Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സികെ പത്മനാഭനെ 'സഖാവാക്കാൻ' ശ്രമം; പിപി മുകുന്ദനെ ഇടത് ക്യാമ്പിൽ എത്തിക്കാനും മോഹം; കോൺഗ്രസിലെ അടർത്തിയെടുക്കലിന് പിന്നാലെ പുതിയ രാഷ്ട്രീയ ലക്ഷ്യം; ദൗത്യ ചുമതല പഴയ ആർ എസ് എസുകാരൻ വാസു മാഷിന്; സികെപിയുടെ 'നർക്കോട്ടിക് മാഫിയ'യിൽ കണ്ണും നട്ട് സിപിഎം

സികെ പത്മനാഭനെ 'സഖാവാക്കാൻ' ശ്രമം; പിപി മുകുന്ദനെ ഇടത് ക്യാമ്പിൽ എത്തിക്കാനും മോഹം; കോൺഗ്രസിലെ അടർത്തിയെടുക്കലിന് പിന്നാലെ പുതിയ രാഷ്ട്രീയ ലക്ഷ്യം; ദൗത്യ ചുമതല പഴയ ആർ എസ് എസുകാരൻ വാസു മാഷിന്; സികെപിയുടെ 'നർക്കോട്ടിക് മാഫിയ'യിൽ കണ്ണും നട്ട് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സംഘപരിവാർ രാഷ്ട്രീയത്തെ തള്ളി പറഞ്ഞാൽ ബിജെപിക്കാർക്കും സിപിഎമ്മിലേക്ക് സ്വാഗതം. കോൺഗ്രസിൽ നിന്ന് കെ പി അനിൽകുമാറും രതികുമാറും പ്രശാന്തും അടക്കമുള്ള നേതാക്കൾ സിപിഎമ്മിലെത്തിയിരുന്നു. കോൺഗ്രസിലെ ഇടഞ്ഞു നിൽക്കുന്ന പ്രമുഖർക്കൊപ്പം ബിജെപിക്കാരേയും അടുപ്പിക്കാനാണ് പുതിയ തന്ത്രം. ഇതിന്റെ സാധ്യതകൾ സിപിഎം ആരായാൻ തുടങ്ങിയെന്നാണ് സൂചന. കണ്ണൂരിലെ പഴയ ബിജെപി നേതാവായ ഒകെ വാസു ഇന്ന് സിപിഎമ്മിനൊപ്പമാണ്. പരിവാറുകാർ വാസുമാഷ് എന്ന് വളിക്കുന്ന ഈ സഖാവിനെ ഈ ദൗത്യം ഏൽപ്പിച്ചുവെന്നാണ് സൂചന.

രണ്ട് നേതാക്കളെയാണ് പ്രധാനമായും സിപിഎം ലക്ഷ്യമിടുന്നത്. ഒന്ന് സികെ പത്മനാഭൻ. രണ്ട് പിപി മുകുന്ദൻ. ജനസ്വാധീനമുള്ള ആർക്കും പരിവാർ രാഷ്ട്രീയത്തെ തള്ളി പറഞ്ഞ് സിപിഎമ്മിലേക്ക് എത്താം. ശോഭാ സുരേന്ദ്രൻ അടക്കമുള്ളവരെ ഇടതു പാളയത്തിലെത്തിക്കാൻ പലപ്പോഴും സിപിഎം ശ്രമിച്ചിരുന്നു. എന്നാൽ അതിന് കഴിഞ്ഞില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ബിജെപിയിലെ കേരള ഘടകം അതീവ സമ്മർദ്ദത്തിലാണ്. മുഴുവൻ പേരേയും മാറ്റിയുള്ള അഴിച്ചു പണി ബിജെപി കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നു. ഈ സാഹചര്യത്തിൽ ബിജെപിയിൽ പൊട്ടിത്തെറിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ഏറെ നാളായി പിപി മുകുന്ദനെ ബിജെപി ഒഴിവാക്കുകായണ്. സികെ പത്മനാഭനും നേതൃത്വത്തോട് സഹകരിക്കുന്നില്ല. വാക്കുകൾ കരുതലോടെ ഉപയോഗിക്കണമെന്നും ഒരു തീപ്പൊരി വീണാൽ അത് കാട്ടുതീയാകുമെന്നും സി.കെ. പത്മനാഭൻ പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട് നടത്തിയ 'നാർക്കോട്ടിക് ജിഹാദ്' പരാമർശത്തോടു പ്രതികരിച്ചതും ശുഭസൂചനയായി സിപിഎം കരുതുന്നു. മുമ്പ് ഡിവൈഎഫ് ഐയുടെ ഏര്യാ നേതാവായിരുന്നു പത്മനാഭൻ. പിന്നീട് പരിവാർ രാഷ്ട്രീയത്തോടൊപ്പമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുകയും ചെയ്തു. അതിന് ശേഷം കൊടകര കള്ളപ്പണ കേസിൽ അടക്കം ബിജെപിയെ കുറ്റപ്പെടുത്തുന്ന സമീപനമാണ് പരോക്ഷമായി സികെ സ്വീകരിച്ചത്.

'നാർക്കോട്ടിക് മാഫിയ കേരളത്തിൽ വളരെ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, അതിൽ ഒരു മതത്തെ ചേർത്തു പറയരുത്. പിതാവ് പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ അതിനോട് ഒരു ജിഹാദ് കൂട്ടിയങ്ങ് പറഞ്ഞു എന്നതിനപ്പുറം അതിന് ഗൗരവുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. റോമൻ കത്തോലിക്കാ സഭയ്ക്കകത്തു തന്നെ പ്രശ്നങ്ങളുണ്ട്. അപ്പോൾ സമ്മർദമുണ്ടാകും അവർക്ക്. ജിഹാദ് എന്ന വാക്കിനു തന്നെ വേറേ അർഥങ്ങളുണ്ട് എന്നാണ് പണ്ഡിതന്മാർ പറയുന്നത്. നമ്മൾ പണ്ടു വിചാരിച്ച അർഥമല്ല, വേറെ പല അർഥവുമുണ്ട്. അതുകൊണ്ട് വാക്കുകൾ ഉപയോഗിക്കുമ്പോൾ കരുതലോടെ ഉപയോഗിക്കണം. ഇത്തരം കാര്യങ്ങൾ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ തലയിൽ ചാർത്തി, അതാണു കാരണം എന്നു പറയുന്നത് ശരിയല്ലെന്ന് സികെ പറയുന്നു.

ഒരു തീപ്പൊരി വീണാൽ അത് കാട്ടുതീയായി മാറും. അതിന് ഇടയാക്കരുത്. കാട്ടുതീ ഉണ്ടായാൽ അത് സൃഷ്ടിച്ചവർ തന്നെയായിരിക്കും അതിന് ഇരകളാവുക'-സി.കെ. പത്മനാഭൻ പറഞ്ഞു. നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കണ്ണൂരിൽ നടന്ന പരിപാടിയിൽ സികെ പങ്കെടുത്തിരുന്നു. എന്നാൽ ബിഷപ്പിന്റെ പ്രസ്താവന മുൻനിർത്തി ബിജെപി. ശക്തമായ രാഷ്ട്രീയ പ്രചാരണവുമായി മുന്നോട്ടു പോകുന്നതിനിടെ ഭിന്നാഭിപ്രായവുമായി മുതിർന്ന നേതാവ് സി.കെ. പത്മനാഭൻ രംഗത്തെത്തിയത് സിപിഎം ഗൗരവത്തോടെയാണ് കാണുന്നത്. ഇതിന് പിന്നിൽ നേതൃത്വത്തിനോടുള്ള അതൃപ്തി വ്യക്തമാണ്. ഈ സാഹചര്യത്തിൽ സികെയെ അടുപ്പിക്കാനാകുമോ എന്നാണ് സിപിഎം ആലോചന.

ബിജെപിയിൽ പുനഃസംഘടനയുണ്ടായാൽ അതൃപ്തരായ നേതാക്കൾ പാർട്ടി വിടുമെന്നാണ് സിപിഎം കണക്കൂ കൂട്ടൽ. ഇങ്ങനെ പുറത്തു വരാൻ സാധ്യതയുള്ള അസംതൃപ്തരെ ഉൾക്കൊള്ളനാണ് സിപിഎം തീരുമാനം. കോൺഗ്രസിലെയും ബിജെപിയിലേയും അസംതൃപ്തരെ സ്വീകരിക്കാൻ സിപിഎം സംസ്ഥാന സമിതി നേരത്തെ തീരുമാനിച്ചിരുന്നു. മൂന്നാം ടേമിലേക്ക് ഭരണം എത്തിക്കാൻ കോൺഗ്രസിന്റേയും ബിജെപിയുടേയും അടിത്തറ തകർക്കാനാണ് സിപിഎം തീരുമാനം.

തിരഞ്ഞെടുപ്പിൽ മുന്നേറാൻ സാധിച്ചെങ്കിലും കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫിന്റെ ശക്തി അംഗീകരിക്കണം. യു.ഡി.എഫിന്റെ വോട്ട് പങ്ക് 2016-ലേതിനെ അപേക്ഷിച്ച് അല്പം വർദ്ധിക്കുകയായിരുന്നു. മുസ്ലിം സമുദായത്തിൽ വലിയ സ്വാധീനമുള്ള മുസ്ലിം ലീഗ് യു.ഡി.എഫിലാണ്. യു.ഡി.എഫിനെ അനുകൂലിക്കുന്ന വിഭാഗങ്ങളെ ആകർഷിച്ച്, പാർട്ടിയുടെ അടിത്തറ വിപുലമാക്കണമെന്നാണ് സിപിഎം. അണികളോട് പറയുന്നത്. മുസ്ലിം ലീഗിനോടുള്ള സമീപനം സിപിഎം വിശദീകരിച്ചിട്ടില്ല. എന്നാൽ ലീഗ് പോലും മുന്നണി മാറാൻ തയ്യാറായാൽ സ്വീകരിക്കും. കോൺഗ്രസിനെ അടിമുടി ദുർബ്ബലപ്പെടുത്തുകയാണ് ലക്ഷ്യം.

വർഗീയ ധ്രുവീകരണത്തിലൂടെയും കേന്ദ്രത്തിലെ അധികാരവും പണവും ഉപയോഗിച്ചും കേരളത്തിൽ ചുവടുറപ്പിക്കാൻ ബിജെപി. ശ്രമിക്കുന്നുണ്ട്. എന്നാൽ മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അവരുടെ വോട്ടുപങ്ക് കുറയുകയും ഏക സീറ്റ് നഷ്ടമാവുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ബിജെപി. കാര്യമായി ദുർബലപ്പെട്ടു എന്ന നിഗമനത്തിലെത്തരുതെന്നും സിപിഎം. മുന്നറിയിപ്പുനൽകി. കെ സുരേന്ദ്രനെ ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാൻ സാധ്യതയുണ്ട്. പുതിയ നേതൃത്വത്തെ എത്തിക്കും. അപ്പോൾ ബിജെപിയിലും കൊഴിഞ്ഞു പോക്കുണ്ടാകും. ഇത് മുതൽകൂട്ടാക്കണമെന്നാണ് നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP