Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒറ്റയടിക്ക് പുറത്താക്കിയത് 105 ജീവനക്കാരെ; പകരം നടത്തിയതെല്ലാം കോൺട്രാക്ട് നിയമനങ്ങൾ; കെഎസ്ആർടിസി കൺസോർഷ്യത്തിന്റെ 700 കോടി ലഭിച്ചപ്പോൾ യെസ് ബാങ്കിന് നൽകിയത് കമ്മീഷൻ അടിച്ചുമാറ്റാൻ; മുൻ എംഡിയുടെ അഴിമതി മൂടിവെക്കാൻ മുൻ ജനറൽ മാനേജറെ വീണ്ടും നിയമിച്ചത് 75000 രൂപ ശമ്പളത്തിൽ; അതും പോരാഞ്ഞ് സ്പെഷ്യൽ കൺസൽട്ടന്റിനെ നിയമിച്ചത് 80000 രൂപ ശമ്പളത്തിലും; ധൂർത്ത് നിർബാധം തുടരുമ്പോൾ ജീവനക്കാരോട് പകപോക്കലും; കെടിഡിഎഫ്സിയിലെ അഴിമതിക്കെതിരെ ഗവർണർക്ക് പരാതി

ഒറ്റയടിക്ക് പുറത്താക്കിയത് 105 ജീവനക്കാരെ; പകരം നടത്തിയതെല്ലാം കോൺട്രാക്ട് നിയമനങ്ങൾ; കെഎസ്ആർടിസി കൺസോർഷ്യത്തിന്റെ 700 കോടി ലഭിച്ചപ്പോൾ യെസ് ബാങ്കിന് നൽകിയത് കമ്മീഷൻ അടിച്ചുമാറ്റാൻ; മുൻ എംഡിയുടെ അഴിമതി മൂടിവെക്കാൻ മുൻ ജനറൽ മാനേജറെ വീണ്ടും നിയമിച്ചത് 75000 രൂപ ശമ്പളത്തിൽ; അതും പോരാഞ്ഞ് സ്പെഷ്യൽ കൺസൽട്ടന്റിനെ നിയമിച്ചത് 80000 രൂപ ശമ്പളത്തിലും; ധൂർത്ത് നിർബാധം തുടരുമ്പോൾ ജീവനക്കാരോട് പകപോക്കലും; കെടിഡിഎഫ്സിയിലെ അഴിമതിക്കെതിരെ ഗവർണർക്ക് പരാതി

എം മനോജ് കുമാർ

തിരുവനന്തപുരം: കേരള ട്രാൻസ്‌പോർട് ഡവലപ്‌മെന്റ് ഫിനാൻസ് കോർപറേഷനിലെ അഴിമതിയും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടി ഗവർണർക്കും വിജിലൻസ് ഡയരക്ടർക്കും ലോകായുക്തയ്ക്കും ഹൈക്കോടതിക്കും പരാതി. അഴിമതിയും വിവാദങ്ങളുമായി നിലകൊള്ളുന്ന കെടിഡിഎഫ്‌സി വലിയ ചതികാട്ടിയാണ് സ്ഥിര തസ്തികകളിൽ തുടർന്ന പരാതിക്കാരനടക്കമുള്ളവരെ കെടിഡിഎഫ്‌സിയിൽ നിന്നും പുറത്താക്കിയതെന്നും പരാതിയിൽ ആരോപിക്കുന്നു. തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ ബിനു വി.യാണ് കെടിഡിഎഫ്‌സിയിലെ അഴിമതിയും സ്വജന പക്ഷപാതവും ചൂണ്ടിക്കാട്ടി ഇപ്പോൾ പരാതിയുമായി രംഗത്ത് വന്നത്. അഴിമതിയും വിവാദങ്ങളുമാണ് കേരള ട്രാൻസ്‌പോർട് ഡവലപ്‌മെന്റ് ഫിനാൻസ് കോർപറേഷനെ ചുറ്റിപ്പറ്റി നിലകൊള്ളുന്നത്. ലോൺ നൽകി നൽകി ഞെക്കിപ്പിഴിഞ്ഞു പലിശ ഈടാക്കി കെഎസ്ആർടിസിയെ മുച്ചൂടും മുടിച്ച് നിലകൊള്ളുന്ന കെടിഡിഎഫ്‌സിയെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ഗവർണർക്ക് നൽകിയ പരാതിയിൽ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. 2006-ൽ സ്ഥിരപ്പെടുത്തിയ താനടക്കമുള്ള 105 പേരെ പിൻവാതിൽ നിയമനം എന്ന് പറഞ്ഞു 2007-ൽ കെടിഡിഎഫ്‌സി പുറത്താക്കി.

എന്നിട്ട് പിൻവാതിൽ നിയമനങ്ങളും അഴിമതിയും ഒട്ടുവളരെ നടത്തി. ഞങ്ങളെ പുറത്താക്കിയപ്പോൾ ഇനി കെടിഡിഎഫ്‌സി നിയമനങ്ങൾ പിഎസ് സി വഴിയോ അല്ലെങ്കിൽ ഡെപ്യൂട്ടെഷൻ വഴിയോ മാത്രമേ നടത്താവൂ എന്ന് പറഞ്ഞു സർക്കാർ ഉത്തരവ് ഇറക്കി. പക്ഷെ കെടിഡിഎഫ്‌സി ഇത് ലംഘിച്ച് വീണ്ടും നിയമനങ്ങൾ നടത്തി. 2011-ൽ യുഡിഎഫ് സർക്കാർ എംഡിയായി നിയമിച്ച ഉഷാദേവി ബാലകൃഷ്ണന്റെ കാലത്ത് വൻ അഴിമതികളും സ്വജനപക്ഷപാതവുമാണ് നടന്നത്. ജനറൽ മാനേജർ ആയി ഉഷാദേവി കൊണ്ട് വന്ന പി.കെ.ജയരാജനും ഉഷാദേവിയും വൻ അഴിമതിയാണ് നടത്തിയത്-പരാതിയിൽ പറയുന്നു. 2007-ൽ എംഡി സ്ഥാനത്തിരുന്നു രാജശ്രീ അജിത്ത് നടത്തിയ വൻ അഴിമതികൾ വിവിധ കേസുകൾ ആയി വിജിലൻസ് കോടതിക്ക് മുൻപേയുള്ളപ്പോൾ തന്നെയാണ് ഇപ്പോൾ കെടിഡിഎഫ്‌സിയുടെ അഴിമതി ചൂണ്ടിക്കാട്ടി ഗവർണർക്കും മറ്റുള്ളവർക്കും പരാതി നൽകിയിരിക്കുന്നത്.

പിഎസ് സി അല്ലെങ്കിൽ ഡെപ്യൂട്ടെഷൻ നിയമനം എന്ന സർക്കാർ ഉത്തരവ് നിലനിൽക്കുമ്പോൾ അനീഷ്ബാബുവിനെ അസിസ്റ്റന്റ് മാനേജർ (ലീഗൽ) ആയി നിയമിച്ചു. അതിനു ശേഷം അദ്ദേഹത്തിൽ നിന്ന് കൈക്കൂലി വാങ്ങി ഉഷാദേവി ബാലകൃഷ്ണൻ 2014-ൽ മുൻകാല പ്രാബല്യത്തോടെ തന്നെ സ്ഥിരപ്പെടുത്തി. അപ്പോൾ സംഭവിച്ചത് ഇങ്ങിനെയാണ്, മുൻകാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്തിയപ്പോൾ ബാക്ക് ഡേറ്റ് മുതൽ അതായത് 2008 മുതലുള്ള സാലറി അരിയർ മുഴുവൻ 10 ലക്ഷത്തോളം തുക ഈ വ്യക്തിക്ക് നൽകി. കെടിഡിഎഫ്‌സി സർവീസ് റൂൾ മറികടന്നു ഇദ്ദേഹത്തിനു പ്രമോഷനും നൽകി. 2015-ൽ കൈക്കൂലി വാങ്ങി 35 ഓളം സ്റ്റാഫുകളെ ബിഒടി പ്രോജക്ടിലേക്ക് നിയമിച്ചു. 65 ഓളം ഡെപ്യൂട്ടെഷൻ സ്റ്റാഫുകളെ വേറെയും നിയമിച്ചു. വിവിധ പോസ്റ്റുകളിൽ, ക്ലറിക്കൽ അടക്കം 70000 രൂപ ശമ്പളത്തിൽ നിയമിച്ചു. കമ്പനി ബോർഡ് മെമ്പേഴ്‌സ് എല്ലാ അഴിമതികൾക്കും ഒത്താശ നൽകുകയും ചെയ്തു.

2015-ൽ ജനറൽ മാനേജർ ആയിരുന്ന പി.കെ.ജയരാജൻ സർക്കാർ സർവീസിൽ നിന്നും വിരമിച്ചപ്പോൾ കരാർ അടിസ്ഥാനത്തിൽ കൺസൽട്ടന്റ് (ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ്) എന്ന തസ്തികയുണ്ടാക്കി അദ്ദേഹത്തെ നിയമിച്ചു. കെടിഡിഎഫ്‌സിയിൽ ജനറൽ മാനേജരുടെ യോഗ്യത ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരിക്കണം എന്നതാണ്. എന്നാൽ ജയരാജനെ നിയമിക്കാൻ ഈ യോഗ്യതയിൽ മാറ്റം വരുത്തി. അഭിമുഖ സമയത്ത് മൂന്നു ചാർട്ടേഡ് അക്കൗണ്ടന്റ്മാർ ഉണ്ടായിരുന്നു. എന്നാൽ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് അന്നത്തെ എംഡിയായിരുന്ന ഉഷാദേവി ബാലകൃഷ്ണൻ പോസ്റ്റിൽ ജയരാജനെ തന്നെ നിയമിച്ചു. 75000 രൂപ മാസ ശമ്പളത്തിലാണ് ജയരാജനെ നിയമിച്ചത്. പെൻഷൻ ആയവർക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിയമനം ലഭിക്കുകയാണെങ്കിൽ സർക്കാരിൽ നിന്നും ലഭിക്കുന്ന പെൻഷനും ജോലിയിൽ നിന്ന് ലഭിക്കുന്ന ശമ്പളവും കൂട്ടുമ്പോൾ പെൻഷനാവുമ്പോൾ ലഭിക്കുന്ന ശമ്പളത്തേക്കാൾ കൂടാൻ പാടില്ല എന്ന് സർക്കാർ ഉത്തരവ് നിലനിൽക്കുമ്പോൾ തന്നെയാണ് ജയരാജനെ ഇത്രയും വലിയ തുക ശമ്പളത്തിൽ അന്നത്തെ എംഡി ഉഷാദേവി ബാലകൃഷ്ണൻ നിയമിക്കുന്നത്. ഉഷാദേവി ബാലകൃഷ്ണനും മറ്റുള്ളവരും ചേർന്ന് നടത്തുന്ന എല്ലാ അഴിമതികളും പൂഴ്‌ത്തിവയ്ക്കാൻ വേണ്ടിയാണ് പി.കെ.ജയരാജനെ പ്രത്യേക പോസ്റ്റിൽ നിയമിച്ചത്. ജയരാജൻ സെക്രട്ടറിയേറ്റിൽ നിന്നാണു വിരമിച്ചത്. ജയരാജന് ഒപ്പം വിരമിച്ച ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും കൺസൾട്ടന്റുമാർ എന്ന പോസ്റ്റിൽ ഉയർന്ന വേതനത്തിൽ നിയമനം നൽകി.

ജയരാജന് അക്കൗണ്ട്‌സിനെക്കുറിച്ച് ഒരു വിവരവും ഇല്ലാത്തതിനാൽ സ്‌പെഷ്യൽ കൺസൽട്ടന്റ് (അക്കൗണ്ട്സ്) എന്ന് പറഞ്ഞു മാസം 80000 രൂപ നൽകി വേറൊരാളെയും പോസ്റ്റ് ചെയ്തു. റെച്ചൽ മാത്യു എന്നയാളെ ഈ പോസ്റ്റിൽ വച്ചപ്പോൾ അവർക്കും ഒന്നും അറിയാത്ത അവസ്ഥയായി. ഇവർക്ക് കാര്യങ്ങൾ അറിയാത്തതിനാൽ ഈ പോസ്റ്റിനു താഴെ സിഎംഎ ക്വാളിഫിക്കേഷനുള്ള അസിസ്റ്റന്റ്‌റ് മാനേജർമാർ എന്ന് പറഞ്ഞു മാസം 40000 രൂപയോളം ശമ്പളത്തിൽ മൂന്നു പേരെ വച്ചു. ഇവർക്ക് കീഴിൽ അക്കൗണ്ടന്റ്, ജൂനിയർ എക്‌സിക്യുട്ടീവ് എന്ന് പറഞ്ഞു നിരവധി പേരെ നിയമിച്ചു. എന്നാൽ ഇതൊക്കെയായിട്ടും കെടിഡിഎഫ്‌സിയിൽ അക്കൗണ്ട് സംബന്ധമായ എല്ലാ വർക്കുകളും പുറത്തുള്ള ചാർട്ടഡ് അക്കൗണ്ടന്റുമാർക്ക് വൻതുക നൽകിയാണ് നടത്തുന്നത്. കെടിഡിഎഫ്‌സിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വരുന്നവർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനം പോലും നൽകുന്നില്ല. എന്നാൽ മുകളിൽ പറഞ്ഞ പി.കെ.ജയരാജനും എംഡിക്കും കമ്പനി സെക്രട്ടറി, സ്‌പെഷ്യൽ കൺസൽട്ടന്റ് (അക്കൗണ്ട്സ്) എന്നിവർക്ക് എല്ലാ വർഷവും ശമ്പളം കൂട്ടി നൽകി.

എല്ലാം അഴിമതി തന്നെയായി മാറി. ജയരാജനെ ജനറൽ മാനേജർ പോസ്റ്റിൽ നിയമിക്കാതെ ഒരു ചാർട്ടേഡ് അക്കൗണ്ടിനെ നിയമിച്ചിരുന്നുവെങ്കിൽ ആറു ലക്ഷം രൂപയെങ്കിലും ഒരു മാസം കെടിഡിഎഫ്‌സിക്ക് ലാഭിക്കാമായിരുന്നു. മാർക്കറ്റിങ് മാനേജറോട് കമ്പനി സെക്രട്ടറി പറഞ്ഞത് 15 കോപ്പി ഫോട്ടോസ്റ്റാറ്റ് എടുത്തു വരാനാണ്. അത് തന്റെ ജോലിയല്ല എന്ന് പറഞ്ഞ പ്രവീൺ എന്ന മാർക്കറ്റിങ് മാനേജറെ ഉടനടി പിരിച്ചു വിടുകയാണ് ചെയ്തത്. അതിനു പകരം സെക്രട്ടറിയെറ്റിൽ നിന്നും വിരമിച്ച ഒരാളെ മാർക്കറ്റിങ് മാനേജർ ആക്കി. ഇയാൾക്ക് ജോലി അറിയില്ല. അതുകൊണ്ട് തന്നെ തമ്പാനൂർ കെഎസ്എസ്ആർടിസി ഷോപ്പിങ് കോംപ്ലക്‌സിലെ മുറികൾ വാടകയ്ക്ക് പോകുന്നത് കുറയുകയും ചെയ്തു. ഇവിടുത്തെ അസിസ്റ്റന്റ് എൻജിനീയർ ആയ വിനോദ് എസി തെറ്റായ രീതിയിൽ ഫിറ്റ് ചെയ്തത് ചോദ്യം ചെയ്തപ്പോൾ അദ്ദേഹത്തെ കോഴിക്കോടെക്ക് ഉടനടി സ്ഥലം മാറ്റി. അദ്ദേഹം കെടിഡിഎഫ്‌സിയിൽ നിന്നും രാജി വയ്ക്കുകയും ചെയ്തു.

കെടിഡിഎഫ്‌സിയിൽ ചെലവ് ചുരുക്കുക എന്ന് പറഞ്ഞു കോഴിക്കോട്, തിരുവല്ല, എറണാകുളം, എന്നിവിടങ്ങളിലുള്ള സ്ഥിരം ജീവനക്കാരെ, സ്ത്രീ ജീവനക്കാർ അടക്കമുള്ളവരെ മാസം 35000 രൂപ മാത്രം വാങ്ങിക്കുന്ന ഇവരെ വരെ തിരുവനന്തപുരം ഹെഡ് ഓഫീസിലെക്ക് സ്ഥലം മാറ്റം നൽകി. എന്നാലോ ഉന്നത തല ധൂർത്ത് നിർബാധം തുടരുകയും ചെയ്യുന്നു. സ്ഥിരം ജീവനക്കാർക്ക് പ്രമോഷൻ നൽകില്ല. സുപ്രീംകോടതിയിൽ വരെ കേസിന് പോകും. അതിനായി അഭിഭാഷകർക്ക് വൻ തുക നൽകുകയും ചെയ്യും. 10 ലക്ഷം രൂപ വരെ അഭിഭാഷകർക്ക് ഈ ഇനത്തിൽ നൽകിയിട്ടുമുണ്ട്. ഇപ്പോൾ സ്ഥാപനത്തിൽ മാനേജിങ് ഡയറക്ടർ ആയ രാഹുൽ ആർ ഇൻചാർജ് ആയാണ് ജോലി ചെയ്യുന്നത്. 15 ദിവസം മാത്രമാണ് ഓഫീസിൽ എത്തി ഫയലുകളിൽ ഒപ്പ് വയ്ക്കുന്നത്. ഡയറക്ടർ ബോർഡ് യോഗത്തിൽ ഇദ്ദേഹം പങ്കെടുക്കാറുമില്ല. ഇതെല്ലാം സ്ഥാപനത്തെ വലിയ രീതിയിൽ ബാധിക്കുന്നു.

കെഎസ്ആർടിസി കൺസോർഷ്യത്തിൽ നിന്നും ലഭിച്ച 700 കോടി രൂപ ജയരാജനും കമ്പനി സെക്രട്ടറിയും നിമ്മി റെച്ചൽ മാത്യുവും കൂടി ചേർന്ന് യെസ് ബാങ്ക് എന്ന സ്വകാര്യ ബാങ്കിൽ വളരെ ചെറിയ പലിശയ്ക്ക് ആണ് നിക്ഷേപിച്ചിരിക്കുന്നത്. നിക്ഷേപ തുകയുടെ 0.50 ശതമാനം ഇവർക്ക് കമ്മിഷൻ ലഭിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ തുക തന്നെ 35 ലക്ഷത്തോളം രൂപ വരും. സർക്കാർ സ്ഥാപനങ്ങൾ സർക്കാർ ട്രഷറിയിലോ സർക്കാർ കമ്പനികളിലോ ആണ് നിക്ഷേപം നടത്തേണ്ടത്. ഇത് ലംഘിച്ചാണ് യെസ് ബാങ്ക് പോലുള്ള സ്വകാര്യ ബാങ്കിൽ ഇവർ നിക്ഷേപം നടത്തിയിരിക്കുന്നത്. 1600 കോടി രൂപ നഷ്ടം വരുത്തിയിരിക്കുന്ന ബാങ്ക് ആണ് യെസ് ബാങ്ക്. ആ ബാങ്കിലാണ് ഇത്രയും കോടിയുടെ നിക്ഷേപം നടത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ 700 കോടി രൂപ കെടിഡിഎഫ്‌സിക്ക് തിരികെ ലഭിക്കുമോ എന്നും അറിയേണ്ടതുണ്ട്. നഷ്ടത്തിലോടുന്ന സ്ഥാപനത്തിനു ആറു കാറുകൾ ഉണ്ട് എന്നാണ് അറിയുന്നത്. ഒരു വാഹനം ജയരാജൻ സ്വന്തം ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്. മറ്റു കാറുകൾ പല ആളുകൾക്ക് വേണ്ടിയാണ് ഓടുന്നത്. ഒരു കാർ എംഡി രാഹുലിന്റെ ഭാര്യ വീട്ടിലാണ് ഓടുന്നത്. ഒരു കാർ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിന് വേണ്ടിയാണ് ഓടുന്നത്. എല്ലാ ചിലവും കെടിഡിഎഫ്‌സിയുടെ ചെലവിലും പോകുന്നു.

കെടിഡിഎഫ്‌സി കെഎസ്ആർടിസിക്കായി പണി കഴിപ്പിച്ച നാല് ബസ് ടെർമിനലുകളിലും വൻ അഴിമതി നടത്തി. കരാറുകൾക്ക് സർക്കാർ അനുമതിയില്ലാതെ റേറ്റ് കൂട്ടിക്കൊടുത്തു വൻ കമ്മിഷൻ വാങ്ങി. തിരുവല്ല ബസ് ടെർമിനലിൽ നാല് കോടിയിലധികം രൂപ പിഴയായി നൽകേണ്ടി വന്നു. ഓരോ ബസ് ടെർമിനൽ ഉദ്ഘാടനത്തിനും വേണ്ടി 30 ലക്ഷം രൂപ അധികമായി ചിലവഴിച്ചു. ഇവർ നടത്തിയ അഴിമതികൾ കാരണം കെഎസ്ആർടിസിക്ക് 15 മുതൽ 16 ശതമാനം വരെ പലിശയ്ക്ക് ലോൺ നൽകേണ്ടി വന്നു. എല്ലാം കെടിഡിഎഫ്‌സിയുടെ അഴിമതികളാണ്. ലാഭത്തിൽ പോയിരുന്ന സ്ഥാപനം ധൂർത്തും അഴിമതിയും സ്വജനപക്ഷപാതവും കാരണമാണ് നാശത്തിലേക്ക് മുതലക്കൂപ്പ് കുത്തിയത്. കെടിഡിഎഫ്‌സി നന്നായി പോകണമെങ്കിൽ നിലവിലെ എംഡിയെ മാറ്റി സ്ഥാപനത്തിനു മാത്രമായുള്ള എംഡിയെ വയ്ക്കണം. ജനറൽ മാനേജർ പോസ്റ്റിൽ നിന്നും ജയരാജനെയും സ്‌പെഷ്യൽ കൺസൽട്ടന്റ് ആയ നിമ്മി റെച്ചൽ മാത്യുവിനെയും പറഞ്ഞുവിട്ടു സ്ഥാപന നിയമ നിയമ പ്രകാരം ഒരു ചാർട്ടഡ് അക്കൗണ്ടിനെ ഈ പോസ്റ്റിൽ നിയമിക്കണം-പരാതിയിൽ ആവശ്യപ്പെടുന്നു.

ഗവർണർക്ക് നൽകിയ പരാതിയുമായി ബന്ധപ്പെട്ടു കെടിഡിഎഫ്‌സി മറുനാടന് നൽകിയ വിശദീകരണം:

105 ജീവനക്കാരെ കെടിഡിഎഫ്‌സി പുറത്താക്കിയിരുന്നു. അന്ന് ഡെപ്യൂട്ടെഷൻ നിയമനമോ അല്ലെങ്കിൽ പിഎസ്എസി നിയമനമോ എന്ന് പറഞ്ഞു സർക്കാർ ഉത്തരവും വന്നിരുന്നു. പക്ഷെ സ്റ്റാഫ് ഷോർട്ടെജ് പിന്നീട് വന്നു. ആളില്ലാതെ ഫംങ്ങ്ഷൻ ചെയ്യാൻ ചെയ്യാൻ പ്രയാസമായി. അപ്പോൾ കോൺട്രാക്‌സ് നിയമനങ്ങൾ നടന്നു. അത് വാസ്തവമായ കാര്യമാണ്. പക്ഷെ പിൻവാതിൽ നിയമനങ്ങൾ കെടിഡിഎഫ്‌സിയിൽ നടന്നിട്ടില്ല. ഈ കോൺട്രാക്റ്റ് നിയമനങ്ങൾ പരിഗണിക്കുമ്പോൾ തന്നെ ഡെപ്യൂട്ടെഷൻ പ്രശ്‌നം ഞങ്ങൾക്ക് മുന്നിൽ വന്നിരുന്നു. എന്നാൽ കെടിഡിഎഫ്‌സിയുടെ സാമ്പത്തിക സ്ഥിതി മോശമാണ്. ഡെപ്യൂട്ടെഷൻ നിയമനങ്ങൾക്ക് വലിയ ശമ്പളം നൽകേണ്ടതായി വരും. അതുകൊണ്ട് തന്നെ ഡെപ്യൂട്ടെഷൻ നിയമനങ്ങൾ ഒഴിവാക്കി കോൺട്രാക്റ്റ് നിയമനങ്ങൾ നടത്തുകയായിരുന്നു.

ഡെപ്യൂട്ടെഷൻ നിയമനങ്ങൾക്ക് നൽകേണ്ട പകുതി ശമ്പളം മാത്രമാണ് കോൺട്രാക്റ്റ് നിയമനങ്ങൾക്ക് നൽകുന്നത്. പിഎസ്‌സിയിൽ ഒഴിവ് റിപ്പോർട്ട് നൽകി ആള് വരുമ്പോഴും ഒട്ടനവധി സമയം വേണ്ടിവരും.അതിനാലാണ് കോൺട്രാക്റ്റ് നിയമനങ്ങൾ കെടിഡിഎഫ്‌സി നടത്തിയത്, അതുമല്ല ഡെപ്യൂട്ടെഷൻ നിയമനങ്ങൾ വേണ്ടാ എന്ന് ഡയറക്ടർ ബോർഡ് തീരുമാനവും എടുത്തിട്ടുണ്ട്. ഫിനാൻസ് ജിഎം പോസ്റ്റിലേക്ക് ചാർട്ടെഡ് അക്കൗണ്ടന്റ്മാർ വേണം എന്നില്ല. ഡെപ്യൂട്ടെഷൻ നിയമനങ്ങളും ആകാം. പിന്നെ ഈ ആവശ്യം ന്ന പിഎസ്‌സി അംഗീകരിക്കേണ്ടതുണ്ട്. എന്ന് ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നുവോ എന്ന് മുതൽ എല്ലാ കാര്യങ്ങളും പിഎസ് സി രീതിയിൽ നടപ്പിലാകും. പരാതിയിൽ പറയുന്ന രീതിയിൽ ധാരാളം ഫിനാൻസിന് കൺസൽട്ടന്റ്മാർ ഉണ്ട്. ഹെഡ് കൺസൾട്ടനറുമുണ്ട്, സ്‌പെഷ്യൽ കൺസൽട്ടന്റുമുണ്ട്. എല്ലാം ഇവിടെ ഫിനാൻസ് വിഭാഗം കൈകാര്യം ചെയ്യുന്നവർ തന്നെയാണ്. മറ്റു സർക്കാർ സ്ഥാപനങ്ങൾ നോക്കിയാൽ അവിടെയെല്ലാം ആവശ്യത്തിനു ഫിനാൻസ് കൺസൽട്ടന്റുമാർ കാണും. അത്രയും ആളുകളെ ആവശ്യവുമുണ്ട്.

കൺസോർഷ്യം തുക ഞങ്ങൾ യെസ് ബാങ്കിൽ തന്നെയാണ് നിക്ഷേപിച്ചത്. കൺസോർഷ്യം തുക നിക്ഷേപിക്കുന്ന സമയത്ത് ഞങ്ങൾ ക്വട്ടെഷൻ വിളിച്ചിരുന്നു. ഏറ്റവും ഉയർന്ന പലിശ നിരക്ക് അന്ന് ക്വാട്ട് ചെയ്തത് യെസ് ബാങ്ക് ആയിരുന്നു. അതുകൊണ്ട് യെസ് ബാങ്കിൽ തന്നെ നിക്ഷേപിച്ചു. ഇപ്പോൾ യെസ് ബാങ്കിൽ നിന്നും കുറച്ചു കുറച്ചായി എടുത്ത് മാറ്റി ട്രഷറിയിൽ നിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്-കെടിഡിഎഫ്‌സി അധികൃതർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP