Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കോളിവുഡിലെ റെയ്ഡിൽ തെളിഞ്ഞത് തൃശൂരിലെ 'സുനിൽ'; തുടരന്വേഷണം എത്തിച്ചത് നിർമ്മാതാക്കളിലേക്ക്; ഭാര്യയുടെ കമ്പനിയിലൂടെ പണം വെളുപ്പിച്ച 'ഭർത്താവ്' കുടുങ്ങിയത് അതിരഹസ്യ നീക്കത്തിൽ; കൊച്ചിയിലെ വമ്പൻ പ്രൊഡ്യൂസറിൽ നിന്ന് കിട്ടിയത് 'മേഴ്സി' ഇല്ലാത്ത എംഎൽഎയുടെ ഫണ്ടൊഴുക്കൽ; സിനിമയിലെ കള്ളപ്പണം ഇഡി നിരീക്ഷണത്തിൽ തന്നെ

കോളിവുഡിലെ റെയ്ഡിൽ തെളിഞ്ഞത് തൃശൂരിലെ 'സുനിൽ'; തുടരന്വേഷണം എത്തിച്ചത് നിർമ്മാതാക്കളിലേക്ക്; ഭാര്യയുടെ കമ്പനിയിലൂടെ പണം വെളുപ്പിച്ച 'ഭർത്താവ്' കുടുങ്ങിയത് അതിരഹസ്യ നീക്കത്തിൽ; കൊച്ചിയിലെ വമ്പൻ പ്രൊഡ്യൂസറിൽ നിന്ന് കിട്ടിയത് 'മേഴ്സി' ഇല്ലാത്ത എംഎൽഎയുടെ ഫണ്ടൊഴുക്കൽ; സിനിമയിലെ കള്ളപ്പണം ഇഡി നിരീക്ഷണത്തിൽ തന്നെ

വിനോദ് പൂന്തോട്ടം

കൊച്ചി. സിനിമ മേഖലയിലെ നിർമ്മാതാക്കളുടെയും നടന്മാരുടെയുമൊക്കെ വീടുകളിൽ അടിക്കടി അടുത്തിടെ ഇൻകം ടാക്‌സിന്റെ റെയ്ഡ് വന്നതിന് പിന്നിൽ ചെന്നൈയിൽ നിന്നും ലഭിച്ച നിർണായക വിവരങ്ങൾ. തമിഴ് സിനിമയുമായി(കോളിവുഡ്) ബന്ധപ്പെട്ട പരിശോധനകളാണ് കേരളത്തിലേക്കും അന്വേഷണം എത്തിച്ചത്. ചെന്നൈ ഇൻകം ടാക്‌സ് കമ്മീഷണറുടെ പ്രത്യേക നിർദ്ദേശ പ്രകാരം നടന്ന റെയ്ഡിലാണ് മലയാളിയായ സുനിലിനെ കുറിച്ചുള്ള തെളിവുകൾ ആദായ നികുതി വകുപ്പിന് ലഭിക്കുന്നത്. തൃശൂർ സ്വദേശിയായ സുനിലിനെ സംബന്ധിച്ച വിവരം കൊച്ചി ആദായനികുതി വകുപ്പിന് ലഭിച്ചതോടെ സുനിലും ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായി.

തുടർന്ന് സുനിലിന്റെ വീട്ടിൽ നടന്ന റെയ്ഡിലാണ് ഞെട്ടിക്കുന്ന വിവരങ്ങളും രേഖകളും ആദായനികുതി വകുപ്പിന് ലഭിച്ചത്. മലയാള സിനിമ നിർമ്മാതാക്കളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാന ത്തിൽ പിന്നീട് അങ്ങോട്ട് റെയ്ഡുകളുടെ ബഹളമായിരുന്നു. പല പ്രമുഖ നിർമ്മാതാക്കളുടെയും വീടും ഓഫീസും അടക്കം റെയ്ഡ് ചെയ്യപ്പെട്ടു. ഈ റെയ്ഡിനിടെയാണ് യുവതിയുടെ പേരിലുള്ള നിർമ്മാണ കമ്പിനിയിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ ഈ കമ്പിനി വഴി യുവതിയുടെ ഭർത്താവ് കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിക്കുന്നതായുള്ള സൂചനകളും ഉദ്യോഗസ്ഥർക്ക് ലഭിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെളിവു ശേഖരത്തിൽ നിർമ്മാണ കമ്പിനിയേയും ഭർത്താവിനേയും പ്രതികൂട്ടിൽ നിർത്തുന്ന രേഖകളും ആദായനികുതി വകുപ്പിന് ലഭിച്ചു. പലിശയും പിഴയും അടക്കം 10 കോടി അടച്ചത് അയാൾ തടിയൂരി. കൂടാതെ ഒരു പ്രമുഖ നിർമ്മാതാവിന്റെ വീട് റെയ്ഡ് ചെയ്തപ്പോൾ കിട്ടിയ വോയ്‌സ് റെക്കാർഡ് കേട്ടും ആദായ നികുതി ഉദ്യോഗസ്ഥർ ഞെട്ടി. സിനിമ മേഖലയിൽ പണം ഇറക്കുന്നവരിൽ ഒരു പ്രമുഖ എംഎ‍ൽഎയും ഉണ്ട്. ഈ എം.എൽ എ പലിശക്കാണ് സിനിമ നിർമ്മാതാക്കൾക്ക് പണം നൽകുന്നത്. അതും ബ്ലാക്ക് മണിയായി.

മലയാളത്തിലെ യുവ നടന്മാർക്ക് ബ്ലാക്ക് മണിയോടാണേ്രത താൽപ്പര്യം. കാരവൻ അടക്കം എല്ലാവർക്കും വേണം. ഇതിന് ഫണ്ട് നൽകുന്നത് 'മേഴ്‌സിയില്ലെന്ന' ആരോപണത്തിൽ കുടുങ്ങിയ എംഎൽഎയാണ്. എന്നാൽ വാട്‌സ് ആപ് വോയ്‌സ് റെക്കാർഡ് മാത്രം വെച്ച് നടപടിയിലേക്ക് പോകേണ്ടതില്ലായെന്നാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം. ഈ സാഹചര്യത്തിൽ ഈ എംഎൽഎയ്‌ക്കെതിരെ കേസോ മറ്റ് നടപടികളോ എടുത്തിട്ടില്ല. എന്നാൽ മത്സരിക്കാനായി എംഎൽഎ നൽകിയ സത്യവാങ്മൂലത്തിൽ സിനിമാക്കാരുമായി ബന്ധം സൂചിപ്പിക്കുന്ന ഇടപാടുകളും ഉണ്ട്.

അതിനാൽ സിനിമ മേഖലയിൽ എംഎ‍ൽഎ. നടന്നുന്ന സാമ്പത്തിക ഇടപാടുകൾ ആദായനികുതി വകുപ്പിലെ ഇന്റലിജിലൻസ് വിഭാഗം നിരീക്ഷിക്കും.സിനിമ മേഖലയിൽ എത്തുന്ന ബ്ലാക്ക് മണി പലിശക്കാർക്ക് തിരിച്ചു നൽകാനും നിർമ്മാതാക്കൾ തന്ത്രം കാണിക്കുന്നതായി ആദായ നികുതി വകുപ്പിന് മനസിലായി. സിനിമ വരുമാനം തിയ്യേറ്ററുകളിൽ നിന്നും മറ്റ് ഏജൻസികളിൽ നിന്നും ബാങ്ക് അക്കൗണ്ടിലേക്കാണ് വരുന്നത്. ഇത് പലിശക്കാർക്ക് ബ്ലാക്ക് മണിയായി നൽകാൻ ക്രൂവിലെ എല്ലാവർക്കും ഒരു ലക്ഷം രൂപ വരെ ശമ്പളം നിശ്ചയിച്ച് ചെക്ക് എഴുതും.

പിന്നീട് ചെക്ക് മാറി പണം നിർമ്മാതാക്കളെ തന്നെ ഏൽപ്പിക്കുന്നതാണ് രീതി. ഈ പണം പലിശക്കാരെ സെറ്റ് ചെയ്യാൻ നിർമ്മാതാക്കൾ ഉപയോഗിക്കുന്നുവെന്നാണ് വിവരം. സിനിമയിലെ കള്ളപ്പണ ഇടപാടുകൾ ഇ ഡി യും നിരീക്ഷിക്കുന്നുവെന്നാണ് വിവരം. കേന്ദ്ര ഏജൻസികൾ എല്ലാം തന്നെ സിനിമയിലെ കള്ളപ്പണത്തിന്റെ ഉറവിടം തേടുന്നുണ്ട്. സിനിമ താരങ്ങളും നികുതി വെട്ടിക്കുന്നത് പതിവായതോടെ മേൽനോട്ടം കർശനമാക്കിയിരിക്കുകയാണ് ആദായനികുതി വകുപ്പ്.

കോടികൾ പ്രതിഫലം വാങ്ങുന്ന പല താരങ്ങൾക്കും പ്രതിഫല തുകയിലേറെയും കൈമാറ്റം ചെയ്യപ്പെടുന്നത് ദുബായ് പോലെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നാണെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പ്രതിഫലത്തിന്റെ 45 ശതമാനം പണം മാത്രമാണ് കേരളത്തിൽ വച്ച് വാങ്ങുന്നത്, ബാക്കി 55 ശതമാനം പണം കൈമാറ്റം ചെയ്യപ്പെടുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നാണെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങൾ പറയുന്നു. അതിനാൽ തന്നെ പല നിർമ്മാതാക്കളും താരങ്ങൾക്കും കൊടുക്കുന്നതിന്റെ പകുതി തുക മാത്രമേ പരസ്യപ്പെടുത്താറുള്ളൂ . ഇതിനെതിരെ നടപടികൾ കർശനമാക്കാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം .

ഓവർസീസ് റൈറ്റ്സിന്റെ പേരിലും പല താരങ്ങളും നികുതി വെട്ടിക്കുന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ദുബായ് ,ഖത്തർ കേന്ദ്രീകരിച്ച് ചില താരങ്ങൾ വൻ നിക്ഷപം നടത്തിയതായും ആദായ നികുതി വകുപ്പിന് വിവരമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP