Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലക്ഷങ്ങൾ കൊടുത്തു വാങ്ങിയ വില്ലകൾക്ക് മുമ്പിൽ മുതലാളിമാർക്ക് പ്രത്യേക ഗേറ്റുമായി വേറെ വില്ലകൾ; കരാറിൽ പറയുന്നതിൽ നിന്നും വ്യത്യസ്തമായ നിർമ്മാണങ്ങൾ; മറ്റിവരച്ച പ്ലാൻ ചോദിച്ചവർക്ക് ഭീഷണി; അപ്പോളോ ഗോൾഡിനെതിരെ വില്ല തട്ടിപ്പിന്റെ പേരിൽ പരാതിയുമായി ഇടപാടുകാർ

ലക്ഷങ്ങൾ കൊടുത്തു വാങ്ങിയ വില്ലകൾക്ക് മുമ്പിൽ മുതലാളിമാർക്ക് പ്രത്യേക ഗേറ്റുമായി വേറെ വില്ലകൾ; കരാറിൽ പറയുന്നതിൽ നിന്നും വ്യത്യസ്തമായ നിർമ്മാണങ്ങൾ; മറ്റിവരച്ച പ്ലാൻ ചോദിച്ചവർക്ക് ഭീഷണി; അപ്പോളോ ഗോൾഡിനെതിരെ വില്ല തട്ടിപ്പിന്റെ പേരിൽ പരാതിയുമായി ഇടപാടുകാർ

എം പി റാഫി

കോഴിക്കോട്: പ്രമുഖ ജുവലറി വ്യാപാര സ്ഥാപനമായ അപ്പോളോ ഗോൾഡിനെതിരെ വില്ലാസ് തട്ടിപ്പ് നടത്തിയെന്നാരോപിച്ച് പദ്ധതിയിൽ വഞ്ചിതരായവർ രംഗത്ത്. വില്ലകൾ വാങ്ങിയവരുമായി ഉണ്ടാക്കിയ കരാർ ലംഗിച്ചതായും നിർമ്മാണത്തിൽ അപാകതയുണ്ടെന്നും ചുണ്ടിക്കാട്ടിയാണ് തട്ടിപ്പിനിരയായവർ രംഗത്തെത്തിയിട്ടുള്ളത്. വില്ലകൾ ഒരേ വലിപ്പവും നിർമ്മാണ രീതിയുമായിരിക്കണമെന്നാണ് കരാറിലുള്ളത്. ഇത്തരത്തിലായിരുന്നു പരസ്യങ്ങളും ബ്രൗഷറുകളും ഇറക്കി അപ്പോളോ ഗ്രൂപ്പ് ആളുകളെ ആകർഷിച്ചിരുന്നത്.

കൂടാതെ സമൂഹത്തിൽ ഉയർന്നവരും മന്ത്രിമാരുമടക്കമുള്ള രാഷ്ട്രീയക്കാരുമായം ഉടമകൾ ഒരുമിച്ചു നിൽക്കുന്ന ഫോട്ടോകൾ പ്രസിദ്ധപ്പെടുത്തി പരസ്യം ചെയ്തിരുന്നു. എന്നാൽ ഇതു ലംഗിച്ച് വൻകിട ബിസിനസുകാരായ രണ്ടു പേർക്ക് നാലു വില്ലകളുടെ ഭൂമി വീതിച്ചു നൽകുകയായിരുന്നു. ഇവർ പ്രധാന കവാടത്തിൽ തന്നെ രണ്ട് കൂറ്റൻ ബംഗ്ലാവ് പണിയുകയാണ്. ഇതിന്റെ നിർമ്മാണം ഇപ്പോഴും പുരോഗമിക്കുന്നുണ്ട്. കരാർ ലംഗിച്ചുകൊണ്ടുള്ള നിർമ്മാണവും നിർമ്മാണത്തിലെ അപാകതയും വില്ല വാങ്ങിയവർ ഉടമകളെ ചുണ്ടിക്കാട്ടിയെങ്കിലും തിരുത്താനോ പരിഹരിക്കാനോ തയ്യാറായിരുന്നില്ല. ഈസാഹചര്യത്തിൽ നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് തട്ടിപ്പിനിരയായവരുടെ തീരുമാനം. വില്ലകൾ വാങ്ങിയവരുടെ നേതൃത്വത്തിൽ പ്രാരംഭ നിയമ നടപടികൾ തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയിലും വിദേശത്തും വിവിധ ബിസിനസ് സംരംഭങ്ങളുള്ള സ്ഥാപനമാണ് അപ്പോളോ ഗോൾഡ്. കഴിഞ്ഞ വർഷമാണ് രാമനാട്ടുകാര ബൈപ്പാസിൽ കൃഷിഭവൻ റോഡിൽ സ്ഥിതി ചെയ്യുന്ന ഏക്കറുകണക്കിന് സ്ഥലത്ത് വില്ലകൾ നിർമ്മാണം തുടങ്ങിയത്. ഇതിനു മുമ്പു തന്നെ പ്രത്യേക എക്‌സിക്യൂട്ടീവുകൾ മുഖേനയും എഫ്.എം, ടിവി, പത്രം എന്നിവയിലൂടെ പരസ്യം ചെയ്തിരുന്നു. അപ്പോളോ സീസൺസ് എന്ന പേരിലായിരുന്നു വില്ലയുടെ പദ്ധതി. 32 വില്ലകൾക്കാണ് പ്ലാൻ തയ്യാറാക്കിയത്. പരസ്യങ്ങൾ കണ്ടും ഇടനിലക്കാർ മുഖേനയുമായി ബിസിനസുകാർ മുതൽ പ്രവാസികൾ വരെയുള്ളവർ പദ്ധതിയിൽ ഭാഗമാകാനായി എത്തി. ഒരു ഫൽറ്റിനായി 7,8 സെന്റ് വരെയാണ് രജിസ്റ്റർ ചെയ്തു നൽകിയിരുന്നത്. കൺസ്ട്രക്ഷനുള്ള തുകയടക്കം മുൻകൂട്ടി രജിസ്‌ട്രേഷൻ നടത്തിയാൽ മാത്രമേ വില്ലയുടെ നിർമ്മാണം തുടങ്ങുകയുള്ളൂ. ഇതനുസരിച്ച് ഒരു കോടി രൂപ മുതൽ ഒന്നര കോടി രൂപ വരെ വാങ്ങാൻ ഉദ്ധേശിച്ചവർ നൽകി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി. എന്നാൽ പിന്നീടായിരുന്നു അബദ്ധം തിരിച്ചറിയുന്നത്.

അപ്പോളോ ഗ്രൂപ്പിനു കീഴിലുള്ള അപ്പോളോ ബിൽഡ്‌ടെക്കിനായിരുന്നു നിർമ്മാണ ചുമതല. രജിസ്‌ട്രേഷൻ നടപടികൾ കഴിഞ്ഞപ്പോൾ നിർമ്മാണമെല്ലാം തോന്നിയപോലെയായി. മാത്രമല്ല നിർമ്മാണത്തിലാണെങ്കിൽ എമ്പാടും അപാകതകളും ഉള്ളായി ഇവിടെ താമസിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. നിർമ്മാണം മുക്കാൽ ഭാഗമായാൽ സ്വന്തം പണം മുടക്കി നിർമ്മാണം പൂർത്തീകരിക്കണം. എല്ലാം സഹിച്ച് പണം മുടക്കിയതോർത്ത് ഫൽറ്റ് നിർമ്മാണം പൂർത്തിയാക്കി കുടുംബങ്ങളെല്ലാം ഇവിടെ താമസം തുടങ്ങുകയും ചെയ്തു.

25 ഓളം വില്ലകളുടെ രജിസ്‌ട്രേഷൻ കഴിഞ്ഞിരുന്നു. എന്നാൽ പിന്നീടാണറിയുന്നത് പ്രധാന കവാടത്തിൽ തന്നെ രണ്ട് കൂറ്റൽ വീടുകൾ വരുന്നുണ്ടെന്ന്. നേരത്തെയുള്ള കരാറുകൾ ലംഗിച്ച് അപ്പോളോ ഗ്രൂപ്പ് ഇതിന് അനുമതി നൽകുകയും രജിസ്‌ട്രേഷൻ ചെയ്തു കൊടുക്കുകയും ചെയ്തു. മുനിസിപ്പാലിറ്റിയിൽ സമർപ്പിച്ച പ്ലാനിനും വില്ലകൾ വാങ്ങിച്ചവരുമായി രജിസ്റ്റർ ചെയ്ത കരാറിനും വിപരീതമായിട്ടായിരുന്നു ഈ നടപടി. ഈ വീടുകളുടെ നിർമ്മാണം പുരോഗമിക്കേയാണ് വില്ല വാങ്ങിയവരെല്ലാം അപ്പോളോ ഗ്രൂപ്പിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്.

അപ്പോളോ ഗ്രൂപ്പ് ഉടമകൾ തങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന് തട്ടിപ്പിനിരയായവർ പറയുന്നു. അപ്പോളോ ഗ്രൂപ്പിന്റെ നടപടിക്കെതിരെ വില്ല വാങ്ങിവരെല്ലാം കൂടി നിയമ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാമനാട്ടുകാര മുനിസിപ്പാലിറ്റിയിൽ നിന്നും പ്ലാനിന്റെയും പെർമിറ്റിന്റെയും വിവരങ്ങളടങ്ങിയ വിവരാവകാശ രേഖ സമർപ്പിച്ചെങ്കിലും മുനിസിപ്പാലിറ്റി അതികൃതർ ഇതു നൽകാൻ തയ്യാറായിരുന്നില്ല. അപേക്ഷ സമർപ്പിച്ചയാളെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുകയും അപേക്ഷ പിൻവലിപ്പിക്കുകയും ചെയ്തു. നിയമക്കുരുക്ക് ഭയന്ന് ഇയാൾ പിന്മാറുകയും ചെയ്തു. എന്നാൽ നിയമ നടപടിക്കു രേഖകൾ ആവശ്യമായതിനാൽ മറ്റൊരാൾ മുഖേന പരാതിക്കാർ ഈ വിവരാവകാശ രേഖകൾ തരപ്പെടുത്തുകയായിരുന്നു. ഓരേ വലിപ്പവും പ്ലാനുമുള്ള രേഖയാണ് ബി.എൽ 203/1516 നമ്പർ ബിൽഡിംങ് പെർമിറ്റിൽ സമർപ്പിച്ചതും മുനിസപിപ്പാലിറ്റി അനുമതി നൽകിയിട്ടുള്ളതും.

ഫൽറ്റ് നിർമ്മാണത്തിന്റെ പേരിൽ വ്യാപകമായ തട്ടിപ്പുകൾ നടക്കുന്നുണ്ടെങ്കിലും മലയാളികൾ വീണ്ടും ഇത്തരം പദ്ധതികളിൽ തലവെയ്ക്കുന്നവരാണ്. വില്ലകളും ഫൽറ്റുകളും നിർമ്മിച്ചു നൽകുന്നതിലൂടെ വൻ ലാഭമാണ് ഉമകൾ കൊയ്യുന്നത്. വിവിധ ജില്ലകളിൽ അപ്പോളോ ഗ്രൂപ്പിന് ഫൽറ്റുകളും വില്ലകളുമുണ്ട്. അപ്പോളോയുടെ പല പേരുകളിലായാണ് നാട്ടിലും വിദേശത്തും ഇത്തരം പ്രൊജക്ടുകളുള്ളത്. രാമനാട്ടുകരയിലെ അപ്പോളോ സീസൺസിൽ വഞ്ചിതരായവരെല്ലാം പ്രമുഖരാണ്.

ഇതു കൊണ്ടു തന്നെ മാനഹാനി ഭയന്ന് പലരും രംഗത്തു വന്നിരുന്നില്ല. ഈയിടെയുണ്ടായ ഫൽറ്റു തട്ടിപ്പുകളിലെല്ലാം അകപ്പെടുന്നവരെല്ലാം സമൂഹത്തിലെ ഉന്നതരും വലിയ ബിസിനസുകാരുമാണ്. എന്നാൽ ഫൽറ്റിനു മറവിൽ ചെറിയ തട്ടിപ്പുകൾ നടത്തി കോടികൾ സമ്പാദിക്കുന്നതിലൂടെ തിരിച്ചടിയാകുന്നത് പ്രവാസികളടക്കമുള്ളവർക്കാണ്. തട്ടിപ്പിനിരയായവർ അപ്പോളോ ഗ്രൂപ്പിനെതിരെ നിയമ നടപടികളുമായി കോടതിയെ സമീപിക്കാനിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP