Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അറസ്റ്റ് ഒഴിവാക്കാൻ ഐസിയുവിൽ ഒളിച്ച രവീന്ദ്രനെ പൂട്ടാൻ മാസ്റ്റർ പ്ലാൻ! കോവിഡ് ബാധിച്ചോ എന്ന് ഉറപ്പിക്കാൻ ആന്റി ബോഡി ടെസ്റ്റ് നടത്തും; കോടതി അനുമതിയോടെ ശ്രീചിത്രാ ആശുപത്രിയിൽ വിശദ പരിശോധന നടത്തി സത്യമറിയാൻ കേന്ദ്ര ഏജൻസി; കൊറോണ കണ്ടെത്തിയില്ലെങ്കിൽ പിണറായിയുടെ വിശ്വസ്തരിൽ രണ്ടാമനും കൈവിലങ്ങ് വീഴും; രണ്ടും കൽപ്പിച്ചുള്ള ഇഡിയുടെ നീക്കം അതിനിർണ്ണായകമാകും

അറസ്റ്റ് ഒഴിവാക്കാൻ ഐസിയുവിൽ ഒളിച്ച രവീന്ദ്രനെ പൂട്ടാൻ മാസ്റ്റർ പ്ലാൻ! കോവിഡ് ബാധിച്ചോ എന്ന് ഉറപ്പിക്കാൻ ആന്റി ബോഡി ടെസ്റ്റ് നടത്തും; കോടതി അനുമതിയോടെ ശ്രീചിത്രാ ആശുപത്രിയിൽ വിശദ പരിശോധന നടത്തി സത്യമറിയാൻ കേന്ദ്ര ഏജൻസി; കൊറോണ കണ്ടെത്തിയില്ലെങ്കിൽ പിണറായിയുടെ വിശ്വസ്തരിൽ രണ്ടാമനും കൈവിലങ്ങ് വീഴും; രണ്ടും കൽപ്പിച്ചുള്ള ഇഡിയുടെ നീക്കം അതിനിർണ്ണായകമാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ കോവിഡ് രോഗത്തിൽ വ്യക്തത വരുത്താൻ അതിനിർണ്ണായക നീക്കത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ വെളുപ്പിക്കൽ കേസിൽ രവീന്ദ്രനെ രണ്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിരുന്നു. ആദ്യ തവണ കോവിഡ് രോഗം പറഞ്ഞൊഴിവായി. രണ്ടാം തവണ കോവിഡാനന്തര ചികിൽസയുടെ പേരിൽ തടിതപ്പി. ഈ സാഹചര്യത്തിൽ വലിയ സംശയങ്ങൾ ഇഡിക്കുണ്ട്. ശിവശങ്കറിന് ജാമ്യം കിട്ടും വരെ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാനാണ് രവീന്ദ്രന്റെ നീക്കമെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ കോടതി അനുമതിയോടെ രവീന്ദ്രനെ പരിശോധിക്കാനാണ് നീക്കം.

കോവിഡ് ബാധിച്ച ഒരാളുടെ രക്തത്തിൽ അതിന്റെ ആന്റി ബോഡി ഉണ്ടാകും. ഇതുണ്ടോ എന്ന് പരിശോധിക്കാനാകും ശ്രമിക്കുക. ഇതിന് വേണ്ടി നാടകീയ നീക്കങ്ങൾ ഇഡി നടത്തും. ഇന്നാണ് ഇഡിക്ക് മുമ്പിൽ ഹാജരാകാൻ രണ്ടാമതും ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിൽ മെഡിക്കൽ കോളേജിലെ ഐസിയുവിലാണ് രവീന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ രവീന്ദ്രൻ പ്രവേശിച്ചത് രോഗ ചികിൽസയ്ക്കാണെന്ന് ഇഡി വിശ്വസിക്കുന്നില്ല. മൊഴി നൽകൽ വൈകിപ്പിക്കാനും ശിവശങ്കറിന് ജാമ്യം കിട്ടാനുമാണിതെന്ന് ഇഡി കരുതുന്നു. അതുകൊണ്ടാണ് മറുനീക്കം. അറസ്റ്റ് ഒഴിവാക്കാൻ പേടിയോടു കൂടി മെഡിക്കൽ കോളേജിൽ രവീന്ദ്രൻ ഒളിച്ചു താമസിക്കുന്നുവെന്നാണ് നിഗമനം.

ഈ സാഹചര്യത്തിലാണ് രോഗത്തിൽ സ്ഥിരീകരണത്തിന് സമാന്തര നീക്കം. വിദഗ്ധ ഡോക്ടർമാരുടെ പാനലുണ്ടാക്കി ശ്രീചിത്രയിൽ പരിശോധിക്കാനാണ് ശ്രമം. കോവിഡ് ബാധിച്ചിട്ടുണ്ടോ എന്നതാകും പരിശോധന. ഇല്ലെന്ന് തെളിഞ്ഞാൽ ഉടൻ അറസ്റ്റു ചെയ്യും. നിലവിൽ ശ്വാസ തടസത്തിനും പ്രമേഹത്തിനുമാണ് ചികിൽസ. ഇതിൽ ഒന്നും ചെയ്യാൻ ഇഡിക്ക് കഴിയില്ല. എന്നാൽ കോവിഡ് വന്നിട്ടില്ലെന്ന് തെളിയിക്കാനായാൽ അത് അതിനിർണ്ണയാകവുമാകും. കേന്ദ്ര സർക്കാരിന് കീഴിലുള്ള ശ്രീചിത്രയിൽ അതിനുള്ള സൗകര്യവം ഒരുക്കും. ഇതിന് കോടതി അനുമതി വാങ്ങണമോ എന്ന കാര്യവും പരിശോധിക്കും.

ഈ ഓപ്പറേഷനുള്ള ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് എത്തി കഴിഞ്ഞു. കോവിഡ് ശാസ്ത്രീയ പരിശോധന കേന്ദ്ര നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ നടത്തുന്നതിന് മുമ്പ് മെഡിക്കൽ കോളേജ് അധികാരികളുമായി ആശയ വിനിമയം നടത്തും. രോഗാവസ്ഥ മനസ്സിലാക്കും. അതിന് ശേഷമാകും നീക്കങ്ങൾ. ശ്രീചിത്രയിൽ കുറച്ചു നാൾ മുമ്പുവരെ ആശാ കിഷോർ ആയിരുന്നു ഡയറക്ടർ. അന്ന് സംസ്ഥാന സർക്കാരിന് അനുകൂലമായിരുന്നു ആശുപത്രി നിലപാടുകൾ. എന്നാൽ ആശയെ കേന്ദ്രം മാറ്റിയത് കോടതി ശരിവച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ഡയറക്ടർ എത്തി കഴിഞ്ഞു. അതിനാൽ സത്യസന്ധമായ പരിശോധനയ്ക്ക് ശ്രീചിത്രയിൽ അവസരമുണ്ടെന്നാണ് വിലയിരുത്തൽ.

സ്വർണക്കടത്ത് കേസിൽ ശിവശങ്കർ അഞ്ചു ദിവസത്തെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ ആണ്. പത്ത് ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടത്. ശിവശങ്കറിന്റെ ഫോൺ പിടിച്ചെടുത്തത് കസ്റ്റംസ് ആണ്. അതുകൊണ്ട് തന്നെ രവീന്ദ്രൻ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകാത്തിൽ ഇഡി ഗൂഢാലോചന കാണുന്നുണ്ട്. ഈ മാസം 6 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹാജരാകാൻ നോട്ടീസ് നൽകിയപ്പോഴും ആരോഗ്യ പ്രശ്നങ്ങളാണ് രവീന്ദ്രൻ കാരണമായി പറഞ്ഞിരുന്നത്. അന്ന് കോവിഡ് ആണെന്ന് പറഞ്ഞെങ്കിൽ ഇന്ന് കോവിഡ് അനന്തര രോഗങ്ങളാണ് കാരണം. ഇങ്ങനെ തുടർച്ചയായി ഹാജരാകാത്തത് തന്ത്രമാണെന്നാണ് ഇ.ഡി.യുടെ വിലയിരുത്തൽ. ശിവശങ്കർ ഇ ഡി യുടെ കസ്റ്റഡിയിലുള്ള സമയത്താണ് ആദ്യം ചോദ്യം ചെയ്യലിന് വിളിച്ചത്. അന്ന് കോവിഡ് പോസിറ്റീവാണെന്ന് അന്വേഷണ ഏജൻസിയെ അറിയിച്ചു. രവീന്ദ്രനെയും ശിവശങ്കറെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള അവസരമാണ് അന്ന് ഇ.ഡിക്ക് നഷ്ടമായത്.

ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്താൽ പല കാര്യങ്ങളും പുറത്തു വരും. പൊതുവേ ചോദ്യം ചെയ്യലുകളോട് സഹകരിക്കാത്ത ആളാണ് ശിവശങ്കർ. ഇരുവരും ഒരുമിച്ച് ഒരേ സ്ഥലത്ത് ഉള്ളപ്പോൾ ഒഴിഞ്ഞു മാറൽ എളുപ്പമാകില്ല. അടുത്ത മാസം രണ്ടിന് ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കുകയാണ്. അതിന് മുൻപെങ്കിലും രവീന്ദ്രനെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ ആലോചന. ഇവർ തമ്മിലുള്ള ആശയ വിനിമയങ്ങളുടെ ഡിജിറ്റൽ രേഖകൾ അടക്കം ഇ.ഡി.ശേഖരിച്ചിട്ടുണ്ട്. രവീന്ദ്രനിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ ശിവശങ്കറിന്റെ ജാമ്യത്തിന് തടസമാകും. ഈ സാഹചര്യത്തിലാണ് രവീന്ദ്രനെ അറസ്റ്റ് ചെയ്യാനുള്ള ഇഡി നീക്കം.

രവീന്ദ്രൻ മെഡിക്കൽ കോളേജാശുപത്രി എ.സി.യുവിൽ ചികിത്സയിൽ തുടരുകയാണ് . കോവിഡ് മുക്തനായ ശേഷം രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുകയാണെന്നും ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. ചികിത്സയ്ക്ക് സ്റ്റിറോയ്ഡുകളടങ്ങിയ മരുന്നുകൾ നൽകുന്നതിനാൽ പ്രമേഹവും ഉയരുന്നുണ്ട്. സ്‌കാനിങ് ഉൾപ്പെടെ കൂടുതൽ പരിശോധനകളും വേണം. അതിനാൽ ഉടൻ ഡിസ്ചാർജ് ചെയ്യാനാവില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്.ഇ.ഡിയുടെ രണ്ടാമത്തെ നോട്ടീസ് ലഭിച്ച ബുധനാഴ്ചയാണ് രവീന്ദ്രൻ മെഡിക്കൽ കോളേജാശുപത്രിയിൽ അഡ്‌മിറ്റായത്.

രവീന്ദ്രന്റെ ആരോഗ്യസ്ഥിതി വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം പരിശോധിക്കണമെന്നും കോവിഡ് ബാധിതനായിരുന്നോ എന്നറിയാൻ ആന്റിബോഡി പരിശോധന വേണമെന്നും പ്രതിപക്ഷം ആവശ്യമുയർത്തിയിട്ടുണ്ട്.രവീന്ദ്രന് കോവിഡ് ബാധിച്ചിരുന്നോ എന്ന് മനസ്സിലാക്കാൻ ആന്റിബോഡി പരിശോധനയിലൂടെ കഴിയും. ഇതടക്കം കോടതിയുടെ ശ്രദ്ധയിൽ പെടുത്തി നടപടി എടുക്കാനാണ് ഇഡിയുടെ തീരുമാനം.

ലൈഫ് മിഷനും കെ ഫോണും അടക്കമുള്ള സർക്കാർ പദ്ധതിയിലെ അഴിമതികളുമായി ബന്ധപ്പെട്ട് പല നിർണ്ണായക വിവരങ്ങളും ഇഡിക്ക് മുമ്പിൽ ശിവശങ്കർ നൽകിയിരുന്നു. എല്ലാം രവീന്ദ്രന് അറിയാമെന്ന തരത്തിലായിരുന്നു മൊഴി. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യാൻ ഇഡി രവീന്ദ്രന് നോട്ടീസ് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP