Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ലൈംഗിക ചുവയുള്ള സംസാരവും ചേഷ്ടകളും; ജോലി തെറുപ്പിച്ച് കളയും കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തുന്ന സഹജീവനക്കാരും; ലൈംഗിക താത്പര്യങ്ങൾക്ക് നിർബന്ധിക്കുന്ന ഉദ്യോഗസ്ഥനെതിരെ പരാതി കൊടുത്ത് ജീവനക്കാരി പെട്ടു; 'പീഡകൻ സഖാവിന്' സുഖവാസം; കയർ ബോർഡിലെ മന്ത്രി ഐസക്കിന്റെ വിശ്വസ്തനെതിര കേസുമില്ല നടപടിയുമില്ല; സ്ത്രീ സുരക്ഷയുടെ കേരളാ മോഡലിന് ഇത് കളങ്കം

ലൈംഗിക ചുവയുള്ള സംസാരവും ചേഷ്ടകളും; ജോലി തെറുപ്പിച്ച് കളയും കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തുന്ന സഹജീവനക്കാരും; ലൈംഗിക താത്പര്യങ്ങൾക്ക് നിർബന്ധിക്കുന്ന ഉദ്യോഗസ്ഥനെതിരെ പരാതി കൊടുത്ത് ജീവനക്കാരി പെട്ടു; 'പീഡകൻ സഖാവിന്' സുഖവാസം; കയർ ബോർഡിലെ മന്ത്രി ഐസക്കിന്റെ വിശ്വസ്തനെതിര കേസുമില്ല നടപടിയുമില്ല; സ്ത്രീ സുരക്ഷയുടെ കേരളാ മോഡലിന് ഇത് കളങ്കം

എം മനോജ് കുമാർ

തിരുവനന്തപുരം: പിണറായി സർക്കാരിന് മുന്നിൽ സ്ത്രീ സുരക്ഷ കടങ്കഥയാകുന്നു. സർക്കാർ ഓഫീസുകളിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലെന്നും മേലുദ്യോഗസ്ഥരുടെ ലൈംഗിക താത്പര്യങ്ങൾക്ക് അരുനിൽക്കേണ്ട അവസ്ഥയാണെന്നുമുള്ള വിവരമാണ് വെളിയിൽ വരുന്നത്. കയർ ഡയറക്ടറേറ്റ് ജീവനക്കാരിയാണ് മേലുദ്യോഗസ്ഥനിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന ഞെട്ടിക്കുന്ന അനുഭവങ്ങൾ ഉൾക്കൊള്ളിച്ചുള്ള പരാതി മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും കൈമാറിയത്.

പരാതി നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും വന്നിട്ടില്ല. ലൈംഗിക പീഡനങ്ങൾ നേരിടേണ്ടി വരുമ്പോൾ പരാതിപ്പെട്ടാലും ഒരു നടപടിയും ഇല്ലെന്ന അവസ്ഥയാണ് ഈ സർക്കാരിൽ വനിതാ ജീവനക്കാർക്ക് അനുഭവിക്കേണ്ടി വരുന്നത്. ചട്ടങ്ങൾ കാറ്റിൽപ്പറത്തി മുഖ്യമന്ത്രി ഭരണം തുടരുമ്പോൾ ഉദ്യോഗസ്ഥരും നിലവിലെ അവസ്ഥ ഭംഗിയായി ചൂഷണം ചെയ്യുന്നു എന്നാണ് വനിതാ ജീവനക്കാരിയുടെ പരാതി വെളിപ്പെടുത്തുന്നത്. പരാതി നൽകിയതിന്റെ പേരിൽ ആരോപണവിധേയനായ കയർ വകുപ്പിലെ ഡെപ്യൂട്ടി രജിസ്ട്രാർ ആയ തോമസ് ജോൺ നേരിട്ടിടപെട്ടാണ് ഇവരെ സ്ഥലം മാറ്റിയത്. ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ടുള്ള പ്രതികാര സ്ഥലം മാറ്റം ആണെന്ന് അറിയാമായിരുന്ന എൻജിഒ യൂണിയൻ കഴിഞ്ഞ പതിനാറിന് ഡെപ്യൂട്ടി രജിസ്ട്രാർക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടു കയർ ഡയറക്ടറെറ്റിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രശ്‌നത്തിൽ എൻജിഒ യൂണിയൻ ഇപ്പോഴും പ്രക്ഷോഭത്തിലാണ്.

രണ്ടു വർഷമായി കയർ വികസന ഡയരക്ടറെറ്റിലാണ് യുവതി ജോലി ചെയ്യുന്നത്. കയർ വകുപ്പിലെ ഡെപ്യൂട്ടി രജിസ്ട്രാർ ആയ തോമസ് ജോണിനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ പറയുന്നത് ഇങ്ങനെ: ലൈംഗിക ചുവയുള്ള സംസാരവും ചേഷ്ടകളുമാണ് തോമസ് ജോണിൽ നിന്നും നേരിടേണ്ടി വരുന്നത്. നിലവിൽ ഞാൻ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ ചൂഷണം ചെയ്യാനുള്ള ശ്രമമാണ് തോമസ് ജോൺ നടത്തുന്നത്. ഈ കൊറോണ കാലത്തും തോമസ് ജോൺ താമസിക്കുന്നത് ഓഫീസ് കെട്ടിടത്തിൽ തന്നെയാണ്. അഞ്ചു മണി കഴിഞ്ഞും ഇരിക്കാൻ അദ്ദേഹം എന്നെ നിർബന്ധിക്കാറുണ്ട്. ചില ദിവസങ്ങളിൽ നേരത്തെ എത്താനും പറയാറുണ്ട്. അദ്ദേഹത്തിന്റെ ലൈംഗിക താത്പര്യങ്ങൾക്ക് വേണ്ടി എന്നെ നിർബന്ധിക്കുകയാണ്.

മേലുദ്യോഗസ്ഥനു ഞാൻ പരാതി നൽകി. ഒരു നടപടിയും വന്നില്ല. ഓഫീസിലെ സീനിയർ സൂപ്രണ്ട് സന്തോഷ് കുമാറും സീനിയർ ക്ലാർക്ക് പ്രസന്നകുമാറും നീ തോമസ് ജോണിനെതിരെ പരാതി കൊടുക്കുമോടീ എന്ന് ചോദിച്ച് കൊണ്ട് നിന്റെ ജോലി തെറുപ്പിച്ച് കളയും കൊന്നു കളയും എന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇവർ മൂന്നു പേരും ചേർന്ന് എന്നെ ജീവിക്കാൻ സമ്മതിക്കാത്ത അവസ്ഥ സൃഷ്ടിക്കുന്നു. എന്റെ ജീവന് ഭീഷണി നേരിടുന്നു. ജീവനും സ്വത്തിനും സംരക്ഷണം തരുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കണം-മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ യുവതി പറയുന്നു.

'കയർ വികസന ഡയറക്ടർക്ക് യുവതി ആദ്യമേ പരാതി നൽകിയെങ്കിലും തോമസ് ജോണും മറ്റു ഉദ്യോഗസ്ഥരും ചേർന്ന് അത് മുക്കുകയായിരുന്നു. യുവതിയെ സ്ഥലം മാറ്റണം എന്നാവശ്യപ്പെട്ടു ഓഫീസിൽ നിന്ന് വ്യവസായ വകുപ്പ് ഡയറക്ടർക്ക് കത്ത് നൽകുകയും രാത്രി എട്ടു മണിക്ക് തന്നെ സ്ഥലം മാറ്റ ഉത്തരവ് ഇറക്കുകയും ചെയ്തു. ലൈംഗിക താത്പര്യങ്ങൾക്ക് യുവതി വഴങ്ങാത്തതിന്റെ പേരിൽ വന്ന തോമസ് ജോണിന്റെ പ്രതികാരബുദ്ധിയായിരുന്നു ഇതിനു പിന്നിൽ എന്നാണ് ആരോപണം. കയർ വകുപ്പ് ഡയറക്ടരുടെ ചുമതല കിട്ടിയ തോമസ് ജോൺ തന്നെയാണ് സ്വന്തമായി ഫയൽ എഴുതി ഇവരെ റിലീവ് ചെയ്തത്.

യുവതി പരാതി നൽകിയെങ്കിലും ഉന്നത സ്വാധീനം കാരണം തോമസ് ജോണിനെതിരെ ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. ധനമന്ത്രി തോമസ്‌ഐസക്കിന്റെയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാറിന്റെയും അടുപ്പക്കാരനാണ് തോമസ് ജോൺ എന്നാണ് വകുപ്പിലെ സംസാരം. ഇതുകൊണ്ടാണ് തോമസ് ജോണിനെതിരെ ഒരു നടപടിയും വരാത്തത് എന്നാണ് അറിയാൻ കഴിയുന്നത്.

കയർ ഡയരക്ടറെറ്റിന്റെ പ്രവർത്തനം കുത്തഴിഞ്ഞ നിലയിലാണ് നടക്കുന്നത് എന്ന ആരോപണം മുൻപേ തന്നെ ഉയർന്നു വന്നിട്ടുണ്ട്. കയർ ഡയരക്ടറെറ്റ് ധനകാര്യ വകുപ്പിന്റെ കീഴിലാണെങ്കിലും അഡ്‌മിനിസ്‌ട്രേഷൻ വ്യവസായ വകുപ്പാണ് നടത്തുന്നത്. ധാരാളം സർക്കാർ ഫണ്ട് ഉപയോഗിക്കുന്ന വകുപ്പ് ആണിത്. ധനകാര്യമന്ത്രി നേരിട്ടാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. കയർ കേരളയുടെ കോടികളുടെ ഫണ്ട് ഉപയോഗിക്കുന്നതും ഇതേ വകുപ്പാണ്. കയർ ഡയരക്ടർ ആണ് കയർ കേരള സംഘടിപ്പിക്കാറ്. എന്നാൽ ധനമന്ത്രിയുമായുള്ള അടുപ്പത്തിന്റെ പേരിൽ തോമസ് ജോണാണ് കയർ കേരള നടത്തിയത്. ഇതിന്റെ പേരിൽ വൻ ഫണ്ട് വെട്ടിപ്പും തോമസ് ജോണും കൂട്ടാളികളും നടത്തിയതായുള്ള ആക്ഷേപം നിലനിൽക്കുന്നുണ്ട്.

ഓഫീസിൽ സർക്കാർ ജീവനക്കാർ താമസിക്കാൻ പാടില്ല എന്നാണ് ചട്ടം. ഈ ചട്ടം കാറ്റിൽപ്പറത്തിയാണ് ഓഫീസിൽ തന്നെ തോമസ് ജോൺ താമസിക്കുന്നത്. തോമസ് ജോണും മന്ത്രിയുടെ പിഎയും ഇവിടെ വന്നു മദ്യപിക്കാറുണ്ട് എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. വകുപ്പിന്റെ കാർ ഉപയോഗിച്ച് തോമസ് ജോണും അഡീഷണൽ കയർ ഡയരക്ടറും വീട്ടിൽ പോകുന്നു എന്ന പരാതിയും ഇവർക്കെതിരെ നിലനിൽക്കുന്നുണ്ട്. കൊല്ലത്തും പരവൂരുമാണ് ഇവരുടെ വീടുകൾ. ഡ്രൈവറുടെ ടിഎ ബില്ലും വാഹനത്തിന്റെ ലോഗ് ബുക്ക് പരിശോധിച്ചാൽ ഈ വിവരം വെളിയിൽ വരും എന്നും ജീവനക്കാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP