Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ആകെയുള്ള 1568 മിനിസ്റ്റീരിയൽ ജീവനക്കാരിൽ പിഎസ്‌സി വഴി നിയമനം നേടിയവർ വെറും 89 പേർ മാത്രം; 92 യൂണിറ്റ് അധികാരികളിൽ 72 പേരും മതിയായ യോഗ്യതകൾ ഇല്ലാതെ പിൻവാതിലിലൂടെ കയറിയവർ; രണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരും 240 സൂപ്രണ്ടുമാരിൽ 229 പേരും 800 ജൂനിയർ അസിസ്റ്റന്റുമാരിൽ 789 പേരും പിൻവാതിലുകാർ തന്നെ: രാവന്തിയോളം പണിയെടുക്കുന്ന കണ്ടക്ടർമാരെയും ഡ്രൈവർമാരെയും നന്നാക്കും മുൻപ് ഇവറ്റകളെ പിണ്ഡംവച്ച് കെഎസ്ആർടിസിയെ രക്ഷിക്കാൻ തച്ചങ്കരിക്ക് നട്ടെല്ലുണ്ടോ?

ആകെയുള്ള 1568 മിനിസ്റ്റീരിയൽ ജീവനക്കാരിൽ പിഎസ്‌സി വഴി നിയമനം നേടിയവർ വെറും 89 പേർ മാത്രം; 92 യൂണിറ്റ് അധികാരികളിൽ 72 പേരും മതിയായ യോഗ്യതകൾ ഇല്ലാതെ പിൻവാതിലിലൂടെ കയറിയവർ; രണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരും 240 സൂപ്രണ്ടുമാരിൽ 229 പേരും 800 ജൂനിയർ അസിസ്റ്റന്റുമാരിൽ 789 പേരും പിൻവാതിലുകാർ തന്നെ: രാവന്തിയോളം പണിയെടുക്കുന്ന കണ്ടക്ടർമാരെയും ഡ്രൈവർമാരെയും നന്നാക്കും മുൻപ് ഇവറ്റകളെ പിണ്ഡംവച്ച് കെഎസ്ആർടിസിയെ രക്ഷിക്കാൻ തച്ചങ്കരിക്ക് നട്ടെല്ലുണ്ടോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയെ രക്ഷിക്കാൻ രണ്ടും കൽപിച്ച് ഇറങ്ങിയ എംഡി ടോമിൻ ജെ തച്ചങ്കരി ആദ്യം നന്നാക്കേണ്ടത് പാവപ്പെട്ട കണ്ടക്ടർമാരെയും ഡ്രൈവർമാരെയുമല്ല. അവർ രാവന്തിയോളം പണിയെടുത്താൽ കൈയിൽ കിട്ടുന്നത് നക്കാപ്പിച്ച മാത്രമാണ്. 16 വർഷം സർവീസുള്ള ഒരു കണ്ടക്ടർക്കും ഡ്രൈവർക്കും കട്ടിങ്ങുകൾ എല്ലാം കഴിഞ്ഞ് 20,000 രൂപ പോലും വീട്ടിൽ കൊണ്ടു പോകാൻ കഴിയില്ല. എങ്ങനെയെങ്കിലും അന്നംതരുന്ന ഈ പ്രസ്ഥാനം നന്നാക്കണമെന്നും അതിന് വേണ്ടി എന്ത് വിട്ടുവീഴ്ചയും ചെയ്യാമെന്നും പറയുന്ന സത്യസന്ധരാണ് ഇവരിൽ 90 ശതമാനം പേരും.

Stories you may Like

കെഎസ്ആർടിസിയെ നന്നാക്കാൻ തച്ചങ്കരി തൽക്കാലം തിരുവനന്തപുരം വിട്ടു പോകേണ്ടതുമില്ല. എംഡി ഇരിക്കുന്ന ഓഫീസിൽ കുത്തിയിരുന്ന് ഏഷണി പറയുന്ന മിനിസ്റ്റീരിയൽ ജീവനക്കാരേയും ഇൻസ്‌പെക്ടർ മുതൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിൽവരെ ഇരുന്ന്, പണിയെടുക്കാതെ കെഎസ്ആർടിസിയെ മുച്ചൂടും മുടിപ്പിക്കുന്ന മാനേജർമാരെയുമാണ് തച്ചങ്കരി ആദ്യം നേരിടേണ്ടത്. ഏത് പരിഷ്‌കാരവും അട്ടിമറിക്കുന്നത് അവരാണ്. സാധാരണക്കാരനായ ജീവിക്കാരെ ഇറക്കിവിട്ട് ഏത് പരിഷ്‌കാരത്തെയും അട്ടിമറിക്കുന്നത് കെഎസ്ആർടിസി ഇല്ലെങ്കിലും കഞ്ഞി മുട്ടാത്ത കുറെ നിഷ്‌ക്രിയജീവികളാണ്. ഇവരാണ് എല്ലാ പരിഷ്‌കാരങ്ങളും അട്ടിമറിക്കുന്നത്. ഇവരാണ് യൂണിയൻ നേതാക്കളുമായി ചേർന്ന് പാവങ്ങളുടെ പേരിൽ എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കുന്നത്.

കെഎസ്ആർടി എല്ലാക്കാലത്തും സർക്കാർ പണം തിന്നുതീർക്കുന്ന വെള്ളാനയായി തുടരുന്നത് എന്തുകൊണ്ടാണ് എന്ന മറുനാടന്റെ അന്വേഷണം പുറത്തുകൊണ്ടുവരുന്നത് ഞെട്ടിക്കുന്ന ചില വിവരങ്ങളാണ്. കോർപ്പറേഷനെ നഷ്ടങ്ങളുടെ പടുകുഴിയിലേക്ക് വീഴിക്കുന്നതിന് പ്രധാന കാരണം നിയമനത്തിന്റെയും സ്ഥാനക്കയറ്റത്തിന്റേയും മറവിൽ കാട്ടിക്കൂട്ടുന്ന തട്ടിപ്പുകളാണെന്ന് പകൽപോലെ തെളിഞ്ഞുനിൽക്കുന്ന കണക്കുകൾ മാത്രം പരിശോധിച്ചാൽ വ്യക്തമാകും. എക്സിക്യുട്ടീവ് ഡയറക്ടർ തസ്തികമുതൽ യൂണിറ്റധികാരികളും സൂപ്രണ്ടുമാരും ജൂനിയർ അസിസ്റ്റന്റുമാരും വരെയുള്ള തസ്തികളിൽ വരെ ആശ്രിത നിയമനത്തിന്റെ മറവിൽ നുഴഞ്ഞുകയറിയവരാണ് ഇന്ന് വിലസുന്നതിൽ ഭൂരിഭാഗവും.

അദർ ഡ്യൂട്ടിയുടെ പേരിൽ പാവങ്ങളെ പീഡിപ്പിക്കുകയും ചില സ്ഥാനങ്ങളിൽ അദർഡ്യൂട്ടിക്കാരായി വേണ്ടപ്പെട്ടവരെ വർഷങ്ങളായി പ്രതിഷ്ഠിക്കുകയും ചെയ്യുന്നത് കഴിഞ്ഞദിവസം മറുനാടൻ വെളിപ്പെടുത്തിയിരുന്നു. സമാനമായ രീതിയിൽ, ഒരുപക്ഷേ, അതിലൂം ഭീകരമാണ് പല തസ്തികകളിലും ആശ്രിത നിയമനത്തിന്റെ പേരിൽ നിയമംപോലും അട്ടിമറിച്ച് നടന്ന നിയമനങ്ങൾ. പിഎസ് സി വഴി മാത്രം നിയമനം നടത്തേണ്ട സ്ഥാനത്താണ് നിരവധി പേർ സ്വാധീനംവച്ചും മറ്റുവഴികളിലൂടെയും കസേരയുറപ്പിച്ച് വിലസുന്നത്.

ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ എക്സിക്യുട്ടീവ് ഡയറക്ടർവരെ ആയി മാറിയ സ്ഥാപനം. ആകെയുള്ള 92 കെഎസ്ആർടിസി യൂണിറ്റ് അധികാരികളിൽ 72 പേരും മതിയായ വിദ്യാഭ്യാസ യോഗ്യതകൾ ഇല്ലാത ആശ്രിത നിയമനം നടത്തി പിൻവാതിലിലൂടെ കയറിപ്പറ്റിയവർ. 240 സൂപ്രണ്ടുമാരിൽ 229 പേരും ആ പദവിയിലെത്തിയത് സമാന സാഹചര്യങ്ങളിൽ. വിവിധ തൊഴിലാളി യൂണിയനുകളുടെ സംസ്ഥാന നേതാക്കളുടെ കാര്യവും അങ്ങനെത്തന്നെ. 800 ജൂനിയർ അസിസ്റ്റന്റുമാരിൽ 789 പേരും പിൻവാതിൽവഴി ആ പദവി സ്വന്തമാക്കിയെന്നുകൂടി അറിയുമ്പോൾ ആശ്രിത നിയമനത്തിന്റെ പേരിൽ സ്ഥാപനത്തിൽ കാലങ്ങളായ നടന്ന തട്ടിപ്പുകളുടെ ആഴം എത്രമാത്രം ഭീകരമാണെന്ന് വ്യക്തമാകും.

ആദ്യം പരിശോധിക്കപ്പെടേണ്ടത് ആശ്രിത നിയമനങ്ങൾ

വളരെ വർഷങ്ങളായി നടന്നുവരുന്ന കോർപ്പറേഷനിലെ ഇത്തരം അവിഹിത ആശ്രിത നിയമനങ്ങൾ നിയമപരമായി പുനഃപരിശോധിച്ചാൽ മാത്രം മതി കെഎസ്ആർടിസിയെ രക്ഷപ്പെടുത്താനെന്ന് ഈ തട്ടിപ്പിനെ പറ്റി കൃത്യമായി അറിയാവുന്നവർ തന്നെ കണക്കുകൾ സഹിതം ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്തെ മികച്ച അഭിഭാഷകരുടെ നിയമോപദേശം തേടിയാൽ മാത്രം മതി ഇപ്പോൾ എംഡിയായി ചുമതലയേറ്റ ടോമിൻ ജെ തച്ചങ്കരിക്ക് ഇക്കാര്യം ബോധ്യപ്പെടാൻ. പിഎസ്‌സിയെ നോക്കുകുത്തിയാക്കിയും പിഎസ് സി വഴി നിയമനം നേടിയ വിദ്യാസമ്പന്നരും മികവുള്ളതുമായ ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കിയും സ്ഥലംമാറ്റിയുമല്ലാം രാജിവയ്‌പ്പിക്കുന്ന വലിയൊരു ഉപജാപക സംഘത്തിന്റെ നിയന്ത്രണത്തിലാണ് കോർപ്പറേഷൻ ഇപ്പോൾ എന്നുപറഞ്ഞാൽ അതിൽ തെല്ലും അതിശയോക്തി ഉണ്ടാവില്ല.

കെഎസ്ആർടിസിയിലെ മിനി സ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ നില പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. എക്സിക്യുട്ടീവ് ഡയറക്ടർ തസ്തികയിൽ രണ്ടുപേർ നിയമനം നേടിയിരിക്കുന്നത് ആശ്രിത നിയമനത്തിലൂടെയും മറ്റു രണ്ടുപേർ സ്പോർട്സ് ക്വാട്ട-സ്പെഷ്യൽ റിക്രൂട്ട്മെന്റ് വിഭാഗത്തിലുൾപ്പെട്ടുമാണ്. ഇതുമുതൽ താഴോട്ട് എടിഓ വരെയുള്ള ഓരോ വിഭാഗത്തിലും ആശ്രിത നിയമനങ്ങളുടെ കളിയാണ്. ആകെ 1568 മിനിസ്റ്റീരിയൽ ജീവനക്കാരിൽ പിഎസ് സി വഴി നിയമനം നേടി എത്തിയവർ വെറും 89 പേർ മാത്രമാണ് എന്നറിയുമ്പോഴാണ് നിയമനത്തിന്റെ പേരിൽ കാണിച്ച കൃത്രിമങ്ങളുടെ വ്യാപ്തി എത്രത്തോളം ഭയാനകമാണെന്ന് വ്യക്തമാകുന്നത്.

നിലവിലുള്ള 92 അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർമാരിൽ ആശ്രിത നിയമനത്തിലൂടെ 72 പേർ ആ പദവിയിലെത്തി. മിക്കവർക്കും പ്രീഡിഗ്രി വിദ്യാഭ്യാസ യോഗ്യതോപുലം ഇല്ല. മാത്രമല്ല, നിയമ വിരുദ്ധമായാണ് ആശ്രിത നിയമനത്തിൽ ഭൂരിഭാഗവും നടത്തിയിട്ടുള്ളതും. പ്യൂൺ, തൂപ്പുകാർ, അറ്റൻഡർ എന്നീ തസ്തികകളിൽ മാത്രമേ ആശ്രിത നിയമനം നടത്താവൂ എന്ന നിയമത്തെ പിൻവാതിലിലൂടെ മറികടന്നാണ് സ്ഥാപനത്തിന്റെ നട്ടെല്ലായ മിനിസ്റ്റീരിയൽ വിഭാഗത്തിൽ 93 ശതമാനത്തോളം ആശ്രിത നിയമനം നടന്നിട്ടുള്ളത്. പിഎസ് സിയെ നോക്കുകുത്തിയാക്കിയാണ് ഇതിന് കളമൊരുക്കിയതും.

കെഎസ്ആർടിസിയുടെ ഭരണപരാജയത്തിന്റെ പ്രധാന കാരണം യോഗ്യതയുള്ള മിനിസ്റ്റീരിയൽ ജീവനക്കാർ ഇല്ലാത്തതാണ്. 1977ൽ പിഎസ് സി വഴി ക്ളാർക്കുമാരെ നിയമിച്ചതിന് ശേഷം പിന്നീട് 2007ൽ ആണ് അത്തരമൊരു നിയമനം നടന്നത്. എന്നാൽ ഈ വിഭാഗത്തിൽ ഒഴിവില്ലെങ്കിലും ആറുമാസത്തിലൊരിക്കൽ എങ്കിലും ആശ്രിത നിയമനം എല്ലാ മാനദണ്ഡവും മറികടന്ന് നടക്കാറുണ്ട്. 1986ലെ കമ്മിറ്റി റെക്കമൻഡേഷൻ പ്രകാരം ആശ്രിത നിയമനം 50 ശതമാനം വരെ ആകാമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇതിന്റെ മറവിലാണ് എല്ലാം മറികടന്ന് നിയമനം പൊടിപൊടിക്കുന്നത്.

യോഗ്യതകളെ അട്ടിമറിച്ച് പിഎസ്‌സിയെ നോക്കുകുത്തിയാക്കി

മുൻകാലങ്ങളിൽ ജൂനിയർ അസിസ്റ്റന്റുമാരാവാൻ മിനിമം യോഗ്യത എസ്എസ്എൽസി ആയിരുന്നു. അങ്ങനെ 18 വയസ്സിൽ പത്താംക്ളാസ് യോഗ്യതയുമായി യാതൊരു മത്സര പരീക്ഷയും നേരിടാതെ കയറിക്കൂടിയവർ 36-38 വർഷം സർവീസ് നേടി. പിഎസ് സി വഴി നിയമനം ലഭിക്കുന്നവന് അന്നത്ത് സാഹചര്യത്തിൽ പരമാവധി സർവീസ് ചെയ്ത് എത്താവുന്ന വലിയ തസ്തിക സൂപ്രണ്ട് പദവി ആയിരുന്നു. എന്നാൽ ഇന്ന് എക്സിക്യുട്ടീവ് ഡയറക്ടർ ആയി തുടരുന്ന കെഎം ശ്രീകുമാർ, ഇപ്പോൾ എക്സിക്യുട്ടീവ് സെക്രട്ടറിയായ ഷറഫ് മുഹമ്മദ് തുടങ്ങി തൊട്ടു താഴെ ഡെപ്യൂട്ടി സിഎഓമാർ, പെഴ്സണൽ മാനേജർ, പെഴ്സണൽ ഓഫീസർമാർ, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർമാർ, സൂപ്രണ്ടുമാർ തുടങ്ങി എല്ലാ തസ്തികയിലും ആശ്രിത നിയമനം വഴി ജൂനിയർ ക്ളർക്കായി ജോലിക്ക് കയറിയവരാണ്. ഇവരിലാരും തന്നെ പിഎസ് സി നടത്തിയ ഒരു പരീക്ഷയിലും അപേക്ഷപോലും സമർപ്പിച്ചിട്ടില്ലാത്തവരുമാണ്. ഇതുതന്നെയാണ് കോർപ്പറേഷന്റെ വികസന മുരടിപ്പിനുള്ള പ്രധാന കാരണവും.

2015-16 കാലത്ത് മിനിസ്്റ്റീരിയൽ വിഭാഗത്തിലെ ഡിഗ്രിക്കാരിൽ നിന്ന് തസ്തിക മാറ്റം വഴി ക്ളർക്കുമാരെ നേരിട്ട് അഡ്‌മിനിസ്ട്രേറ്റീവ് തസ്തികയിൽ നിയമിക്കാൻ പിഎസ്‌സി അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാൽ 2007ൽ പിഎസ് സി വഴി നിയമനം ലഭിച്ച ജൂനിയർ അസിസ്റ്റന്റുമാർ ഇത്തരത്തിൽ അപേക്ഷിക്കാതിരിക്കാൻ 10 വർഷം കെഎസ്ആർടിസിയിൽ എക്സ്പീരിയൻസ് വേണം എ്ന്ന ഒരു മാനദണ്ഡം മുന്നോട്ടുവച്ചു. ഇത്തരത്തിൽ കഴിവുള്ള റാങ്ക് ഹോൾഡേഴ്സ്മാർക്ക് ഈ തസ്തികയിൽ എത്താനുള്ള അവസരം ആശ്രിത നിയമനക്കാർക്ക് വേണ്ടി അട്ടിമറിച്ചു.

സർക്കാരിന്റെ വിവിധ വകുപ്പുകൾ അഞ്ചുശതമാനം മാത്രമാണ് ആശ്രിത നിയമനം അനുവദിക്കുന്നത്. അതുതന്നെ റൊട്ടേഷൻ അടിസ്ഥാനത്തിൽ 20-1 എന്ന അനുപാതത്തിലാണ്. ബാങ്കുകളിലും ഇൻഷ്വറൻസ് മേഖലയിലും ഇങ്ങനെയൊരു ഏർപ്പാടുതന്നെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ സംവരണവും കൂടി 50 ശതമാനമേ ആകാവൂ എന്ന സുപ്രീംകോടതി വിധിപോലും ഉ്ള്ളപ്പോഴാണ് അതെല്ലാം കാറ്റിൽപ്പറത്തി കെഎസ്ആർടിസിയിൽ ആശ്രിതനിയമനം പൊടിപൊടിച്ചത്. എല്ലാ സർക്കാരുകളുടേയും മാറിവരുന്ന എംഡിമാരുടേയും എല്ലാ നയങ്ങളും അട്ടിമറിക്കുന്ന കാര്യത്തിലും ഇവർ സംഘടിതരാണെന്ന് കോർപ്പറേഷനിലെ മറ്റു ജീവനക്കാർ തന്നെ വ്്യക്തമാക്കുന്നു. 2011 കാലത്ത് അഡ്‌മിനിസ്ട്രേഷൻ എക്സിക്യുട്ടീവ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നത് വെറും പത്താംക്ളാസ് പാസായ ആശ്രിത നിയമനക്കാരിയും ഓപ്പറേഷൻസ് എക്സിക്യുട്ടീവ് ഡയറക്ടറായത് പത്താംക്ളാസ് പാസായ ആശ്രിത നിയമനക്കാരനും ആയിരുന്നു എന്നറിയുമ്പോൾ കെടുകാര്യസ്ഥതയെ കോർപ്പറേഷൻ എങ്ങനെ വിലകൊടുത്തു വാങ്ങിയെന്ന് വ്യക്തമാകും.

ലിസ്റ്റ് വരുംമുമ്പ് നടത്തുന്ന ആശ്രിത നിയമന റാലി

കണ്ടക്ടർ നിയമനത്തിൽ ആശ്രിത നിയമന ലോബി ഉപയോഗിക്കുന്ന ഒരു തന്ത്രമുണ്ട്. പിഎസ് സി അഡൈ്വസിനെ തകിടം മറിച്ചുകൊണ്ടാണ് ഇത്. പിഎസ്‌സി വഴി കണ്ടക്ടർ, മിനി സ്റ്റീരിയർ, മെക്കാനിക്കൽ, എഡിഇ ലിസ്റ്റ് വരുന്നതിന് തൊട്ടുമുമ്പ് ഒരു ആശ്രിത നിയമന റാലി നടത്തും. പിഎസ്‌സി വഴിയെത്തുന്നവർക്ക് മുന്നിലായി പതിനെട്ടു വയസ്സുകാരെ നിയമിക്കും. പിന്നാലെ എത്തുന്ന മേൽപറഞ്ഞ തസ്തികക്കാർ ഈ ആശ്രിതക്കാരുടെ താഴെ സ്ഥാനം പിടിക്കും. പരാമവധി എടിഓയോ സിഎം-ഡിഡി തസ്തികയിലോ എത്തി പെൻഷൻ പറ്റേണ്ടിവരും അവർക്ക്. എന്നാ്ൽ മുന്നിൽ ഇടംപിടിച്ച പതിനെട്ടുകാരനായ ആശ്രിതൻ എക്സിക്യുട്ടീവ് ഡയറക്ടർ തസ്തികയിൽവരെ എത്തും.

ആറക്ക ശമ്പളവും വാങ്ങും. 1996ലെ കണ്ടക്ടർ ലിസ്റ്റിൽ നിന്ന് ഒരാളെപ്പോലും നിയമിക്കുന്നതിന് മുമ്പ് 86 പേരെയാണ് ഒറ്റയടിക്ക് കോർപ്പറേഷൻ കണ്ടക്ടർ തസ്തികയിൽ ആശ്രിതരിൽ നിന്ന് നിയമിച്ചത്. അവരെല്ലാം നേരത്തെ തയ്യാറാക്കിയ തിരക്കഥ പ്രകാരം ഇപ്പോൾ സിടിഓ-ഡിടിഓ-എടിഓ തസ്തികകളിൽ സസുഖം വാഴുന്നു. ഇതൊന്നും കാണാതെയും അറിയാതെയുമല്ല കോർപ്പറേഷന്റെ രക്ഷയ്ക്ക് ഓരോ കാലത്തും കൊണ്ടുപിടിച്ച ശ്രമങ്ങളും പഠനങ്ങളും നടക്കുന്നതും എന്നതാണ് വിചിത്രം.

നിലവിൽ കെഎസ്ആർടിസിയുടെ ഭരണപരമായ ശ്രേണിയിൽ അപ്പർ മാനേജ്മെന്റിൽ 85 ശതമാനവും മിഡിൽ മാനേജ്മെന്റിൽ 100 ശതമാനും ആശ്രിതന്മാർ ആണെന്ന് അറിയുമ്പോൾ സുശീൽഖന്ന റിപ്പോർട്ടിന് എന്താണ് പ്രസക്തിയെന്ന് ആരും ചോദിച്ചുപോകും. കെഎസ്ആർടിസിയിലെ രണ്ട് അംഗീകൃത യൂണിയനുകളിലെ സംസ്ഥാന തല നേതാക്കളെല്ലാവരും തന്നെ ആശ്രത നിയമനം വഴി പിൻവാതിൽ വഴി കയറിയവരാണ്. ഇത്തരത്തിൽ ഇവരുടെ ലോബിയാണ് ഇന്ന് കെഎസ്ആർടിസിയെ ഭരിക്കുന്നതും കെടുകാര്യസ്ഥതയിലേക്ക് നയിക്കുന്നതും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP