൻ, രണ്ട് ഡ്യൂട്ടി നഴ്‌സുമാർ, ആശുപത്രി ഡയറക്ടർ ഫാ. ജോർജ്ജ്. അന്നേദിവസം ഐസിയുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ലേഡി ഡോക്ടർ എന്നിവർ എതിർകക്ഷികളാക്കിയാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേണഷണം തുടങ്ങി.

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പിതാവിന് വേണ്ട ശ്രദ്ധ നൽകിയില്ലെന്നും ചികിത്സയിലുള്ള പിഴവാണ് മരണത്തിന് കാരണമെന്നുമാണ് മകൻ ഷവിൻ മറുനാടൻ മലയാളിയോടും പറഞ്ഞു. ഇക്കഴിഞ്ഞ കഴിഞ്ഞ ജൂലൈ 27ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സേവ്യർ ഓഗസ്റ്റ് 6ന് വെളുപ്പിനാണ് മരിച്ചത്. പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ സേവ്യറിനെ ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലാണ് ചികിത്സയ്ക്കായി എത്തിച്ചത്. അവിടെ ഐസിയുവിൽ ബെഡ് ഒഴിവില്ലാത്തതിനാൽ മറ്റൊരു നല്ല ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ലിസി ഹോസ്പിറ്റലിലേക്ക് മാറ്റുന്നത്. ജനറൽ ആശുപത്രിയിലെ ആംബുലൻസിൽ തന്നെ സേവ്യറെ ലിസിയിലേക്ക് എത്തിക്കാൻ ഡോക്ടർ പറയുകയും കൂടെ ഒരു ജൂനിയർ ഡോക്ടറെ ആശുപത്രി വരെ കൂടെ വിടുകയും ചെയ്തു. എന്നാൽ ചെന്ന ദിവസം തന്നെ മോശം അനുഭവമാണ് ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും.

ആശുപത്രിയുടെ പുറത്ത് പത്ത് പതിനഞ്ച് മിനിറ്റ് ആംബുലൻസിൽ തന്നെ അപ്പച്ചന് കിടക്കേണ്ടി വന്നുവെന്നും ഷിവിൻ പറയുന്നു. മാത്രമല്ല രോഗിയെ പ്രവേശിപ്പിച്ച് വേണ്ട ചികിത്സ എത്രയും പെട്ടെന്ന് ലഭ്യമാക്കേണ്ടതിന് പകരം ചികിത്സ നൽകാൻ വൈകുകയായിരുന്നു. ഇത് കണ്ട് രോഗിയുടെ കൂടെയുണ്ടായിരുന്ന ഡോക്ടർ ഇതിനെ ചോദ്യം ചെയ്തെങ്കിലും നിങ്ങൾ മുൻകൂട്ടി അറിയിച്ചിട്ട് വേണം കൊണ്ടുവരാൻ എന്നാണ് ആശുപത്രി ജീവനക്കാർ നൽകിയ മറുപടിയെന്നും ഷിവിൻ ആരോപിക്കുന്നു. ഇതെല്ലാം കഴിഞ്ഞ് സേവ്യറിനെ ഐസിയുവിലും പിന്നീട് അവിടെ നിന്നും വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. പനി ബാധിച്ച് ഇൻഫെക്ഷൻ ആയതാണെന്ന് കണ്ടെത്താൻ തന്നെ മണിക്കൂറുകൾ വേണ്ടിവന്നു. ഇൻഫെക്ഷൻ ശ്വാസകോശത്തെയും വൃക്കയെയും ബാധിച്ചിരുന്നു. എന്നാൽ ചികിത്സയിലൂടെ ശ്വാസകോശത്തെ ബാധിച്ച ഇൻഫെക്ഷൻ പൂർണ്ണമായും ഇല്ലാതായി. വൃക്കയുടെ സ്ഥിതി സാധാരണ നിലയിലേക്ക് എത്തുന്നതിനായ് ഡയാലിസിസ് ചെയ്യണമെന്ന് പറയുകയും ചെയ്തു. അങ്ങനെ അഞ്ച് ആറ് തവണ ഡയാലിസിസ് ചെയ്തു. ഒരു തവണ ഡോക്ടർ ഇല്ലാത്തതിനാൽ ഡയാലിസിസ് ചെയ്യാനും കഴിഞ്ഞിരുന്നില്ല. ഡയാലിസിസ് ചെയ്യുന്നതിന് മുമ്പ് കുടുംബാംഗങ്ങളിൽ ആരെങ്കിലും ഒപ്പിട്ട് നൽകുകയും വേണം. എന്നാൽ പല തവണയും ഡയാലിസിസിന് ശേഷം മാത്രമാണ് ഒപ്പ് വാങ്ങിയതെന്ന് സേവ്യറിന്റെ മകൻ ഷിവിൻ പറയുന്നു.

ആദ്യമെല്ലാം പ്രശ്നമൊന്നും ഇല്ലെന്ന് പറഞ്ഞിരുന്നവർ പിന്നീട് രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ചില ദിവസങ്ങളിൽ കുറവുണ്ടെന്നും ചില ദിവസങ്ങളിൽ കൂടുതലാണെന്നും പറഞ്ഞു. ഇങ്ങനെ കേട്ടതോടെ തങ്ങൾ തകർന്ന് പോയെന്ന് ഷിവിൻ പറയുന്നു. മത്രമല്ല തന്റെയും വീട്ടുകാരുടെയും വിഷമം കണ്ട് മറ്റൊരു രോഗിയുടെ ബൈസ്റ്റാന്റർ വന്ന് കാര്യം തിരക്കുകയും പിന്നീട് ഡോക്ടറിനോട് നേരിട്ട് അച്ഛന്റെ അവസ്ഥയെക്കുറിച്ച് ചോദിക്കുകയും ചെയ്തു. എന്നാൽ എന്തെങ്കിലും അറിയാൻ ഉണ്ടെങ്കിൽ നേരിട്ട് ചോദിക്കണമെന്നും നാട്ടുകാരെ വിട്ടല്ല ചോദിക്കേണ്ടതുമെന്നെല്ലാം പറഞ്ഞ് ഡോക്ടർ ദേഷ്യപ്പെടുകയായിരുന്നു.

അച്ഛന്റെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ ഡോക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായ പ്രതികരണം സംശയം തോന്നിപ്പിച്ചതിനാൽ ആശുപത്രിയിൽ നിന്നും അപ്പച്ചന്റെ റിപ്പോർട്ട് വാങ്ങി ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടറെ കാണിക്കുകയായിരുന്നു. എന്നാൽ റിപ്പോർട്ട് പരിശോധിച്ച ഡോക്ടർ റിപ്പോർട്ടിൽ രോഗിയുടെ ബ്രയിൻ പ്രതികരിക്കുന്നില്ലായെന്നാണ് കൊടുത്തിരിക്കുന്നതെന്ന് പറഞ്ഞു. എന്നാൽ തങ്ങൾ പറയുന്നത് കേട്ട് അപ്പച്ചന്റെ കണ്ണ് ഇടയ്ക്ക് നിറയുന്നുണ്ടായിരുന്നുവെന്ന് ഡോക്ടറിനോട് പറഞ്ഞപ്പോൾ ഇത് രോഗി എല്ലാം തിരിച്ചറിയുന്നുണ്ടെന്നതിന്റെ തെളിവാണെന്നും അപ്പച്ചനെ ചികിത്സിച്ച് അസുഖമെല്ലാം മാറ്റി തരാമെന്നും പറഞ്ഞു. അതുകൊണ്ട് തന്നെ ആശുപത്രിയിൽ നിന്ന് മാറുന്ന സമയം വരെ ആശുപത്രി അധികൃതരെ ഒന്നും അറിയിക്കേണ്ട എന്ന് ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടർ പറഞ്ഞത് അനുസരിച്ച് ലിസി ആശുപത്രിയിലെ ആരെയും ഒന്നും അറിയിച്ചിരുന്നില്ല. കാരണം അപ്പച്ചന്റെ ജീവന്റെ കാര്യമായതിനാലും ചികിത്സ നടന്നുകൊണ്ടിരിക്കുന്നത് ലിസിയിലായതിനാലും ധൈര്യമുണ്ടായിരുന്നില്ലെന്ന് ഷിവിൻ പറയുന്നു.

ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടറെ കണ്ട് അപ്പച്ചനെ അവിടേക്ക് മാറ്റാനുള്ള കാര്യങ്ങളെല്ലാം ശരിയാക്കി തിരിച്ചെത്തിയ ദിവസം രാത്രി അപ്പച്ചന്റെ അവസ്ഥ വഷളാകുകയും പിറ്റേദിവസം വെളുപ്പിന് മരിക്കുകയും ചെയ്തു. എന്നാൽ അത് സാധാരണ മരണമല്ല എന്നാണ് സേവ്യറുടെ മക്കൾ പറയുന്നത്. അതിനെ സാധൂകരിക്കുന്ന വീഡിയോയും അവരുടെ പക്കലുണ്ട്. ബിപി കുറഞ്ഞ് പോയ അപ്പച്ചന് ബിപി നോർമൽ ആക്കാനുള്ള മരുന്ന് നൽകിയെന്ന് പറയുമ്പോഴും ഗുരുതരാവസ്ഥയിൽ കിടക്കുകയാണെന്ന് അറിഞ്ഞിട്ട് പോലും ഡോക്ടർ അവിടേക്ക് വന്നില്ലെന്നും. ഇവരുടെ അനാസ്ഥയാണ് അപ്പച്ചൻ മരിക്കാനുള്ള കാരണമെന്നും ഷിവിൻ ആരോപിക്കുന്നു.

സഭയുടെ ആശുപത്രിക്കെതിരെ പരാതി നൽകിയപ്പോൾ ഭീഷണി

അപ്പച്ചന്റെ മരണ ശേഷം മൃതദേഹം തിരികെ കൊടുക്കുന്നതിന് ആശുപത്രി അധികൃതർ വിലപേശിയത് മാനസികമായി തളർത്തിയെന്നും ഷിവിൻ പറയുന്നു. എല്ലാവരിൽ നിന്നും പണം പിരിച്ചാണ് അപ്പച്ചന്റെ മൃതദേഹം തിരികെ വാങ്ങിയതെന്നും ഷിവിൻ വ്യക്തമാക്കുന്നുണ്ട്. തന്റെ അപ്പച്ചൻ ജീവിച്ചിരുന്നപ്പോഴും മരിച്ച് കഴിഞ്ഞപ്പോൾ മൃതദേഹത്തോടും കാണിച്ച നീതികേടിന് ആശുപത്രിക്കെതിരെ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. എന്നാൽ അവിടെയാണ് ആശുപത്രി അധികൃതരുടെ കപട മുഖം അഴിഞ്ഞ് വീണത്. സഭയുടെ നേതൃത്വത്തിൽ നടക്കുന്ന വലിയൊരു ആശുപത്രിക്കെതിരെ പോരാടാൻ ഇറങ്ങിയ തങ്ങളെ കുടുക്കാനായിരുന്നു അധികൃതരുടെ നീക്കം. എന്നാൽ ഇതെല്ലാം തിരിച്ചറിഞ്ഞ തങ്ങൾ കരുതലോടെ തന്നെ മുന്നോട്ട് പോയി. കാരണം തങ്ങൾക്ക് അപ്പച്ചന് നീതി നേടി കൊടുക്കണമായിരുന്നു. ഇനിയും ആർക്കും അവരുടെ പ്രയപ്പെട്ടവരെ ഇത്തരം നിരുത്തരവാദിത്വപരമായി പെരുമാറുന്ന ആശുപത്രി കാരണം നഷ്ടമാകരുത് എന്നും ഷിവിൻ പറയുന്നു. എന്നാൽ എറണാകുളം നോർത്ത് പൊലീസ് സ്്റ്റേഷനിൽ തനിക്കും സഹോദരൻ വിനീഷിനും എതിരെ ലിസി ആശുപത്രി അധികൃതർ പരാതി നൽകിയെങ്കിലും സത്യം മനസിലാക്കിയ പൊലീസ് പരാതി തള്ളിക്കളയുകയായിരുന്നുവെന്നും ഷിവിൻ പറയുന്നു.

അതേസമയം ആശുപത്രി അധികൃതർക്ക് എതിരെ പോരാട്ടത്തിന് ഇറങ്ങുന്ന തന്റെ ജീവന് ഭീഷണിയുണ്ടെന്നും താൻ വലിയൊരു പ്രസ്ഥാനത്തോടാണ് ഏറ്റുമുട്ടാൻ പോകുന്നതെന്നും ഷിവിൻ പറയുന്നു. കാരണം ഇപ്പോൾ തന്നെ ആശുപത്രിയിൽ നിന്ന് തനിക്ക് ഭീഷണി വന്നിട്ടുണ്ടെന്നും. ഇതുമായി മുന്നോട്ട് പോയാൽ അധികം നാൾ നീ ഉണ്ടാവില്ലെന്ന് ആശുപത്രി സെക്യൂരിറ്റി ചീഫ് ഭീഷണിപ്പെടുത്തിയെന്നും ഷിവിൻ പറയുന്നു. എന്തൊക്കെയായാലും കേസുമായി മുന്നോട്ട് പോവാൻ തന്നെയാണ് തീരുമാനം എന്നാണ് ഷിവിൻ പറയുന്നത്.

ആശുപത്രിക്ക് പിഴവു പറ്റിയിട്ടില്ല, രോഗി എത്തിയത് കിഡ്നി അടക്കം തകരാറിലായ അവസ്ഥയിലെന്ന് ലിസി ആശുപത്രി അധികൃതർ

അതേസമയം ചികിത്സ നൽകിയ കാര്യത്തിൽ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്ന് യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നാണ് ലിസി ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജെറി ചാളിയേക്കൽ പറയുന്നത്. ചെറിയൊരു പനിയുമായിട്ടല്ല നല്ല ഇൻഫെക്ഷൻ ആയിട്ടാണ് ജനറൽ ആശുപത്രിയിൽ നിന്ന് രോഗി ഇവിടെ വന്നതെന്നും. വന്നപ്പോൾ തന്നെ കിഡ്നി ഒക്കെ തകരാറിലായ അവസ്ഥയിലായിരുന്നു. അതായത് ഗുരുതരാവസ്ഥയിലാണ് രോഗിയെ കൊണ്ടുവന്നതെന്നും. എന്നാൽ മരിച്ചയാളുടെ വീട്ടുകാർ പറയുന്നത് പോലെ സാധാരണ പനിയായിട്ട് കൊണ്ടുവന്നിട്ട് ഐസിയുവിൽ കിടന്ന് മരിച്ചുവെന്ന് പറയുന്നത് ശരിയല്ലെന്നും അസിസ്റ്റന്റ് ഡയറക്ടർ പറയുന്നു. അതേസമയം രോഗിക്ക് ഉണ്ടായത് കാർഡിയാക് കറസ്റ്റ് ആണെന്നാണ് ഡയറക്ടർ പറയുന്നത്. കാർഡിയാക് കറസ്റ്റ് ഉണ്ടാകുമ്പോൾ രോഗിക്ക് സിപിആർ കൊടുക്കുക എന്നത് മാത്രമാണ് ചെയ്യാൻ കഴിയുന്ന കാര്യമെന്നും. ഐസിയുവിൽ ഉണ്ടായിരുന്ന നേഴ്‌സുമാർ സിപിആർ നൽകിയെന്നും അവരെല്ലാം തന്നെ പരിചയ സമ്പത്തുള്ള നേഴ്‌സുമാരാണെന്നും അസിസ്റ്റന്റ് ഡയറക്ടർ പറയുന്നു. ഇങ്ങനെ നേഴ്‌സുമാർ സിപിആർ കൊടുക്കുന്നത് കണ്ടപ്പോൾ വീട്ടുകാർ പേടിച്ച് പോയിക്കാണാം എന്നും ഡയറക്ടർ പറയുന്നു. ഓഗസ്റ്റ് ആറിന് വെളുപ്പിനാണ് രോഗി മരിക്കുന്നത്.

അഞ്ചിന് രാത്രി പതിനൊന്നര മണിക്ക് തന്നെ വീട്ടുകാരോട് പറഞ്ഞിരുന്നതാണ് രോഗിയുടെ ബിപി എല്ലാം ലോ ആണെന്നും നില വശളാണെന്നും. ഇതെല്ലാം കേട്ട് അവർ മനസിലാക്കിയതുമാണ്. എന്നിട്ടും എന്തിനാണ് അവർ അന്ന് അങ്ങനെ പ്രകോപിതരായത് എന്ന് മനസിലാവുന്നില്ലായെന്നും അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജെറി പറയുന്നു. അതേസമയം ക്രിട്ടിക്കൽ കെയറിൽ എല്ലാ ദിവസവും രാത്രി ജൂനിയർ ഡോക്ടേഴ്‌സ് ഉണ്ടാവാറുണ്ടെന്നും. ഡോക്ടർ ക്യാഷുവാലിറ്റിയിലേക്ക് പോയ സമയത്താണ് രോഗിയുടെ നില അതീവ ഗുരുതരമായതെന്നും ഇത് വിളിച്ച് പറഞ്ഞത് അനുസരിച്ച് രോഗിയുടെ അടുത്തേയ്ക്ക് ഡോക്ടർ വരുന്ന സമയത്താണ് മകൻ വലിയ പ്രശ്‌നം ഉണ്ടാക്കിയതെന്നും ഫാ. ജെറി പറയുന്നു. കൂടാതെ ഡോക്ടർ എവിടെയെന്നും ചോദിച്ച് ബഹളം വെയ്ക്കുകയും. അവിടെ ഉണ്ടായിരുന്ന ഒരു സിസ്റ്ററുടെ കഴുത്തിന് കയറി പിടിക്കുകയും. കത്രിക എടുത്ത് കൈയിൽ പിടിച്ച് ഡോക്ടറെ കുത്തുമെന്ന് പറഞ്ഞെന്നും അസിസ്റ്റന്റ് ഡയറക്ടർ പറയുന്നു. ഇതിന്റെയെല്ലാം സിസിടിവി ദൃശ്യങ്ങൾ കൈയിലുണ്ടെന്നും അതിൽ മരിച്ചയാളുടെ മകൻ എന്തെല്ലാമാണ് കാണിച്ചിരിക്കുന്നതെന്ന് വ്യക്തമാണെന്നും ഫാദർ പറയുന്നു.

മരിച്ച സേവ്യറിന്റെ മുതിർന്ന മകൻ ഷിവിനാണ് കൂടുതൽ വയലന്റ് ആയതെന്നും അയാളെ പേടിച്ച് നേഴ്‌സുമാർ ഉൾപ്പെടെയുള്ളവർ പേടിച്ച് മാറി നിന്നെന്നും. ലേഡി ഡോക്ടറായിരുന്നു അന്ന് ഐസിയുവിൽ ഉണ്ടായിരുന്നത്. ഡോക്ടർ വന്നപ്പോൾ മകന്റെ ബഹളം കേട്ട് പേടിച്ച് മാറി നിന്നുവെന്നും മാത്രമല്ല മറ്റ് നേഴ്‌സുമർ ഇപ്പോൾ ഡോക്ടറിനോട് അവിടേക്ക് വരരുതെന്നും ഡോക്ടറെ കണ്ടാൽ കുത്തുമെന്ന് പറഞ്ഞ് നിക്കുവാണെന്നും പറഞ്ഞുവെന്നും ഫാദർ പറയുന്നു. സത്യത്തിൽ ഇങ്ങനെയൊരു അവസ്ഥയിൽ ഡോക്ടർ വന്നിട്ടും കാര്യമില്ലെന്നും. കാർഡിയാക് കറസ്റ്റ് വന്നൊരാൾക്ക് അല്ലെങ്കിൽ ബിപി താഴ്ന്നുപോയ ഒരാൾക്ക് ചെയ്യാൻ പറ്റുന്ന രണ്ട് കാര്യങ്ങൾ മാത്രമേയുള്ളൂവെന്നും. അത് രണ്ടും ചെയ്തു കഴിഞ്ഞിരുന്നെന്നും ഫാദർ പറയുന്നു. ഒന്ന് ഇത്തരം രോഗികൾക്ക് കൊടുക്കുന്ന മരുന്ന് കൊടുക്കുക എന്നതാണ്. രണ്ട് ഇതിന്റെ കൂടെ തന്നെ സിപിആർ കൊടുക്കുക എന്നതാണ്. ഇത് രണ്ടും തന്നെ ബിപി കുറഞ്ഞ് കാർഡിയാക് അറസ്റ്റ് ഉണ്ടായ സമയത്ത് തന്നെ ഡോക്ടർമാരോട് വിളിച്ച് ചോദിച്ച് കൃത്യ സമയത്ത് തന്നെ കൊടുത്ത് തുടങ്ങിയിരുന്നുവെന്നും അസിസ്റ്റന്റ് ഡയറക്ടർ പറയുന്നത്.

അതുകൊണ്ട് തന്നെ ഡോക്ടറിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായിട്ടില്ല. രോഗിയുടെ അടുത്തേയ്ക്ക് ഡോക്ടർക്ക് വരാൻ സാധിക്കാതിരുന്നതിന്റെ കാരണം മകൻ ഐസിയുവിൽ ബഹളം വച്ചതിനാലാണെന്നും. ഇതിന്റെയെല്ലാം ദൃശ്യങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നും ഫാദർ വ്യക്തമാക്കുന്നുണ്ട്.മരിച്ചയാളുടെ കുടുംബത്തിന്റെ അവസ്ഥ മനസിലാകുമെന്നും എന്നാൽ ഇങ്ങനെ കാണിച്ചത് ശരിയല്ലെന്നും ഫാദർ പറയുന്നു. ആശുപത്രിയുടെ ഇത്രയും നാളത്തെ ചരിത്രത്തിൽ ഇത് ആദ്യമാണെന്നും ഫാദർ പറയുന്നു. അതേസമയം ബോഡി വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് വിലപേശിയെന്ന് പറയുന്നതിനെക്കുറിച്ചും ഫാദർ വ്യക്തമാക്കുന്നുണ്ട്. മുഴുവൻ തുക ആടയ്ക്കാതെ ബോഡി വിട്ട്കൊടുത്താൽ ആശുപത്രിയുടെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചതുകൊണ്ടാണെന്ന് കരുതും, അതുകൊണ്ടാണ് മുഴുവൻ തുക അടയ്ക്കാൻ ആവശ്യപ്പെട്ടതെന്നും ഫാദർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP